- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രീതിയിൽ ഫസ്റ്റ് റാങ്ക് വീണ്ടും നവീൻ പട്നായിക്കിന് തന്നെ; കോവിഡിനെ കൈകാര്യം ചെയ്യുന്നതിലും മികച്ച സംസ്ഥാനം ഒഡിഷ; മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായിക്ക് അഞ്ചാം റാങ്ക്; ബിജെപി മുഖ്യമന്ത്രിമാരിൽ ടോപ് റാങ്കിൽ വന്നത് ഒരാൾ മാത്രം; ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ ജനമനസ് എങ്ങനെ അറിയാം? വോട്ടർമാരുടെ മാത്രമല്ല, രാജ്യത്തിന്റെ പൊതുമനസ് ഏതുദിശയിലേക്ക് തിരിയുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം? ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലങ്ങൾ വന്നപ്പോൾ ഒരുകാര്യം വ്യക്തമായി. നരേന്ദ്ര മോദി തന്നെയാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ്. കോവിഡിന്റെ മൂന്നുതരംഗങ്ങളുടെ ആഘാതവും, സാമ്പത്തിക മാന്ദ്യവും, ചൈനയുമായുള്ള അതിർത്തി തർക്കവും, കർഷക സമരവും ഒക്കെ ജനങ്ങളെ അലട്ടിയെങ്കിലും മോദി തന്നെ ഏറ്റവും പ്രിയങ്കരനായ നേതാവ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വർഷത്തിൽ രണ്ടുതവണ സംഘടിപ്പിക്കുന്ന മൂഡ് ഓഫ് ദി നേഷൻ വോട്ടെടുപ്പ്, രാജ്യവ്യാപകമായാണ് നടത്തുന്നത്.
സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ, പ്രധാനമന്ത്രിയുടെ പ്രശസ്തി റേറ്റിങ് എങ്ങനെയാവും? വിശേഷിച്ചും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ. യുപി-75%, ഗോവ-67%, മണിപ്പൂർ-73%, ഉത്തരാഖണ്ഡ-59%, പഞ്ചാബ്-37 %.
ബിജെപി അധികാരത്തിലില്ലാത്ത പഞ്ചാബിൽ മോദിയുടെ പ്രശസ്തി ശരാശരിയിലും താഴെയാണെന്ന് കാണാം.
സർവേയിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രകടനവും വിലയിരുത്താൻ ആവശ്യപ്പെട്ടിരുന്നു. ടോപ് റാങ്കിൽ ഒരു ബിജെപി മുഖ്യമന്ത്രി മാത്രമേ വന്നിട്ടുള്ളുവെന്നത് പാർട്ടി ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
ജനപ്രീതിയിൽ ഒന്നാമൻ നവീൻ പട്‌നായിക്; പിണറായി അഞ്ചാമൻ
ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാമനായത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികാണ്്. 71 ശതമാനം പേർ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. ഒഡീഷയിൽ നിന്നുള്ള 2,743 പേരിൽ ഏകദേശം 71% പേരും പട്നായികിനെ അനുകൂലിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരിൽ 69.9 ശതമാനം പേരും മമതാ ബാനർജിയെ അനുകൂലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം വോട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ 61.1 ശതമാനം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 57.9 ശതമാനം അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശർമ 56.6 ശതമാനം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 51.4 ശതമാനം പിന്തുണയും ലഭിച്ചു.
കഴിഞ്ഞ വർഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ ജനുവരി 2021 ൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, കോവിഡ്-19 കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ, മഹാമാരിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മികച്ച സംസ്ഥാനമായി ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഒഡീഷ ഒന്നാമതെത്തി.
കോവിഡിന്റെ വ്യാപനം തടയുന്നതിലെ ദ്രുതപ്രതികരണം. അതൊന്നുവേറിട്ടത് തന്നെയായിരുന്നു. വ്യാപകമായ ടെസ്റ്റിങ്, മികച്ച വിഭവ വിതരണം. ദ്രുതഗതിയിൽ ഉള്ള പൊതു-സ്വകാര്യ പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം. ആരോഗ്യസംരക്ഷണരംഗത്തെ മനുഷ്യവിഭവ ശേഷി വർദ്ധന, പരിശോധിക്കാൻ തയ്യാറാകുന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ.-ഇതൊക്കെ നിർണായകമായി. കുറഞ്ഞ പോസിറ്റീവ് കേസുകൾ, കുറഞ്ഞ മരണനിരക്ക്. വേഗത്തിലുള്ള രോഗമുക്തി, ആശുപത്രി ഡിസ്ചാർജ് അനുപാതം-ഇതെല്ലാം മികച്ച കോവിഡ് മാനേജ്മെന്റ് തന്ത്രത്തെ സൂചിപ്പിക്കുന്നു.
ബിജെപി മുഖ്യമന്ത്രിമാർ പിന്നിൽ
സർവേയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രി മാത്രമാണ് 50 ശതമാനം മാർക്ക് കടന്നത്. അഞ്ചുസംസ്ഥാനങ്ങളിൽ-അസം, ഗുജറാത്ത്്, ഉത്തരാഖണ്ഡ്, യുപി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് 40 ശതമാനത്തിന് മുകളിൽ മാർക്ക് കിട്ടിയെന്ന് ആശ്വസിക്കാം. ഹിമാചൽ, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ബിജെപി-എൻഡിഎ മുഖ്യമന്ത്രിമാർക്ക് 35 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിൽ മാർക്ക്. എന്നാൽ, ഹരിയാന, പുതുച്ചേരി. ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് 27 %-35% മാത്രം. ഗോവയിൽ പ്രമോദ് സാവന്തിന് 27.2 ശതമാനം മാർക്ക് മാത്രമേയുള്ളു എന്നതും ശ്രദ്ധേയം.
മറുനാടന് മലയാളി ബ്യൂറോ