തിരുവനന്തപുരം: ഓൺലൈന്റെ പിന്നാലെയാണ് ഇന്നത്തെ ലോകം. എന്തിനും ഏതിനും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്യാനും പർച്ചേസ് ചെയ്യാനും ബില്ലടയ്ക്കാനുമെല്ലാമുള്ള സംവിധാനങ്ങൾ ഓൺലൈനിലുണ്ട്. വാർത്ത അറിയാനുള്ള കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഓൺലൈൻ മാദ്ധ്യമങ്ങൾ കേരളത്തിലും അനേകം മുളച്ചുപൊട്ടിയിട്ടുണ്ട്. നവമാദ്ധ്യമങ്ങൾ മലയാളത്തിലും നിറഞ്ഞപ്പോൾ ക്ഷീണം സംഭവിച്ചത് പ്രിന്റഡ് മാദ്ധ്യമങ്ങളാണ്. കേരളത്തിൽ അടക്കം വീട്ടിൽ പത്രം വരുത്തി വായിക്കുന്നവരുടെ എണ്ണം കുറയുകയാണ്. എങ്ങനെയൊക്കെ വാർത്തകൾ വായിച്ചാലും പത്രം വീട്ടിൽ വരുത്തി വായിക്കുന്ന മലയാളികളുടെ ശീലത്തിൽ മാറ്റം വരില്ലെന്ന് വിശ്വസിച്ചിരിക്കുന്നതിന് ഇടയിലാണ് ആശങ്കയ്ക്ക് വക നൽകി ഇന്ത്യ ടുഡേ മലയാളം പ്രസിദ്ധീകരണങ്ങൾ നിർത്തുന്നു എന്ന വാർത്തയും പുറത്തുവന്നത്.

ഇന്ത്യാ ടുഡേ മലയാളം, തെലുങ്ക്, തമിഴ് ഭാഷാ പ്രസിദ്ധീകരണങ്ങൾ നിർത്താനാണ് ഒരുങ്ങുന്നത്. ഇക്കാര്യം മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു. മലയാളം അടക്കമുള്ള ഭാഷകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസിദ്ധീകരണമാണ് ചെലവുചുരുക്കലിന്റെ പേരിൽ നിർത്തുന്നത്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യാ ടുഡേ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അരുൺപുരി ചെയർമാനായ ലിവിംങ് മീഡിയ ഗ്രൂപ്പാണ് ഇന്ത്യാ ടുഡേയുടെ പ്രസാധകർ. ആജ്തക്, ഹെഡ് ലൈൻസ് ടുഡേ എന്നി ചാനലുകളും ലിവിങ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. എഡിറ്റോറിയൽ വിഭാഗത്തിൽ മാത്രം 10 ജീവനക്കാരാണ് മലയാളം ഇന്ത്യാ ടുഡെയിലുള്ളത്.

30 വർഷത്തിലേറെയായി മലയാളത്തിൽ സമാന്യം മികച്ച രീതിയിൽ പ്രവർത്തിച്ചുവന്ന മാഗസിനാണ് ഇന്ത്യാ ടുഡേ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ മലയാളികൾക്ക് കൂടുതൽ വിശകലനം ചെയ്തു എത്തിച്ചിരുന്നത് ഇന്ത്യ ടുഡേ ആഴ്‌ച്ചപ്പതിപ്പുകളായിരുന്നു. എന്നാൽ, പരസ്യ വരുമാനത്തിലുണ്ടായ കുറവും ഡിജിറ്റൽ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഭാവിയെന്ന് കിട്ടിയ ഉപദേശത്തെയും തുടർന്നാണ് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലെ പ്രസിദ്ധീകരണം നിർത്തുന്നതെന്നാണ് സൂചന. അടുത്ത ലക്കം മലയാളം ഇന്ത്യാ ടുഡെയുടെ അവസാന ലക്കമായിരിക്കും. നേരത്തെ ഇന്ത്യാ ടുഡേയുടെ മലയാളം വിഭാഗം എഡിറ്റർ എം ജി രാധാകൃഷ്ണൻ രാജിവച്ച് ഏഷ്യാനെറ്റിന്റെ എഡിറ്റർ സ്ഥാനം ഏറ്റെടുത്തിരുന്നു.

അതേസമയം മലയാളത്തിലെ പ്രമുഖ പ്രിന്റഡ് പത്രങ്ങളുടെ പരസ്യ വരുമാനത്തിൽ അനുപാതികമായ വളർച്ച ഉണ്ടായിട്ടില്ല. പരസ്യ ധാതാക്കൾ പ്രിന്റഡ് പത്രത്തോടൊപ്പം ടിവി, ഓൺലൈൻ പരസ്യങ്ങളും നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രമുഖ പത്രങ്ങളെല്ലാം ഇപ്പോൾ ഓൺലൈൻ രംഗത്തും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അതേസമയം പത്രവ്യവസായ മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന വാർത്തകൾക്കിടയിലും പുതിയ പത്രങ്ങളും മലയാളത്തിൽ പിറവിയെടുത്തിട്ടുണ്ട്. അടുത്തകാലത്താണ് ഇ കെ സുന്നികളുടെ നേതൃത്വത്തിൽ സുപ്രഭാതം പത്രം പ്രവർത്തനം ആരംഭിച്ചത്. ഇങ്ങനെ പുതിയ പത്രങ്ങൾ രംഗത്തെത്തുമ്പോഴും ചെറുകിട പത്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മെട്രോവാർത്തയിലും കേരളാ കൗമുദിയിലും ജനയുഗത്തിലുമൊക്കെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.

ഇന്ത്യാവിഷൻ, റിപ്പോർട്ടർ, ടിവി ന്യൂ അടക്കമുള്ള മലയാളം ചാനലുകളുടെ സ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ ഇന്ത്യവിഷനിലും ടിവി ന്യൂവിലും വാർത്തമുടങ്ങിയ സ്ഥിതിവിശേഷം വരെയുണ്ടായിരുന്നു. റിപ്പോർട്ടർ ചാനലിൽ ആകട്ടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇവിടെ ജീവനക്കാർ സഹകരിക്കുന്നു എന്നത് മാത്രമാണ് മാനേജ്‌മെന്റിന് ആശ്വാസം പകരുന്ന കാര്യം.