ദുബായ്: ഇന്ത്യ- യുഎഇ ബന്ധത്തിൽ നാഴികക്കല്ലാകുമെന്ന് കരുതുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ്) നിലവിൽവന്നു. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ആദ്യ കയറ്റുമതി ദുബായിലെത്തി. ആഭരണങ്ങളാണ് ആദ്യഘട്ടത്തിൽ അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ ഉപഭരണാധികാരിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും കഴിഞ്ഞ ഫെബ്രുവരിയിലാണ് കരാർ ഒപ്പുവച്ചത്.

വിവിധ മേഖലകളിൽ വിദഗ്ധരായ 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിനു വഴിയൊരുക്കുന്ന കരാർ പ്രകാരം, ഭക്ഷ്യവസ്തുക്കൾ, ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇളവുണ്ടാകും. ഇത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാകും. ദുബായിലുള്ള പ്രവാസികൾക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തം നാട്ടിലെ വസ്തുക്കളും കിട്ടും.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 4.5 ലക്ഷം കോടി രൂപയിൽ നിന്ന് അഞ്ചു വർഷത്തിനകം 7.5 ലക്ഷം കോടി രൂപയാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ശേഖരിച്ച് ഏകീകൃത സംവിധാനം വഴി കയറ്റുമതിക്ക് അവസരമുണ്ടാകും. ഇത് മെച്ചപ്പെട്ട ഭക്ഷ്യവസ്തുക്കൾ യുഎഇയിൽ ലഭ്യമാക്കും.

നിശ്ചിത ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളിലേക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാകുമെന്നതാണ് കരാറിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. കേരളത്തിൽ നിർമ്മിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യും.

അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കപ്പെടുന്നതിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരരംഗം പുതിയ ഉണർവിന് സാക്ഷ്യം വഹിക്കും. കരാർ മൂലം ഇന്ത്യയിലെ ധാരാളം ഉൽപ്പന്നങ്ങൾ യുഎഇയിൽ ലാഭകരമായി എത്തിക്കാനും അതുവഴി വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇറക്കുമതിചെയ്യുന്ന മൊബൈൽഫോൺ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങൾ, മരുന്ന്, കാർഷിക ഉൽപ്പന്നങ്ങൾ, മത്സ്യം തുടങ്ങിയവയ്‌ക്കെല്ലാം അഞ്ച് ശതമാനം നികുതിഇളവ് ലഭിക്കും.

യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽസ് അലുമിനിയം ഇരുമ്പ് നിക്കൽ കോപ്പർ സ്റ്റീൽ സിമന്റ് എന്നിവയ്ക്കും ഈ ഇളവു ലഭിക്കും. പകുതിയിലേറെ ഉൽപ്പന്നങ്ങൾക്ക് ഇങ്ങനെ നികുതിയിളവു ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വൈകാതെ മിക്കവാറും ഉൽപന്നങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായി ഒഴിവാക്കുവാനാണ് അധികാരികൾ ആലോചിക്കുന്നത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിച്ച ശേഷം ആഫ്രിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന ഉൽപന്നങ്ങളുണ്ട്. ഇവക്കും പുതിയ കരാർ ഗുണം ചെയ്യും. യു.എ.ഇയിൽ വിൽപന വർധിക്കുന്നതോടെ ഇന്ത്യയിൽ ഉദ്പാദനം കൂടും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വർഷത്തിൽ 26 ശതകോടി ഡോളറിന്റെ വസ്തുക്കളാണ് കയറ്റി അയക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാര ഇടപാട് 60 ശതകോടി ഡോളറാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇത് 100 ശതകോടി ഡോളറിലേക്ക് എത്തിക്കുകയാണ് കരാറിന്റെ ലക്ഷ്യം.