ഗാന്ധിനഗർ: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- ജപ്പാൻ ബിസിനസ് പ്ലീനറിയിലാണ് കൂടുതൽ ജപ്പാൻ നിക്ഷേപകരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തത്.

ജാപ്പനീസ് വ്യാവസായിക നഗരങ്ങൾ നിർമ്മിക്കുന്നതിന് ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സ്ഥലങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നെന്നും സമ്മേളനത്തിൽ മോദി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാൻ കാർ നിർമ്മാതാക്കളായ സുസുക്കി ഇന്ത്യയിലെ ഉത്പാദനത്തിൽ വർധന വരുത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. നിലവിൽ ഗുജറാത്തിലെ ഫാക്ടറിയിൽ പ്രതിവർഷം 2.5 ലക്ഷം കാറുകളാണ് ഉത്പാദിക്കപ്പെടുന്നത്. ഇത് 7.5 ലക്ഷമായി ഉയർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ഹൻസൽപുറിൽ ഡെൻസോയും തോഷിബയുടെയും പങ്കാളിത്തത്തോടെ സുസുക്കി ലിഥിയം അയോൺ ബാറ്ററിയുടെ ഫാക്ടറി നിർമ്മിക്കും. 2020 ഓടെയാകും ഇത് പ്രവർത്തനസജ്ജമാവുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് 180 മില്യൺ ഡോളർ നിക്ഷേപം ഇന്ത്യയിലെത്തും.

ജപ്പാനിൽനിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപും(ഡിപാർട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ) ജപ്പാന്റെ സാമ്പത്തിക വകുപ്പും തമ്മിൽ ഇന്ന് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ഗുജറാത്തിൽ നിക്ഷേപം നടത്താനായി പതിനഞ്ച് ജപ്പാനീസ് കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. ജപ്പാൻ സഹായത്തോടെ നിർമ്മിക്കുന്ന അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു തറക്കല്ലിടാൻ ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ബുധനാഴ്ചയാണ് ഇന്ത്യയിലെത്തിയത്. നയതന്ത്ര- സാമ്പത്തിക സഹകരണങ്ങൾ ഉൾപ്പെടുന്ന പതിനഞ്ചോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത്.