- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജേഷ് ഗോൾവല കാത്തപ്പോൾ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ കിരീടം; ടിന്റു വെള്ളിടിയായപ്പോൾ 400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം
ഇഞ്ചിയോൺ: മഹാത്മാ ഗാന്ധിയുടെ ഓർമ ദിവസം ഇന്ത്യക്ക് ആവേശത്തിന്റെ ദിനമായി മാറി. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും വളർച്ചാ നിരക്കിലും ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്നും കരുത്തിന്റെ ഒൻപതാം സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തിയത് രണ്ടു മലയാളികൾ ആണ് എന്നത് ഏതു കേരളീയനും കൂട
ഇഞ്ചിയോൺ: മഹാത്മാ ഗാന്ധിയുടെ ഓർമ ദിവസം ഇന്ത്യക്ക് ആവേശത്തിന്റെ ദിനമായി മാറി. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും വളർച്ചാ നിരക്കിലും ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്നും കരുത്തിന്റെ ഒൻപതാം സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തിയത് രണ്ടു മലയാളികൾ ആണ് എന്നത് ഏതു കേരളീയനും കൂടുതൽ അഭിമാനം നൽകുന്നു. നിത്യ വൈരികളായ പാക്കിസ്ഥാനുമായി 1-1നു സമനില പിടിച്ച ഇന്ത്യൻ ഹോക്കി ടീമിനെ സ്വർണ തിളക്കത്തിലേക്ക് നയിച്ചത് മലയാളിയുടെ അഭിമാന താരമായ ശ്രീജേഷ് കാവൽക്കാരൻ ആയതു കൊണ്ട് മാത്രം. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 നു പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസ് കിരീടം ചൂടിയപ്പോൾ എല്ലാവരും അഭിനന്ദിക്കാൻ ഓടി ഓടിയെത്തിയത് ശ്രീജേഷിനെ ആയിരുന്നു.
തൊട്ടു പിന്നാലെ ആണ് ഇന്ത്യയുടെ വനിതാ അത്ലറ്റുകൾ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത്. 800 മീറ്ററിൽ വെള്ളി നേടിയ ആവേശത്തിൽ ട്രാക്കിൽ ഇറങ്ങിയ ടിന്റു ലൂക്കായുടെ കുതിപ്പായിരുന്നു അതിനിർണ്ണായകമായ ഈ സ്വർണ നേട്ടത്തിന്റെ കാതൽ. ഇതോടെ ഒറ്റയടിക്ക് ഇന്ത്യയുടെ സ്ഥാനം 11ൽ നിന്ന് ഒൻപതായി ഉയരുക ആയിരുന്നു.
നാളെ നടക്കാനിരിക്കുന്ന പുരുഷ, വനിതാ കബഡി ഫൈനലുകളിൽ ഇന്ത്യ ഇരട്ട സ്വർണം കരസ്ഥമാക്കിയാൽ മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് ഉയരും. വനിതകൾ സെമി ഫൈനലിൽ തായ്‌ലാൻഡിനെയും പുരുഷന്മാർ ആതിഥേയരായ ദക്ഷിണ കൊറിയയേയും തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്.
പതിനാറു കൊല്ലം കാത്തിരുന്ന സ്വർണം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ശ്രീജേഷിന്റെ മികവു മാത്രം
ഒന്നരപ്പതിറ്റാണ്ടായി ഫൈനൽ വിജയം കിട്ടാക്കനവായിരുന്ന ഇന്ത്യൻ ഹോക്കി ടീം ഇത്തവണ ഏഷ്യൻ ഗെയിംസ് കിരീടമണിഞ്ഞത് ഷൂട്ട് ഔട്ട് മികവിൽ. എട്ടുതവണ കിരീടധാരികളായിരുന്ന പാക്കിസ്ഥാനുമായി ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചു. ഷൂട്ടൗട്ടിൽ മലയാളിയായ ഗോളി ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യൻ ജയം (4-2). ഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ ആദ്യം ഗോൾ നേടി. ഇന്ത്യയാവട്ടെ തുടർച്ചയായി ലഭിച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പായി കൊദാജിത് സിങ് ഇന്ത്യയുടെ സമനില ഗോൾ നേടി. രണ്ടാംപകുതിയിൽഉടനീളം ഇന്ത്യയ്ക്കായിരുന്നു കളത്തിലെ മേധാവിത്വം. എന്നാൽ അതൊന്നും ഗോൾ ആക്കുന്നതിൽഇന്ത്യ വിജയിച്ചില്ല. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതുവരെ മികച്ച ഫോമിൽ കളിച്ചിരുന്ന പാക്ക് ഗോൾ കീപ്പർ ഇമ്രാൻ ബട്ടിനു ഷൂട്ട് ഔട്ടിന്റെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. സമചിത്തതയോടെ ഗോൾവല കാത്ത ശ്രീജേഷ് ഇന്ത്യൻ വിജയം ആധികാരികമാക്കി.
ഈ വിജയത്തോടെ 2016ൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് ഇന്ത്യ യോഗ്യത നേടി. 1998 ൽ ആണ് ഇന്ത്യൻ പുരുഷഹോക്കി ടീം അവസാനമായി ഏഷ്യൻഗെയിംസിൽ സ്വർണം നേടിയത്. ധൻരാജ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു അത്. 2002ൽ ബുസാൻ ഗെയിംസിൽ ഫൈനലിലെത്തിയെങ്കിലും ദക്ഷിണകൊറിയയോട് തോറ്റു.
ആതിഥേയരായ കൊറിയൻ പടയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ ഫൈനലിൽ ഏറ്റുമുട്ടിയ പാക്കിസ്ഥാനും മലേഷ്യയും തമ്മിലായിരുന്നു മറ്റൊരു സെമിഫൈനൽ. ഷൂട്ടൗട്ടിലൂടെ 6-5 എന്ന സ്കോറിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഗ്രൂപ്പിലെ മൂന്ന് മൽസരങ്ങളിൽ എതിരില്ലാത്ത വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ പാക്കിസ്ഥാനോട് മാത്രം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇന്ത്യ പിന്നിലായി.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇതുൾപ്പെടെ ഇന്ത്യ- പാക്കിസ്ഥാൻ നേർക്കുനേർ ഫൈനൽ നടന്നത് ഒൻപതു തവണയാണ്. ഏഴിലും സ്വർണം പാക്കിസ്ഥാൻ കൊണ്ടു പോയി. 1966ലെ ബാങ്കോക്ക് ഗെയിംസിലും ഇപ്പോൾ ഇഞ്ചോണിലുമാണ് ഇന്ത്യ സ്വർണം നേടിയിട്ടുള്ളത്. ഇതിനു മുമ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് 1990ൽ ബെയ്ജിങ്ങിൽ ആയിരുന്നു. അന്നും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.
ആദ്യ ലാപ്പിൽപിന്നിലായ ഇന്ത്യയെ മുന്നിലാക്കിയത് ടിന്റുവിന്റെ കുതിപ്പ്
ഹോക്കിയിൽഇന്ത്യൻ ടീം സ്വർണം നേടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വനിതകളുടെ നാനൂറ് മീറ്റർറിലേയുടെ റിസൽറ്റുമെത്തി. ഈ ഇനത്തിലെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തിരുത്തിയാണ് ടിന്റു ലൂക്കയും കൂട്ടരും സ്വർണം നേടിയത്.
4x400 മീറ്റർ റിലേയിൽ മലയാളി താരം ടിന്റു ലൂക്ക അടങ്ങിയ ടീം നാലിൽമൂന്നു ഹീറ്റിലും വ്യക്തമായ മേൽക്കൈയോടെയാണ് സുവർണ്ണനേട്ടം കൈപ്പിടിയിലൊതുക്കിയത്. 3:28.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മൻദീപ് കൗറും എം ആർ പൂവമ്മയും നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ ഇന്ത്യൻ ടീം തന്നെ കുറിച്ച റെക്കോഡാണ് ഭേദിച്ചത്. അന്ന് 3.29.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗമായിരുന്നു മൻദീപ് കൗർ. തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസിൽ സ്വർണവും റെക്കോഡും കുറിക്കുകയെന്ന അപൂർവ ബഹുമതിയും മൻദീപിന് സ്വന്തമായി. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണിത്.
കഴിഞ്ഞ ദിവസം 800 മീറ്ററിൽ തലനാരിഴയ്ക്കായിരുന്നു ടിന്റുവിന് സ്വർണം നഷ്ടപ്പെട്ടത്. അതിന്റെ കുറവു തീർക്കുന്നതായി ഈ മധുരവിജയം. പ്രിയങ്ക ഓടിയ ആദ്യ ലാപ്പിൽ ജപ്പാന് പിന്നിലായിരുന്നു, ഇന്ത്യ. എന്നാൽ, പ്രിയങ്കയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ ടിന്റു ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവിൽ നിന്ന് ബാറ്റൺ കൈമാറിക്കിട്ടിയ മൻദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ലീഡ് നഷ്ടപ്പെടുത്താതെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ബാറ്റൺ കൈമാറാൻ സാധിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാൻ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തിലാണ് പൂവമ്മ സ്വർണ്ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. ജപ്പാൻ താരം 20 സെക്കൻഡ് കൂടിയെടുത്താണ് ഫിനീഷ് ചെയ്തത്. സമയം: 3:30.80 സെക്കൻഡ്. 3.32.02 സെക്കൻഡിൽ ചൈന വെങ്കലമണിഞ്ഞു.
ജയ്ഷക്ക് നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം; പ്രീജക്ക് നിരാശയുടെ എട്ടാം സ്ഥാനം
3000 മീറ്ററിൽ വെങ്കലം നേടിയ മലയാളി താരം ഓ പി ജയ്ഷക്ക് 5000 മീറ്ററിൽ നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ വെള്ളി നേടിയ പ്രീജ ശ്രീധരനാവട്ടെ എട്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്യാനെ കഴിഞ്ഞുള്ളു. വനിതകളുടെ ട്രിപ്പിൽ ജമ്പിൽ മത്സരിച്ച മലയാളി താരങ്ങളായ മയൂഖ ജോണിയും എം എം പ്രജൂഷയും പരാജയപ്പെട്ടവരുടെ കൂടെയാണ്. ഇരുവരും ലോങ്ങ് ജമ്പിലും മെഡൽ നേടിയിരുന്നില്ല.
ജെയ്ഷ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 15:18.30 സെക്കൻഡിലാണ് 5000 മീറ്റർ റെയ്സിൽനാലാമതായി ഫിനിഷ് ചെയ്തത്. ജെയ്ഷയേക്കാൾ ആറു സെക്കൻഡ് മുൻപ് ഫിനിഷ് ചെയ്ത ചൈനയുടെ ചാങ്ക്വിൻ ഡിങ് വെങ്കലം നേടി. വെങ്കല ഡബിൾ നേടാനുള്ള സുവർണാവസരമാണ് ജെയ്ഷയ്ക്ക് നഷ്ടമായത്. 15:41.91 സെക്കൻഡായിരുന്നു ഇതുവരെ ജെയ്ഷയുടെ ഏറ്റവും മികച്ച സമയം. ഈ സീസണിൽ ഓടിയ ഏറ്റവും മികച്ച സമയമാവട്ടെ 15:54.21 സെക്കൻഡും. 2006ൽ ദോഹയിൽ ജെയ്ഷ 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 15:41.91 സെക്കൻഡാണ് അന്ന് കുറിച്ച സമയം.
5:39.52 സെക്കൻഡിലായിരുന്നു എട്ടാം സ്ഥാനത്ത് പ്രീജയുടെ ഫിനിഷ്. ഈ സീസണിലെ പ്രീജയുടെയും ഏറ്റവും മികച്ച പ്രകടനമാണിത്. എന്നാൽ, തന്റെ കരിയറിലെ മികച്ച പ്രകടനമായ 15:15.89 സെക്കൻഡിന്റെ അടുത്തെങ്ങും വരാൻ പ്രീജയ്ക്ക് കഴിഞ്ഞില്ല. ഈ പ്രകടനത്തിന്റെ ബലത്തിലാണ് നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ പ്രീജ വെള്ളിയണിഞ്ഞത്. 16:13.07 സെക്കൻഡാണ് ഈ സീസണിൽ പ്രീജ കുറിച്ച ഏറ്റവും മികച്ച സമയം.
ആഫ്രിക്കൻവംശജരായ താരങ്ങളുടെ കരുത്തൽ ബഹ്‌റൈൻ സ്വർണവും വെള്ളിയും സ്വന്തമാക്കി. 14:59.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇസാ യൂസുഫ് ജമാൽ സ്വർണവും ബെലെറ്റെ ഗെബ്രെജ്യോർജിയസ് വെള്ളിയും നേടി.
ഒൻപത് സ്വർണ്ണവുമായി ഒമ്പതാമതെത്തി; കബഡിയിൽ ഇരട്ട സ്വർണം പ്രതീക്ഷിച്ച് ഇന്ത്യ
ഇന്നത്തെ രണ്ടു സ്വർണ്ണത്തോടെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്ന് ഇന്ത്യ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് സ്വർണവും ഒൻപത് വെള്ളിയും 37 വെങ്കലവും അടക്കം 55 മെഡലുകളോടെയാണ് ഇന്ത്യയുടെ ഒൻപതാം സ്ഥാനം. അതേ സമയം നാളെ നടക്കുന്ന കബഡിയിൽ രണ്ടു സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പുരുഷ വനിതാ വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കയറിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുടെ സ്ഥാനം ഇറാന് പിന്നിൽ എഴാമതായി ഉയർന്നേക്കും. പത്തു സ്വർണവും പത്തു വെള്ളിയും നേടിയ ഉത്തര കൊറിയ ആണ് ഇപ്പോൾ ഏഴാമത്. പുരുഷ കബഡിയിൽ എല്ലാ വർഷവും ഇന്ത്യയ്ക്കാണ് സ്വർണം. നാളെയോടെ പ്രധാന മത്സരങ്ങൾ എല്ലാം അവസാനിക്കാൻ ഇരിക്കവേ ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണ് ബാക്കി.
പുരുഷ കബഡി ടീം തുടർച്ചയായ ഏഴാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 35-25 എന്ന സ്കോറിന് ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനിൽ കടന്നത്. ഹാഫ് ടൈമിൽ വെറും രണ്ടുപോയിന്റിനു ലീഡ് ചെയ്തിരുന്ന ഇന്ത്യ (14-12) രണ്ടാംപകുതിയിൽഫോമിലെത്തിയതോടെയാണ് കളിയിൽവ്യക്തമായ മേൽക്കൈ നേടിയത്. ആദ്യ പകുതിയിൽഏഴു കൊറിയൻ താരങ്ങളെ മാത്രമേ ഇന്ത്യയ്ക്ക് പുറത്താക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ രണ്ടാംപാതിയിൽ 19 എതിരാളികളെ കളത്തിനു വെളിയിലാക്കാൻ ഇന്ത്യയ്ക്കായി. ആദ്യപാതിയിൽഇന്ത്യയ്ക്ക് ഏഴ് ബോണസ് പോയിന്റുകൾനേടാൻ കഴിഞ്ഞിരുന്നെങ്കിലും രണ്ടാം പകുതിയിൽ എതിർടീമിന്റെ ബോക്സ് റെയ്ഡ് ചെയ്ത് ഒരു ബോണസ് പോയിന്റ് സ്വന്തമാക്കാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. അതേ സമയം മുഴുവൻ ദക്ഷിണകൊറിയൻ താരങ്ങളേയും പുറത്താക്കാൻ കഴിഞ്ഞതിലൂടെ രണ്ടു ലോണ പോയിന്റ് ഇന്ത്യ രണ്ടാംറൗണ്ടിൽ സ്വന്തമാക്കി.
ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 41-28 എന്ന സ്കോറിന് തായ്‌ലാൻഡിനെ പരാജയപ്പെടുത്തിയാണ് വനിതകൾ ഫൈനൽ ബർത്ത് നേടിയത്. ആദ്യപാതിയിൽ 14 പോയിന്റ് വീതം നേടി സമനില പാലിച്ചിടത്തുനിന്നാണ് രണ്ടാംപാതിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യ സെമി ഫൈനൽവിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന പാതിയിൽ ഇന്ത്യ 27 പോയിന്റ് നേടിയപ്പോൾ തായ്‌ലൻഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്. രണ്ടാം പകുതിയിൽ മുഴുവൻ തായ് താരങ്ങളെയും പുറത്താക്കി ഇന്ത്യ നാല് ലോണ പോയിന്റ് നേടി. രണ്ടു പകുതികളിലുമായി മൊത്തം ആറ് ബോണസ് പോയിന്റും ഇന്ത്യ സ്വന്തമാക്കി. പ്രതിരോധത്തിൽ ഇന്ത്യ കാട്ടിയ അലംഭാവം മുതലെടുത്ത് തായ്‌ലൻഡ് 13 ബോണസ് പോയിന്റ് നേടി. റെയ്ഡിൽ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മേൽക്കൈ. 31 തായ് താരങ്ങളെ ഇന്ത്യ കളത്തിന് പുറത്താക്കി. 15 ഇന്ത്യൻ താരങ്ങളെ തായ്‌ലൻഡും പുറത്താക്കി.
142 സ്വർണം അടക്കം 322 മെഡൽ നേടിയ ചൈന പതിവ് പോലെ എല്ലാ രാജ്യങ്ങളെക്കാളും മുമ്പിലാണ്. 72 സ്വർണം അടക്കം 213 മെഡൽ നേടി ആതിഥേയരായ ദക്ഷിണ കൊറിയ എല്ലാവരെയും അമ്പരപ്പിച്ചു രണ്ടാമതാണ്. ജപ്പാൻ, കസാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് മൂന്ന്, നാല്, അഞ്ച് എന്നീ സ്ഥാനങ്ങൾ.