ന്യൂഡൽഹി: സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. നിലവിൽ അപ്രധാനമായ സ്ഥലങ്ങളിൽ ജോലി നോക്കുന്ന 57,000 സൈനികരെ യുദ്ധമേഖലകളിൽ മാറ്റി നിയമിക്കാനാണ് തീരുമാനം. രാജ്യാതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ലഫ്. ജനറൽ (റിട്ട) ഡി.ബി.ശേഖത്ക്കർ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ 99 ശുപാർശകളിൽ കരസേനയുമായി ബന്ധപ്പെട്ട 65 ശുപാർശകളും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു. ഇനിയുള്ള 34 ശുപാർശകൾ നാവിക, വ്യോമ സേനകളുമായി ബന്ധപ്പെട്ടവയാണ്. അതും താമസിയാതെ നടപ്പാക്കുമെന്ന് ജയ്റ്റ്‌ലി സൂചിപ്പിച്ചു. 2019 ഡിസംബർ 31നുള്ളിൽ എല്ലാ ശുപാർശകളും നടപ്പാക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് കരസേനയിൽ ഇത്തരത്തിൽ വിപലുമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.

സമാധാന മേഖലകളിൽ പ്രവർത്തിക്കുന്ന 39 മില്ലിട്ടറി ഫാമുകൾ അടച്ചുപൂട്ടാനും തീരുമാനമായിട്ടുണ്ട്. ഇത് മൂന്ന് മാസത്തിനകം നടപ്പിലാക്കും. എൻ.സി.സിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, വിവിധ യൂണിറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ, വിവിധ റെജിമെന്റുകളുടെ ലയനം, ക്‌ളെറിക്കൽ സ്റ്റാഫിന്റെയും ഡ്രൈവർമാരുടെ നിയമനങ്ങളിലെ നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട മറ്റ് ശുപാർശകൾ.

മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായിരിക്കെ കഴിഞ്ഞ മേയിലാണ് ശേഖത്ക്കർ അദ്ധ്യക്ഷനായി 11 അംഗ സമിതിക്ക് രൂപം നൽകിയത്. ഡിസംബറിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.