യുനസ്‌കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നും ഒരു നഗരം പോലും ഉൾപ്പെടാതിരുന്നത് അഹമ്മദാബാദിനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമോ? 250-ലേറെ നഗരങ്ങളാണ് യുനസ്‌കോയുടെ പട്ടികയിലുള്ളത്. എന്നാൽ ഇതിലൊന്നുപോലും ഇന്ത്യയിൽനിന്നില്ല.

ഓരോവർഷവും പൈതൃക പട്ടികയിൽ പെടുത്താനുള്ള നഗരങ്ങളുടെ ലിസ്റ്റ് യുനസ്‌കോ ആവശ്യപ്പെടാറുണ്ട്. ഇന്ത്യയിൽനിന്ന് മുംബൈയോ ഡൽഹിയോ ഇടം പിടിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, അവസാന നിമിഷം ഡൽഹിയെയും മുംബൈയെയും പിന്തള്ളി കേന്ദ്രം നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം അഹമ്മദാബാദിനെ.

അടുത്തവർഷം ജൂണിലാണ് പൈതൃക നഗരങ്ങളുടെ പട്ടിക യുനസ്‌കോ പ്രസിദ്ധീകരിക്കുക. ഓരോ രാജ്യത്തുനിന്നും ഒരു എൻട്രി മാത്രമാണ് സ്വീകരിക്കുക. പൈതൃകമുള്ള ഒട്ടേറെ നഗരങ്ങളുള്ള ഇന്ത്യയിൽനിന്ന് അടുത്ത പട്ടികയിൽ ഇടം പിടിക്കുക അഹമ്മദാാദായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

യുനസ്‌കോ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞാൽ ഓരോ സംസ്ഥാനവും നഗരത്തിന്റെ പൈതൃകമൂല്യം വ്യക്തമാക്കുന്ന അപേക്ഷകൾ സമർപ്പിക്കുകയാണ് പതിവ്. സാംസ്‌കാരിക മന്ത്രാലയമാണ് ഈ അപേക്ഷകൾ പരിഗണിക്കുന്നത്. ഇതിൽനിന്ന് ഒരു നഗരത്തെ തിരഞ്ഞെടുത്ത് യുനസ്‌കോയ്ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്.

ഇക്കുറി അഹമ്മദാബാദിനെയാണ് കേന്ദ്രം ശുപാർശ ചെയ്തിരിക്കുന്നത്. 2010-11 മുതൽ ഇന്ത്യ അപേക്ഷ അയക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഇന്ത്യൻ നഗരം പോലും തൈൃക നഗരമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മുംബൈയെയും ഡൽഹിയെയുമാണ് ഇതിനുമുമ്പ് ഇന്ത്യ ശുപാർശ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ നഗരങ്ങൾ യുനസ്‌കോയുടെ താത്കാലിക പട്ടികയിലുണ്ട്.

11-ാം നൂറ്റാണ്ടുമുതൽക്ക് ജനവാസമുള്ള നഗരമായാണ് അഹമ്മദാബാദ് കരുതപ്പെടുന്നത്. പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന 36 സ്മാരകങ്ങളും ഇവിടെയുണ്ട്. അഹമ്മദാബാദിനെ പട്ടികയിൽ പെടുത്തിയത് മോദിയുടെ നഗരമെന്ന നിലയ്ക്കല്ലെന്നും പൈതൃക മഗരമായി തിരഞ്ഞെടുക്കപ്പെടാനുള്ള എല്ലാ യോഗ്യതയും അതിനുണ്ടെന്നും സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ പറഞ്ഞു.