മുംബൈ: നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്നാണ് വിലയിരുത്തൽ. മോദി സർക്കാർ പെട്രോൾ വില വർദ്ധനവിൽ പ്രതിസന്ധിയിലുമാണ്. ഇതിനിടെ ശുഭസൂചകമായ റിപ്പോർട്ടുമെത്തുന്നു. 10 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്ന് ആഗോള ഏജൻസിയായ മോർഗൻ സ്റ്റാൻലി വിശദീകരിക്കുന്നു.

ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും മോർഗൻ സ്റ്റാൻലിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻലി മേധാവി റിധം ദേശായിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 10 വർഷത്തിനുള്ളിൽ ഡിജിറ്റൈസേഷൻ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ 50-75 ബേസിസ് പോയിന്റുകൾ നൽകുമെന്നും ഓഹരിവിപണിയിൽ ലോകരാജ്യങ്ങളിലെ ആദ്യ അഞ്ചിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ വിദേശനിക്ഷേപം 10 വർഷത്തിനുള്ളിൽ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.

നോട്ട് നിരോധനത്തിലൂടെ ഇന്ത്യയുടെ വളർച്ചാ നിരക്ക് പിന്നോട്ട് പോയെന്നാണ് വിലയിരുത്തൽ. തിരിച്ചടികൾ കുറച്ചു കാലത്തേക്ക് മാത്രമേ ഉണ്ടാകൂവെന്നും രാജ്യം മുമ്പോട്ട് കുതിക്കുമെന്നും കേന്ദ്ര സർക്കാരും പറയുന്നു. ഈ ചർച്ചകൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന്റെ സാധ്യത വിലയിരുത്തുന്ന റിപ്പോർട്ട് പുറത്തു വരുന്നത്.