ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്രണയങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. കാമുകൻ കാമുകിയെ തേടി വരുന്നതും, കാമുകി കാമുകനെ തിരഞ്ഞുവരുന്നതുമായ സംഭവങ്ങൾ അനവധി. മഹാരാഷ്ട്രയിൽ നിന്നൊരു പയ്യൻ തന്റെ പാക്കിസ്ഥാനിലെ കാമുകിയെ തേടി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചാരം തുടങ്ങിയത് കഴിഞ്ഞ വർഷം ജൂലൈയിൽ വാർത്തയായിരുന്നു. ഓൺലൈനിൽ പരിചയപ്പെട്ട സമ്ര എന്ന പെൺകുട്ടിയെ തേടിയുള്ള യാത്ര 20 കാരനായ സിദ്ദിഖ്വിയെ പാക്് ജയിലിൽ എത്തിച്ചേനെ. ഇന്തോ-പാക് അതിർത്തിയിൽ വച്ച് ബിഎസ്എഫ് ജവാന്മാരുടെ കൈയിൽ പെട്ടതുകൊണ്ട് പയ്യൻസിന് രക്ഷയായി.സമാനസംഭവമാണ് ഏറ്റവുമൊടുവിൽ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക്കിസ്ഥാനിലേക്ക് പുറപ്പെട്ട യുവതി അതിർത്തിയിൽ പിടിയിലായി.

ഒഡീഷാ സ്വദേശിയും അഞ്ചു വയസ്സുള്ള മകളുടെ അമ്മയുമായ 25 കാരിയെയാണ് ബിഎസ്എഫ് പിടികൂടി അതിർത്തി പൊലീസിന് കൈമാറിയത്. ഓൺലൈനിൽ പരിചയപ്പെട്ട കാമുകന് വേണ്ടി പാക്കിസ്ഥാനിലേക്ക് പാകാൻ പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദർതാപൂർ ഇടനാഴിയിലെത്തിയപ്പോൾ ആയിരുന്നു ഇവർ പിടിയിലായത്.

സംശയാസ്പദ സാഹചര്യത്തിൽ അതിർത്തിയിൽ കറങ്ങി നടക്കുന്ന യുവതിയെ ബിഎസ്എഫ് ജവാന്മാർ കാണുകയും തുടർന്ന് ഒരു വനിതാ കോൺസ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പൊലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഈ യുവതി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ആറുവർഷം മുമ്പ് വിവാഹിതയായ ഇവർ രണ്ടു വർഷം മുമ്പ് തന്റെ മൊബൈലിൽ ആസാദ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്തു.
പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് മാൻ എന്നയാളുമായി ചങ്ങാത്തം ഉണ്ടാക്കിയത്. തുടർച്ച് ചാറ്റിങ് പതിവാക്കുകയും പിന്നീട് ഇരുവരും പരസ്പരം വാട്ട്സ്ആപ്പ് നമ്പറുകൾ കൈമാറുകയും ചെയ്തു. അതിന് ശേഷം വാട്സ്ആപ്പിലൂടെയുള്ള ചാറ്റിംഗിനിടയിൽ കർത്താപൂർ സാഹിബ് ഇടനാഴി വഴി പാക്കിസ്ഥാനിലേക്ക് വരാൻ കാമുകൻ അവളോട് ആവശ്യപ്പെട്ടു.

ക്ഷണം സ്വീകരിച്ച യുവതി ഒഡീഷയിൽ നിന്ന് വിമാനത്തിൽ ഡൽഹിയിൽ എത്തുകയും തുടർന്ന് ബസിൽ അമൃത്സറിലുമെത്തി. ഏപ്രിൽ 5 ന് ഗുരുദ്വാര ശ്രീ ഹരിമന്ദർ സാഹബ് അമൃത്സറിൽ താമസിക്കുകയും പിറ്റേന്ന് ബസിലും ഓട്ടോയിലുമായി ദേരാ ബാബ നാനാക്കിൽ എത്തുകയുമായിരുന്നു. എന്നാൽ കോവിഡ് സാഹചര്യം കാരണം കർതാർപൂർ ഇടനാഴി അടച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ച് ബിഎസ്എഫിന്റെ ശ്രദ്ധയിൽ പെട്ട യുവതിയെ പാസ്പോർട്ട് ഇല്ലാതെ പാക്കിസ്ഥാനിലേക്ക് പോകാൻ കഴിയില്ലെന്നു പറഞ്ഞ് അവർ തിരിച്ചയച്ചു.

പിന്നീട് ബി.എസ്.എഫ് തന്നെ പെൺകുട്ടിയെ ദേര ബാബ നാനക് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഇടയിൽ യുവതി വീട്ടിൽ നിന്ന് അറുപത് ഗ്രാം സ്വർണാഭരണങ്ങൾ കൊണ്ടുപോയതായി കണ്ടെത്തി. ഒഡീഷയിലെ പൊലീസുമായി ബന്ധപ്പെട്ട പഞ്ചാബ് പൊലീസ് യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി സമർപ്പിച്ചതായി കണ്ടെത്തി. പൊലീസ് പിന്നീട് കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി യുവതിയെ അവർക്കൊപ്പം വിട്ടു