- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാക്ടറികളിൽ എല്ലുമുറിയെ പണിയെടുപ്പിച്ചത് അടിമകളെ പോലെ; 260 തടങ്കൽ പാളയങ്ങൾ; വർഷങ്ങളായി തീതിന്നുന്നത് 10 ലക്ഷത്തോളം ഉയിഗുർ മുസ്ലീങ്ങളും കസാഖുകളും മറ്റുമുസ്ലിം ന്യൂനപക്ഷങ്ങളും; ചൈനയുടെ രഹസ്യം പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജയായ മേഘ രാജഗോപാലിന് പുലിറ്റ്സർ പുരസ്‌കാരം
ന്യൂഡൽഹി: മേഘ രാജഗോപാലിന് ഇനിയും അമ്പരപ്പ് മാറിയിട്ടില്ല. ഇതുഞാൻ പ്രതീക്ഷിച്ചില്ല. എന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. പുരസ്‌കാര പ്രതീക്ഷ ഇല്ലാതിരുന്നതുകൊണ്ട് ചടങ്ങ് ലൈവായി കണ്ടതുമില്ല. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലീങ്ങളെ രഹസ്യമായി തടങ്കലിൽ പാർപ്പിച്ചതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തകയ്ക്ക് പുലിറ്റ്‌സർ പുരസ്‌കാരം നൽകുന്ന ആഹ്ലാദം ചെറുതല്ല. ആയിരക്കണക്കിന് ഉയിഗുറുകളെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങളുടെയും, ഇന്റേൺമെന്റ് ക്യാമ്പുകളുടെയും വൻസന്നാഹമാണ് ചൈന ഒരുക്കിയത്. ഇതാണ് ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ പുറത്തുകൊണ്ടുവന്നത്. യുഎസിലെ ഏറ്റവും ഉന്നതജേണലിസം പുരസ്‌കാരം കിട്ടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് മേഘ.
ടാമ്പാ ബേയ് ടൈംസിന്റെ നീൽ ബേഡിക്ക് ലോക്കൽ റിപ്പോർട്ടിങ്ങിനും മേഘയ്ക്ക് നൂതനമായ ഇൻവസ്റ്റിഗേറ്റീവ് റിപ്പോർട്ടുകൾക്കുമാണ് പുരസ്‌കാരം. മേഘയുടെ ഷിൻജിയാങ് പരമ്പരയ്ക്ക് ഇന്റർനാഷണൽ റിപ്പോർട്ടിങ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇത്തരം തടങ്കൽ പാളയങ്ങളൊന്നും നിലവിലില്ലെന്ന് ചൈന അവകാശപ്പെട്ടിരുന്ന 2017 ലാണ് മേഘ രാജഗോപാലൻ ആദ്യമായി ഒരു ക്യാമ്പ് സന്ദർശിച്ചത്. മേഘയെ നിശ്ശബ്ദയാക്കാനായിരുന്നു ചൈനീസ് സർക്കാരിന്റെ ശ്രമം. അവരുടെ വിസ റദ്ദാക്കിയതിന് പുറമേ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.
ചൈന പുറത്താക്കിയതോടെ മേഘയുടെ ഉശിര് കൂടി
എന്നാൽ മേഘ ലണ്ടനിൽ നിന്ന് ജോലി തുടർന്നു. സഹായികളായി രണ്ടുപേരും. വാസ്തുവിദ്യയുടെ ഫോറൻസിക് വിശകലനത്തിലും കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിലും വിദഗ്ധനായ ആർക്കിടെക്റ്റ് അലിസൺ കില്ലിങ്, ഡാറ്റാ ജേണലിസ്റ്റുകൾക്ക് അനുയോജ്യമായ സോഫ്റ്റവെയറുകൾ നിർമ്മിക്കുന്ന പ്രോഗ്രാമർ ക്രിസ്റ്റോ ബുഷെക് എന്നിവരായിരുന്നു സഹായികൾ.സിൻജിയാങ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങൾ ഇവർ വിശകലനം ചെയ്തു. നമ്മുടെ കാലത്തിലെ ഏറ്റവും മോശപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളൽ ഒന്നാണ് ഷിൻജിയാങ് പരമ്പരയെന്ന് ബസ്ഫീഡ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് മാർക്ക് സ്‌കൂഫ്‌സ് അഭിപ്രായപ്പെട്ടു.
തന്റെ സഹായികൾക്കാണ് മേഘ നന്ദി പറയുന്നത്. അതുപോലെ തന്നെ തന്റെ കുടുംബങ്ങൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങൾ അവഗണിച്ച് തന്നോട് സംസാരിക്കാൻ തയ്യാറായ ആളുകളുടെ ധൈര്യത്തിനും കടപ്പെട്ടവളാണ് താനെന്ന് മേഘ പ്രതികരിച്ചു.
തടങ്കൽ പാളയങ്ങൾ എവിടെ?
മൂവർ സംഘം ഷിങ്ജിയാങ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു. 10 ലക്ഷത്തോളം വരുന്ന ഉയിഗുറുകളെയും, കസാഖുകളെയും മറ്റുമുസ്ലിം ന്യൂനപക്ഷങ്ങളെയും ചൈനീസ് ഉദ്യോഗസ്ഥർ തടങ്കലിൽ ആക്കിയിരിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു ശ്രമം.
സെൻസർ ചെയ്ത ചൈനീസ് ഇമേജുകളും, സെൻസർ ചെയ്യാത്ത മാപ്പിങ് സോഫ്റ്റ്‌വെയറും സംഘം മാസങ്ങളോളം താരതമ്യ പഠനം നടത്തി. 50,000 ലൊക്കേഷനുകളുടെ ഡാറ്റയാണ് വിശകലനം ചെയ്തത്.ആ ചിത്രങ്ങളെ അപഗ്രഥിക്കാൻ ബുഷെക് പ്രത്യേക സോഫ്‌റ്റ്‌വെയർ ഒരുക്കി. തുടർന്ന് ഇവർ ഓരോ ചിത്രങ്ങളും പരിശോധിച്ചു. ഇതിൽനിന്ന് 260 തടങ്കൽപ്പാളയങ്ങൾ ഇവർ തിരിച്ചറിഞ്ഞു. ചില സ്ഥലങ്ങളിൽ പതിനായിരത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇവിടങ്ങളിലെ ഫാക്ടറികളിൽ നിർബന്ധിതമായി ഉയിഗുകളെ പണിയെടുപ്പിച്ചിരുന്നു.
ടെക്‌നോളജിക്കൽ റിപ്പോർട്ടിങ്ങിനൊപ്പം പഴയമട്ടിലുള്ള മാധ്യമവിദ്യകളും മേഘ പ്രയോഗിച്ചു. ചൈനയിൽ പ്രവേശനം നിഷേധിച്ചതോടെ സമീപരാജ്യമായ കസാഖിസ്ഥാനിൽ മേഘ പോയി. അവിടെ അഭയാർത്ഥികളായ ചൈനീസ് മുസ്ലീങ്ങളെ കണ്ട് സംസാരിച്ചു. ഷിങ്ജിയാങ്ങിലെ ക്യാമ്പുകളിൽ തടവുകാരായിരുന്ന മുപ്പതോളം പേരെ അവിടെ കണ്ടുമുട്ടി. അവരുടെ വിശ്വാസം ആർജ്ജിച്ചതോടെ, അവരുടെ ദുരിത ജീവിതം ഓരോരുത്തരായി ഉരുക്കഴിച്ചു.
ഡാർണല ഫ്രേസിയറിന് പ്രത്യേക പരാമർശം
21 വിഭാഗങ്ങളിലാണ് പുലിറ്റ്സർ സമ്മാനം വർഷം തോറും നൽകുന്നത്. 20 വിഭാഗങ്ങളിൽ ഓരോ വിജയിക്കും സർട്ടിഫിക്കറ്റും 15,000 യു.എസ് ഡോളർ ക്യാഷ് അവാർഡും ലഭിക്കും. പബ്ലിക് സർവിസ് വിഭാഗത്തിലെ വിജയിക്ക് സ്വർണ മെഡലാണ് സമ്മാനം. യുഎസിൽ പൊലീസ് ഉദ്യോഗസ്ഥൻ കാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്‌ളോയ്ഡിന്റെ അന്ത്യനിമിഷങ്ങൾ പകർത്തിയ കൗമാരക്കാരിക്ക് പുലിറ്റ്‌സർ പ്രത്യേക പരാമർശം ലഭിച്ചു.
യുഎസിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച മൊബൈൽ ദൃശ്യങ്ങൾ പകർത്തിയ ഡാർണല ഫ്രേസിയറിനാണ് പുലിറ്റ്‌സർ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശം.ഡാർണല ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങളും വാർത്തയുംപുറത്തു വിട്ട മിനിപോളിസിലെ സ്റ്റാർ ട്രിബ്യൂണിനാണ് ഈ വർഷത്തെ മികച്ച ബ്രേക്കിങ് ന്യൂസിനുള്ള പുരസ്‌കാരം.കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് രണ്ട് മാസം വൈകിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ