കൊച്ചി: തീവണ്ടി യാത്രയ്ക്ക് ഇനി വെയിറ്റിങ് ലിസ്റ്റ് ഉണ്ടാകില്ല. ഈ സമ്പ്രദായം ഇല്ലാതാകുന്നതും കടലാസുരഹിത ടിക്കറ്റിൽ മാത്രം യാത്ര എന്നീ പരിഷ്‌കാരങ്ങൾ ജൂലൈ മുതൽ നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഐ.ആർ.സി.ടി.സി. വെബ് സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങിനായി വ്യത്യസ്ത ഭാഷകൾ അടുത്തമാസം മുതൽ ലഭ്യമാകും. പ്രീമിയം തീവണ്ടികൾ നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാൻ കഴിയാത്ത റിസർവേഷൻ (ആർ.എ.സി.) ടിക്കറ്റുകളും മാത്രമേ ഇനിയുണ്ടാകൂ. രാജധാനി, ശതാബ്ദി തീവണ്ടികളിലാണ് കടലാസ് രഹിത ടിക്കറ്റ് സംവിധാനം ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഈ വണ്ടികളിൽ മൊബൈൽ ടിക്കറ്റുകൾക്ക് മാത്രമേ ഇനിമുതൽ സാധുതയുണ്ടാകൂ. കഴിഞ്ഞ ജൂലായ് മുതൽ പദ്ധതി നടപ്പാക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.

രാജധാനി, ശതാബ്ദി തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരെ വിളിച്ചുണർത്തുന്ന സംവിധാനം എല്ലാ തീവണ്ടികളിലും അടുത്തമാസം മുതൽ ലഭ്യമാകും. ഇങ്ങനെ വമ്പൻ പരിഷ്‌കാരങ്ങളാണ് റെയിൽവേ നടപ്പാക്കാനൊരുങ്ങുന്നത്. തത്ക്കാൽ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവർത്തനം എ.സി. കോച്ചുകളുടേത് 10 മുതൽ 11 വരെയും സ്ലീപ്പർ കോച്ചുകളുടേത് 11 മുതൽ 12 വരെയുമായിരിക്കും.