- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെൻഡർ സമർപ്പിച്ച ആറു കമ്പനികളിൽ ഒന്ന് ചൈനീസ് സംയുക്ത സംരംഭം; 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; 'മെയ്ക്ക് ഇൻ ഇന്ത്യ'ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ ടെൻഡർ ഒരാഴ്ചയ്ക്കുള്ളിൽ എന്നും വിശദീകരണം
ന്യൂഡൽഹി: 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ റെയിൽവെ റദ്ദാക്കിയത് ചൈനീസ് കമ്പനിയുമായി ചേർന്നുള്ള ഒരു ടെൻഡർ കൂടി ഉൾപ്പെട്ട പശ്ചാത്തലത്തിൽ. ആഭ്യന്തര കമ്പനികളാണ് ടെണ്ടർ എടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതിൽ റയിൽവെ അതീവശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ, പദ്ധതിക്കായി ചൈനീസ് സംയുക്ത സംരംഭവും ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ ടെണ്ടർ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് ടെൻഡർ റദ്ദാക്കിയ തീരുമാനം ഉണ്ടായത്. കേന്ദ്രത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ'ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ ടെൻഡർ ഒരാഴ്ചയ്ക്കുള്ളിൽ വിളിക്കാനാണ് തീരുമാനം.
44 സെമി ഹൈസ്പീഡ് ട്രെയിൻ സെറ്റുകൾ (വന്ദേ ഭാരത്) നിർമ്മിക്കാനുള്ള ടെൻഡർ റദ്ദാക്കി. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് മുൻഗണന കൊടുക്കുന്ന പുതുക്കിയ പബ്ലിക് പ്രൊക്യുർമെന്റ് പ്രകാരം പുതിയ ടെൻഡർ ഒരാഴ്ചയ്ക്കകം പുറത്തിറക്കുമെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.
44 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ആറ് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. ഇതിൽ ഒന്ന് ചൈനീസ് കമ്പനിയുമായി ചേർന്നുള്ള സിആർആർസി പയനിയർ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഭാരത് ഇൻഡസ്ട്രീസ്, സൻഗ്രുർ, ഇലക്ട്രോവേവ്സ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിററഡ്, പവർണെറ്റിക്സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിററഡ് എന്നിവയാണ് മറ്റുള്ള അഞ്ചുകമ്പനികൾ. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർആർസി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൽ-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ 2015-ലാണ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ചൈനയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. സോളാർ ഉപകരണങ്ങൾ പോലുള്ള ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ചൈനീസ് ആപ്പുകളും നിരോധിച്ചു. കിഴക്കൻ ചരക്ക് ഇടനാഴിയിൽ 400 കിലോമീറ്റർ റെയിൽവേ ലൈനിൽ സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ ബെയ്ജിങ് നാഷനൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ 500 കോടി രൂപയുടെ കരാർ അടുത്തിടെ റദ്ദാക്കിയിരുന്നു.
മറുനാടന് ഡെസ്ക്