ന്യൂഡൽഹി: ഇനി ട്രെയിനിൽ ടിക്കറ്റ് എടുക്കാൻ ഉടൻ പണം നൽകേണ്ട. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് പണം അടക്കാൻ പുതിയ സാധ്യതകൾ തുറന്നിരിക്കുകയാണ്. ഐആർസിടിസി സൈറ്റിലൂടെ തത്കാൽ ഉൾപ്പെടയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം. 14 ദിവസങ്ങൾക്കുള്ളിൽ പണം അടച്ചാൽ മതി. 2017 ജൂലൈ ഒന്ന് മുതലാണ് ഈ പദ്ധതി നിലവിൽ വന്നത്.

'ഇപേയ്‌മെന്റ് ലെയ്റ്റർ' എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഐആർസിടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പേയ്‌മെന്റ് നടത്തുമ്പോൾ ഇപേയ്‌മെന്റ് ലെയ്റ്റർ തെരഞ്ഞെടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അർത്ഥശാസ്ത്ര ഫിൻടെക് എന്ന കമ്പനിയുടെ 'ഇപേയ് ലെയ്റ്റർ' പദ്ധതിയുമായി സഹകരിച്ചാണ് ഐആർസിടിസി ട്രെയിൻ യാത്രക്കാർക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്.

ഐആർസിടിസി സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ അഡ്രസിലേക്കും, ഫോൺ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസും എത്തും. ഈ ലിങ്കിലൂടെ 14 ദിവസങ്ങൾക്കുള്ളിൽ പണം അടച്ചാൽ മതി. ടിക്കറ്റ് തുകയുടെ 3.50 ശതമാനം സർവീസ് ചാർജായി ഈടാക്കും. ഒപ്പം നികുതിയും ബാധകമാണ്.

എന്നാൽ 14 ദിവസങ്ങൾക്കുള്ളിൽ പണം അടക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഫൈൻ നൽകേണ്ടി വരും. ഒപ്പം ഐആർസിടിസി അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും ചെയ്യും. പലതവണ സന്ദേശം ലഭിച്ചിട്ടും പണമടക്കാത്തവരെ സൈറ്റിൽ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യും.