ദുബായ്: മലയാളിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന അതീഫ് ഖമറൂദ്ദീൻ പോപ്പറെയുടെ വധ ശിക്ഷ നടപ്പാക്കൻ ദുബായ് പൊലീസ് ഒരുങ്ങുമ്പോൾ ഉഷാ ധനഞ്ജയൻ നീതി ലഭിച്ച ആശ്വാസത്തിലാണ്. മകളുടെ ഘാതകന് മാപ്പ് നൽകില്ലെന്ന മലയാളിയായ ഉഷാ ധനഞ്ജയന്റെ നിശ്ചയദാർഡ്യമാണ് വധി ശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചത്. മകളെ പ്രണയിച്ച് മതം മാറ്റി ദുബായിലെത്തിച്ച ശേഷം കൊന്ന ഭർത്താവ് നീതിയുടെ കാരുണ്യം അർഹിക്കുന്നില്ലെന്നാണ് ഉഷയുടെ നിലപാട്. അതിനിടെ മകളുടെ കുട്ടിയുടെ സംരക്ഷണാവകാശത്തിനായുള്ള നിയമ പോരാട്ടവും ഇവർ തുടങ്ങി കഴിഞ്ഞു.

റായ്ഗഡ് സ്വദേശിയായ അതീഫും മിന്നിയും കണ്ടുമുട്ടുന്നത് അവിചാരിതമായാണ്. വാഡ്‌ലയിലെ എസ്‌ഐഡബ്ല്യുഎസ് കോളേജിൽ പഠനത്തിനായാണ് മിന്നി എത്തിയത്. ഇരുവരുമായുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. 2008 മേയിലായിരുന്നു കല്ല്യാണം. ഇതോടെ മിന്നി, ബുഷ്‌റ അതീഫായി. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു മിന്നിയുടെ മതംമാറ്റവും കല്യാണവും. 2009ൽ ഇവർക്ക് ഒരു കുട്ടിയും പിറന്നു. പിന്നീട് ദുബായിലേക്ക് അതീഫ് ജോലി തേടി എത്തി. കുറച്ചു കാലം കഴിഞ്ഞപ്പോൾ ബുഷ്‌റയും. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചതും.

ഭാര്യയെ കൊന്ന് ശേഷം അതീഫ് ദുബായിൽ നിന്ന് കടക്കുകയും ചെയ്തു. കുട്ടിയോടൊപ്പമായിരുന്നു അത്. ഇതിനിടെയാണ് കൊലയിലെ വിശദാംശങ്ങൾ ദുബായ് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഇന്റർ പോളിന്റെ സഹായത്തോടെ റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ കുറച്ചു കാലം ഒളിവിലും പോയി. എന്നാൽ ദുബായ് പൊലീസ് അന്വേഷണം ഇന്റർപോളിന്റെ സഹായത്തോടെ ശക്തമാക്കിയപ്പോൾ അതീഫിന് നിൽക്കകള്ളി ഇല്ലാതെയായി. ഇതോടെ വീണ്ടും ദുബായിലേക്ക് പോകാൻ നിർബന്ധിതമായി. അവിടെ വിമാനം ഇറങ്ങിയപ്പോൾ തന്നെ കൈവിലങ്ങും വീണു. കോടതി വിചാരണയിൽ സത്യം ജയിച്ചുവെന്നാണ് ബുഷ്‌റയുടെ ബന്ധുക്കൾ പറയുന്നത്. അതിൽ അവർ സന്തോഷവും പ്രകടിപ്പിക്കുന്നു.

ഫിലിപ്പീൻസ് സ്വദേശിനിയുമായുള്ള അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടർന്നാണ് ബുഷ്‌റയുടെ കൊല നടത്തിയതെന്നാണ് ദുബായ് കോടതി കണ്ടെത്തിയത്. 2013ൽ ഭാര്യയെ കൊലപ്പെടുത്തിയ എക്യു എന്ന അതീഫ് ഖമറൂദ്ദീൻ പോപ്പറെയേയും ആർഎ എന്ന പാക്കിസ്ഥാനിയെയുമാണ് ശിക്ഷിച്ചത്. കിടക്കയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം മൃതശരീരം മാലിന്യബാഗിലാക്കി അൽ ഫുഖാ മേഖലയിൽ തള്ളുകയായിരുന്നു. ബ്ഗ്ലാദേശിയായ ഒരു നഗരസഭാ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്. മൂന്ന് പ്രാവശ്യം വാദം കേട്ട പരമോന്നത കോടതി ജഡ്ജി അബ്ദുൾ അസീസ് അബ്ദുള്ള പ്രതികളുടെ എല്ലാ ഹർജികളും തള്ളി. ശിക്ഷ കുറയ്ക്കണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. ദുബായ് അപ്പീൽ കോടതി ഒക്ടോബറിൽ ഇവരുടെ അപ്പീൽ തള്ളിയിരുന്നു. തുടർന്ന് പരമോന്നത കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ശിക്ഷ വിധിച്ചാലും രക്ഷപ്പെടാൻ പഴുതുള്ളതിനാൽ വധശിക്ഷ നടപ്പാക്കുന്നത് യു.എ.ഇയിൽ കുറവാണ്. ഇരയുടെ കുടുംബം മാപ്പ് നൽകാൻ തയ്യാറായാലോ നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറായാലോ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനാലാണിത്. എന്നാൽ ഈ കേസിൽ കൊല ചെയ്യപ്പെട്ട മിന്നിയെന്ന ബുഷ്‌റയുടെ അമ്മയ മാപ്പ് കൊടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് മരണ ശിക്ഷ അനിവാര്യമായത്. വധശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതികൾ കോടിതിയിൽ ആവശ്യപ്പെട്ടങ്കിലും ചീഫ് ജസ്റ്റീസ് അബ്ദുൽ അസീസ് ക്രൂരമായി നടത്തിയ കൊലപാതകത്തിലെ പ്രതികൾ ഇളവ് അനുവദിക്കുന്നില്ലെന്ന് വിധിക്കുകയായിരുന്നു. 2013 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഭർത്താവിന്റെ അവിഹിതം കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ദുബയിലുള്ള യുവതിയുടെ പിതാവും കോടതിയിൽ മൊഴി നൽകിയിരുന്നു. അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് ഐക്യകണ്‌ഠേനയാണ് വിധി പ്രഖ്യാപിച്ചത്. അതിനിടെ കൊല്ലപ്പെട്ട മരുമകൾ നിരന്തരം മകനെക്കുറിച്ച് പരാതി പറയുമായിരുന്നെന്ന് എക്യുവിന്റെ പിതാവ് പ്രതികരിച്ചു. മർദ്ദിക്കുമായിരുന്നെന്നും ഫിലിപ്പീൻ സ്വദേശിമായി ബന്ധം പുലർത്തുന്നതിലൂടെ തന്നെ ചതിക്കുകയായിരുന്നെന്നും പരാതി പറഞ്ഞിരുന്നതായി ഇയാൾ പറയുന്നു. വിവാഹബന്ധം വേർപ്പെടുത്തിയാൽ ഇന്ത്യൻ നിയമപ്രകാരം കനത്ത നഷ്ടപരിഹാരം നൽകുന്നത് ഒഴിവാക്കാനാണ് കൊന്നതെന്ന് എക്യു കുറ്റസമ്മതം നടത്തിയതായി ദുബായ് പൊലീസും വ്യക്തമാക്കി. 2013 സെപ്റ്റംബറിലാണ് കേസ് കോടതിയിലെത്തിയത്.

കൊല നടക്കുന്നതിന് 15 മാസം മുമ്പ് മാത്രമാണ് ബുഷ്‌റ ദുബൈയിലെത്തിയത്. സ്വന്തമായി ജോലി അന്വേഷിക്കുന്നതിനിടെയാണ് ദാരുണമായ കൊലപാതകം നടന്നത്. വിവാഹ മോചനത്തിന് ബുഷ്‌റ തയ്യാറായിരുന്നു. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു കൊല. അതിന് ശേഷം ബുഷ്‌റയുടെ കുട്ടിയെ അതീഫിന്റെ മാതാപിതാക്കൾ വളർത്തുകയാണ്. എന്നാൽ അതീഫിനെ വെടിവച്ചു കൊല്ലുന്ന സാഹചര്യത്തിൽ കുട്ടിയുടെ ജീവനെ പോലും ഇത് അപകടത്തിലാക്കുമെന്നാണ് ബുഷ്‌റയുടെ അമ്മ പറയുന്നത്. കുട്ടിയെ വിട്ടു കിട്ടാൻ മുംബൈ കോടതിയിൽ ഹർജി കൊടുത്തിരിക്കുകയാണ് ഇവർ. ഈ നിയമപോരാട്ടത്തിലും വിജയം കിട്ടുമെന്ന വിശ്വാസം ഇവർക്കുണ്ട്.