- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത കോൺഗ്രസുകാർ മുദ്രാവാക്യം മുഴക്കിയത് പതിഞ്ഞ ശബ്ദത്തിൽ; തള്ളിയിട്ട് സീനാക്കിയത് ജയരാജൻ; ഇടപെടുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പിലും ആശങ്കയിലായത് കേരളാ പൊലീസ്; വധശ്രമകുറ്റം പൊളിയുമെന്ന ആശങ്കയിൽ എയർക്രാഫ്റ്റ് നിയമലംഘനത്തിൽ കൂടുതൽ കേന്ദ്രീകരിക്കാൻ നീക്കം
തിരുവനന്തപുരം: ഇ പി ജയരാജന്റയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകളും സൈബറിടത്തിൽ പ്രചരിച്ച വീഡിയോകളും വിമാനത്തിലെ പ്രതിഷേധത്തിൽ സർക്കാർ നീക്കത്തിന് തിരിച്ചടിയാണ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസെടുത്ത കേരളാ പൊലീസിനെ വെട്ടിലാക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. കേന്ദ്ര വ്യോമയാന മന്ത്രി അടക്കമുള്ളവർ കേരളാ പൊലീസിന്റെ വാദങ്ങൾ പൊളിക്കുന്ന തരത്തിൽ ഇടപെടൽ നടത്തിയേക്കും.
കണ്ണൂർ സ്വദേശിയായ ഇൻഡിഗോ ജീവനക്കാരനെ സ്വാധീനിച്ചാണ് പൊലീസ് അനുകൂല റിപ്പോർട്ട് തയ്യാറാക്കിയതെന്ന ആരോപണം ശക്തമാണ്. ഇത് പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയും ചെയ്തു. പുറത്തുവന്ന വീഡിയോയിൽ പതിഞ്ഞ ശബ്ദത്തിൽ പ്രതിഷേധം, പ്രതിഷേധം എന്ന് മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാണ്. മറിച്ച് ഇ പി ജയരാജൻ തള്ളിയിടുന്നതും വ്യക്തം. ഇപിയെ രക്ഷിക്കുന്ന വിധത്തിലാണ് ഇൻഡിഗോയുടെ റിപ്പോർട്ടും. ഇതാണ് പ്രതിപക്ഷത്തെ ശരിക്കും ചൊടിപ്പിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത് പൊളിയുമോയെന്ന ആശങ്കയിൽ പൊലീസ്. അതിനാൽ എയർക്രാഫ്റ്റ് നിയമലംഘനത്തിൽ കൂടുതൽ കേന്ദ്രീകരിക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി മാറ്റിച്ചതും അക്കാര്യങ്ങൾ തിരുവനന്തപുരം പ്രിൻസിപ്പൽ കോടതിയെ അറിയിക്കാനുള്ള പൊലീസിന്റെ നീക്കവും.
പ്രതിഷേധമുണ്ടായപ്പോൾ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നെന്ന ഇൻഡിഗോ വിമാനക്കമ്പനി അധികൃതരുടെ റിപ്പോർട്ട് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. എന്നാൽ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനും സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ പ്രതിഷേധമുണ്ടായപ്പോൾ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സംഭവം കഴിഞ്ഞ് അൽപസമയത്തിനുള്ളിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്. ഇത് പൊതുസമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്.
വിമാനത്തിലെ കാമറയും മറ്റും പരിശോധിക്കുമ്പോൾ പ്രതിഷേധിക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലെന്ന് വ്യക്തമായാൽ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. പ്രതിഷേധിക്കാനായി മൂന്നുപേർ വിമാനത്തിൽ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരേത്ത അറിഞ്ഞിരുന്നതായുള്ള കോടിയേരിയുടെ പ്രതികരണവും പ്രതിഭാഗത്തിന് കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
ഇൻഡിഗോ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയതും അതിന്റെ കൂടി അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കിയതും പുതിയൊരു ദിശയിലേക്ക് കേസിനെ കൊണ്ടുപോകുമെന്ന് വ്യക്തമാണ്. ഇ.പി.ജയരാജൻ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡൻ ഉന്നയിച്ച പരാതിയിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയിരുന്നു.
'മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയിൽ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്, പുതിയ ഇന്ത്യയിൽ നീതി ചിലർക്ക് മാത്രമാണോ' കോൺഗ്രസ് എംപി ഹൈബി ഈഡൻ ട്വീറ്റ് ചെയ്തു. സിന്ധ്യ, ഇൻഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്.
ഇതിന് മറുപടിയായി 'ഞങ്ങളിത് പരിശോധിക്കുകയും ഉടൻ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നൽകി. അറസ്റ്റ് ജയരാജൻ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പരാതിക്കാരനുമായ അനിൽകുമാറിനെയും കൂട്ടി െപാലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പൊലീസ് മഹസർ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ