- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോപിക്കുന്നത് ലെവൽ ഒന്ന് കുറ്റം; പരമാവധി മൂന്ന് മാസം വിലക്ക് ശിക്ഷ; എന്നിട്ടും നേതാവിന് കിട്ടിയത് മൂന്നാഴ്ച മാത്രം; ഡിജിസിഎയ്ക്ക് അപ്പീലും കോടതിയിൽ നിയമ പോരാട്ടത്തിനും സാധ്യത; എന്നാൽ അതൊന്നും വേണ്ടെന്ന് ജയരാജന് സിപിഎം ഉപദേശം; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇനി ജയരാജ യാത്ര തീവണ്ടിയിൽ; ഇൻഡിഗോ ഒഴിവാക്കാൻ പിണറായിയിലും സമ്മർദ്ദം
തിരുവനന്തപുരം: ഇൻഡിഗോ വിമാന വിലക്കിനെതിരെ ഇപി ജയരാജൻ അപ്പീൽ നൽകില്ല. വിലക്കിനെതിരെ ജയരാജനു ഡിജിസിഎയെ സമീപിക്കാം. കോടതിയെ സമീപിക്കാനുള്ള അവസരവുമുണ്ട്. അതുവേണ്ടെന്നാണ് സിപിഎം തീരുമാനം. ഈ വിഷയം കോടതിയിൽ ചർച്ചയാക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. കോടതിയും എതിർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഇപിയ്‌ക്കെതിരെ കേസെടുക്കേണ്ട സ്ഥിതി വരും. അതുകൊണ്ടാണ് കൂടുതൽ നിയമനടപടികളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനം.
വിമാനത്തിൽ അക്രമം കാട്ടുന്നവരെ നിയമപ്രകാരം മൂന്നു വിഭാഗങ്ങളിലായാണ് തിരിക്കുന്നത്. ലൈവൽ വൺ, ലെവൽ ടു, ലെവൽ ത്രീ. മദ്യപിച്ച് ശല്യപ്പെടുത്തൽ, വാക്കുകൾ കൊണ്ട് ശല്യപ്പെടുത്തൽ, ആംഗ്യം കാണിച്ചുള്ള ശല്യപ്പെടുത്തൽ തുടങ്ങിയവയാണ് ലെവൽ വൺ വിഭാഗത്തിൽ വരുന്നത്. തള്ളൽ, തൊഴിക്കൽ, അടി, ശാരീരിക ഉപദ്രവം, ലൈംഗികമായി ഉപദ്രവിക്കുന്ന തരത്തിൽ സ്പർശിക്കുക തുടങ്ങിയവയാണ് ലെവൽ ടു വിഭാഗത്തിൽ വരുന്നത്. കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുക, വിമാനത്തിനു കേടുപാടുകൾ വരുത്തുക, ശ്വാസം മുട്ടിക്കുക, കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ലെവൽ ത്രീ വിഭാഗത്തിൽ വരുന്നത്.
ലെവൽ വൺ കുറ്റകൃത്യം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ മൂന്നു മാസം വരെ യാത്രാവിലക്കു ലഭിക്കും. ലെവൽ ടു ആണെങ്കിൽ ആറു മാസം വരെ. ലെവൽ ത്രീ ആണെങ്കിൽ രണ്ടുവർഷം വരെ. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ ലെവൽ ഒന്നിൽവരുന്ന കുറ്റമാണ് ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചെയ്തിരിക്കുന്നത്.മൂന്ന് മാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ജയരാരജനെതിരെ ഇൻഡിഗോ കണ്ടെത്തുന്നത്. എന്നാൽ ശിക്ഷ മൂന്നാഴ്ചയിൽ ഒതുങ്ങി. യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചയും. എന്നാൽ ഇപി ശാരീരികമായി ആക്രമിച്ചുവെന്നാണ് യൂത്ത് കോൺഗ്രസുകാർ പറയുന്നത്.
ഇതിനിടെയാണ് ബഹിഷ്‌കരണ തീരുമാനം ഇപി അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉറച്ചുനിന്നാൽ ഇനി കണ്ണൂർ യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരും. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് വിമാനസർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണ്. എല്ലാ ദിവസവും സർവീസ് ഉണ്ട്.
രാവിലെ 11.20ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു പോകും. 3.50ന് കണ്ണൂരിൽനിന്ന് തിരിച്ച് വൈകിട്ട് 5 മണിക്ക് തലസ്ഥാനത്തെത്തും. മറ്റുള്ള വിമാനക്കമ്പനികളൊന്നും നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്താത്തതിനാൽ ഇപിക്ക് ഇനി ബഹിഷ്‌കരണ തീരുമാനം ഉള്ളതു കൊണ്ട് ട്രെയിനിനെ ആശ്രയിക്കണം. അതല്ലെങ്കിൽ റോഡുമാർഗം പോകേണ്ടി വരും. തലസ്ഥാനത്തുനിന്ന് വൈകിട്ട് 3.45നുള്ള വെരാവൽ എക്സ്‌പ്രസിലാണ് തിങ്കളാഴ്ച ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് പോയത്. ഇൻഡിഗോയിലെ ടിക്കറ്റ് രാവിലെ തന്നെ റദ്ദാക്കി.
മുഖ്യമന്ത്രിയടക്കം കണ്ണൂരിലെ പ്രധാന നേതാക്കളെല്ലാം തലസ്ഥാനത്തുനിന്ന് നാട്ടിലേക്കു പോകാൻ ആശ്രയിച്ചിരുന്നത് ഇൻഡിഗോയെ ആയിരുന്നു. ഒന്നര മണിക്കൂറിൽ നാട്ടിലെത്താമെന്നതായിരുന്നു ഗുണം. മുഖ്യമന്ത്രിയടക്കമുള്ളവരും ഇൻഡിഗോയെ ബഹിഷ്‌ക്കരിക്കുമോ എന്ന കാര്യം വ്യക്തമല്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് താൻ യൂത്ത് കോൺഗ്രസുകാരെ തടഞ്ഞതെന്നതാണ് ഉയരുന്ന വാദം. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎയുടെ അംഗീകാരത്തോടെയാണ് ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ നടപടിയെടുത്തതെന്ന് ഇൻഡിഗോ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തെറ്റ് ചെറുതായതിനാലാണ് രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തിയത്. അവരെക്കാൾ കൂടിയ തെറ്റു ചെയ്തതിനാലാണ് ജയരാജനു മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയതെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. എന്തു കൊണ്ടാണ് മൂന്നാഴ്ചയെന്ന വിലക്ക് ജയരാജനു വന്നതെന്ന ചോദ്യത്തിന്, അഭ്യന്തര അന്വേഷണ സമിതിയുടെ ശുപാർശ അടിസ്ഥാനപ്പെടുത്തിയാണ് വിലക്കെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അധികൃതർ പറഞ്ഞു.
ഇൻഡിഗോ വിമാനക്കമ്പനിക്കെതിരേ ജയരാജൻ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ട്രോളുകളായി. ഇൻഡിഗോയ്ക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചും ഇൻഡിഗോയിൽ ഇനി കയറില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചും ഇ.പി ജയരാജൻ നടത്തിയ പ്രസ്താവനയെ കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് ട്രോളന്മാർ സ്വീകരിക്കുന്നത്. ജയരാജന്റെ പ്രസ്താവനയേക്കുറിച്ചുള്ള പരിഹാസങ്ങളുമായി ഇൻഡിഗോയുടെ ഫേയ്സ്ബുക്ക് പേജിലും ട്രോൾ പേജുകളിലും ട്രോളന്മാർ അർമാദിക്കുകയാണ്.
ജയരാജനെ വിലക്കിയ ഇൻഡിഗോയ്ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾക്കു താഴെ മലയാളികൾ കമന്റുകൾ. എന്നാൽ, എല്ലാം ജയരാജനുള്ള പരിഹാസങ്ങളാണെന്നു മാത്രം. കേരളത്തിനു മുകളിൽക്കൂടി പറപ്പിക്കില്ലെടാ ഇഡിഗോയെ നിന്നെയൊന്നും എന്നാണ് കൂടുതൽ കമന്റുകളും. ജയരാജൻ ബഹിഷ്‌കരിച്ചാൽ ഇൻഡിഗോയ്ക്ക് കമ്പനി പൂട്ടി ഓടേണ്ടിവരുമെന്നാണ് പരിഹാസം. ഇൻഡിഗോയ്ക്ക് പകരമായി കെ-റെയിൽ ഓടിക്കുമെന്നും ജയരാജന്റെ യാത്ര ഇനി അതിൽ മാത്രമായിരിക്കുമെന്നും ചിലർ ട്രോളുന്നു.
ഇൻഡിഗോയിൽ യാത്ര ചെയ്തില്ലെങ്കിൽ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സർവീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളൂ. താനാരെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇൻഡിഗോയുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന വാർത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ കെ-റെയിൽ വന്നാൽ ഇൻഡിയോഗയുടെ ഓഫീസ് പൂട്ടുമെന്നും ജയരാജൻ പറഞ്ഞു. വിമാനമാർഗം കണ്ണൂരിലേക്ക് പോകാൻ ഇരുന്നതായിരുന്നെന്നും എന്നാൽ ആ പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ