ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽവച്ച് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പ്രഥമിക റിപ്പോർട്ടിൽ വെട്ടിലായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും. പ്രതിഷേധിച്ചവനെ വിമാനത്തിലെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ നോക്കിയെന്നും ഇതിനിടെ ഇ പി ജയരാജൻ തള്ളിയിട്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഡിജിസിഎക്ക് തുടരന്വേഷണത്തിനായി കൈമാറിയിട്ടുണ്ട. ഈ റിപ്പോർട്ടു പ്രകാരം യൂത്ത് കോൺഗ്രസുകാർക്കൊപ്പം ഇ പി ജയരാജനും പ്രതികൂട്ടിലാണ്.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.

സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.

തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയർത്തിയത്. തുടർന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അഥോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജനെതിരെ ഇൻഡിഗോയുടെ റിപ്പോർട്ടിൽ പരാമർശം വന്നത്.

സംഭവത്തിൽ ഡിജിസിഎയുടെആഭ്യന്തര സമിതി അന്വേഷിക്കുന്നുണ്ട്. മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിസിഎ അരുൺ കുമാർ വ്യക്തമാക്കി. പ്രതിഷേധിച്ചവരെ 'നോ ഫ്‌ളൈ' പട്ടികയിൽ ഉൾപ്പെടുത്തുന്ന വിഷയം ആകും പരിശോധിക്കുക. ഇതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമിതി പരിശോധിക്കും. പൊലീസ് കേസ് അതിന്റെ വഴിക്ക് പോകുമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇ.പി.ജയരാജൻ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു. വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ.പി.ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. ജാമ്യ ഹർജിയിൽ നാളെ വാദം നടക്കും.