ന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ആരും മറക്കരുതാത്ത ഒരു ദിവസമുണ്ട്. 196 ജൂൺ ആറാം തീയതി. 6-6-66 എന്ന സുന്ദരമായ ദിവസം. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായിരുന്നു അതെന്ന് എത്രപേർക്കറിയാം?

പലതുകൊണ്ടും ഇന്ത്യയ്ക്ക് നല്ല കാലമായിരുന്നില്ല അത്. 1966 ജനുവരി 11-നാണ് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി താഷ്‌കെന്റിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നത്. തുടർന്ന് ഇന്ദിരാ ഗാന്ധി ചുമതലയേറ്റു. തീരെ പരിചയസമ്പന്നയല്ലാത്ത ഇന്ദിരാ ഗാന്ധിക്കും നല്ല ഓർമകളല്ല അക്കൊല്ലം ലഭിച്ചത്.

വരൾച്ചയും ക്ഷാമവും ഇന്ത്യയെ ആകമാനം വിഴുങ്ങിയിരുന്നു. അരിയും ഗോതമ്പും പോലും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഇന്ത്യ. 1965-ൽ ഇന്ത്യയുടെ ഇറക്കുമതി 2194 കോടി രൂപയുടേതായിരുന്നു. കയറ്റുമതി വെറും 1264 കോടിയുടേതും. വ്യാപാരത്തിലെ 930 കോടി രൂപ കമ്മി ഇന്ത്യയുടെ സാമ്പത്തിക നിലയെ താറുമാറാക്കിയിരുന്നു.

ഭക്ഷണം വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിലായിരുന്നു ഇന്ത്യ. അമേരിക്കയുടെ ഫുഡ് ഫോർ പീസ് പദ്ധതിയിൻകീഴിൽ ഭക്ഷണത്തിനായി കൈനീട്ടേണ്ട അവസ്ഥയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബി.ജോൺസൺ ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ തയ്യാറായി. 1.6 കോടി ടൺ ഗോതമ്പും പത്തുലക്ഷം ടൺ അരിയും അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കപ്പൽ മാർഗമെത്തി.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ എക്കാലത്തെയും തകർച്ചയിലേക്ക് കൂപ്പുകുത്തിയത് 1966 ജൂൺ ആറിനാണ്. രൂപയുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് 36.5 ശതമാനം ഇടിഞ്ഞു. ഒരു ഡോളറിന് 4.76 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് 7.50 രൂപയായി മാറി. ഇന്ത്യയെ അമേരിക്കയ്്ക് വിൽക്കുകയാണെന്ന വിമർശനം ഇന്ദിര സർക്കാർ നേരിടേണ്ടിവന്നു. എന്നാൽ, ചില കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ ഏതാനും വർഷം കൊണ്ട് ഇന്ത്യയെ നേരെ നിർത്താൻ ഇന്ദിരയ്ക്ക് കഴിഞ്ഞുവെന്നത് പിൽക്കാല ചരിത്രം.