ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഇന്ത്യ - ചൈന അതിർത്തിയിലേക്ക് ഇന്ത്യ ടണൽ നിർമ്മിക്കാനൊരുങ്ങുന്നു. വളരെ എളുപ്പത്തിൽ എത്തിച്ചേരാനാണ് ഇത്. എന്നാൽ ഇതിനെ പ്രകോപനത്തിനുള്ള മറ്റൊരു നീക്കമായി ചൈന കാണുന്നു. എന്നാൽ ഇന്ത്യൻ മേഖലയിലെ നിർമ്മാണത്തെ എതിർക്കാൻ അവർക്ക് കഴിയുന്നതുമില്ല.

സമുദ്രനിരപ്പിൽ നിന്ന് 4170 മീറ്റർ ഉയരത്തിലുള്ള സിലാ ചുരത്തിലൂടെയുള്ള യാത്രാ സമയം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ടണലുകളാണ് നിർമ്മിക്കാൻ പോകുന്നത്. പ്രോജക്ട് വർത്തക് എന്നാണ് പദ്ധതിയുടെ പേര്. സെലാ ചുരത്തിലുടെയുള്ള ദുർഘടം പിടിച്ച പാതിയിൽ കൂടിയുള്ള ശ്രമകരമായ യാത്ര ടണൽ പൂർത്തിയാകുന്നതോടെ അവസാനിക്കും.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ആണ് ടണൽ നിർമ്മിക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചൈനാ അതിർത്തിയിലേക്ക് വളരെ എളുപ്പത്തിൽ സൈന്യത്തിന് എത്തിച്ചേരാൻ സാധിക്കും. തവാങ് വഴിയുള്ള ദൂരം 10 കിലോമീറ്ററായി കുറയ്ക്കാൻ ടണൽ സഹായിക്കും. മാത്രമല്ല ഏത കാലാവസ്ഥയിലും ചൈനാ അതിർത്തിയിലേക്ക് സൈന്യത്തിന്റെ നാലാം കോർപ്‌സിന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

475 മീറ്ററും 1790 മീറ്ററും വീതം ദൈർഘ്യമുള്ള ടണലുകളാണ് നിർമ്മിക്കാൻ പോകുന്നത്. ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മഴക്കാലത്തിന് ശേഷം സ്ഥലമേറ്റെടുക്കൽ ആരംഭിച്ചേക്കും. കച്ചവടക്കാർക്ക് ചരക്കു നീക്കം എളുപ്പമാകുമെന്നതും പദ്ധതിയുടെ ഗുണങ്ങളിലൊന്നാണ്. തവാങ്ങിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ ടണൽ കാരണമാകുമെന്നാണ് വിലയിരുത്തൽ.