ഇസ്ലാമാബാദ്: കണ്ടാൽ മിണ്ടാത്ത ദക്ഷിണ-ഉത്തര കൊറിയകൾ പരസ്പരം പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുത്തത് പോലെ ഇന്ത്യക്കും, പാക്കിസ്ഥാനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചുകൂടേയെന്ന് ചോദ്യമുയർത്തി പാക് മാധ്യമങ്ങൾ.ഇരു കൊറിയകളുടേയും ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച് പാക് പത്രങ്ങളായ ഡെയ്‌ലി ടൈംസ്, ഡോൺ ന്യൂസ് എന്നിവ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നതകളും, സംഘർഷങ്ങളുടെ പശ്ചാത്തലവും കൊറിയകളുടേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. എന്നാൽ, കൊറിയകളെ പോലെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചകൾ നടത്താവുന്നതേയുള്ളൂവെന്ന് പാക് പാത്രമായ ഡോൺ ന്യൂസ് മുഖപ്രസംഗത്തിൽ എഴുതി.

കൊറിയകൾ തമ്മിലുള്ള ഏകീകരണമാണ് പ്രശ്‌നമെങ്കിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യത്യസ്തമായ ചരിത്രമാണുള്ളത്. ദേശീയ, പ്രാദേശിക താൽപര്യങ്ങൾ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തണം. സമാധാന ശ്രമങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ അതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അത്യവശ്യമാണ്. ചരിത്രം, സ്വപ്നങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ അങ്ങനെ എല്ലാം ഏഷ്യൻ മേഖലയിലെ ശാശ്വത സമാധാനത്തിന് ആവശ്യമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.