ജക്കാർത്ത: ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയിലെ മരണ സംഖ്യ 1,203 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കൂട്ട നിലവിളികളാണ് ഇപ്പോഴും ഉയരുന്നത്. നൂറു കണക്കിന് ആൾക്കാരാണ് ഈ കെട്ടിടാവശിഷ്്ടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. പലരേയും രക്ഷിച്ച് ഇനിയും പുറത്തെത്തിക്കാൻ ആയിട്ടില്ല. റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യ പാടെ തകർന്ന അവസ്ഥയിലാണ്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമിയാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. പാലു നഗരത്തിൽ ഉണ്ടായ സുനാമിയിൽ മൃതദേഹങ്ങൾ മണ്ണിൽ പൊതിഞ്ഞ നിലയിൽ ബീച്ചിൽ അടുങ്ങി കിടക്കുകയാണ്. പാലുവിലെ തകർന്ന എട്ടുനിലകളുള്ള റോവ ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇപ്പോഴും കൂട്ടനിലവിളി ഉയരുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. 50-ഓളം പേർ ഇതിനിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ വലിയ ഉപകരണങ്ങൾ ഉണ്ടെങ്കിലേ സാധ്യമാവൂ. വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബീച്ച് ഉത്സവത്തിന് തയ്യാറെടുക്കുകയായിരുന്ന നൂറുകണക്കിനു പേരെക്കുറിച്ചും വിവരമില്ലെന്ന് ദുരന്തനിവാരണസേന വക്താവ് പറഞ്ഞു.

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടർചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ വിഴുങ്ങിയത്. ദ്വീപിൽ മൂന്നര ലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് മരണം കൂടുതൽ സംഭവിച്ചതെന്ന് ദുരന്തനിവാരണ ഏജൻസി പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ എന്നിവ തകർന്നു. വീട് നഷ്ടപ്പെട്ടവർ തുടർചലനങ്ങൾ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഡൊംഗ്ലയിൽ 11 മരണം സ്ഥിരീകരിച്ചു. ഇവിടെ മൂന്നുലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇവിടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. അതുകൊണ്ട് തന്നെ ഡോംഗ്ലയിലെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ല. ഇത് ഏറെ ആശങ്കയുയർത്തുന്നുണ്ട്. ഇവിടെയും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

റോഡുകളും നഗരത്തിലെ പ്രധാനപാലവും തകർന്നതോടെ മേഖലയിൽ ഗതാഗതം നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി. ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസ്സായ പ്രദേശങ്ങളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇൻഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കടൽത്തീരത്ത് മണലിൽ പൂണ്ട നിലയിലാണ് നൂറുകണക്കിന് മൃതദേഹം കണ്ടെത്തിയത്. ഒട്ടേറേപ്പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവാമെന്നാണ് ഭയക്കുന്നത്. ദുരന്തത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിലും എത്രയോ അധികമാണെന്ന് ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുർവൊ നുഗ്രോഹോ പറയുന്നു. മിനിറ്റുകൾക്കുള്ളിലാണ് മരണസംഖ്യ ഉയരുന്നത്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിലെല്ലാം മൃതദേഹങ്ങൾ കിടക്കുന്നു.

ഡൊംഗ്ല, സിഗി, ബൗട്ടൊങ് എന്നിവിടങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുമാവുന്നില്ല. ആറുമീറ്റർ ഉയരത്തിൽ രാക്ഷസത്തിരമാലകളെത്തിയ പാലുനഗരം പൂർണമായി തകർന്നു. ഇവിടെ കടൽത്തീരത്ത് മണ്ണിൽ പുതഞ്ഞനിലയിൽ ഒട്ടേറേ മൃതദേഹം കണ്ടെത്തി. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായും സുടോപോ പറഞ്ഞു.

അതേസമയം 17,000ത്തിലധികം പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഇൻഡൊനീഷ്യൻ ദുരന്തനിവാരണ ഏജൻസി പറഞ്ഞു.  സുനാമി മുന്നറിയിപ്പ് പെട്ടെന്ന് പിൻവലിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് വിമർശനം ഉയരുന്നുണ്ട്. എന്നാൽ, സുനാമി നിരീക്ഷണകേന്ദ്ര മേധാവി റഹ്മത് തരിയോനോ അത് നിഷേധിച്ചു. പാലു നഗരത്തിൽ സുനാമി നിരീക്ഷണസംവിധാനം ഇല്ല. 200 കിലോമീറ്റർ അകലെയുള്ള സെൻസറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയതും പിന്നെ പിൻവലിച്ചതും. ആറു സെന്റീമീറ്റർവരെ തിരമാലകൾ ഉയരാമെന്നുമാത്രമായിരുന്നു അതിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.