ജക്കാർത്ത; അഞ്ഞൂറോളം പേരുടെ ജീവനെടുത്ത കഴിഞ്ഞയാഴ്ചത്തെ സുനാമിക്കു പിന്നാലെ ഇന്തോനീഷ്യൻ തീരദേശവാസികൾക്കു ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. സുനാമിക്കു കാരണമായ അനക് ക്രാക്കത്തുവ അഗ്‌നിപർവത സ്ഫോടനാവശിഷ്ടങ്ങൾ തീരത്തടിയാൻ സാധ്യതയുണ്ടെന്നതുമാത്രമല്ല, പ്രതികൂല കാലാവസ്ഥയിൽ കടൽക്ഷോഭവും പ്രതീക്ഷിക്കാമെന്നാണു മുന്നറിയിപ്പ്. തീരത്തുനിന്ന് അഞ്ഞൂറു മീറ്റർ മുതൽ ഒരു കിലോമീറ്റർവരെ അകലം പാലിക്കുന്നതാണു സുരക്ഷിതമെന്ന് ഇന്തോനീഷ്യൻ കാലാവസ്ഥാ, ജിയോഫിസിക്സ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു ജാവ, സുമാത്ര ദ്വീപുകൾക്കിടയിലുള്ള അനക് ക്രാക്കത്തുവ അഗ്‌നിപർവതം പൊട്ടിത്തെറിച്ച് സുനാമിക്കു വഴിവച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ മുന്നറിയിപ്പു നൽകാനോ സാധിക്കുംമുമ്പ് രാക്ഷസത്തിരകൾ തീരത്തേക്ക് അടിച്ചുകയറിയത് വൻനാശമാണു വിതച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 430 പേർ മരിച്ചപ്പോൾ 1,500 പേർക്കു പരുക്കേറ്റു. 159പരെ ഇനിയും കണ്ടെത്താനുമുണ്ട്.

പൊട്ടിത്തെറിച്ച ക്രാക്കത്തുവ ചാരവും ലാവയും അടക്കമുള്ളവ പുറന്തള്ളുന്നതു തുടരുകയാണെന്നും ഇതു വീണ്ടുമൊരു സുനാമിക്കു വഴിവച്ചേക്കാമെന്നും അധികൃതർ അറിയിച്ചു. തീരമിടിയാനുള്ള സാഹചര്യം നിലനിൽക്കുന്നത് ഭീഷണി ഉയർത്തുന്നുണ്ട്. കനത്ത മഴയും വൻ തിരമാലകളും സ്ഥിതി രൂക്ഷമാക്കിയേക്കാമെന്നും അധികൃതർ അറിയിച്ചു. 14 രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളംപേർ മരിച്ച 2004 ലെ സുനാമിയുടെ വാർഷികദിനത്തിലായിരുന്നു ഇന്തോനീഷ്യൻ അധികൃതരുടെ മുന്നറിയിപ്പ്.മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനീഷ്യയിൽ വിവിധ ക്രിസ്തീയ സഭകൾ ക്രിസ്മസ് ആഘോഷങ്ങൾ വേണ്ടെന്നുവച്ചു. പകരം പള്ളികളിൽ സൂനാമി മൂലം അപകടത്തിലായവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

പട്ടാള സംഘങ്ങളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും മൃതദേഹങ്ങൾക്കും പരുക്കേറ്റവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വീടുകളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്.

സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൺഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചതായിരുന്നു സൂനാമിക്കു കാരണമായത്. ഭൂകമ്പമുണ്ടാകാതിരുന്നതിനാൽ മുന്നറിയിപ്പു നൽകാനായില്ല. 305 മീറ്റർ ഉയരമുള്ള അഗ്‌നിപർവത ദ്വീപിന്റെ ഏകദേശം 222 ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിന്റെ പല ഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കൊടുംമഴയും തിരമാലകളും തുടരുന്നതും മേഖലയെ ഏറെ ദുർബലമാക്കുന്നു.

അനക് സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നുള്ള 'മുരൾച്ചകൾ' നിരീക്ഷിക്കാൻ മാത്രമായി ഒരു മോണിട്ടറിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദ്വീപ് തകർന്നടിഞ്ഞാൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ വേണ്ടിയാണിതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച 222 ഏക്കർ പ്രദേശം തകർന്നപ്പോൾത്തന്നെ 16 അടി ഉയരത്തിലേക്കാണു തിരമാലകൾ ആഞ്ഞടിച്ചത്. ഇതോടെ തീരമേഖല പൂർണമായും തകർന്നു. ബുധനാഴ്ച ഉച്ചവരെ മരിച്ചത് 430 പേർ. 159 പേരെ കാണാതായിട്ടുണ്ട്. 1500ലേറെ പേർക്കു പരുക്കേറ്റു. ഇരുപതിനായിരത്തോളം പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. തീരത്തു നിന്ന് രണ്ടു കിലോമീറ്ററോളം മേഖലയിൽ ആരെയും അനുവദിക്കാത്ത വിധം 'എക്‌സ്‌ക്ലൂഷൻ സോൺ' ആയി പ്രഖ്യാപിച്ചു.

അതിനിടെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു കനത്ത മഴയും തുടരുകയാണ്. ഒറ്റപ്പെട്ട ഒട്ടേറെ ദ്വീപുകളിൽ ഇപ്പോഴും ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവർക്കാവശ്യമായ കുടിവെള്ളവും മറ്റുമായി ഹെലികോപ്ടറുകൾ തയാറാണെങ്കിലും കനത്ത മഴയും അഗ്‌നിപർവതത്തിലെ പുകയും ചാരവും കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്ന് ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് ഡ്രോണുകൾ അയച്ചാണു തിരച്ചിൽ. കെട്ടിടാവശിഷ്ടങ്ങളും ചെളിക്കൂനകളും മാറ്റിയും കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മണംപിടിക്കാൻ കഴിവുള്ള നായ്ക്കളെ ഉപയോഗിച്ചാണു തിരച്ചിൽ.

അനക് ക്രാക്കട്ടോവ സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ നിലവിലെ അവസ്ഥ എന്താണെന്നു പോലും അറിയാനാകുന്നില്ല, അത്രയേറെയാണു പുകയും ചാരവും. ജാവയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. മത്സ്യബന്ധന മേഖലയായ ഇവിടെ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകളിൽ ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. വാഹനങ്ങൾ തകർന്നുകിടക്കുന്നു, മരങ്ങൾ കടപുഴകി. റോഡുകളിലും വയലുകളിലുമെല്ലാം വീട്ടുപകരണങ്ങളും ലോഹവസ്തുക്കളും മരത്തടികളും ചിതറിക്കിടക്കുകയാണ്. ഇവിടെയാണ് മഴ ഏറ്റവും രൂക്ഷവും.

രാജ്യത്ത് ഒട്ടേറെ പേർ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുകയാണ്. വീടിന്റെ തറ പോലും ഇല്ലാത്ത വിധം കടലെടുക്കപ്പെട്ടവരും ഉണ്ട്. ആശുപത്രികളും ഷെൽട്ടറുകളും തിങ്ങിനിറഞ്ഞതോടെ പലരും പൊതുസ്ഥലങ്ങളിലേക്കു മാറിയിരുന്നു. എന്നാൽ മഴ വന്നതോടെ അവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കെത്തി. ഇതോടെ വെള്ളത്തിനും ക്ഷാമമായി. അതീവ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാണു വരുംനാളുകളിൽ കാത്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ഒരു ദശാബ്ദക്കാലത്തിനിടെ ഇന്തോനീഷ്യയിലുണ്ടായ ഏറ്റവും ശക്തമായ പ്രകൃതി ദുരന്തമാണ് അനക് ക്രാക്കട്ടോവയിലേത്. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സൂനാമി 14 രാജ്യങ്ങളിലാണ് ആഞ്ഞടിച്ചത്. അന്നു കൊല്ലപ്പെട്ടത് 2.26 ലക്ഷം പേർ, അവരിൽ 1.2 ലക്ഷം പേർ ഇന്തൊനീഷ്യയിൽ നിന്നായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ അഗ്‌നിപർവത സ്‌ഫോടനങ്ങളിലൊന്ന് 1883ലായിരുന്നു.