മുംബൈ: ഷീന ബോറെയുടെ കൊലപാതകത്തിനു ശേഷം ഇന്ദ്രാണി മുഖർജി ലണ്ടണിലേക്ക് പറന്നതായി റിപ്പോർട്ടുകൾ. കുറ്റകൃത്യം നടത്തിയതിനു ശേഷം മൂന്നു വർഷക്കാലത്തോളം അവർ ലണ്ടണിലായിരുന്നുവെന്നും ഷീന ബോറയുടെ ദുരൂഹമായ തിരോധാനത്തെ കുറിച്ചുയരുന്ന ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു ഇതെന്നും കേസന്വേഷിക്കുന്ന ഖർ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. ലണ്ടണിലേക്ക് പോവും മുൻപ് ഇന്ദ്രാണി ഡ്രൈവർ ശ്യാംവർ റായിക്ക് 5 ലക്ഷം രൂപ നൽകിയിരുന്നു, അതിനാലാണ് കൊലപാതകത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ശ്യാംവർ നൽകാതിരുന്നത്. അതിനിടെ ഇന്ദ്രാണി മുഖർജിയുടെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയതായി പൊലീസിന് വിവരം നൽകിയത് പീറ്റർ മുഖർജിയാണെന്ന് സൂചന. ഇന്ദ്രാണി മുഖർജിയുടെ നിലവിലെ ഭർത്താവാണ് 'സ്റ്റാർ ഇന്ത്യ' മുൻ മേധാവിയായ പീറ്റർ മുഖർജി.

കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഷീനയുടെ മൃതദേഹം കടത്താൻ ഉപയോഗിച്ച ബാഗുകൾ വാങ്ങിയ കടയുടമയിൽ നിന്നും അന്വേഷണ ഉദ്ദ്യോഗസ്ഥർ തെളിവെടുത്തു. മൃതദ്ദേഹം കടത്താനുള്ള രണ്ട് ബാഗുകൾ 5000 രൂപയ്ക്കാണ് റായി വാങ്ങിയത്. കടയുടമ റായിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ഫോൺ കോളുകളെ സംബന്ധിച്ച വിവരങ്ങളും അന്വേഷസംഘം ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിനു മുൻപും ശേഷവും ലണ്ടണിലേക്ക് പോയതിനു മുൻപും ഉള്ള ഇന്ദ്രാണിയുടെ ഫോൺ കോളുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. 2012 ജനുവരിയിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾക്ക് കളമൊരുങ്ങുന്നത്. പീറ്റർ മുഖർജിയുടെ മകൻ രാഹുലുമായി ഷീനയുടെ വിവാഹം ഉറപ്പിച്ചതിനു ശേഷമായിരുന്നു ഇത്.

ശ്യാമവർ റായിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇന്ദ്രാണിയുടെ ലണ്ടൻ യാത്രയുടെ വിവരങ്ങൾ പൊലീസിനു ലഭിക്കുന്നത്. താൻ ലണ്ടനിലേക്ക് പോവുന്നതായി ഇന്ദ്രാണി റായിയോട് പറഞ്ഞിരുന്നു. ഷീനയെ തട്ടിക്കൊണ്ടു പോവുന്നതിനും കൊന്ന ശേഷം ശരീരം മറവു ചെയ്യാൻ കൊണ്ടു പോവുന്നതിനും ഉപയോഗിച്ച കാർ വാടകയ്ക്ക് എടുക്കാൻ ഇന്ദ്രാണിയേയും ഖന്നയേയും സഹായിച്ചരുന്നതായും റായി സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്ദ്രാണിയെ കുടുക്കിയത് പീറ്റർ മുഖർജിയാണെന്ന സൂചനയും പുറത്തുവരുന്നത്. ഇന്ത്യൻ ചാനൽ വ്യവസായത്തിലേക്ക് തിരിച്ചുവരാൻ ശ്രമങ്ങളാരംഭിച്ച പീറ്ററിന് ഭാര്യ ഇന്ദ്രാണി പ്രതിബന്ധമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ നിയന്ത്രണം ഇന്ദ്രാണിയുടെ കൈകളിലാണെന്നും പറയപ്പെടുന്നു.

വർഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്ന പീറ്ററുടെ തിരിച്ചുവരവ് ഇന്ദ്രാണി മുടക്കിയതോടെയാണ് മൂന്നുവർഷമായി മൂടിവെക്കപ്പെട്ട കൊലപാതക കഥ പുറത്തായതത്രെ. ഷീന ബോറ കൊല്ലപ്പെട്ടെന്ന രഹസ്യ വിവരം ലഭിച്ച മുംബൈ പൊലീസ് കമീഷണർ രാകേശ് മാരിയ പീറ്റർ മുഖർജിയുടെ സുഹൃത്താണ്. കേസ് അന്വേഷണം രാകേശ് മാരിയയുടെ നിയന്ത്രണത്തിലാണ്. കൊലപാതക കേസിൽ ആദ്യമായാണ് ഒരു കമീഷണർ പൂർണ നിയന്ത്രണമേറ്റടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പീറ്ററുടെ സത്യവാങ്മൂലം വാങ്ങിയതല്ലാതെ ഇദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിട്ടില്ല.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ പീറ്റർ മുഖർജി 2002ലാണ് ഇന്ദ്രാണിയെ വിവാഹം ചെയ്തത്. അന്ന് 'സ്റ്റാർ ഇന്ത്യ'യുടെ മേധാവിയായിരുന്നു പീറ്റർ. 2007ൽ ഇദ്ദേഹം 'സ്റ്റാർ ഇന്ത്യ' വിട്ട് ഇന്ദ്രാണി മുഖർജിയെ മുന്നിൽ നിർത്തി ഐ.എൻ.എക്‌സ് മീഡിയ സ്ഥാപിച്ചു. ഐ.എൻ.എക്‌സ് മീഡിയയിൽ പീറ്റർഇന്ദ്രാണി ദമ്പതിമാർക്കായി പണമിറക്കിയത് ഒരു വ്യവസായിയാണ്. ഇത് മൗറീഷ്യസ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ആയിരിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) വൃത്തങ്ങൾ പറയുന്നു. നേരത്തെ ഐ.എൻ.എക്‌സ് മീഡിയയിലെ നിക്ഷേപ കൈമാറ്റം വിവിധ ഗവ. ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 500 കോടി രൂപയോളം വഴിമാറ്റിവിട്ടതായും കണ്ടത്തെിയിരുന്നു. 2009ൽ പീറ്ററും ഇന്ദ്രാണിയും ഐ.എൻ.എക്‌സ് മീഡയയിൽനിന്ന് പിന്മാറും മുമ്പാണ് വൻ തുക വഴിമാറ്റിയത്.

ഇതിൽ 300 കോടി രൂപയോളം ഷീന ബോറയുടെ പേരിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. ഈ തുക ഇന്ദ്രാണി തിരിച്ചു ചോദിച്ചപ്പോൾ പൂർവകാല കഥ വെളിപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഷീന തടയിട്ടതായും പറയുന്നു. കൊല്ലപ്പെട്ടതായി പറയപ്പെടുന്നതിനു ശേഷവും ഷീനയുടെ മൊബൈലിൽനിന്ന് കാമുകനായ രാഹുൽ മുഖർജിക്ക് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കോളുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഷീനയെന്ന വ്യാജേന ഇന്ദ്രാണി തന്നെയാണ് ഫോണെടുത്തതെന്നാണ് പൊലീസിന്റെ വാദം. ബന്ധം അവസാനിപ്പിക്കുന്നുവെന്ന സന്ദേശം രാഹുലിന് അയച്ചതും ഇന്ദ്രാണിയാണെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇതുവരെ ഷീനയുടെ മൊബൈൽ പൊലീസിന് കണ്ടത്തൊനായിട്ടില്ല.