- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ എന്നാൽ ഇന്ദുജയും റെനീഷും ആദർശും; ആധാർ തട്ടിപ്പിന് കൂട്ടു നിന്ന ഡയറക്ടർമാരെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചത് വാസു അണ്ണന്റെ മകളെ രക്ഷിക്കാൻ; മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പിഎയുടെ മകളുടെ കേസ് എഴുതി തള്ളിയത് പിണറായി പൊലീസ്; ചേർത്തലയിൽ അവതരിച്ചത് 'മാഡമായി'; ഇന്ദുവിനെ വളർത്തിയത് രാഷ്ട്രീയക്കാർ തന്നെ
ചേർത്തല: ജോലി വാഗ്ദാനം ചെയ്ത് കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ പ്രധാനിയായ ഇന്ദു(സാറ)വിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവർ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താൻ പൊലീസിനായിരുന്നില്ല. കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇവർക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്.
ഇന്ദുവിനെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനാകേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒമ്പതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും എത്തിയിട്ടുണ്ട്. ഇതിലും കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയാതായ വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന്റെ പേഴ്സണൽ സെക്രട്ടറിയുടെ മകളാണ് ഇന്ദു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഉന്നത ബന്ധങ്ങൾ തട്ടിപ്പിനുപയോഗിച്ചുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ കൂടുതൽ തെളിവുകൾ ലഭിക്കുവെന്ന നിഗമനത്തിലാണ് പൊലീസ്. സർക്കാർ മുദ്രകൾ ഉൾപെടുത്തിയ വ്യാജ പ്രവേശന ലെറ്ററുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർ പാഡുകളും ഒരുക്കിയായിരുന്നു ഇന്ദു ഇരകളെ വീഴ്‌ത്തിയിരുന്നത്. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പി.എ യുടെ മകൾ പ്രതിയായ അറുപത് ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് കേസ് തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് എഴുതി തള്ളി റഫർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻ യുഡിഎഫ് മന്ത്രി സഭയിലെ ദേവസ്വം വകുപ്പ് മന്ത്രിയും അമരവിള സ്വദേശിയുമായ വി എസ്. ശിവകുമാറിന്റെ രക്ത ബന്ധുവും മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമായ വാസുവിന്റെ മകൾ കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരി ഇന്ദുജയായിരുന്നു അറുപത് ലക്ഷത്തോളം രൂപയുടെ തൊഴിൽ തട്ടിപ്പു കേസിലെ പ്രതി. വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുന്തിയ മാസ ശമ്പളത്തിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപ കൈപ്പറ്റി ചെക്ക് ലീഫുകൾ നൽകിയ ശേഷം വാഗ്ദാനം ചെയ്ത ജോലി വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇരകൾക്ക് പണം പൊലീസ് സ്റ്റേഷൻ മുഖേന തിരികെ കിട്ടിയതായും മേൽ പരാതിയില്ലെന്ന് ഇരകൾ മൊഴി നൽകിയെന്നുമാണ് മ്യൂസിയം പൊലീസിന്റെ റിപ്പോർട്ട്. അതേ സമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനാക്കുറ്റത്തിന്റെ ശിക്ഷ പറയുന്ന വകുപ്പായ 420 കോടതിയുടെ അനുമതിയോടെ മാത്രം വാദി - പ്രതികൾ തമ്മിൽ രാജിയാകാവുന്ന വകുപ്പാണ്. കേസന്വേഷണ ഘട്ടത്തിൽ പൊലീസ് കോടതിയുടെ അധികാരം കവർന്നെടുത്തത് സങ്കീർണ്ണമായ നിയമ പ്രശ്നങ്ങൾക്ക് വഴി വെച്ചിരിന്നു. ഈ കേസിലെ പ്രതിയാണ് വീണ്ടും ഇതേ മോഡലിലെ തട്ടിപ്പിന് അറസ്റ്റിലായത്. മ്യൂസിയത്തെ കേസിൽ പൊലീസിന് മേൽ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. ഇതാണ് റഫർ റിപ്പോർട്ടിലേക്ക് കാര്യങ്ങൾ എത്തിയത്.
വഞ്ചനാ കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയിൽ ഇരകളായ പരാതിക്കാരും പ്രതികളും ചേർന്ന് സംയുക്ത രാജി ഹർജി സമർപ്പിച്ച് കോടതിയുടെ അനുമതിയോടെ രാജിയായി ഇരകളുടെ മൊഴിയെടുത്ത ശേഷം പ്രതിയെ വിട്ടയക്കണമെന്നതാണ് ക്രിമിനൽ നടപടിക്രമം നിഷ്‌കർശിക്കുന്നത്. കേസുകൾ സ്റ്റേഷൻ വഴി ഒത്തുതീർപ്പാക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥരായ സർക്കിൾ ഇൻസ്പെക്ടർ , സബ്ബ് ഇൻസ്പെക്ടർ , റ്റൈറ്റർമാർ തുടങ്ങിയവർക്ക് ശതമാന നിരക്കിൽ വിഹിതം കിട്ടുന്നതിനാലാണ് കോടതിയുടെ അധികാരം കവർന്നെടുത്ത് ഷോർട്ട് കട്ടിലൂടെ കേസ് റഫർ റിപ്പോർട്ട് ചെയ്യാൻ പൊലീസ് വ്യഗ്രത കാട്ടുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കേസ് നടക്കുമ്പോൾ അവർ ഇന്ദുജാ നായരും ഇന്ദുജാ മേനോനുമായിരുന്നു. ചേർത്തലയിൽ അറസ്റ്റിലാകുമ്പോൾ ഇന്ദു ഷാരോണും. സാറ എന്നത് വിളിപ്പേരും.
ഇന്ദുജാ നായർക്കെതിരെ ഉയർന്ന സാമ്പിത്തക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത തല നീക്കം ഉണ്ടെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിക്കാർക്ക് പണം കൊടുത്ത് പ്രശ്‌നം ഒതുക്കി തീർക്കാനാണ് ശ്രമമെന്ന മറുനാടൻ വാർത്ത സ്ഥിരീകരിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങൾ. ഈ കേസിനെ വെറുമൊരു സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റിയ ഒത്തുതീർപ്പാണ് വീണ്ടും തട്ടിപ്പിന് ആധാരമായി മാറിയത്. കോൺഗ്രസ് നേതൃത്വത്തിലെ സ്വാധീനത്തിനൊപ്പം താനൊരു സിപിഎമ്മുകാരിയാണെന്ന് വരുത്താനാണ് ഇന്ദുജ ഫെയ്‌സ് ബുക്ക് പേജിലൂടെ ശ്രമിച്ചിരുന്നു. താനൊരു സാമൂഹിക പ്രവർത്തകയാണെന്ന് വരുത്താൻ തന്ത്രപരമായ ഇടപെടലും നടത്തി.
ക്രിയ എന്ന സാമൂഹിക സേവന ഗ്രൂപ്പിനെ തന്ത്രപരമായി അവർ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കൂട്ടായ്മയെ തൻേതാണെന്ന് വരുത്താൻ സോഷ്യൽ മീഡിയയിൽ ഇടപെടലുകളും നടത്തി. താനൊരു കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ് ഇന്ദുജ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതുകാരണം അന്ന് സിപിഎമ്മിലെ മുതിർന്ന നേതാവ് തന്നെ ഇവരെ രക്ഷിക്കാൻ രംഗത്തെത്തി. ഇന്ദുജയ്ക്ക് കോൺഗ്രസിലും സിപിഎമ്മിലും ബിജെപിയിലും ബന്ധങ്ങളുണ്ട്. ബിജെപി നേതാക്കൾ ഇവർ നടത്തുന്ന പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാരെല്ലാം ഇന്ദുജയ്ക്കൊപ്പമായിരുന്നു. ഇതെല്ലാം പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇന്ദുജ ചേർത്തലയിലും തട്ടിപ്പ് നടത്തിയത്.
മന്ത്രിയായിരുന്ന ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛൻ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാൽ ഈയിടെയായി സിപിഎം പക്ഷത്തോടാണ് ഇന്ദുജ താൽപ്പര്യം കാട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റുകൾ സിപിഎം അനുകൂലമായിരുന്നു. ഹൃദയത്തിൽ ആവേശമായി നുരയുന്ന ചുവപ്പ്.. എന്നായിരുന്നു പോസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് സുരക്ഷിതമെന്ന സിപിഎം പോസ്റ്റും ഇവർ തെരഞ്ഞെടുപ്പുകാലത്ത് ഷെയർ ചെയ്തിരുന്നു. എന്നാൽ മുമ്പ് കോൺഗ്രസിനോട് ചേർന്നായിരുന്നു യാത്ര. ഭരണം മാറിയതോടെയാണ് ഇവർ സിപിഎം അനുകൂല നിലപാടുകൾ എടുത്തതെന്നാണ് സൂചന. ഇതും ഫലം കണ്ടും.
സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്‌കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശന കത്തുകൾ നൽകിയും ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ് ചേർത്തലയിൽ തിരുവനന്തപുരം ജെ.എം.അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ളാറ്റിൽ ഇന്ദു(സാറ35),ചേർത്തല നഗരസഭ 34ാം വാർഡ് മന്നനാട്ട് ശ്രീകുമാർ(53) എന്നിവരെ അറസ്റ്റുചെയ്തത്. ഇന്ദുവിനെ കോടതി റിമാൻഡു ചെയ്തിരുന്നു. ഇവർ തിരുവനന്തപുരം വനിതാജയിലിലാണ്. ശ്രീകുമാറിനു കോടതി ജാമ്യം അനുവദിച്ചിരുന്നു. 38 പേരിൽ നിന്നും മൂന്നു മുതൽ എട്ടരലക്ഷംവരെ വാങ്ങിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ മുഖ്യ സൂത്രധാരിയായ ഇന്ദുവിന്റെ ഇടനിലക്കാരനായിരുന്നു ശ്രീകുമാറെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്കെതിരെയും കൂടുതൽ സാമ്പത്തിക വഞ്ചനാ പരാതികൾ ഉയരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ചേർത്തല എസ്‌ഐ എം.എം.വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ടാം പ്രതിയായ ശ്രീകുമാർ നൽകിയ പരാതിയിലാണ് ഇന്ദുവിനെ അറസ്റ്റുചെയ്തത്. ശ്രീകുമാർ വഴിയാണ് പരാതിക്കാരിൽ വലിയൊരു പങ്കും പണം നൽകിയത്. ശ്രീകുമാറിന്റെ മാഡം വിളികളിൽനിന്നു മാത്രമായിരുന്നു മറ്റുള്ളവർക്കു യുവതിയെ അറിയാമായിരുന്നത്. പണം കൈമാറിയതും ശ്രീകുമാർ വഴിയാണ്. ചേർത്തല താലൂക്കിലെ മുൻകാല ആർ.എസ്.എസ് പ്രവർത്തകനായ ശ്രീകുമാർ ആ രാഷ്ട്രീയ ബന്ധത്തിലാണ് മറ്റുള്ളവരെ ഇതിലേക്കടുപ്പിച്ചത്. തിരുവനന്തപുരം സ്വദേശിനി ഇന്ദു(സാറ) നെയ്യാറ്റിൻകരയിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായി വിവരം.
ഇതിൽ പണം നഷ്ടപെട്ടയാൾ ആത്മഹത്യചെയ്തതായുള്ള സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ