ചെന്നൈ: ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ ആളുകൾ നോക്കിനിൽക്കെ ചെന്നൈ നുങ്കമ്പാക്കം റയിൽവെ സ്‌റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസിന് ആഴ്ചയൊന്നു തികയുമ്പോഴും പ്രതിയെ പിടികൂടാനായില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പറയുന്ന പൊലീസ് സംശയമുള്ളയാളുടെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. നീല ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടത്. തോളിൽ ഒരു ബാഗുമായി നടന്നുനീങ്ങുന്ന ചിത്രമാണ് പുറത്തുവിട്ടത്.

സ്വാതിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നുങ്കമ്പാക്കം റെയിവേ സ്‌റ്റേഷനിൽ വച്ച് നിരവധി പേർ നോക്കിനിൽക്കെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 6.30ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ട്രെയിൻ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. റെയിൽവേ ട്രാക്കുകൾ ചാടിക്കടന്ന് സ്‌റ്റേഷനിൽ നിന്നും അയാൾ പുറത്തേക്കു പോകുന്ന ഒരാളുടെ ദൃശ്യങ്ങളായിരുന്നു മുമ്പ് പുറത്തുവിട്ടത്. അടുത്തുള്ള ഒരു വീട്ടിലെ ക്യാമറിയിൽ നിന്നാണ് ഇത് പൊലീസിനു ലഭിച്ചത്.

അതേസമയം, കേസിൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം വ്യാപകമാണ്. അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉദാസീനതയുണ്ടായാൽ മദ്രാസ് ഹൈക്കോടതി സ്വമേധാ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം റെയിൽവേ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ സിറ്റി പൊലീസിനു കൈമാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

റെയിൽവേ സ്‌റ്റേഷനിൽ നിന്നും സ്വാതിയുടെ വീടുവരെ രണ്ടുദിവസം പിന്തുടർന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ദൃശ്യങ്ങൾ കണ്ടതിനു ശേഷം സ്വാതിയുടെ സുഹൃത്തും ഒപ്പം ജോലിചെയ്യുകയും ചെയ്യുന്ന കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇയാൾ പിന്തുടരുന്ന വിവരം സ്വാതി അച്ഛനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ചില ദിവസങ്ങളിൽ ഓഫീസ് വരെ ഇയാൾ സ്വാതി പിന്തുടർന്നിരുന്നെന്നും പൊലീസ് പറയുന്നു.

സ്റ്റേഷനിൽ സിസിടിവികളൊന്നും സ്ഥാപിച്ചിട്ടില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സ്വാതി രാവിലെ ട്രെയിൻ കാത്തുനിൽക്കുമ്പോൾ ഒരു യുവാവ് ഈ സ്ത്രീയുടെ അടുത്തെത്തി. കുറച്ചുസമയം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇയാൾ സ്വാതിയെ വെട്ടുകയായിരുന്നു. ഇയാളിൽനിന്ന് രക്ഷപെടാൻ സ്വാതി ശ്രമിച്ചെങ്കിലും തറയിൽ വീണതോടെ അതിനു സാധിച്ചില്ല. കൊലപാതകം കണ്ടുനിന്നവർക്ക് പ്രതികരിക്കാൻ സാധിക്കുന്നതിനുമുൻപ് കൊലയാളി രക്ഷപെട്ടു.

മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. രണ്ടു മണിക്കൂറോളം പ്ലാറ്റ് ഫോമിൽകിടന്ന സ്വാതിയുടെ മൃതദേഹം പൊലീസെത്തിയതിനുശേഷമാണ് മാറ്റിയത്. ദിവസവും സബർബൻ ട്രെയിനിലാണ് സ്വാതി ഓഫിസിലേക്ക് പോയിരുന്നത്. വൈകിട്ട് തിരിച്ചുപോന്നിരുന്നത് കമ്പനി ഏർപ്പെടുത്തിയ ബസിലുമായിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്ന പിതാവ് സന്താന ഗോപാലകൃഷ്ണൻ സ്വാതിയെ സ്റ്റേഷനിലാക്കി മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. 24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജിൽനിന്നാണ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയത്. ഇൻഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേർന്നത്. പിന്നീട് ചെങ്കൽപേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.