പാലക്കാട്: സമരം ചെയ്യാൻ ആൾക്കൂട്ടം വേണമെന്ന പൊതുതത്വം അംഗീകരിക്കാതെയാണ് ഇംഗ്ലി ഉസ്മാന്റെ സമരമുറകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാനർ എഴുതി കഴുത്തിൽ കയറിട്ട് ശരീരത്തിനു പിന്നിലും മുമ്പിലുമായി കെട്ടിത്തൂക്കി ഒറ്റയാൾ സമരം നടത്തി വരുന്ന ഇംഗ്ലി ഉസ്മാൻ ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിലാണ്.

പട്ടാമ്പി കൽപ്പക സ്ട്രീറ്റ് കീഴായൂരിലെ ഇംഗ്ലി ഉസ്മാനെ അറിയാത്തവർ പ്രവാസി ലോകത്തും സെക്രട്ടറിയേറ്റിനു മുമ്പിലും മറ്റും വളരെ കുറവാണ്. റോഡ് നന്നാക്കണം, കുടിവെള്ളം ലഭ്യമാക്കണം... ഗ്യാസ് കിട്ടാത്തതിനെതിരെ, ഗ്യാസിന്റെ പേരിൽ ജനങ്ങളെ വലയ്ക്കുന്നതിനെതിരെ തുടങ്ങി പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങൾക്ക് വരെ സമരമുണ്ടാക്കും.

സെക്രട്ടറിയേറ്റ് മുതൽ മലപ്പുറം, കോഴിക്കോട് കലക്ടറേറ്റുകൾക്കു മുന്നിൽ വരെ മാസത്തിലൊരിക്കലെങ്കിലും ഒറ്റയാൾ സമരം നടത്താൻ ഇംഗ്ലി ഉസ്മാനുണ്ടാവും. ചില മാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി 15 സമരം വരെ നടത്തിയിട്ടുണ്ട്.

ചുരുങ്ങിയത് ഒരു സമരം ഉറപ്പായും നടത്തിയിരിക്കും. തലയിൽ ഗാന്ധിത്തൊപ്പിയും ശരീരത്തിൽ കെട്ടിത്തൂക്കിയ ബാനർ സഹിതം സെക്രട്ടറിയേറ്റിന്റേയോ കലക്ടറേറ്റിന്റേയോ മിമ്പിൽ പോയി നിന്ന് ജനശ്രദ്ധ ആകർഷിക്കാൻ മുദ്രാവാക്യം വിളിക്കലാണ് രീതി. നാലു മണിക്കൂർ മുതൽ 8 മണിക്കൂർ വരെ സമരം നീണ്ടു നിൽക്കും. നിരവധി കാലം കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമായിരുന്ന ഇംഗ്ലി ഉസ്മാൻ, കോൺഗ്രസുകാർ തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് അഞ്ചു കൊല്ലം മുമ്പാണ് പുതിയ സമരമുറ തുടങ്ങിയത്. പിന്നെ ആ സമരമുറ നിർത്തിയില്ല.

ഉമ്മൻ ചാണ്ടി, വി എം. സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത സൗഹൃദബന്ധമുണ്ടെന്നാണ് ഉസ്മാൻ ഇംഗ്ലി പറയുന്നത്. ഒരിക്കൽ ഉമ്മൻ ചാണ്ടി ഇദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നവത്രെ. 18 വർഷക്കാലം ഉസ്മാൻ സൗദിയിൽ സൈക്കിൾ റിപ്പയറിങ്ങ് ജോലി നടത്തി വരികയായിരുന്നു. അഞ്ചു വർഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നെ ശാരീരിക അസ്വാസ്ഥ്യം കാരണം തിരിച്ചു പോയില്ലെന്ന് 59 കാരനായ ഉസ്മാൻ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പട്ടാമ്പി മണ്ഡലം പ്രസിഡന്റായിരുന്ന ഉസ്മാൻ 1992 കാലത്ത് സൗദി അറേബ്യയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.

ഉമ്മൻ ചാണ്ടി റിയാദിൽ സന്ദർശനം നടത്തിയപ്പോൾ ഗൈഡായി കൂടെ പോയതു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുമായി വ്യക്തിബന്ധം ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. മലപ്പുറം ജില്ലയിലെ കാളികാവ് എന്ന സ്ഥലത്ത് റോഡിൽ അനാഥനായി കിടക്കുന്ന വയോധികനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മണിക്കൂറുകൾക്കകം ഫലമുണ്ടായതായി ഉസ്മാൻ പറഞ്ഞു. വയോധികനെ സർക്കാർ തന്നെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കി.

വിമാനത്താവളങ്ങളിലും ഉസമാന്റെ ഒറ്റയാൾ സമരങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.വിമാനടിക്കറ്റ് നിരക്ക് വർദ്ധനക്കെതിരെ വിമാനത്താവളത്തിൽ കയറി ഡയറക്ടറുടെ അനുമതിയിൽ സമരം നടത്തിയിട്ടുണ്ട്. ഇംഗ്ലി ഉസ്മാന്റെ സമരരീതിയെക്കുറിച്ചറിഞ്ഞ അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾകലാം കത്തയച്ചത് ഉസമാന്റെ ശേഖരത്തിലുണ്ട്. പത്രങ്ങൾക്ക് കത്തയയ്ക്കലാണ് സമരം കഴിഞ്ഞാൽ മറ്റൊരു ഹരം. രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹത്തിന് ഏതു വിഷയവും നന്നായി വഴങ്ങും.

ഉസ്മാന്റെ പേരിന്റെ മുമ്പിൽ എങ്ങനെയാണ് ഇംഗ്ലി വന്നതെന്നു ചോദിച്ചപ്പോൾ കി്ട്ടിയ മറുപടി- ' എന്റെ ഉപ്പ ഒരിക്കൽ ഇംഗ്ലീഷ് പറഞ്ഞപ്പോൾ ഒരാൾ ഉപ്പാനെ പരിഹസിച്ച് വിളിച്ചതാണ്. പിന്നീട് ഞാനത് എന്റെ തൂലികാ നാമമാക്കി'' 42 വർഷമായി കോൺഗ്രസുകാരനായിരുന്ന ഇംഗ്ലി ഉസ്മാൻ ഇപ്പോൾ പുതുതായി ഉണ്ടാക്കിയ പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ 17 -ാം വാർഡിൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. കോൺഗ്രസുകാരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് മത്സരം.

വീടിനടുത്ത് ഒരു പെട്ടിക്കടയുള്ളതാണ് ഇപ്പോഴത്തെ ജീവിത മാർഗം. ആറുമക്കളിൽ 5 പെൺമക്കൾ. എല്ലാവരേയും കെട്ടിച്ചയച്ചു. മകനും ഭാര്യയും കൂടെയുണ്ട്. പ്രവാസി വോട്ടവകാശം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ ഒമ്പതിനാണ് അവസാനത്തെ ഒറ്റയാൾ സമരം നടത്തിയത്. ഇനി പുതിയ സമരം തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്ന് ഉസ്മാൻ പറഞ്ഞു. സത്യത്തിൽ എത്ര ഒറ്റയാൾ സമരം നടത്തിയെന്നും ഓർമ്മയില്ല. എണ്ണം നൂറു കഴിഞ്ഞു എന്നൊരു ധാരണയേ ഉള്ളു.