കൊച്ചി: കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമ്മാണത്തിൽ ഹൈദരാബാദ് കെഎംസി കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി ഇൻകെൽ ചെലവിട്ട 36 കോടി രൂപ വെള്ളത്തിലായി. 1853 കോടി രൂപയുടെ രാമനാട്ടുകര വെങ്ങളം ബൈപാസ് വികസന പദ്ധതിയിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) തലയൂരിയത് ഈ വർഷം ആദ്യമാണ്.

ഇതിന് ശേഷം ഉത്തരേന്ത്യയിലെ വൻകിട നിർമ്മാണ കമ്പനിയായ വെൽസ്പൺ എന്റർപ്രൈസസ് ലിമിറ്റഡിനെ പകരക്കാരായി തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ദേശീയ പാത അഥോറിറ്റി അംഗീകരിക്കുകയും ചെയ്തു. 2016 ൽ വിഭാവനം ചെയ്ത പദ്ധതിക്കാണ് 5 വർഷത്തിനു ശേഷം ജീവൻ വച്ചത്. 2018 ൽ ഇൻകെലും ഹൈദരാബാദിലെ കെഎംസിയും ചേർന്നുള്ള കൺസോർഷ്യം പദ്ധതി നടത്തിപ്പിനായി കരാർ ഒപ്പിട്ടിരുന്നെങ്കിലും കെഎംസിയുടെ സാമ്പത്തിക ബാധ്യത കാരണം മുന്നോട്ടു പോയില്ല.

പുതിയ കമ്പനിയുടെ നേതൃത്വത്തിൽ 3 വർഷം മുടങ്ങിക്കിടന്ന 1710 കോടി രൂപയുടെ രാമനാട്ടുകര വെങ്ങളം ആറുവരിപ്പാത നിർമ്മാണം കഴിഞ്ഞ മാസം പുനരാരംഭിച്ചപ്പോൾ ഇൻകെലിനു പദ്ധതിയിൽ പങ്കാളിത്തമില്ലാതെയുമായി. അതുകൊണ്ടാണ് ഈ പദ്ധതിക്ക് വേണ്ടി ഇൻകെൽ മുടക്കിയ പണം തിരിച്ചുകിട്ടുമോയെന്ന് ഉറപ്പില്ലാതെ പോകുന്നത്. ഇൻകെലിനു കീഴിൽ ഐഐഡിപിഎൽ എന്ന കടലാസ് കമ്പനിയുണ്ടാക്കി അതുവഴിയായിരുന്നു 20 കോടി രൂപ കെഎംസി ഗ്രൂപ്പിന് കൈമാറിയത്. ഇൻകെൽ എംഡിയും ഏതാനും ഡയറക്ടർമാരും മാത്രമുള്ള ഉപ കമ്പനിയിൽ സർക്കാർ പ്രതിനിധികളെ പൂർണമായും ഒഴിവാക്കി.

36 കോടി രൂപയിൽ 16 കോടി രൂപ പ്രോജക്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു ചെലവിട്ടുവെന്നാണ് 2019 ഒക്ടോബർ ഒന്നിന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന ഇൻകെൽ ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിലുള്ളത്. 20 കോടി രൂപ കെഎംസിക്കു ചെലവായ തുക നൽകുന്നു എന്ന പേരിലും മിനിറ്റ്‌സിൽ രേഖപ്പെടുത്തി. കെഎംസിക്ക് 20 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് നൽകാനായിരുന്നു ബോർഡ് അനുമതി നൽകിയത്. ഇതാണ് ചെലവാക്കിയ തുക എന്നു മാറ്റിയത്. മൊബിലൈസേഷൻ അഡ്വാൻസ് തിരികെ നൽകേണ്ടതാണ്. എന്നാൽ ചെലവാക്കിയ തുക തിരികെക്കൊടുക്കാൻ കെഎംസിക്കു ബാധ്യതയില്ല.

16 കോടി രൂപയുടെ എന്തു പ്രാരംഭ പ്രവർത്തനങ്ങളാണു നടത്തിയതെന്നും ബോർഡിനെ അറിയിച്ചിട്ടില്ല. 2018 ഡിസംബറിലും 2019 ജനുവരിയിലുമായാണു പണം കൈമാറിയത്. എന്നാൽ, ഇൻകെലിനു സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നും ചെലവായ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇൻകെൽ അധികൃതർ പ്രതികരിച്ചു. വ്യവസായ വകുപ്പിനു കീഴിൽ 30 % സർക്കാർ ഓഹരിയോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ രൂപീകരിച്ച കമ്പനിയാണ് ഇൻകെൽ.

കമ്പനിയുടെ ചെയർമാൻ വ്യവസായ മന്ത്രി. വ്യവസായ സെക്രട്ടറി, കെഎസ്‌ഐഡിസി എംഡി എന്നിവർ സർക്കാർ നോമിനികളാണ്. കമ്പനിയുടെ എംഡിയെ സർക്കാർ നിയമിക്കും. അതുകൊണ്ട് തന്നെ ഇത് പൊതുമേഖലാ സ്ഥാപനമാണ്. അതായത് ജനങ്ങളുടെ 30 കോടി നികുതി പണമാണ് ഹൈദരാബാദ് കമ്പനിക്ക് വെറുതെ കൊടുത്തത്. ഇത് ഇനി തിരിച്ചു കിട്ടുക അസാധ്യമാണെന്നാണ് വിലയിരുത്തൽ.

ദേശീയപാത ബൈപ്പാസ് വികസനത്തിന് കുരുക്കായി സ്വകാര്യ കമ്പനിയുടെ ഒളിച്ചുകളി നേരത്തെ ചർച്ചയായിരുന്നു. കോഴിക്കോട്ടെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിയാക്കാൻ 1710 കോടിയുടെ കരാർ എറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പണി യഥാസമയം തുടങ്ങിയില്ല. വാഹനസാന്ദ്രത കൂടിയ ദേശീയപാത ബൈപ്പാസിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഉടൻ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ ദേശീയ പാത അഥോറിറ്റിക്ക് കത്തയയ്ക്കുകയും ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായ കെഎംസി എന്ന കമ്പനിയാണ് ദേശീയപാതയിലെ രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറു വരിയാക്കാനും അനുബന്ധ പ്രവൃത്തികൾക്കുമുള്ള 1710 കോടിയുടെ ടെൻഡർ എടുത്തത്. പദ്ധതി നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ചതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. കുതിരാൻ തുരങ്കപാത ഉൾപ്പെടുന്ന തൃശൂർ-വടക്കാഞ്ചേരി പാത നിർമ്മാണമേറ്റെടുത്തതും ഇതേ കമ്പനിയാണ്. ഈ പ്രവൃത്തിയും കൃത്യസമയത്ത് നടന്നിരുന്നില്ല. ഇതിലൂടെ നഷ്ടം ഇൻകെലിന് മാത്രം. 30 കോടി ഹൈദരാബാദ് കമ്പനിക്ക് വെറുതെ കിട്ടുകയും ചെയ്തു.