- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോർഡ് - കോർപ്പറേഷൻ സ്ഥാന തർക്കം: ഐ എൻ എൽ പിളർപ്പിലേക്ക്; സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം; അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കും; നീക്കങ്ങൾക്ക് പിന്നിൽ കാസിം ഇരിക്കൂർ; സംസ്ഥാന കൗൺസിൽ വിളിച്ച് വഹാബ് വിഭാഗം; മന്ത്രിസ്ഥാനം തുലാസിൽ
കോഴിക്കോട്: ബോർഡ് - കോർപ്പറേഷൻ സ്ഥാന തർക്കം മൂർച്ഛിച്ചതോടെ ഐ എൻ എല്ലിൽ പിളർപ്പിലേക്ക്. ഒത്തുതീർപ്പുകളും ചർച്ചകളും ഫലം കണ്ടില്ല. ബോർഡ് കോർപ്പറേഷൻ സ്ഥാപനങ്ങൾ പങ്കിടുന്നതിലടക്കമുള്ള തർക്കങ്ങളാണ് ഐ എൻ എല്ലിനെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് പാർട്ടി നേതൃത്വം പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ കാരണം ആരെയും നിയമിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.
സിപിഎമ്മിൽ നിന്ന് അന്ത്യാശാസനം കിട്ടിയ സാഹചര്യത്തിൽ പ്രശ്‌നത്തിന് ഏതുവിധേനയും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം പാർട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറു മുതൽ എട്ടുവരെ ഓൺലൈനിൽ ദേശീയ കൗൺസിൽ വിളിച്ചുചേർത്തിട്ടുണ്ട്.
ഈ യോഗത്തിൽ വെച്ച് പരസ്പരം ഏറ്റുമുട്ടുന്ന എ പി അബ്ദുൾ വഹാബിനെയും കാസിം ഇരിക്കൂറിനെയും മാറ്റി നിർത്തിക്കൊണ്ട് സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിടാനാണ് കാസിം ഇരിക്കൂർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് മന്ത്രി മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും പാർട്ടിയിൽ ശുദ്ധികലശം നടത്താൻ പോകുന്നുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തുകയുമാണ് നീക്കത്തിന് പിന്നിലുള്ള ലക്ഷ്യം.
ഐ എൻ എല്ലിന് ലഭിച്ച സീതാറാം മിൽസ് ചെയർമാൻ സ്ഥാനത്തേക്ക് വഹാബ് വിഭാഗം എൻ കെ അബ്ദുൾ അസീസിന്റെ പേരാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ സ്ഥാനങ്ങൾ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും വൻതോതിൽ പണം കൈപ്പറ്റിയതിനാൽ അസീസിനെ അംഗീകരിക്കാൻ മറുവിഭാഗത്തിന് സാധ്യമല്ല. പാർട്ടിയിൽ അച്ചടക്ക നടപടി നേരിടുന്ന ആളാണ് അസീസ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് തടയിടാൻ കാസിം ഇരിക്കൂർ വിഭാഗം ശ്രമം നടത്തിയത്.
എന്നാൽ സി പി എം നിർദ്ദേശപ്രകാരം കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അച്ചടക്ക നടപടികൾ റദ്ദാക്കിയതാണെന്നാണ് വഹാബ് പക്ഷം പറയുന്നത്. ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങളെല്ലാം കാസിം ഇരിക്കൂർ വിഭാഗം പരസ്യമായി ലംഘിക്കുകയാണെന്നും ഇവർ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ് ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ചതെന്നാണ് പറയുന്നതെങ്കിലും പാർട്ടി സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടലാണ് ലക്ഷ്യമെന്ന് വഹാബ് വിഭാഗം പറയുന്നു. യോഗങ്ങൾ നേരത്തെ നിശ്ചയിച്ച് അറിയിക്കലാണ് പതിവെങ്കിലും ഇന്നലെ വാട്‌സ് ആപ്പിലൂടെ മാത്രമാണ് വഹാബിനെ വിവരം അറിയിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. കമ്മിറ്റി പിരിച്ചുവിട്ട ശേഷം പിന്നീട് അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഭാരവാഹിയായി പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയാണ് കാസിം ഇരിക്കൂർ വിഭാഗം ലക്ഷ്യമിടുന്നത്. ദേശീയ കൗൺസിലിന്റെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പ്രസിഡന്റ് എ പി അബ്ദുൾ വഹാബിനെ പുറത്താക്കാനുള്ള നീക്കമാണ് ഇതെന്നും ഇവർ പറയുന്നു.
ഇതേ സമയം ഓൺലൈൻ യോഗത്തിൽ അബ്ദുൾ വഹാബ് പങ്കെടുക്കില്ല. നാളെ കോഴിക്കോട്ട് വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം ചേരുകയും നടപടിക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നതോടെ പാർട്ടിയുടെ പിളർപ്പ് സംഭവിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഐഎൻഎല്ലിന്റെ മന്ത്രി സ്ഥാനം ഉൾപ്പെടെ തെറിക്കാനും സാധ്യതയുണ്ട്. രണ്ടര വർഷത്തേക്കായിരുന്നു മന്ത്രി സ്ഥാനം ഐഎൻഎല്ലിന് നൽകിയത്.
നിയമന ഉത്തരവും നിയമങ്ങളും അട്ടിമറിച്ച് ഇഷ്ടക്കാരെ വകുപ്പിൽ തിരുകിക്കയറ്റാനാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ശ്രമിക്കുന്നതെന്ന ആക്ഷേപം വഹാബ് വിഭാഗത്തിനുണ്ട്. പുരാവസ്തു വകുപ്പിലെ നിയമനങ്ങളിലേക്ക് നടക്കാനിരുന്ന അഭിമുഖം മാറ്റിവെക്കുകയും പിന്നീട് സ്വന്തക്കാരെ തിരുകിക്കയറ്റുകയും ചെയ്ത നടപടിക്കെതിരെ ഫേസ് ബുക്കിൽ വിമർശനമുന്നയിച്ചതിന് ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയായ മജീദ് തെന്നലക്കെതിരെ മന്ത്രി പരാതി നൽകിയിരുന്നു. പരാതിയിൽ മജീദിന്റെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.