കൊച്ചി: ലോകത്തെ മറ്റേത് രാജ്യത്തിനോടും കിടപിടിക്കാൻ കഴിയുന്ന ഇന്ത്യൻ നാവികസേനയുടെ മികവിന്റെ കിരീടത്തിലെ പൊൻതൂവലാണ് ഐ.എൻ.എസ് കൊച്ചി. സമുദ്രാർത്തി കടന്നെത്താൻ നീക്കം നടത്തുന്ന ശത്രുവിനെ പോലും തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെ ഐ.എൻ.എസ് കൊച്ചി എന്ന കരുത്തുറ്റ പോരാളി ഓളപ്പരപ്പിലേക്ക് ഇറങ്ങുമ്പോൾ പല രാജ്യങ്ങളുടേയും നെറ്റി ചുളിഞ്ഞെങ്കിൽ അത് ഐ.എൻ.എസ് കൊച്ചിയുടെ കരുത്തിന്റെ നേർസാക്ഷ്യം മാത്രമാണ്. ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ചതും മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങിയതുമായി നിരവധി യുദ്ധക്കപ്പലുകൾ സേനയ്ക്കുണ്ടെങ്കിലും എന്തുകൊണ്ട് ഐ.എൻ.എസ് കൊച്ചി വ്യത്യസ്തമാകുന്ന എന്ന ചോദ്യത്തിന്റെ ഉ്ത്തരം ഇതിലെ അത്യാധുനിക സംവിധാനങ്ങളും കരുത്തുമാണ്. മിസൈൽ നശീകരണ സംവിധാനമുള്ള ഐ.എൻ.എസ് കൊൽക്കത്ത ശ്രേണിയിലെ രണ്ടാമാത്തെ കപ്പലാണ് ഐ.എൻ.എസ് കൊച്ചി.

ഇത്രയുമൊക്കെ പുകഴ്‌ത്താനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഐ.എൻ.എസ്. കൊച്ചിയുടെ മികവിന്റെ പര്യായമായി നാവികസേന നൽകിയിരിക്കുന്ന മോട്ടോ ഇങ്ങനെയാണ. ' ശത്രുവിനെ ജയിക്കാൻ സജ്ജീകരിച്ചത് '. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചിയെ മറ്റ് യുദ്ധക്കപ്പലുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്. 164 മീറ്റർ വീതി, 17 മീറ്റർ വീതി, 7500 ടൺ ഭാരവഹിക്കാനുള്ള ശേഷി, നാല് ഗ്യാസ് ടർബൈനുകളിൽ പ്രവർത്തിക്കുന്ന വാതകപ്രൊപ്പല്ലർ, 30 നോട്ട് വേഗത, 40 നാവികസേന ഉദ്യോഗസ്ഥരും 350 ഓളം നാവികരും അടങ്ങുന്നതാണ് ഐ.എൻ.എസ് കൊച്ചി. ഇത് ഈ വീരന്റെ ശരീരപ്രകൃതം. ശത്രുവിനെ നേരിടാനുള്ള ഇവന്റെ സംവിധാനങ്ങളിലാണ് വിദേശരാജ്യങ്ങൾ പോലും നെറ്റി ചുളിച്ചത്.

ദീർഘദൂര സൂപ്പർ സോണിക് മിസൈലായ ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളെ കുത്തനെ വിക്ഷേപിക്കാനുള്ള സംവിധാനം. സെൻസറുകളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിച്ച് മിസൈലുകളുടെ സഞ്ചാരപഥം നിയന്ത്രിക്കുന്ന ഷിപ്പ് ഡാറ്റാ നെറ്റ്്‌വർക്ക്(എസ്.ഡി.എൻ), ആക്രമണങ്ങൾ ഞൊടിയിടയിൽ നേരിടുന്നതിനുള്ള കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം(സി.എം.എസ്), ഗതിവേഗം നിയന്ത്രിക്കുന്ന ആക്‌സിലറി കൺട്രോൾ സിസ്റ്റം(എ.സി.എസ് ), ആകാശയുദ്ധത്തിന് തയ്യാറാക്കിയിരിക്കുന്ന 76ാാ സൂപ്പർ റാപ്പിഡ്, അഗ630 വിമാനവേധ ഗൺമൗണ്ടുകളും ഐ.എൻ.എസ് കൊച്ചിയുടെ പ്രത്യേകതകളാണ്. ട്വിൻ ട്യൂബ് ടോർപിഡോ ലോഞ്ചർ, അത്യാധുനികസാങ്കേതിക വിദ്യയിൽ നിർമ്മിച്ച സോണാർ സംവിധാനം എന്നിവ ഐ.എൻ.എസിന്റെ കരുത്തിന് കൂടുതൽ ശക്തി പകരുന്നു. പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരുന്ന ഇതിൽ രണ്ടു സീക്കിങ് ഹെലികോപ്റ്ററോ ചേതക് ഹെലികോപ്റ്ററുകളോ പ്രവർത്തിപ്പിക്കാനും കഴിയും.

ഇന്ത്യൻ നാവികസേനയ്ക്ക് നാലുതരം യുദ്ധക്കപ്പലുകളാണ് ഉള്ളത്. കോർവെറ്റ, ഫ്രിഗേറ്റ്, ഡെസ്‌ട്രോയർ, എയർക്രാഫ്റ്റ് കാരിയേഴ്‌സ്. ഇതിൽ ഐ.എൻ.എസ് കൊൽക്കത്തയും കൊച്ചിയും ഉൾപ്പെടുന്ന ഡെസ്‌ട്രോയർ ശ്രേണിയിലാണ് ഏറ്റവും വലിയതും കരുത്തുറ്റതുമായ യുദ്ധക്കപ്പലുകൾ ഉള്ളത്. കോർവെറ്റെ ശ്രേണിയിലെ മികച്ച യുദ്ധകപ്പലുകളിലൊന്നായ ഐ.എൻ.എസ് കമോർത്തയുടെ ഇരട്ടിയാണ് കൊച്ചിയുടെ വലിപ്പം. ലോകരാഷ്ട്രങ്ങളിലെ തന്നെ വിരലിലെണ്ണാവുന്ന യുദ്ധക്കപ്പലുകളിലുള്ള മൾട്ടിഫങ്ഷൻ സർവെലൻസ് ത്രെട്ട് അലർട്ട് റഡാർ സംവിധാനങ്ങളാണ് ഐ.എൻ.എസ് കൊച്ചിയുടെ ഏറ്റവും വലിയ സവിശേഷത.

ചുരുക്കം പറഞ്ഞാൽ സമുദ്രാർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാനുള്ള നീക്കം ഐ.എൻ.എസ് കൊച്ചിയുടെ വരവോടെ ഇനി ദുഷ്‌കരമാകും. സദാസമയം കരുതലോടെ കാത്തിരിക്കുന്ന ചാരക്കണ്ണുകളും ശത്രുവിന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ കപ്പലിനെ മറച്ച് പിടിക്കാനുള്ള സംവിധാനവും ഇതിന്റെ മറ്റ പ്രത്യേകതകളാണ്. കടലിനടിയിലൂടെയുള്ള ആക്രമണം നേരിടാനുള്ള സോണാർഡോം സംവിധാനമുള്ള ഇന്ത്യയിലെ രണ്ടാമത്തെ കപ്പലാണ് ഐ.എൻ.എസ് കൊച്ചി.

ഈ കൊമ്പന്റെ പേരിൽ മാത്രമേ 'കേരള ടച്ച്' ഉള്ളോ എന്ന് സംശയിക്കണ്ട. ഒരുപാട് യുദ്ധക്കഥകൾക്കും യുദ്ധവീരന്മാർക്കും ജ•ം നൽകിയതു കൊണ്ടാകും ഐ.എൻ.എസ്് കൊച്ചിയുടെ ലോഗോയിലും ചരിത്രത്തിന്റെ ഏടുകൾ ഇന്ത്യൻ നാവികസേന തുന്നിച്ചേർത്തത്. ചുണ്ടൻവള്ളവും വാളും പരിചയും ചേർന്ന മുഖമുദ്രയുടെ അകമ്പടിയോടെയാണ് ഐ.എൻ.എസ് കൊച്ചി നീരണിഞ്ഞത്. ഇനി ചില നിർമ്മാണ വിശേഷങ്ങൾ. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി ഡിസൈൻ ചെയ്തത് നാവികസേനയുടെ തന്നെ ഭാഗമായ ഡയറക്ടേറേറ്റ് ഓഫ് നേവൽ ഡിസൈനാണ്. നിർമ്മിച്ചത് മുംബൈയിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ആണ്. 4000 കോടിയാണ് ഇതിന്റെ നിർമ്മാണ ചെലവ്.

2005 ഒക്ടോബർ 25 ന് കീലിട്ട ഐ.എൻ.എസ് കൊച്ചി ഡി.ആർ.ഡി.ഒയും ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്നാണ് സാങ്കേതികനിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഐ.എൻ.എസ് കൊച്ചിയിലെ ഡാറ്റാ നെറ്റ് വർക്ക് ബംഗളൂരുവിലെ ബെല്ലും ആയുധങ്ങൾ ചെന്നൈയിലെ ബെല്ലിന്റെ ഗൺ ഷെൽ ഫാക്ടറിയും റോക്കറ്റ് ലോഞ്ചറുകൾ, ടോർപിഡോ ട്യൂബ് ലോഞ്ചർ, ബോട്ടുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ക്രെയിൻ, ഓട്ടോമാറ്റിക് പവർമാനേജ്‌മെന്റ് സിസ്റ്റം എന്നിവ എൽ.ആൻഡ് ടിയുമാണ് നിർമ്മിച്ചത്. ഐ.എൻ.എസ് കൊച്ചിക്ക് കൂട്ടായി അടുത്ത വർഷം ഐ.എൻ.എസ് ചെന്നൈ കൂടി നീരണിയുമ്പോൾ രാജ്യത്തിന്റെ സമുദ്രാതിർത്തി ഇന്ത്യൻ നാവികസേനയുടെ കയ്യിൽ സുഭദ്രം.