വിശാഖപട്ടണം: നാലു പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ഐ.എൻ.എസ് സന്ധായക് ഡീകമ്മീഷൻ ചെയ്തു. വിശാഖപട്ടണം നേവൽ ഡോക് യാർഡിലാണ് ഡീകമ്മീഷൻ ചടങ്ങുകൾ നടന്നത്.

സമുദ്രാന്തര പഠനത്തിനും ഭൗമശാസ്ത്ര പഠനത്തിനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന നാവികസേനയുടെ കപ്പലാണ് ഐഎൻഎസ് സന്ധായക്.

40 വർഷത്തെ സേവനത്തിനിടെ ഇന്ത്യൻ ഉപദ്വീപിലെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സർവേകളാണ് ഐ.എൻ.എസ് സന്ധായക് ഏറ്റെടുത്തത്.

കൂടാതെ, 1987ൽ ശ്രീലങ്കയിലെ ഓപ്പറേഷൻ പവൻ, 2004ൽ സുനാമിയെ തുടർന്ന് മാനുഷിക സഹായത്തിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷൻ റെയിൻബോ, 2019ൽ ഇന്തോ-യു.എസ് എച്ച്.എ.ഡി.ആർ പരിശീലനം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളിലും സന്ധായക് പങ്കാളിയായിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എട്ട് സർവേ കപ്പലുകളിൽ ഏറ്റവും പഴക്കമുള്ളതാണ് ഐ.എൻ.എസ് സന്ധായക്. കൊൽക്കത്ത കപ്പൽനിർമ്മാണശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ കപ്പൽ 1981 മാർച്ച് 14നാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്.

മൾട്ടി-ബീം സ്വാത്ത് എക്കോ സൗണ്ടിങ് സിസ്റ്റം, ഡിഫറൻഷ്യൽ ജിപി.എസ്, മോഷൻ സെൻസറുകൾ, സീ ഗ്രാവിമീറ്റർ, മാഗ്‌നെറ്റോമീറ്റർ, ഓഷ്യാനോഗ്രാഫിക് സെൻസറുകൾ, സൈഡ് സ്‌കാൻ സോണാറുകൾ, ഓട്ടോമേറ്റഡ് ഡാറ്റ ലോഗിങ് സിസ്റ്റം, സൗണ്ട് വെലോസിറ്റി പ്രൊഫൈലിങ് സിസ്റ്റം, ഡിജിറ്റൽ സർവേ, പ്രോസസിങ് സിസ്റ്റം ഉൾപ്പെടെ പുതുതലമുറ സർവേ സംവിധാനങ്ങൾ കപ്പലിൽ സജ്ജീകരിച്ചിരുന്നു.

നാലു സർവേ മോട്ടോർ ബോട്ടുകൾ, രണ്ട് ചെറിയ ബോട്ടുകൾ ഹെലികോപ്റ്റർ ഡെക്ക് അടക്കമുള്ളവ കപ്പലിലുണ്ട്. രണ്ട് ഡീസൽ എഞ്ചിനുകളുള്ള കപ്പലിന്റെ ഉയർന്ന വേഗത 16 നോട്ടിക്കൽ മൈലാണ്. കൂടാതെ സ്വയം പ്രതിരോധത്തിനായി ബോഫോഴ്‌സ് 40 എം.എം തോക്കും ഘടിപ്പിച്ചിട്ടുണ്ട്.

ഐ.എൻ.എസ് നിർദ്ദേശക്, ഐ.എൻ.എസ് നിരൂപക്, ഐ.എൻ.എസ് ഇൻവെസ്റ്റിഗേറ്റർ, ഐ.എൻ.എസ് ജമുന, ഐ.എൻ.എസ് സത് ലജ്, ഐ.എൻ.എസ് ദർശക്, ഐ.എൻ.എസ് സർവേശക് എന്നിവയാണ് നിലവിൽ സേവനത്തിലുള്ള സർവേ കപ്പലുകൾ.

ഇന്ത്യൻ നാവികസേനയുടെ ആദ്യ പടക്കപ്പലുകളിലൊന്നായ ഐ.എൻ.എസ് രാജ്പുത് 41 വർഷത്തെ സർവീസിന് ശേഷം കഴിഞ്ഞമാസം ഡീകമ്മിഷൻ ചെയ്തിരുന്നു. ആദ്യ ഡിസ്‌ട്രോയർ എന്ന അറിയപ്പെടുന്ന കപ്പലിനെ വിശാഖപട്ടണത്തിലെ നേവൽ ഡോക്ക്യാർഡിൽ വച്ചാണ് ഡീകമ്മിഷൻ ചെയ്തത്.

റഷ്യയിൽ നിർമ്മിച്ച കപ്പൽ ഇന്ത്യ നേവി സ്വന്തമാക്കുന്നത് 1980 മെയ്‌ 4നാണ്. 1971ൽ പാക് അന്തർവാഹിനി പി.എൻ.എസ് ഗസ്സിയെ കടലിൽ മുക്കിയ ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐ.എൻ.എസ് രാജ്പുതിന്റെ ഓർമ്മയ്ക്കാണ് ഈ പേര് നൽകിയത്. ഐ.എൻ.എസ് രാജ്പുത് ഡീകമ്മീഷൻ ചെയ്തതിന് പിന്നാലെയാണ് ഐ.എൻ.എസ് സന്ധായകും ഇന്ത്യൻ നാവികസേനയുടെ സുവർണ ചരിത്രത്താളുകളിൽ ഇടം നേടുന്നത്.