ലോകത്തിനു മുന്നിൽ സൈനിക മേഖലയിൽ ഇന്ത്യക്കു തല ഉയർത്തി നിൽക്കാൻ കഴിയുന്ന യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. 2005ൽ കരാർ ഒപ്പിട്ട് 2013ൽ കമ്മീഷൻ ചെയ്ത് 2014ൽ രാജ്യത്തിനു സമർപ്പിക്കപ്പെട്ട ഈ ഭീമൻ കപ്പലിൽ ഇരുന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും കരുത്തുള്ളതുമായ വിമാനവാഹിനി യുദ്ധക്കപ്പലാണ് വിക്രമാദിത്യ. അഡ്‌മിറൽ ഗോർഷ്‌ഖോവ് എന്ന റഷ്യയുടെ വിമാനവാഹിനി 2005 ൽ 15000 കോടി രൂപയ്ക്കാണ് ഇന്ത്യ വാങ്ങിയത്. ഒട്ടനവധി പോർ വിമാനങ്ങളെ വഹിക്കാൻ കഴിയുന്ന കപ്പലാണ് ഐ.എൻ.എസ് വിക്രമാദിത്യ.

1996ൽ റഷ്യ വിൽപനയ്ക്കു വച്ച ഈ കപ്പൽ വാങ്ങാൻ 2005 ലാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. സോവിയറ്റ് നാവികസേനയ്ക്കു വേണ്ടി 1978ൽ നിർമ്മാണം തുടങ്ങിയ ഈ കപ്പൽ 1987ൽ കമ്മിഷൻ ചെയ്തു. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് 1991ൽ കപ്പൽ അഡ്‌മിറൽ ഗോർഷ്‌കോവ് എന്നു പേരുമാറ്റി.

 

എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ.എൻ.എസ് വിക്രമാദിത്യ കമ്മീഷൻ ചെയ്തത്. 2013 നവംബർ 16നാണ് എ കെ ആന്റണി ഈ കപ്പൽ കമ്മീഷൻ ചെയ്തത്. 2014 ജൂൺ 14നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ രാജ്യത്തിനു സമർപ്പിച്ചത്.

44,500 ടൺ കേവുഭാരമാണു വിക്രമാദിത്യയ്ക്കുള്ളത്. 284 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. 22 നിലകളുണ്ട്. പ്രൊപ്പല്ലറുകൾ നാലെണ്ണം. 30 വിമാനങ്ങൾ വഹിച്ചുകൊണ്ടുപോകാൻ കഴിവുണ്ട്. വിമാനങ്ങൾക്കു പുറമെ ധ്രുവ്, ചേതക് ഹെലികോപ്റ്ററുകളും വിക്രമാദിത്യയിലുണ്ട്. ഒരേസമയം 1600 ആളുകൾ ജോലിചെയ്യാം.

തുടർച്ചയായി 45 ദിവസം വരെ യാത്രചെയ്യാൻ വിക്രമാദിത്യക്കുശേഷിയുണ്ട്. 18 മെഗാവാട്ട് വൈദ്യുതിയാണ് കപ്പൽ പ്രവർത്തിക്കാൻ വേണ്ടത്. നാല് എകെ 630, സിഐഡബ്ല്യുഎസും എന്നീ പീരങ്കികളും ഇവയിലുണ്ട്. ബാരക്ക്1, ബാരക്ക് 8 എന്നീ മിസൈലുകളും വഹിക്കാൻ ഐഎൻഎസ് വിക്രമാദിത്യയ്ക്കാകും.

മിഗ് 29 യുദ്ധവിമാനങ്ങൾ, സീ കിങ് ഹെലികോപ്ടറുകൾ തുടങ്ങിയവയ്ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യങ്ങൾ കപ്പലിലുണ്ട്.

ആദ്യമായാണ് സേനാമേധാവികളുടെ സംയുക്ത യോഗം ഡൽഹിക്കു പുറത്ത് നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി മനോഹർ പരീക്കർ, കരസേനാ മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ്, നാവികസേനാ മേധാവി അഡ്‌മിറൽ ആർ.കെ. ധോവൻ, വ്യോമസേനാ മേധാവി അരൂപ് റാഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കൊച്ചിതീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കവെയാണ് കപ്പലിൽ യോഗം നടന്നത്. പ്രധാനമന്ത്രിയേയും വഹിച്ച് നാവികസേനാ ഹെലികോപ്റ്റർ എത്തുമ്പോഴും കടലിൽ ഒഴുകിനീങ്ങുകയായിരുന്നു ഐ.എൻ.എസ്. വിക്രമാദിത്യ. പ്രധാനമന്ത്രിയും സേനാമേധാവികളും പങ്കെടുക്കുന്ന യോഗം നടക്കുമ്പോഴും കപ്പൽ ചെറിയ വേഗത്തിൽ സഞ്ചാരം തുടർന്നു.