കൊച്ചി: തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമ്മാതാക്കളായ കൊച്ചിൻ ഷിപ്പ്‌യാർഡ് നാവിക സേനയ്ക്കു കൈമാറി. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരിൽനിന്ന് ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാൻഡിങ് ഓഫിസർ കമഡോർ വിദ്യാധർ ഹാർകെ ഔദ്യോഗിക രേഖകൾ ഒപ്പിട്ടു സ്വീകരിച്ചു. ഇന്ത്യൻ നേവിയിലെയും കൊച്ചിൻ കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അടുത്തമാസം വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 2009ലാണ് വിക്രാന്തിന്റെ നിർമ്മാണം കൊച്ചിയിൽ തുടങ്ങിയത്. 76 ശതാമനം ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് കപ്പലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്.

40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമ്മാണചെലവ്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് അടുത്ത മാസം ആദ്യ ആഴ്ച കമ്മിഷൻ ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിനു പിന്നാലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഓദ്യോഗിക കൈമാറ്റച്ചടങ്ങു നടന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകൾ വിജകരമായി. കപ്പലിന്റെ എല്ലാ വിധത്തിലുമുള്ള പ്രകടനങ്ങൾ വിലയിരുത്തി ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

1971ലെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച കപ്പലിനും നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളോടനുബന്ധിച്ചാണ് വിക്രാന്തിന്റെ പുനർജന്മം.

12 വർഷത്തോളം നീണ്ട നിർമ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിങ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു. വിക്രാന്തിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യൻ പ്രതിരോധരംഗത്തെ നിർണായക സ്ഥാപനമായി കൊച്ചിൻ ഷിപ്പ് യാർഡ് മാറുകയാണ്.

കൊച്ചിയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്തു വരികയാണ്. പ്രതിരോധ രംഗത്ത് അഭ്യന്തര ഉത്പാദനം കൂട്ടാനുള്ള കേന്ദ്രസർക്കാർ പദ്ധതികളിലും കൊച്ചിൻ ഷിപ്പ് യാർഡിന് വലിയ പ്രതീക്ഷയാണുള്ളത്.