ഇടുക്കി: ഭൂമിയുടെ പച്ചപ്പിന് ഭീഷണിയായി ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ ഉറുമ്പിനോട് സാദൃശ്യമുള്ള ഷഡ്പദം കർഷകർക്കിടയിൽ ഭീകരത സൃഷ്ടിക്കുന്നു. കർഷകർക്കു ഭീഷണിയായി പ്രത്യക്ഷപ്പെടാറുള്ള വെട്ടുക്കിളിയേക്കാൾ അതീവഅപകടകാരിയാണിവ. ഇതുവരെ കോടികളുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ലോകാവസാനമെന്നുവരെയാണു പ്രചാരണമുണ്ടായിരിക്കുന്നത്. ഇതുവരെ ഇതിനു പരിഹാരം കണ്ടെത്താനായിട്ടില്ല, കൃഷിവകുപ്പ് തിരിഞ്ഞുനോക്കിയിട്ടുമില്ല, റബർ പോലെ കറയുള്ള വൃക്ഷങ്ങൾ ഒഴികെ തേക്ക് ഉൾപ്പെടെ എല്ലാറ്റിന്റെയും വേര് തിന്നു നശിപ്പിക്കുന്നു. ഇടുക്കി വനത്തിനുള്ളിലെ ഒരു പ്രദേശമാകെ ഈ ജീവിയുടെ ആക്രമണമാണ്.

ചിതലിനോടും ഉറുമ്പിനോടും സാദൃശ്യമുള്ള ഷഡ്പദത്തിന്റെ ആക്രമണത്തിൽ ഉപ്പുതറ മേഖലയിലെ നിരവധിയേക്കർ സ്ഥലത്തെ കാർഷിക വിളകൾ നശിക്കുകയാണ്. ഇടുക്കി വനമേഖലയിലെ ഒരുഭാഗം പൂർണമായും ഇവയുടെ ആക്രമണത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ ഒന്നര മീറ്റർ വരെ ആഴത്തിൽ കഴിയുന്ന ഈ അജ്ഞാതന്റെ ആക്രമണത്തിൽ ഇരുനൂറിലേറെയേക്കർ സ്ഥലത്തെ കൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. കൊടിയ വിഷമുള്ള രാസവളങ്ങൾ തുടർച്ചയായി ഉപയോഗിച്ചിട്ടും അനുദിനം പെരുകിവരുന്ന ഇവ വന്മരങ്ങളുൾപ്പെടെയുള്ളവയുടെ വേരുകൾ പൂർണമായും ഇല്ലാതാക്കിയാണ് കൃഷിഭൂമികളെ തരിശാക്കുന്നത്. ലോകാവസാനത്തിന്റെ നാളുകൾ ഈ ജീവിയിലൂടെയാണെന്നു വരെ കർഷകർ പറയുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടാമെങ്കിലും കൃഷി നശിച്ച ഒരു ഭൂമി പരിശോധിക്കാൻപോലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. പതിനായിരക്കണക്കിന് രൂപ മുടക്കി ചിലർ വീര്യമേറിയ കീടനാശിനികൾ മണ്ണിൽ നിറച്ച് ഉപദ്രവകാരിയായ ജീവിയെ തുരത്താൻ ശ്രമിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ശുദ്ധജലസ്രോതസ്സുകൾ വിഷലിപ്തമാകുന്നതിനാൽ ഒടുവിൽ ജനങ്ങൾ ഇതിൽനിന്നു പിന്തിരിയുകയാണ്. ഇതോടെ ഭൂമിയുടെ സർവനാശത്തിനെന്നപോലെ അക്രമിജീവിയുടെ എണ്ണം പെരുകുകയുമാണ്.

ഉപ്പുതറ പഞ്ചായത്തിലെ ഈറ്റക്കാനം, കാക്കത്തോട്, ആശുപത്രിപടി, ക്വാർട്ടേഴ്‌സ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക ഭൂമിയിലും ഇടുക്കി വനത്തിന്റെ ഭാഗമായ മുത്തൻപടി വന്മാവ് ഭാഗത്തുമാണ് അജ്ഞാതജീവി നാശം വിതച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ചെറുതും വലുതുമായ അൻപതിലേറെ കൃഷിയിടങ്ങളിൽ നാശം കണ്ടെത്തി. കാൻസർപോലെ മാരകമായശേഷം മാത്രമാണ് ഇവയുടെ ഉപദ്രവം ആളുകൾ തിരിച്ചറിയുന്നത്. കാർഷിക വിളകളുടെയും മരങ്ങളുടെയും ഇലകൾ മഞ്ഞളിപ്പ് ബാധിച്ചും തണ്ടുകൾ ഉണങ്ങിയും കാണപ്പെടുമ്പോൾ ഇതിനു പ്രതിരോധ, പരിഹാര മരുന്നുകൾ ചെയ്തു മടുത്തതിനൊടുവിൽ മരങ്ങളും ചെടികളും നീക്കം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് രോഗകാരണം ഉറുമ്പോളമുള്ള ഷഡ്പദത്തിന്റെ വിക്രിയയാണെന്നു ബോധ്യപ്പെടുന്നത്. അപ്പോഴേക്കും വേരുകൾ പൂർണമായും ഇവ തിന്നു തീർത്തിരിക്കും. കാപ്പി. ഏലം, തെങ്ങ്, കുരുമുളക്, കപ്പ, കൊക്കോ തുടങ്ങി ഇഞ്ചി വരെയുള്ള മിക്ക വൃക്ഷലതാദികളുടെയും വേരുകളാണ് ഇവ നശിപ്പിക്കുന്നത്. വന്മാവ് വനഭാഗത്തെ ഒരു പ്രദേശമാകെ വന്മരങ്ങൾ ഒഴികെയുള്ളവയെല്ലാം കരിഞ്ഞുണങ്ങി നിലംപൊത്തി. തേക്ക് പ്ലാന്റേഷൻ മേഖലയായ ഇവിടെ തേക്കുകളുടെ വേരുകളും നശിപ്പിച്ചുകൊണ്ടാണ് ഇവ പെരുകുന്നത്. റബർ, പ്ലാവ് തുടങ്ങി കറയുള്ള മരങ്ങളെ മാത്രം ഇവയുടെ ഉപദ്രവം ഏൽക്കില്ല.

മണ്ണിനടിയിൽ മാത്രം വസിക്കുന്ന ഇവയുടെ രൂപം ഉറുമ്പിന് സമാനമാണ്. ജോനൽ എന്നു വിളിക്കുന്ന ഉറുമ്പാണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. എന്നാൽ ഇവയുടെ നീക്കവും വേഗതയും ഉറുമ്പിനേക്കാൾ മന്ദഗതിയിലാണ്. ഓറഞ്ച്, ഇളംചുവപ്പ്, ഇളംബ്രൗൺ നിറങ്ങളുടെ മിശ്രിതമാണ് ഇവയ്ക്ക്. മനുഷ്യരെ കടിക്കാറില്ലെന്ന് കർഷകർ പറയുന്നു. മഴക്കാലത്ത് മണ്ണിന്റെ ഉപരിതലത്തിൽ ഇവയെ കാണാറുണ്ടെങ്കിലും വേനലിൽ മണ്ണിനടയിലേയ്ക്ക് മറയും. മണ്ണിളക്കി ചെടിയുടെ വേരുകൾ കാർന്നുതിന്നുന്ന ഇവ പ്രദേശത്തെ മണ്ണ് ചാണകപ്പൊടി പോലെയാക്കി മാറ്റും. ചവിട്ടിയാൽ താഴ്ന്നുപോകും. ജൈവാംശം നഷ്ടമായ മണ്ണിന്റെ അവസ്ഥയാകും ഇവിടങ്ങളിൽ. ഒന്നോ രണ്ടോ ചതുരശ്ര അടി സ്ഥലത്ത് ആദ്യം കാണപ്പെടുന്ന ഇവ ഒരു വർഷം കൊണ്ട് അരയേക്കർ സ്ഥലത്തെ കൃഷി നശിപ്പിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. ഒരു പ്രത്യേക സമയത്ത് ചിറക് മുളയ്ക്കുന്ന ഇവ പറന്ന് സമീപമേഖലകളിലേയ്ക്ക് വ്യാപിക്കും.

കഴിഞ്ഞ മൂന്നു വർഷംകൊണ്ടാണ് ഇവയുടെ ആക്രമണം കർഷകർ തിരിച്ചറിഞ്ഞത്. എട്ടുവർഷം മുമ്പ് വരെ ചിലർ ഇത്തരം ജീവികളെ കൃഷിയിടത്തിൽ കണ്ടതായി പറയുന്നുണ്ട്. എന്നാൽ വ്യാപക കൃഷിനാശവും അനിയന്ത്രിത പെരുപ്പവും രണ്ടുവർഷത്തിനുള്ളിലാണ് ദൃശ്യമായത്. ഏലം, കാപ്പി, കുരുമുളക്, കൊക്കോ തുടങ്ങിയ വിളകൾക്ക് മഞ്ഞളിപ്പ് ബാധിച്ചതിനെ തുടർന്ന് കർഷകർ നിവാരണമാർഗങ്ങൾ പലതും സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പതിനായിരക്കണക്കിന് രൂപയുടെ കീടനാശിനികൾ പലതവണ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. ചെടികൾ വെട്ടിനശിപ്പിച്ച് വീണ്ടും കൃഷിയിറക്കി. അവയും നശിച്ചതോടെ മണ്ണിന്റെ ഫലഭൂയിഷ്ടതയിൽ സംശയിച്ച് ധാരാളമായി വളം ചെയ്തുവെങ്കിലും തുടർച്ചയായി കൃഷി കരിഞ്ഞുണങ്ങി. കരിഞ്ഞ കാപ്പിയുടെ കുറ്റികൾ മാന്തിയെടുത്ത് കളയാനുള്ള ശ്രമത്തിനിടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ശാഖോപശാഖകളായി പിരിഞ്ഞ് കരുത്തോടെ കിടക്കുന്ന കാപ്പിയുടെ വേര് പിഴുതെടുത്ത കർഷകർ ദ്രവിച്ച് അസ്ഥികൂടമായ വേരുകൾ കണ്ട് പരിഭ്രാന്തരായി.

ഇതിനൊപ്പമാണ് വേരിനടിയിലെ ലക്ഷക്കണക്കായ ജീവികളെ കണ്ടെത്തിയത്. കൂടുതൽ സ്ഥലം പരിശോധിച്ചപ്പോൾ വിനാശം വിതയ്ക്കുന്നത് ഇവതന്നെയെന്ന് സ്ഥിരീകരിച്ചു. രണ്ടോ മൂന്നോ വർഷം കൊണ്ടാണ് ഓരോ മരവും ചെടിയും പൂർണമായി നശിപ്പിക്കപ്പെടുന്നത്. നാശകാരി മണ്ണിനടിയിലൊളിച്ചിരിക്കുന്ന ഉറുമ്പ് സദൃശനാണെന്നു ബോധ്യപ്പെടുമ്പോഴേക്കും മണ്ണിനു മുകളിലെ ഭാഗങ്ങളാണ് മിച്ചമുണ്ടാവുക. കഴിഞ്ഞ രണ്ടുമൂന്നുവർഷത്തിനിടെയാണ് കൃഷിക്കാർ മരംതീനിയായ ജീവിയെ ഒതുക്കാൻ ശ്രമം നടത്തിയതെങ്കിലും പണനഷ്ടം മാത്രമേ ഉണ്ടായുള്ളൂ. വലിയ തെങ്ങുകൾ ഉൾപ്പെടെയുള്ളവ നിലംപൊത്തിയവയിലുണ്ട്. സഹായം തേടി കൃഷി ഭവനിലെത്തിയ ചില കർഷകരോട് വേരുപുഴുവിനുള്ള മരുന്ന് അടിക്കാനാണ് ഉപ്പുതറ കൃഷി ഭവനിൽനിന്ന് നിർദേശിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ ആരും കൃഷിയിടങ്ങൾ സന്ദർശിച്ചിട്ടില്ല.

ശത്രുകീടത്തെ പൂർണമായും നശിപ്പിക്കാതെ മുമ്പോട്ടുപോകാനാവില്ലെന്നു ബോധ്യമായ കർഷകർ ഒന്നര മീറ്റർ ആഴത്തിൽ മണ്ണിളക്കി അതിൽ അപ്പോൾത്തന്നെ കീടനാശിനി വീര്യം കൂട്ടി ഒഴിച്ച് ഉഴുതുമറിച്ചാണ് നിയന്ത്രണ നടപടി സ്വീകരിച്ചത്. എന്നാൽ അടുത്ത ദിവസങ്ങളിൽ പുരയിടത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഈ ജീവിയുടെ സാന്നിധ്യം കണ്ടെത്തി. കാർഷിക വിളകളുുടെ നാശവും കീടനാശിനിയുടെ വിലയുമടക്കം ഏക്കറിന് രണ്ടുലക്ഷത്തിലധികം രൂപയെങ്കിലും നഷ്ടമുണ്ടെന്നു കർഷകർ പറയുന്നു. പച്ചപ്പ് നിറഞ്ഞുനിന്ന ഈറ്റക്കാനം കാണക്കാലിൽ രാജുവിന്റെ പുരയിടത്തിനു നടുവിൽ അരയേക്കറോളം ഭൂമി തരിശായി കിടക്കുകയാണ്. ഇവിടെ മുഴുവൻ പന്തലിച്ചു നിന്ന കാപ്പിയാകെ കീടങ്ങൾ കാർന്നു തിന്നു. ഇതിനിടയിലെ തെങ്ങുകളും കീടത്തിന് ഇരയായി. രുചിഭേദത്തോടു കൂടിയ ഇഞ്ചി കൃഷി ചെയ്തു കീടത്തെ അകറ്റാമെന്ന രാജുവിന്റെ കാർഷിക പരിചയവും വിലപ്പോയില്ല. ഇഞ്ചിക്കണ്ടങ്ങളിൽ മണ്ണ് മാത്രമേ അവശേഷിച്ചുള്ളൂ.

കീടത്തിന്റെ ആക്രമണത്തിൽ വൻകൃഷിനാശമുണ്ടായ വ്യക്തിയാണ് വൈദ്യുതി വകുപ്പ് ജീവനക്കാരൻ കൂടിയായ ഓലിക്കൽ സോണി. പതിറ്റാണ്ടുകൾ പഴക്കമുള്ള കാപ്പിയും മരങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടു. അപകടകാരിയെ തിരിച്ചറിഞ്ഞ സോണി കാർഷിക സർവകലാശാലയിൽവരെ പരിഹാരമാർഗം ആരാഞ്ഞെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. കിസാൻ കൃഷി ദീപത്തിലേയ്ക്ക് വിളിച്ചു ചോദിച്ചു. അവർ പറഞ്ഞതുപ്രകാരം മണ്ണിൽ അടുത്തടുത്ത് കമ്പികൾ കുത്തിയിറക്കി ദ്വാരങ്ങളുണ്ടാക്കി അതിൽ കീടനാശിനി നിറച്ചു. പിറ്റേന്ന് ജീവികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നതു കണ്ടു. എന്നാൽ മണ്ണിനടിയിലെ മുട്ടകൾ വികാസം പ്രാപിച്ച് ഏതാനും ദിവസങ്ങൾക്കകം എണ്ണം പതിന്മടങ്ങായി. സമീപമേഖലകളിലെ ജലസ്രോതസുകൾ വിഷമയമാകുമെന്നതിനാൽ സോണി ഇപ്പോൾ കീടനശീകരണം നിർത്തിവച്ചിരിക്കുകയാണ്. മീറ്റർ റീഡർ ജോലിക്കിടെ സോണി കണ്ണമ്പടിയിലേയ്ക്ക് പോകവേ, വനഭൂമിയിൽ വന്മരങ്ങളൊഴികെ എല്ലാം കരിഞ്ഞു നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. തുടർന്നു മണ്ണ് കയ്യിലെടുത്തു പരിശോധിച്ചപ്പോഴാണ് വനഭൂമിയിലെ തേക്ക് പ്ലാന്റേഷൻ മേഖലിലെ മിക്ക മരങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ ക്ഷുദ്രജീവിയാണെന്നു മനസിലായത്. റബർ, ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങൾ നശിപ്പിക്കപ്പെടാറില്ല. ഇവയിലെ വേരിലെ കറയാണ് കീടങ്ങളിൽനിന്ന് രക്ഷനേടാൻ കാരണമെന്നു പറയുന്നു.

കഴിഞ്ഞ ദിവസം ഉപ്പുതറ ഭൂസംരക്ഷണ സമിതിയുടെ ചെയർമാൻ എം. കെ ദാസൻ നടത്തിയ ഇടപെടലുകളിലൂടെയാണ് ഈ ജീവി പരത്തുന്ന നാശം വരുംതലമുറയ്ക്കുകൂടി ഭീഷണിയാണെന്ന് പുറത്തറിഞ്ഞത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ശനിയാഴ്ച കൃഷി വകുപ്പിന്റെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് സ്ഥലം സന്ദർശിക്കും.ഗവ. ഹോമിയോ മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ലത്തീഫ് (കോഴിക്കോട്) രണ്ടുദിവസത്തിനകം സ്ഥലത്ത് എത്താമെന്ന് അറിയിച്ചിട്ടുണ്ട്. വയലിൽ ബേബി, വടശേരി കൊച്ചുജോണി, പ്ലാത്തറ ജോസ്, അമ്പാട്ട് കുട്ടായി, വെറ്ററിനറി ഡോക്ടറായ പ്ലാത്തറ പി. വി മാത്യു, പ്ലാന്തോട്ടം സെബാസ്റ്റ്യൻ, കാണക്കാലി കുഞ്ഞൂഞ്ഞ്, കാണക്കാലിൽ മോൻസി, വാലുമ്മേൽ ടോമി, കുമ്പക്കൽ ജോസ് തുടങ്ങിയ നിരവധി കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ വിളകളുടെ വേരുകൾ ഈ ശത്രുകീടം തിന്നു നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ജീവിയുടെ വ്യാപനം ഇടുക്കിയുടെ കാർഷിക നാശത്തിനു കാരണമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.