- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം സംതൃപ്തമാക്കാനുള്ള വഴി
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു കഥ പറയുകയാണ്. മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ച ഉടമസഥന്റെ കഥ. അദ്ദേഹം അവസാനം എല്ലാ വേലക്കാർക്കും ഒരേ കൂലി കൊടുത്തു. ഒന്നാം മണിക്കൂറിൽ വന്നവനും പതിനൊന്നാം മണിക്കൂറിൽ വന്നവനും ഒരു ദനാറ വീതം. ഇതിലൊരു പ്രകടമായ അനീതിയുണ്ട്- ഒന്നിനെയും പന്ത്രണ്ടിനെയും തുല്ല്യമായി കാണുന്ന അനീതി. എന്നാൽ ഇതാണ് ദൈവിക നീതിയെന്നും, 99 ആടിനേക്കാൾ വലുത് ഒരെണ്ണമെന്നതാണ് ദൈവത്തിന്റെ അരിത്തമെറ്റിക്സെന്നും വ്യാഖ്യാനിക്കാറുണ്ടണ്ട്. എന്നാൽ ഈ കഥയുടെ അർത്ഥതലങ്ങൾ അതിനപ്പുറത്താണ്. സുവിശേഷകൻ ഉന്നംവയ്ക്കുന്ന അർത്ഥം മറ്റൊന്നാണ്. ഈശോ ഈ കഥ പറയുന്നത് ഒരു പ്രതികരണമായിട്ടാണ്. പത്രോസിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്: ''അപ്പോൾ പത്രോസ് പറഞ്ഞു. ഇതാ ഞങ്ങൾ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് ലഭിക്കുക'' (മത്തായി 19:27). അതിനുത്തരമായി പന്ത്രണ്ട് ഗോത്രങ്ങളെ അവർ വിധിക്കുന്ന കാര്യവും, ഒന്നിന് നൂറിരട്ടിയായി അവർക്ക് തിരികെ കിട്ടുന്ന കാര്യവും ഈശോ പറയുന്
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു കഥ പറയുകയാണ്. മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ച ഉടമസഥന്റെ കഥ. അദ്ദേഹം അവസാനം എല്ലാ വേലക്കാർക്കും ഒരേ കൂലി കൊടുത്തു. ഒന്നാം മണിക്കൂറിൽ വന്നവനും പതിനൊന്നാം മണിക്കൂറിൽ വന്നവനും ഒരു ദനാറ വീതം. ഇതിലൊരു പ്രകടമായ അനീതിയുണ്ട്- ഒന്നിനെയും പന്ത്രണ്ടിനെയും തുല്ല്യമായി കാണുന്ന അനീതി. എന്നാൽ ഇതാണ് ദൈവിക നീതിയെന്നും, 99 ആടിനേക്കാൾ വലുത് ഒരെണ്ണമെന്നതാണ് ദൈവത്തിന്റെ അരിത്തമെറ്റിക്സെന്നും വ്യാഖ്യാനിക്കാറുണ്ടണ്ട്. എന്നാൽ ഈ കഥയുടെ അർത്ഥതലങ്ങൾ അതിനപ്പുറത്താണ്.
സുവിശേഷകൻ ഉന്നംവയ്ക്കുന്ന അർത്ഥം മറ്റൊന്നാണ്. ഈശോ ഈ കഥ പറയുന്നത് ഒരു പ്രതികരണമായിട്ടാണ്. പത്രോസിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്: ''അപ്പോൾ പത്രോസ് പറഞ്ഞു. ഇതാ ഞങ്ങൾ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് ലഭിക്കുക'' (മത്തായി 19:27). അതിനുത്തരമായി പന്ത്രണ്ട് ഗോത്രങ്ങളെ അവർ വിധിക്കുന്ന കാര്യവും, ഒന്നിന് നൂറിരട്ടിയായി അവർക്ക് തിരികെ കിട്ടുന്ന കാര്യവും ഈശോ പറയുന്നു (19:2529). ഒടുവിൽ ഒരു കാര്യം കൂടി അവൻ കൂട്ടിചേർക്കുന്നു: ''എന്നാൽ മുമ്പന്മാരായ അനേകർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരുമാകും'' (19:30). അതായത്, ആർക്ക് എന്താണ് ലഭിക്കാൻ പോകുന്നെന്നതിനെക്കുറിച്ച് ഒരു ഉറപ്പുമില്ലായെന്നു സാരം.
ഇതു പറഞ്ഞു കഴിഞ്ഞയുടനെയാണ് ഈശോ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ കഥ പറയുന്നത് (20:1). അങ്ങനെയെങ്കിൽ കിട്ടാൻ പോകുന്ന പ്രതിഫലത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലെന്ന് വിശദീകരിക്കാനുള്ള കഥയാണിത്. ഇത് ഉറപ്പു വരുത്താനായി കഥയുടെ അവസാനം മുമ്പു പറഞ്ഞ വചനം ഒരു പ്രാവശ്യം കൂടി ഈശോ ആവർത്തിക്കുന്നു: ''ഇപ്രകാരം പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരുമാകും'' (20:16).
മറ്റൊരു കാര്യം കൂടി തിരിച്ചറിയേണ്ടതുണ്ട് - എന്താണ് 'മുന്തിരിത്തോട്ടത്തിലെ ജോലി' കൊണ്ട് ഉദ്ദേശിക്കുന്നത്? ഇത് തിരിച്ചറിയാനും കഥയുടെ സന്ദർഭമാണ് നമ്മെളെ സഹായിക്കുന്നത്. എന്തു ലഭിക്കുമെന്ന് പത്രോസ് ചോദിക്കുന്നത് ഒരു പ്രത്യേക സന്ദർഭത്തിലാണ്. ധനികനായ ഒരു യുവാവ് ഈശോയുടെ അടുത്തുവന്ന് നിത്യജീവൻ പ്രാപിക്കാനുള്ള വഴി ആരായുന്നു (19:16). പ്രമാണങ്ങളെല്ലാം പാലിച്ച യുവാവിനോടു ഈശോ പറയുന്നത് നിത്യജീവൻ പ്രാപിക്കണമെങ്കിൽ തന്നെ അനുഗമിക്കണമെന്നാണ്: ''നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (19:21).
അങ്ങനെയെങ്കിൽ പൂർണ്ണനാകാനും, നിത്യജീവൻ പ്രാപിക്കാനും, സ്വർഗ്ഗത്തിൽ പ്രവേശിക്കാനാമുള്ള പുതിയ മാർഗം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. അതായത് 'ക്രിസ്തുശിഷ്യത്വമാണ്' നിത്യജീവനുള്ള ഉറപ്പായ മാർഗ്ഗമെന്നു സാരം.
പക്ഷെ, ഇതു കേട്ട ധനികനായ യുവാവ് ദുഃഖിതനായി തിരിച്ചു പോയി. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ ശിഷ്യനാകാൻ ധനികൻ വിമുഖത കാണിച്ച സന്ദർഭത്തിലാണ് പത്രോസ് തങ്ങൾ ഉപേക്ഷിച്ചതിന് എന്ത് പ്രതിഫലം കിട്ടുമെന്ന് ഈശോയോട് ചോദിക്കുന്നത് (19:27). അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിലെ ജോലി സൂചിപ്പിക്കുന്നത് 'ക്രിസ്തുശിഷ്യത്വത്തെ' തന്നെയാണ്.
എന്ത് ലഭിക്കുമെന്ന് ചോദിക്കുന്ന പത്രോസിനോടും മറ്റ് ശിഷ്യരോടും ഈശോ പറയുന്ന കഥയാണിത്. ഒരു വീട്ടുടമസ്ഥൻ തന്റെ മുന്തിരിത്തോട്ടത്തിലേക്കു ഒരു ദനാറ ദിവസക്കൂലിക്ക് ജോലിക്കാരെ വിളിക്കാൻ പോയി. ഒന്നാം മണിക്കൂറിലും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും അവൻ തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ചുവിട്ടു. സന്ധ്യയായപ്പോൽ പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് മുതൽ കൂലി കൊടുക്കാൻ തുടങ്ങി. പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് ഒരു ദനാറ കിട്ടി. അത് കണ്ടപ്പോൾ രാവില മുതൽ ജോലി ചെയ്തവർ അവർക്ക് 12 ദനാറയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു കാണണം (അവരോടു വാഗ്ദാനം ചെയ്തത് ഒരു ദനാറായായിരുന്നെങ്കിലും). തൽഫലമായി ഒരു ദനാറ ലഭിച്ചപ്പോൾ അവർ വീട്ടുടമസ്ഥനെതിരെ പിറുപിറുത്തു (20:12).
ചുരുക്കത്തിൽ ഈശോ പത്രോസിനോടും കൂട്ടരോടും കഥയിലൂടെ ആവശ്യപ്പെടുന്നത്, അവരുടെ ഹൃദയത്തിന്റെ ശ്രദ്ധ ഒന്നു മാറ്റിപ്പിടിക്കാനാണ്. ഇപ്പോൾ അവരുടെ ശ്രദധ കേന്ദ്രീകരിച്ചിരിക്കുന്നത് - 'എന്ത് കിട്ടുമെന്ന' പ്രതിഫലേച്ഛയിലാണ്. അതിൽ നിന്നും ഹൃദയത്തിന്റെ ശ്രദ്ധ മാറ്റി, ചെയ്യുന്ന ജോലിയിലേക്ക് തിരിച്ചു വയ്ക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതായത് ക്രിസ്തുവിനെ അനുഗമിക്കുകയെന്ന 'ശിഷ്യത്വജീവിതത്തിൽ' ഹൃദയവും മനസ്സും അർപ്പിച്ചു ജീവിക്കുകയാണ് ശിഷ്യർ ചെയ്യേണ്ടത്.
ചുരുക്കത്തിൽ ജീവിതത്തിന്റെയും ഹൃദയത്തിന്റെയും 'ഫോക്കസ് മാറ്റിപ്പിടിക്കാനാണ്' ഈശോ ശിഷ്യരോടും നമ്മോടും പറയുന്നത്. നമ്മൾ ചെയ്യുന്നതിനൊക്കെ എന്തു കിട്ടുമെന്ന് ചിന്തിച്ച് അതിൽ ഹൃദയമർപ്പിച്ച് ജീവിക്കാതെ, അനുദിനം നമ്മൾ ജീവിക്കുന്ന ശിഷ്യത്വജീവതത്തിൽ ഹൃദയവും മനസ്സും അർപ്പിച്ച് ജീവിക്കുക. അനുനിമിഷം നമ്മൾ ജീവിക്കുന്ന ശിഷ്യത്വജീവിതം തരുന്ന നന്മകളിൽ ഹൃദയമർപ്പിക്കുക. നീ ജീവിക്കുന്ന ക്രിസ്തുശിഷ്യത്വം അനുനിമിഷം ആസ്വദിച്ച് ജീവിക്കുക. ഇതാണ് ഈശോ നമ്മളോടു ആവശ്യപ്പെടുന്നത്.
അങ്ങനെ ശിഷ്യത്വജീവിതം അനുനിമിഷം ആസ്വദിച്ചു ജീവിക്കുന്നവൻ അതിലൂടെ ജീവനിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത് (19:17). അങ്ങനെ ജീവിക്കുന്നവൻ നിത്യജീവനിലേക്ക് നടന്നടുക്കുകയാണ് (19:16). അങ്ങനെ ജീവിക്കുന്നവൻ രക്ഷയുടെ വഴിയിലാണ് (19:25). ചുരുക്കത്തിൽ അനുനിമിഷം നിന്റെ ശിഷ്യത്വ ജീവിതത്തിൽ ഹൃദയമർപ്പിച്ച് അതാസ്വദിച്ച് ജീവിക്കുന്നതിലൂടെയാണ് നീ നിത്യജീവനിൽ പ്രവേശിക്കുന്നത്; നിത്യരക്ഷ സ്വന്തമാക്കുന്നത്.
ഡോ. വി. പി. ഗംഗാധരൻ പറയുന്ന സിസ്റ്റർ ഫിലോമിനയുടെ കഥയുണ്ട്. രോഗികളും സ്റ്റാഫും ''മമ്മി'' എന്നു വിളിച്ചിരുന്ന സിസ്റ്റർ ഫിലോമിന. നഴ്സിങ് ശുശ്രൂഷ ആസ്വദിച്ച് ജീവിച്ച ഒരു നഴ്സ്! മരണക്കിടക്കയിലും അവരുടെ ഉത്കണ്ട രോഗികളെക്കുറിച്ചും സ്വന്തം സഹപ്രവർത്തകരെക്കുറിച്ചുമായുരുന്നു (ഓഡിയോ കേൾക്കുക).
ജീവനിലേക്ക് പ്രവേശിക്കാനും, അതിലൂടെ നിത്യജീവനിലേക്ക് നടന്നടുക്കാനും, ദൈവരാജ്യത്തിൽ പ്രവശിക്കാനുമുള്ള വഴിയാണ് ഈശോ പറഞ്ഞു തരുന്നത്. ഭാവിയിൽ നമുക്ക് കിട്ടേണ്ട പ്രതിഫലത്തിൽ ശ്രദ്ധിച്ച് ജീവിക്കുന്നതിനു പകരം, അനുദിനം നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ശിഷ്യത്വജീവിതത്തിന്റെ നന്മകളിൽ മനസ്സും ഹൃദയവും അർപ്പിച്ച്
ജീവിക്കുക. അപ്പോൾ നിന്റെ ജീവൻ കൂടുതൽ സജീവമാകും; നിന്റെ ജീവൻ അതിന്റെ നിറവിലേക്ക് വളർന്നുകയറും; നീ നിത്യജീവന്റെ വഴിയിലാകും.
പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്തവർ ഒരു ദനാറ വാങ്ങുമ്പോൾ വീട്ടുടമസ്ഥനെതിരെ അവർ പിറുപിറുക്കുന്നു (20:11). കാരണം അവരുടെ ഹൃദയത്തിന്റെ ശ്രദ്ധ ഒരു മണിക്കൂർ ജോലി ചെയ്തവന് കിട്ടിയ ഒരു ദനാറിയിലായിരുന്നു. മറ്റുള്ളവരുടെ ജീവിതനന്മകളിലും സൗഭാഗ്യങ്ങളിലും ശ്രദ്ധയർപ്പിച്ച് ജീവിച്ചാൽ നിന്റെ ജീവിതം പുറുപിറുപ്പു നിറഞ്ഞതാകും. അതായത് നിന്റെ ജീവിതം അസംതൃപ്തി നിറഞ്ഞ ജീവിതമായി മാറും. നേരെ മറിച്ച്, നിന്റെ ജീവിതത്തിന്റെ നന്മകളെ ആസ്വദിച്ച് അനുനിമിഷം ജീവിച്ചാലോ? നിന്റെ ജീവിതം സംതൃപ്തിയുള്ളതായി മാറും.
പന്ത്രണ്ടു മണിക്കൂറുകാരുടെ പരാതികൂടി നമ്മൾ ശ്രദ്ധിക്കണം: ''ദിവസത്തിന്റെ ഭാരവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തൂല്യരാക്കിയല്ലോ'' (20:12). അതായത്, അവരുടെ ശ്രദ്ധ ദിവസത്തിന്റെ ഭാരത്തിലും ചൂടിലുമാണ്. അതിനാൽ തന്നെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവർ ആ ജോലി ആസ്വദിച്ചു കാണില്ല. അവസാനം കൂലി കിട്ടുമ്പോഷും അവർക്ക് അതൃപ്തിയാണ്. നേരെ മറിച്ച്, അധ്വാനത്തിന്റെ നന്മകളിൽ ശ്രദ്ധിച്ച് അതാസ്വദിച്ചിരുന്നെങ്കിൽ, അവർ അദ്ധ്വാനിച്ച പന്ത്രണ്ട് മണിക്കൂറും അവർക്ക് ആസ്വദിക്കാമായിരുന്നു. മറ്റുള്ളവർക്കാർക്കും കിട്ടാത്ത ദീർഘമായ മണിക്കൂറുകൾ അദ്ധ്വാനിക്കാനായല്ലോ എന്ന കൃതജ്ഞത അവരുടെ ഹൃദയത്തിൽ നിറഞ്ഞേനേ.
അതിനാൽ നിന്റെ ശിഷ്യത്വജീവിതം തരുന്ന നന്മകളിൽ നീ ഹൃദയമർപ്പിച്ച് ജീവിക്കുക. നിന്റെ ശിഷ്യത്വജീവിതം നീ ആസ്വദിച്ച് ജീവിക്കുക. ദാമ്പത്യ ജീവിതത്തിന്റെ കുടുംബബന്ധങ്ങളാണെങ്കിലും, സമർപ്പിതജീവിതത്തിന്റെ ആത്മദാനമാണെങ്കിലും അവ തരുന്ന നന്മകളെ അനുനിമിഷം നീ ആസ്വദിച്ചു ജീവിക്കുക. അതിലൂടെയാണ് നിന്നിലെ ജീവൻ സമൃദ്ധമാകുന്നതും, അതിലൂടെയാണ് നീ നിത്യജീവനിലേക്ക് നടന്നടുക്കുന്നതും. അങ്ങനെയാണ് നിന്റെ ജീവിതം സംതൃപ്തിയുള്ള ജീവിതമായി മാറുന്നത്.