തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുഞ്ഞിനെ ശ്വസതടസ്സത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയാൽ അതിന് ഇൻഷ്വറൻസ് പരിരക്ഷ നിഷേധിക്കുന്നത് എന്തു ന്യായമെന്ന് ചോദിച്ച് ഉദ്യോഗസ്ഥയായ വീട്ടമ്മ. എറണാകുളം സ്വദേശിയായ മേരി സിനി ജോസഫിനാണ് മകന് ചികിത്സതേടിയപ്പോൾ ഈ ദുരനുഭവം ഉണ്ടായത്. ആസ്റ്റർ മെഡിസിറ്റി ആശുപത്രയിൽ നിന്നും യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസിൽ നിന്നും മോശം അനുഭവമുണ്ടായതായി മേരി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ശനിയാഴ്ചയാണ് ഓട്ടിസം ഉള്ള മകനെ ശ്വാസതടസ്സത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുന്നത്. മേരിക്കും കുടുംബത്തിനും ജോലി ചെയ്യുന്ന കമ്പനി നൽകുന്ന നാലു ലക്ഷത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. അതിനാലാണ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയതെന്നും അവർ വ്യക്തമാക്കുന്നു. ശനിയാഴ്ച രാവിലെ അഡ്‌മിറ്റ് ചെയ്ത സമയത്തുതന്നെ ഇൻഷ്വറൻസ് ഉള്ള കാര്യവും മറ്റും അധികൃതരെ ധരിപ്പിച്ചിരുന്നു. പണമടയ്ക്കാതെ ചികിത്സതേടാവുന്ന ഇൻഷ്വറൻസ് സൗകര്യം ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു.

മൂന്നുമണിക്കൂറിനകം വിവരം തരാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പക്ഷേ, അതുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതേ മുക്കാലോടെ മകന് ഡിസ്ചാർജ് ലഭിച്ചു. എന്നാൽ ഡിസ്ചാർജ് ഡെസ്‌കിൽ വിളിച്ചപ്പോൾ അവർ ശനിയാഴ്ച ഇൻഷ്വറൻസ് കമ്പനിക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് അറിയിച്ചു. ഡിസ്ചാർജ് സമ്മറി ലഭിച്ച ശേഷമേ അത് അയക്കൂ എന്നായിരുന്നു മറുപടി. പിന്നീട് അരമണിക്കൂർ ഇടവിട്ട് നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും ആശുപത്രി ബിൽ എത്രയെന്നോ ഇൻഷ്വറൻസ് വിവരങ്ങൾ എന്തെന്നോ പറഞ്ഞില്ല.

പിന്നീട് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആശുപത്രി അധികൃതർ ഇൻഷ്വറൻസ് കമ്പനിക്ക് റിപ്പോർട്ട് അയക്കുന്നത്. അഞ്ചരയായപ്പോൾ വിളിവന്നു. ക്‌ളെയിം കമ്പനി നിഷേധിച്ചുവെന്നും ബിൽ അടയ്ക്കണമെന്നുമായിരുന്നു മേരിയെ ഞെട്ടിച്ചുകൊണ്ടുള്ള ആശുപത്രി അധികൃതരുടെ നിർദ്ദേശം. കുട്ടിക്ക് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ളതിനാൽ ഇൻഷ്വറൻസ് കവറേജ് നൽകില്ലെന്നാണ് കമ്പനി അറിയിച്ചത്. കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനാണ് ചികിത്സ തേടിയതെന്നതിനാൽ ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡറിന്റെ കാര്യം പറഞ്ഞ് ഇൻഷ്വറൻസ് നിഷേധിച്ചത് എങ്ങനെയെന്ന് മേരി ആശുപത്രി അധികൃതരോട് അന്വേഷിച്ചു.

ഇൻഷ്വറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ ഡിസ്ചാർജ് സമ്മറിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. ഇക്കാര്യം കുട്ടിയെ ചികിത്സിച്ച ഡോക്ടറോട് തിരക്കിയപ്പോൾ കഴിഞ്ഞവർഷം ഒക്ടോബറിൽ കുട്ടി ഹൈപ്പർ ആക്റ്റിവിറ്റിക്ക് ചികിത്സ തേടിയിരുന്നല്ലോ എന്ന മറുപടിയാണ് ലഭിച്ചത്.

അതിനാലാണ് ഡിസ്ചാർജ് റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷേ, ആസ്റ്റർ ആശുപത്രി അധികൃതരുടെ ഈ അശ്രദ്ധമായ നടപടിമൂലം മേരിക്കുണ്ടായത് വൻ നഷ്ടമാണ്. ഇനി ഏതു രോഗത്തിന് ചികിത്സയ്ക്ക് വിധേയമാക്കിയാലും ഒന്നിനും കുഞ്ഞിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല എന്ന ദുരവസ്ഥയാണ് മേരി നേരിടുന്നത്. ഇതെല്ലാം കഴിഞ്ഞ് തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച ആശുപത്രി അധികൃതർ വീണ്ടും വിളിച്ചു. തങ്ങൾക്ക് പറ്റിയ അബദ്ധത്തിന് മാപ്പുപറയാൻ. പക്ഷേ, ഈ ക്ഷമാപണം കൊണ്ട് തനിക്കും മകനും ഉണ്ടായ നഷ്ടത്തിന് പരിഹാരമാകുമോ എന്നാണ് മേരി ചോദിക്കുന്നത്. തനിക്കും മകനും നേരെ കടുത്ത അനീതിയാണ് ആശുപത്രി അധികൃതരിൽ നിന്നും ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും ഉണ്ടായതെന്നും അവർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.