ലപാസ്: ലാറ്റിനമേരിക്കയിൽ ദരിദ്രരാജ്യങ്ങളിലൊന്നായ ബൊളീവിയയുടെ ഉപ ആഭ്യന്തരമന്ത്രി റൊഡോൾഫോ ഇലാനിസിനെ (56) സമരക്കാർ തട്ടിക്കൊണ്ടുപോയി അടിച്ചുകൊന്നു. ഖനിമേഖലയിൽ സ്വകാര്യ പങ്കാളിത്തം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടാണു സമരം. ഖനിമേഖലയിലെ സമരം തീർക്കാനായി ചർച്ചയ്ക്കു പോയതായിരുന്നു ഉപ ആഭ്യന്തരമന്ത്രി.

മന്ത്രിയുടെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. ബൊളീവിയയിൽ ഖനികൾ ഭൂരിഭാഗവും സ്വയംഭരണ സഹകരണസംഘങ്ങളാണ്. ഈ മേഖലയിലെ ഒരു ലക്ഷത്തോളം ഖനി ജീവനക്കാർ രാജ്യാന്തര സ്വകാര്യ കമ്പനികളുമായി പങ്കാളിത്തം ആവശ്യപ്പെട്ടാണു സമരം തുടങ്ങിയത്. നിലവിൽ ഇതു നിയമവിരുദ്ധമാണ്. സ്വകാര്യവൽക്കരിക്കുന്നതോടെ ഖനികൾ സഹകരണസംഘങ്ങളല്ലാതായി തീരുമെന്നാണു സർക്കാർ നയം. അതുകൊണ്ട് തന്നെ അംഗീകരിച്ചതുമില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണു സമരം തുടങ്ങിയത്. ബുധനാഴ്ച വഴിതടയൽ സമരത്തിനിടെ രണ്ടു പ്രതിഷേധക്കാർ പൊലീസ് വെടിയേറ്റു മരിച്ചതോടെ പ്രക്ഷോഭം അക്രമാസക്തമായി. വ്യാഴാഴ്ച രാവിലെയാണു തലസ്ഥാനനഗരമായ ലപാസിൽനിന്നു 130 കിലോമീറ്റർ അകലെയുള്ള പാണ്ടുറോയിലേക്കു മന്ത്രി ചർച്ചയ്ക്കു പോയത്. മന്ത്രിയെ സമരക്കാർ ബന്ദിയാക്കിയശേഷം അടിച്ചുകൊല്ലുകയായിരുന്നുവെന്നു പ്രതിരോധമന്ത്രി റെയ്മി ഫെറേറിയ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപ്പെട്ടു. ഇയാൾ പരുക്കേറ്റ നിലയിൽ ആശുപത്രിയിലാണ്.

സമരത്തിനു നേതൃത്വം നൽകുന്ന നാഷനൽ ഫെഡറേഷൻ ഓഫ് മൈനിങ് കോർപറേറ്റീവ്സ്, നേരത്തേ ബൊളീവിയയുടെ ഇടതുപക്ഷ പ്രസിഡന്റായ ഇവോ മൊറേൽസിന്റെ അടുത്ത സഖ്യകക്ഷിയായിരുന്നു. അയൽരാജ്യങ്ങളായ പെറുവിലും ചിലെയിലും ഖനികളേറെയും രാജ്യാന്തര കുത്തക കമ്പനികളുടെ ഉടമസ്ഥതയിലാണ്. 2006ൽ ഇവോ മൊറേൽസ് അധികാരമേറ്റതോടെ പ്രകൃതിവിഭവ മേഖല ദേശസാൽക്കരിച്ചിരുന്നു. ഇതാണ് സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.