തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിണറായി വിജയന്റേയോ മന്ത്രിമാരുടേയോ പേഴ്‌സൺ സ്റ്റാഫിൽ 'അവതാരങ്ങൾ' കടന്നു കൂടാതിരിക്കാൻ സിപിഐ(എം) മുൻകരുതൽ. ആരോപണ വിധേയരെ ആരേയും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾക്കൊള്ളിക്കില്ല. ഇതിനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് കൈക്കൊള്ളു.

പഴ്‌സനൽ സ്റ്റാഫിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ പരിശോധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് സർക്കാർ നിർദ്ദേശം നൽകി. ലോക്കൽ സ്‌റ്റേഷനുകളിലെ അന്വേഷണത്തിനു പുറമേയാണിത്. സിപിഎമ്മും ഇക്കാര്യം പരിശോധിക്കും. ഘടകകക്ഷികളോടും ആരോപണവിധേയർ സ്റ്റാഫിൽ എത്തില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നടപടികൾ കർശനമാക്കിയതോടെ, സർക്കാർ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴും പഴ്‌സനൽ സ്റ്റാഫുകളുടെ നിയമനം കാര്യമായി നടന്നിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഓഫിസ് അറ്റൻഡർമാരുടേയും നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മിക്ക മന്ത്രിമാരും സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിമാർ!, അഡീ. സെക്രട്ടറിമാർ, പഴ്‌സനൽ അസിസ്റ്റന്റ് എന്നിവരെ നിശ്ചയിച്ചിട്ടില്ല.

പൊലീസിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ട് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയത് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നു. പൊലീസ് റിപ്പോർട്ട് മറികടന്ന് പലരേയും നിയമിച്ചു. സോളാർ വിഷയത്തിൽ ജോപ്പനും ജിക്കുമോനും സലിംരാജും പെട്ടത് ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കി. സമാനമായി വിവാദങ്ങൾ ഉയർത്തി പിണറായി വിജയനെ കരിതേച്ച് കാണിക്കാൻ യുഡിഎഫ് ശ്രമമുണ്ടെന്ന് സിപിഐ(എം) സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കർശന മാനദണ്ഡം വേണമെന്ന് പിണറായി നിർദ്ദേശിക്കുന്നത്. അഴിമതിക്കാരോ സ്ഥിരം കുറ്റവാളികളോ ആയ ആരേയും പരിഗണിക്കില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ ശുപാർശ ്പ്രകാരമാണ് ഇതെന്നാണ് സൂചന.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ അയോഗ്യർ എത്തുന്നത് തടയാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തോട് സിപിഐ അടക്കമുള്ള ഘടകക്ഷികൾക്കും യോജിപ്പാണ്. രാഷ്ട്രീയത്തിന് അപ്പുറം ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നോക്കിയാണ് മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയായി നളിനി നെറ്റോയേയും പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറേയും നിയമിച്ചത്. ഇത്തരം നിർണ്ണായക പദവികളിൽ രാഷ്ട്രീയത്തിന് അതീതമായവരെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് ഏതാണ് പാലിക്കപ്പെട്ടതായും സൂചനയുണ്ട്. നേരത്തെ, ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയപ്പോഴെല്ലാം ഏരിയ കമ്മിറ്റി തലത്തിൽനിന്ന് പഴ്‌സനൽ സ്റ്റാഫ് നിയമനത്തിനായി വരുന്ന ലിസ്റ്റുകൾ ജില്ലാ കമ്മിറ്റി അംഗീകരിച്ചാൽ നിയമനം നടത്തുകയായിരുന്നു പതിവ്. മന്ത്രിമാരുടെ വ്യക്തിപരമായ താത്പര്യങ്ങളും മുഖവിലയ്ക്കെടുത്തിരുന്നു.

ഇതിനാണ് ഇത്തവണ പിണറായി മാറ്റം വരുത്തുന്നത്. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്യുന്ന പട്ടിക സംസ്ഥാന തലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുശേഷം സർക്കാരിന് കൈമാറിയ ലിസ്റ്റ് പരിശോധനയ്ക്കായി വീണ്ടും പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറുകയായിരുന്നു. ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോ പരിശോധിക്കും. അതിന് ശേഷമാകും നിയമനം. അതുകൊണ്ട് തന്നെ ഈ മാസം പകുതിയോടെ മാത്രമേ നിയമനങ്ങൾ പൂർത്തിയാകൂ. പഴ്‌സനൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും 60 വയസുകഴിഞ്ഞവരെ സ്റ്റാഫായി പരിഗണിക്കേണ്ടെന്നും എൽഡിഎഫ് തീരുമാനമെടുത്തിരുന്നു.

സർക്കാർ സർവീസിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കാകണം പ്രഥമ പരിഗണനയെന്ന നിർദേശവും ഉയർന്നിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പത്താം ക്ലാസ് ജയിക്കാത്ത 20 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫിൽ ഉണ്ടായിരുന്നത്. ഇതെല്ലാം ഉമ്മൻ ചാണ്ടി സർക്കാരിന് പലവിധത്തിൽ തലവേദനയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോപണങ്ങളിൽ ചെന്നുപെടാതിരിക്കാൻ മുൻകരുതൽ പിണറായി സർക്കാർ എടുക്കുന്നത്. ആഡംബരം കുറച്ച് ഭരണം മുന്നോട്ട് കൊണ്ടു പോകാനാണ് പിണറായിയുടെ ശ്രമം. സംശയ നിഴലിലുള്ള ആരേയും മന്ത്രി ഓഫീസുകളിലേക്ക് കൂടുതൽ അടുപ്പിക്കാതിരിക്കാനും പിണറായി ശ്രമിക്കും. ഇതിനായി കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും.

എന്റെ പേരു പറഞ്ഞ് നടക്കുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അവർക്ക് എന്റെ രീതി അറിയില്ലെന്നും പിണറായി പറഞ്ഞു. ചിലർ തന്റെ ആളായി പറഞ്ഞുനടക്കുന്നുണ്ട്. ഇത്തരക്കാരെ പൊതുസമൂഹം സൂക്ഷിക്കണമെന്നും വാർത്താസമ്മേളനത്തിലാണ് നിയുക്ത മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ അധികാരത്തിലേറും മുമ്പേ അധികാരത്തിന്റെ ഇടനിലക്കാർ പ്രവർത്തനം തുടങ്ങിയെന്നു വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രഖ്യാപനം. എല്ലാത്തലത്തിലും അഴിമതിയുണ്ട്. അഴിമതിക്കെതിരെ സ്വീകരിക്കുന്ന സംവിധാനങ്ങൾ പിന്നീട് വ്യക്തമാക്കാം. എന്റെ ആളെന്നു പറഞ്ഞ് ചിലർ വരുന്നുണ്ട്. അടുത്തിടെ ഹൈദരാബാദിൽനിന്ന് പരിചയക്കാരൻ വിളിച്ചിരുന്നു. ഒരാൾ ഹൈദരാബാദിൽപോയി മുഖ്യമന്ത്രി പറഞ്ഞിട്ട് വന്നുവെന്നു പറഞ്ഞു നടക്കുന്നതായി പറഞ്ഞു. ഇമ്മാതിരി കുറേ അവതാരങ്ങൾ ഉണ്ടാകും. ഇത് തനിക്ക് മാത്രമല്ല ബാധകം. മന്ത്രിമാരുടെ സ്റ്റാഫിൽ പ്രാപ്തരായവരും വിശ്വാസ്യതയുള്ളവരും മാത്രമേ ഉണ്ടാവൂവെന്നും പിണറായി പറഞ്ഞു.

ഇത്തരം അവതാരങ്ങളുടെ ഇടപെടൽ ഒഴിവാക്കാനാണ് പേഴ്‌സണൽ സ്റ്റാഫിലെ നിയമനം പരമാവധി കർശനമാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിലൂടെ കാര്യക്ഷമമായ ഭരണം ഉറപ്പാകുമെന്നാണ് പ്രതീക്ഷ.