തൃശൂർ: ഇതരമതസ്ഥയെ വിവാഹം ചെയ്തു പത്തുവർഷം കഴിഞ്ഞപ്പോൾ ക്രിസ്തുമത വിശ്വാസിക്കു ഭീഷണിയുമായി സഭ രംഗത്ത്. ഇരിങ്ങാലക്കുട രൂപതയണ് ഇടവകാംഗത്തിന്റെ വിവാഹം കഴിഞ്ഞു പത്തുവർഷം കഴിഞ്ഞപ്പോൾ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഭാനിയമങ്ങൾക്കു വിരുദ്ധമായി രജിസ്റ്റർ വിവാഹം കഴിച്ചു ജീവിക്കുന്നതിന് രൂപതയുടെ സ്‌പെഷ്യൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനുമുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നാണു മുന്നറിയിപ്പ്.

ഇരിങ്ങാലക്കുട രൂപതയിലെ ഊരകം സെന്റ ജോസഫ് പള്ളി ഇടവകാംഗമായ ചിറ്റിലപ്പള്ളി സ്വദേശി ബെന്നിക്കാണു രൂപതയുടെ കത്ത് ലഭിച്ചത്. ഏകദേശം പത്ത് വർഷങ്ങൾക്കുമുമ്പാണ് ഹിന്ദു പെൺകുട്ടിയെ ഇന്റർകാസ്റ്റ് വിവാഹനിയമപ്രകാരം ബെന്നി രജിസ്റ്റർ ചെയ്തത്. ഇപ്പോഴവർക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ടുമക്കളുണ്ട്. ഇത്രയും കാലവും പള്ളിവക വരിസംഖ്യകൾക്കും പിരിവുകൾക്കുമെല്ലാം വികാരിയച്ചനും മറ്റും കൃത്യമായി വീട്ടിലെത്തുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ അനുകൂലമായി ബെന്നി പ്രതികരിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ, ഒരു പതിറ്റാണ്ടിനുശേഷം നിലവിലെ വികാരിയുടെ നേതൃത്വത്തിൽ ബെന്നിയുടെ കുടുംബത്തോട് പള്ളിക്കു വിധേയരായി ജീവിക്കാൻ ആവശ്യപ്പെടുകയാണ് സഭ. ബെന്നിയുടെ ഭാര്യയോട് മാമ്മോദീസ മുങ്ങാൻ ആവശ്യപ്പെട്ടു. പക്ഷെ ബെന്നിക്കും ഭാര്യയും ഇതിനോടു വിയോജിപ്പു പ്രകടിപ്പിക്കുകയായിരുന്നു.

രണ്ടു മക്കളെയും മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കാതെ മനുഷ്യരായിത്തന്നെയാണ് ഇരുവരും വളർത്തിയതും. അങ്ങനെയെങ്കിൽ, മരണാനന്തരക്രിയകൾ പള്ളിയിൽ നടത്താൻ അനുവദിക്കില്ലെന്നായി ഭീഷണി. അതും പ്രശ്‌നമല്ലെന്നു ബെന്നി പറഞ്ഞപ്പോഴാണു വികാരിയുടെ പുതിയ നീക്കം കത്തിന്റെ രൂപത്തിൽ ബെന്നിയെ തേടിയെത്തിയത്.

'താങ്കൾ തിരുസഭാനിയമങ്ങൾക്കു വിരുദ്ധമായി രജിസ്റ്റർ ചെയ്തു വിവാഹം ചെയ്തു ജീവിക്കുന്നതായി അറിയുന്നു. ഇതെക്കുറിച്ചു സംസാരിക്കുന്നതിന് സ്‌പെഷ്യൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹാജരാകാൻ ഫോണിൽ അറിയിച്ചപ്പോൾ വരാൻ താൽപര്യമില്ല എന്നാണ് താങ്കൾ പറഞ്ഞത്. ഇതെക്കുറിച്ചു കൂടുതലായി ചോദിച്ചറിയുന്നതിന് താങ്കൾ 2016 മാർച്ച് 16-ാം തീയതി ചൊവ്വാഴ്ച വൈകിട്ടു നാലു മണിക്ക് രൂപതാകേന്ദ്രത്തിലെ സ്‌പെഷൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കു ഹാജരാകുമല്ലോ. രൂപതാ കേന്ദ്രത്തിൽ നിന്നുള്ള നടപടികളോടു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' എന്നാണു കത്ത്. സെക്രട്ടറി ഫാ. റെനിൽ കാരാത്രയുടെ ഒപ്പോടെയും സ്‌പെഷൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ സീലോടെയുമാണ് ഇരിഞ്ഞാലക്കുട രൂപതയുടെ ലെറ്റർ ഹെഡിൽ കത്തു നൽകിയിരിക്കുന്നത്.

കരുണയും പരസ്‌നേഹവും പ്രസംഗിക്കുന്ന, ജനങ്ങൾക്കിടയിൽ മതിലുകൾ തീർക്കുന്നവൻ ക്രിസ്ത്യാനിയല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പോപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയുടെ തനിനിറം ഇതാണെന്ന വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു. മതസൗഹാർദ സമ്മേളനങ്ങൾ നടത്തും, ഇമാമിന്റെയും സ്വാമിജിയുടെയും കൂടെ സദ്യയുണ്ണുകയും മാനവസ്‌നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുകയും ചെയ്തിട്ടും ഉള്ളിൽ മനുഷ്യസ്‌നേഹം ഇല്ലെന്നും മതത്തെ മാത്രമാണു സ്‌നേഹിക്കുന്നതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.

മരണാനന്തരം തൃശൂർ മെഡിക്കൽ കോളേജിൽ തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബെന്നി. ഇതിനിടെയാണ് മരണാനന്തരക്രിയകൾ പള്ളിയിൽ നടത്തിക്കില്ലെന്ന ഭീഷണി ഉയർന്നിരിക്കുന്നത്. വരുന്ന പ്രശ്‌നങ്ങൾ എന്തുതന്നെയായാലും ധൈര്യമായി നേരിടാൻ തന്നെയാണ് ബെന്നിയുടെ തീരുമാനം. ഉറ്റ സുഹൃത്തുക്കളും ബെന്നിക്കു പൂർണപിന്തുണയുമായി രംഗത്തുണ്ട്.

എന്റെ അയൽനാട്ടുകാരനും സുഹൃത്തുമായ ബെന്നി. ഏകദേശം പത്ത് വർഷങ്ങൾക്കുമുമ്പ് ഒരു ഹിന്ദു പെൺകുട്ടിയെ Intercaste...

Posted by PA Mathew on Monday, March 14, 2016