- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടന ചിത്രം രഹ്ന മറിയം നൂർ; ആദ്യദിനത്തിൽ പതിമൂന്ന് ചിത്രങ്ങൾ; കൈരളിയിലും ടാഗോറിലും രാവിലെ 10 മുതൽ പ്രദർശനങ്ങൾ; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ പതിമൂന്ന് ചിത്രങ്ങൾ ആദ്യ ദിനം പ്രദർശിപ്പിക്കും. 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, വാർധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിങ് ഡെത്ത് ഈസ് സാൽവേഷൻ, കോവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ എന്നിവയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ പ്രദർശിപ്പിക്കുന്നത് ചിത്രങ്ങൾ.
രാവിലെ 10 മുതൽ കൈരളി തിയേറ്ററിലും ടാഗോറിലുമാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ശ്രീ, കലാഭവൻ എന്നിവിടങ്ങളിൽ പ്രദർശനം ആരംഭിക്കും. സ്‌പെയിൻ ചിത്രമായ ദി കിങ് ഓഫ് ഓൾ ദി വേൾഡ് ഉച്ചയ്ക്ക് 12.30 നു കൈരളിയിലും,107 മദേഴ്സ് രാവിലെ 10.15 ന് കലാഭവനിലുമാണ് പ്രദർശിപ്പിക്കുന്നത്.
പോളണ്ടിലെ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 'ലീവ് നോ ട്രെയ്സസ് 'എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും വെള്ളിയാഴ്ചയാണ്.ഉച്ചയ്ക്ക് 12.15 ന് ശ്രീ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. അൽബേനിയൻ ചിത്രമായ ഹൈവ്, ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനവും വെള്ളിയാഴ്ച ഉണ്ടാകും.
ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദർശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്‌ച്ചകൾ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ളിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഐഎഫ്എഫ്‌കെയിൽ ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും ഇത്തവണ ഐഫ്എഫ്‌കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടർക്കിഷ് സംവിധായകൻ എമ്ർ കയ്സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ 'കമീല കംസ് ഔട്ട് റ്റു നെ'റ്റ്, 'ക്ലാരാ സോള', ദിനാ അമീറിന്റെ 'യു റീസെമ്പിൾ മി', മലയാളചിത്രമായ 'നിഷിദ്ധോ', 'ആവാസ വ്യൂഹം' തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ 'കൂഴങ്ങളും' ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അഫ്ഗാൻ ചിത്രമായ 'ഡ്രൗണ്ടിങ് ഇൻ ഹോളി വാട്ടർ', സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത 'ഓപ്പിയം വാർ', കുർദിഷ് ചിത്രം 'കിലോമീറ്റർ സീറോ', 'മെറൂൺ ഇൻ ഇറാഖ്', മ്യാന്മർ ചിത്രം 'മണി ഹാസ് ഫോർ ലെഗ്സ്' തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോൺഫ്‌ളിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ