തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ്. ഇതു സംബന്ധിച്ചു ടെലികോം മന്ത്രാലയവുമായി കെ ഫോൺ കരാറിൽ ഒപ്പിട്ടതോടെ വൻകിട ടെലികോം കമ്പനികളിൽനിന്നു ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും. ലൈസൻസ് ലഭിച്ചതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നിയമപരമായ അധികാരം കെ ഫോണിന് ലഭിക്കും.

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സ്വന്തമായി ഐഎസ്‌പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറും. ഭരണ തുടർച്ചയിൽ ഇടതു സർക്കാരിന് പൊൻതൂവലായി മാറുന്ന നേട്ടാമാണ് കെ ഫോണിലൂടെ കൈവരുന്നത്.

ഇന്റർനെറ്റ് സേവനദാതാക്കളുടെ വിപണി മത്സരത്തിലേക്കാണ് കെ ഫോണും എത്തുന്നത്. ഒരു വർഷത്തേക്കു ബാൻഡ് വിഡ്ത് ലഭ്യമാക്കാനുള്ള ടെൻഡറിൽ ബിഎസ്എൻഎൽ ആണ് ഒന്നാമത് എത്തിയത്. അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഗുണഭോക്താക്കൾ ഇന്റർനെറ്റ് സേവനദാതാക്കളെ ആശ്രയിക്കണമെന്നും കെ ഫോൺ ഐഎസ്‌പി ആകില്ലെന്നുമായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, സർക്കാർ ഓഫിസുകൾക്കു കണക്ഷൻ നൽകുമ്പോഴും ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ സേവനം നൽകുമ്പോഴുമുള്ള സാമ്പത്തിക ബാധ്യത മറികടക്കാൻ വരുമാനമുണ്ടാക്കാനാണ് ഐഎസ്‌പി ലൈസൻസിന് അപേക്ഷ നൽകിയത്.

കെ ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് നേരത്തേ ലഭിച്ചിരുന്നു. കേന്ദ്ര ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക റജിസ്‌ട്രേഷൻ പ്രകാരം കെ ഫോണിനു ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റു അവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകാനോ വിൽക്കോനോ ഉള്ള അധികാരമുണ്ടായിരിക്കും.

കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി കേരള ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് കെ ഫോൺ. പദ്ധതി പൂർത്തിയാകുമ്പോൾ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്നാണു വാഗ്ദാനം.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കിയത് അഭിമാനാർഹമായ നേട്ടമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐഎസ്‌പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. അവസാന വട്ട തയ്യാറെടുപ്പുകൾക്ക് ശേഷം ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ ഇവിടങ്ങളിലെല്ലാം സർക്കാർ സേവനങ്ങൾ പേപ്പർ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സർക്കാർ ഓഫീസുകളിലുണ്ടാകാനും ഉപകരിക്കും.

പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയാണ് പദ്ധതി. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.