രു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയായിരിക്കും ജോൺ ജെയ്റോ വെലാസ്‌ക്യൂസ്. 300 പേരെ നേരിട്ട് കൊന്ന കൊലയാളിയാണിയാൾ. ഇതിന് പുറമെ 3000 പേരെ കൊന്ന സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇയാൾ കൊലപ്പെടുത്തിയവരിൽ പത്രലേഖകർ, നേതാക്കളും വരെ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ ഈ കൊലയാളിയുടെ അഭിമുഖവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്രലേഖഖനായ ക്രിസ്റ്റഫർ ബക്ക്ടിൻ. സൺഡേ മിററിന് വേണ്ടിയാണീ അപൂർവ അഭിമുഖം വെലാസ്‌ക്യൂസ് അനുവദിച്ചിരിക്കുന്നത്. കൊളംബിയയിലെ ഇയാളുടെ താവളത്തിലേക്കുള്ള വഴികൾ മനസിലാക്കാനായില്ലെന്നും അതീവ രഹസ്യമായിട്ടാണ് വെലാസ്‌ക്യൂസിന്റെ അനുയായികൾ തങ്ങളെ അവിടെ എത്തിച്ചതെന്നും ബക്ക്ടിൻ വെളിപ്പെടുത്തുന്നു.തികച്ചും രഹസ്യമായ താവളത്തിൽ അതീവ സുരക്ഷയിലാണ് ഈ കൊലയാളി കഴിയുന്നതെന്നാണ് റിപ്പോർട്ട്. പാബ്ലോ എസ്‌കോബാർ എന്ന മയക്കുമരുന്ന് രാജാവിന് വേണ്ടിയാണ് പോപെയെ മിക്ക കൊലകളും നടത്തുന്നത്.

പോപെയെ എന്നാണ് വെലാസ്‌ക്യൂസ് സാധാരണയായി അറിയപ്പെടുന്നത്. തന്റെ ബോസിനോടുള്ള കൂറ് പുലർത്താൻ വേണ്ടിയാണ് ഇയാൾ നിരവധി പേരെ നിർദയം കൊന്ന് തള്ളിയിരിക്കുന്നത്. ചില കൊലകൾക്ക് 75,000 പൗണ്ട് വരെ ഇയാൾ പ്രതിഫലം പറ്റിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തന്റെ എതിർഗ്രൂപ്പുകൾക്കും കൊളംബിയ സ്റ്റേറ്റിനുമെതിരെയുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായി നടന്ന 200 കാർ ബോംബ് സ്ഥോടനങ്ങളുടെയും സൂത്രധാരനാണ് വെലാസ്‌ക്യൂസ്. ഉന്നത വ്യക്തികളെ തട്ടിക്കൊണ്ട് പോകുന്നതിലും കുപ്രസിദ്ധനാണ് പോപെയെ. 1998ൽ തട്ടിക്കൊണ്ടു പോയ അറ്റോർണി ജനറൽ കാർലോസ് മൗറോ ഹോയോസും ഇതിൽ ഉൾപ്പെടുന്നു.ഹോയോസിനെ തടവിൽ വച്ച് താനാണ് കൊലപ്പെടുത്തിയതെന്ന് പോപെയെ സമീപകാലത്ത് വെളിപ്പെടുത്തിയിരുന്നു.

പോപെയെ തട്ടിക്കൊണ്ട് പോയവരിൽ ബോഗോട്ടയിലെ മേയർ സ്ഥാനാർത്ഥിയായിരുന്ന ആൻഡ്രെസ് പാസ്ട്രാനയും ഉൾപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും അദ്ദേഹം രക്ഷപ്പെടുകയും പിന്നീട് കൊളംബിയയുടെ 57ാം പ്രസിഡന്റായ 1998മുതൽ 2002 വരെ ഭരിക്കുകയും ചെയ്തിരുന്നു.കൊല്ലപ്പെടേണ്ടയാളെ യാതൊരു വിധത്തിലുമുള്ള പശ്ചാത്താപവുമില്ലാതെ കൊന്ന് തള്ളുകയെന്നതാണീ കൊലപാതകിയുടെ രീതി. തന്റെ ഗേൾഫ്രണ്ടിനെ നിയോഗിച്ച് കമേഴ്സ്യൽ എയർലൈനിന് ബോംബിട്ട് 107 പേരെ ഇയാൾ വധിച്ചിരുന്നു.ഇത്തരത്തിലുള്ള എല്ലാ കൊലകളും തന്റെ ബോസായ എസ്‌കോബാറിന്റെ ഉത്തരവ് നടപ്പിലാക്കാനാണ് താൻ നിർവഹിക്കുന്നതെന്നാണ് പോപെയെ പറയുന്നത്. ഒരു പ്രഫഷണൽ കില്ലറെന്ന നിലയിൽ ഒരാളുടെ ജീവൻ എടുക്കുമ്പോൾ തനിക്ക് ലജ്ജയോ, ദുഃഖമോ, സന്തോഷക്കുറവോ അനുഭവപ്പെടാറില്ലെന്നും തന്റെ ജോലി ചെയ്യുകയാണെന്ന ചിന്ത മാത്രമേയുള്ളുവെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

തന്റെ 17ാം വയസിലായിരുന്നു പോപെയെ ആദ്യമായി എസ്‌കോബാറിനെ കണ്ട് മുട്ടിയത്. ഒരു ഗൺ പെർമിറ്റ് നേടിയ പോപെയെയെ എസ്‌കോബാർ തന്റെ ഭാര്യമാരിലൊരാളുടെ ബോഡിഗാർഡായ് നിയോഗിക്കുയായിരുന്നു. എന്നാൽ എപസ്‌കോബാറും ആ സ്ത്രീയും തമ്മിലുള്ള ബന്ധം വേർപെട്ടപ്പോഴും പോപെയെയുടെ വിശ്വാസ്യത നന്നായി ബോധിച്ച എസ്‌കോബാർ അയാളെ തന്റെ വിശ്വസ്തനായി കൂടെ നിർത്തുകയായിരുന്നു. ആദ്യം എസ്‌കോബാറിനെ കാണുമ്പോൾ ഒരു ദൈവത്തെ കാണുന്ന പ്രതീതിയായിരുന്നു തനിക്കുണ്ടായിരുന്നതെന്നാണ് പോപെയെ വെളിപ്പെടുത്തുന്നത്.

ഒരു ബസ് ഡ്രൈവറെയായിരുന്നു പോപെയെ ആദ്യമായി കൊന്നത്. ഒരു സ്ത്രീയെ അയാൾ ബസിടിപ്പിച്ച് കൊന്നതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ഈ സ്ത്രീയുടെ മകൻ പ്രസ്തുത ഡ്രൈവറെ കൊല്ലാനുള്ള അനുവാദം എസ്‌കോബാറിൽ നിന്നും നേടുകയും ആ ദൗത്യം തന്നെ ഏൽപിക്കുകയുമായിരുന്നുവെന്ന് പോപെയെ ഓർക്കുന്നു. അന്നവിടെ കൊല നടത്താൻ എസ്‌കോബാറിൻെ അനുമതി വേണ്ടിയിരുന്നുവെന്നും ഇയാൾ ഓർക്കുന്നു. തന്റെ ശത്രുക്കളെ നിർദയം കൊന്ന് തള്ളിയാണ് എസ്‌കോബാർ 4 ബില്യൺ പൗണ്ട് മൂല്യമുളഅള തന്റെ മയക്കുമരുന്ന് സാമ്രാജ്യം നിലനിർത്തിയിരുന്നത്. ഈ കൊലകളിൽ മിക്കവയിലും പോപെയെ ഭാഗഭാക്കാകുകയും ചെയ്തിരുന്നു. ദീർഘകാലം കൊളംബിയയിലെ മയക്കുമരുന്ന് രാജാവായി അടക്കി വാണ എസ്‌കോബാർ 1993 ഡിസംബർ രണ്ടിന് വെടിയേറ്റ് മരിക്കുകയായിരുന്നു.