തിരുവനന്തപുരം : കലാമണ്ഡലം രാജശ്രീയെ ആരും മറന്നിട്ടുണ്ടാകില്ല. തന്റെ ഭർത്താവ് സമ്മാനിക്കുന്ന ഡയമണ്ട് നെക്ലേസ് കടലിൽ വലിച്ചെറിഞ്ഞിട്ട്,''ഡയമണ്ട് നെക്ലേസിനേക്കാൾ വലുതാണ് അരുണേട്ടന്റെ സ്‌നേഹം'' എന്നു പറയുന്ന നാട്ടിൻപുറത്തുകാരി പെണ്ണിനെ എങ്ങനെ മറക്കും.

വെടിവഴിപാട് എന്ന സിനിമയിൽ തന്റേടിയായ ജേർണലിസ്റ്റ്, ഇതിഹാസ എന്ന സിനിമയിൽ മലയാളത്തിലെ മറ്റു നടിമാരെ ഞെട്ടിച്ച ആൺവേഷം, ഇപ്പോൾ സിദ്ധാർഥ് ഭരതന്റെ രണ്ടാം സംവിധാന സംരംഭമായ ദിലീപ് ചിത്രം 'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിലെ ശല്യക്കാരിയായ ഭാര്യ സുഷമ ....എന്നിങ്ങനെ കയ്യടി നേടുകയാണ് അനുശ്രീ.

ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെ അഭിനന്ദിക്കുന്നവരോടും ആരാധകരോടും മറുപടി പറയാൻപോലും സമയം തികയുന്നില്ലെങ്കിലും മറുനാടനോട് സംസാരിക്കാൻ അനുശ്രീ സമയം കണ്ടെത്തി.

?എങ്ങനെയാണ് സിനിമയിൽ എത്തിയത്

സൂര്യ ടിവിയുടെ അഭിനയ റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് സാർ എന്നെ കണ്ടെത്തിയത്. സാറിന്റെ പുതിയ സിനിമയി്ൽ ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷം ചെയ്യാമോ എന്ന് ചോദിച്ചു വിളിച്ചു. ചെറിയ വേഷമാണ് പ്രതീക്ഷിച്ചത്. കൊല്ലം പത്തനാപുരം കമുകുംചേരിയിലെ ഗ്രാമപ്രദേശത്തുള്ള വീട്ടിൽ ജനിച്ചു വളർന്ന എനിക്ക് നാട്ടിൻപുറത്തുകാരിയുടെ വേഷം ചെയ്യാൻ സന്തോഷമായിരുന്നു. പക്ഷേ, ഇത്രയും വലിയ ഒരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കാൻ കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രത്തിനു കഴിയുമെന്നു സ്വപ്നത്തിൽപോലും കരുതിയില്ല. 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമ ജനങ്ങൾ സ്വീകരിച്ചപ്പോൾ അഭിമാനം ഉയരുന്നു.

'ഡയമണ്ട് നെക്ലേസിനു' ശേഷം കുടുംബപ്രേക്ഷകരിലേക്ക് എത്തുന്ന എന്റെ സിനിമയാണിത്. ഞാൻ ചെയ്തിട്ടുള്ള വേഷങ്ങൾ കൂടുതലും നാടൻപെൺകുട്ടിയും ഭാര്യയും ഒക്കെയാണ്. 'ഇതിഹാസ'യിലും 'വെടിവഴിപാടി'ലും വ്യത്യസ്ത കഥാപാത്രങ്ങളെ കിട്ടി. എങ്കിലും ആളുകൾക്ക് എന്നെ കൂടുതൽ കാണാൻ ഇഷ്ടവും റിലേറ്റ് ചെയ്യാൻ പറ്റുന്നതും നാടൻ പെൺകുട്ടിയായിട്ടുതന്നെയാണ്. സിനിമയുടെ എണ്ണം കൂട്ടാൻവേണ്ടി ലഭിക്കുന്ന എല്ലാ വേഷങ്ങളും ചെയ്യാൻ ശ്രമിക്കാറില്ല. പുതുതായി എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ എന്ന് നോക്കിത്തന്നെയാണ് വേഷങ്ങൾ സ്വീകരിക്കാറുള്ളത്. ബന്ധങ്ങളുടെപേരിൽ ചില വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ബാക്കി കഥാപാത്രങ്ങളെല്ലാം ഞാൻ ഇഷ്ടം തോന്നി തെരഞ്ഞെടുത്തവയാണ്.

?വെടിവഴിപാടുപോലുള്ള സിനിമ ചെയ്യുമ്പോൾ വിമർശനം ഉണ്ടായേക്കുമെന്ന് ചിന്തിച്ചിരുന്നോ

നാണംകുണുങ്ങിയല്ലാത്ത ശക്തയായ പെണ്ണായി ഞാൻ ആദ്യം അവതരിപ്പിക്കുന്നത് 'വെടിവഴിപാടി'ലാണ്. അതിൽ എന്റെ കഥാപാത്രത്തെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. ആ കഥാപാത്രം 'നാടൻപെൺകുട്ടി' എന്ന എന്റെ ഇമേജ് മാറ്റി. തന്റേടമുള്ള കഥാപാത്രങ്ങൾ ചെയ്യാനും എനിക്ക് കഴിയുമെന്ന് ആ സിനിമയിലൂടെ തെളിയിക്കാനായി. അതിലൂടെയാണ് ഇതിഹാസ എന്ന കഥാപാത്രത്തെ എനിക്ക് ലഭിച്ചത്. പുരുഷന്മാരെപോലെ ആക്ഷനുള്ള വേഷമായിരുന്നു 'ഇതിഹാസ'യിലേത്. എനിക്കും അത്തരം വേഷങ്ങൾ അവതരിപ്പിക്കാൻ പറ്റുമെന്ന് സ്വയം തോന്നിയത് അഭിനയിച്ചുകഴിഞ്ഞപ്പോഴാണ്. എന്നിൽ വിശ്വാസം അർപ്പിച്ച ചലച്ചിത്ര പ്രവർത്തകരോടാണ് നന്ദി പറയാനുള്ളത്. 'ഇതിഹാസ'യ്ക്ക് ശേഷം എനിക്ക് വന്ന കഥാപാത്രങ്ങൾ കൂടുതലും കരാട്ടെയും സ്റ്റണ്ടും ഉള്ളവയായിരുന്നു. ഒരേ അച്ചിലുള്ള കഥാപാത്രം ഇനി വീണ്ടും ചെയ്യില്ല എന്ന് തീരുമാനമെടുത്ത് പിന്മാറി.

?ഇതിഹാസ എന്ന ചിത്രത്തിലെ പ്രകടനം കണ്ടവർ എന്തു പറഞ്ഞു

'ഇതിഹാസ'യിലെ വേഷം ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്നു. പക്ഷേ സിനിമകഴിഞ്ഞ് റിലീസിങ്ങിനു മുമ്പുതന്നെ കൈയിലെ ഞരമ്പിനു മേജർ ശസ്ത്രക്രിയ വേണ്ടിവന്നു. സിനിമയുടെ സാഹസികമായ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ അസുഖം ആയിരുന്നില്ല അത്. സിനിമ വലിയ വിജയം നേടുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. സർജറി കഴിഞ്ഞ് ഇരുപതു ദിവസം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാൻ കഴിയാതെപോയി.

?നാടൻ പെൺകുട്ടിയുടെ വേഷം ചെയ്യാൻ ഇപ്പോൾ എല്ലാവരും തിരഞ്ഞെടുക്കുന്നത് അനുശ്രീയെ ആണെന്നുകേൾക്കുന്നു. അതിനോട് എതിർപ്പുണ്ടോ

നാടൻ കഥാപാത്രങ്ങളുടെ ലേബൽ എന്നിൽ വീഴുന്നതുതന്നെ ഞാൻ നാട്ടിൻപുറത്ത് വളർന്ന മിഡിൽ ക്‌ളാസുകാരി ആയതുകൊണ്ടാണ്. സിനിമയിൽ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയോ ഭാര്യയോ കഥാപാത്രമായി വരുമ്പോൾ നമുക്ക് അനുശ്രീയെ വിളിച്ചാലോ എന്ന് പലരും ചിന്തിക്കുന്നത് അതുകൊണ്ടാണ്. നാടൻ വേഷങ്ങളിലേക്ക് ഒതുങ്ങുന്നല്ലോ എന്ന് ചിലപ്പോഴെല്ലാം ചെറിയ സങ്കടം തോന്നും. അവർക്കെല്ലാം എന്നെ വിളിക്കാൻ തോന്നുന്നത് ഞാൻ നന്നായി അത്തരം കഥാപാത്രങ്ങളെ ചെയ്യുന്നതുകൊണ്ടാണ് എന്ന പോസിറ്റീവ് സൈഡും അതിനുണ്ടല്ലോ എന്നും തോന്നാറുണ്ട്. നഗരത്തിൽ വളർന്ന പെൺകുട്ടിയായിരുന്നു എങ്കിൽ ഇത്തരം വേഷങ്ങൾ തൻയത്വത്തോടെ ചെയ്യാൻ പറ്റുമായിരുന്നില്ല.

?ഡാൻസ് ചെയ്യുന്ന നായികമാർക്കാണ് ഇപ്പോൾ ഡിമാന്റ്. അനുശ്രീ ഡാൻസ് പഠിച്ചിട്ടില്ല. അതുകൊണ്ടാണ് മുൻനിരയിലേക്ക് ഉയരാത്തതെന്നു തോന്നുന്നുണ്ടോ

ഞാൻ നൃത്തം പഠിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ടി നൃത്തവും മറ്റും അഭ്യസിക്കണമെന്നുണ്ട്. നാട്ടിൽ അതിനുള്ള സാഹചര്യമില്ല. അതിനുവേണ്ടി എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ മാറിതാമസിക്കുന്നത് ചിന്തിക്കാൻപോലും പറ്റില്ല. അച്ഛനമ്മമാരെ വിട്ട് അങ്ങോട്ടേക്കൊന്നും പോകാനാകില്ല.

?റിയാലിറ്റി ഷോയിലെ പരിചയം സിനിമയിൽ എത്രത്തോളം ഗുണം ചെയ്തു

ഞാൻ സിനിമയിലേക്ക് വന്നത് സൂര്യ ടിവിയിലെ ബിഗ് ബ്രേക്ക് എന്ന അഭിനയ റിയാലിറ്റി ഷോയിലൂടെയാണ്. ഒരു വർഷത്തോളം നീണ്ട പരിശ്രമവും തയ്യാറെടുപ്പും അതിന്റെ പിന്നിലുണ്ടായിരുന്നു. വലിയ നാടകപ്രവർത്തകരെല്ലാം അതിന്റെ പിന്നണിയിലുണ്ടായിരുന്നു. അത്തരം ഗ്രൂമിങ് സെക്ഷനുകളാണ് അപരിചതരുമൊത്ത് ഇടപെഴകാനും അഭിനയിക്കാനുമെല്ലാമുള്ള ഭയം ഇല്ലാതാക്കിയത്. ആദ്യസിനിമയുടെ സംവിധായകൻ ലാൽ ജോസ് സാറുമായി റിയാലിറ്റി ഷോയിൽ വച്ചുതന്നെ നല്ല ബന്ധം ഉണ്ടാക്കാനായി. ആ ടീമിനൊപ്പം ചേർന്നപ്പോൾത്തന്നെ സിനിമയെക്കുറിച്ചുള്ള എന്റെ എല്ലാ പേടിയും പോയി.