മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് അബൂദാബി ജയിലിലടയ്ക്കപ്പെടുകയും തുടർന്ന് നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനാൽ നാട്ടിലേക്കയയ്ക്കുകയും ചെയ്ത തിരുനാവായ പട്ടർ നടക്കാവ് സ്വദേശി ഹംസയുടെ മകൻ ജാബിർ  മറുനാടൻ മലയാളിയോടു മനസു തുറന്നു. ആഗോള ഭീകരസംഘടനയായ ഐസിസുമായി ബന്ധമാരോപിച്ച് യു.എ.ഇ സർക്കാർ നാടുകടത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായുള്ള മാദ്ധ്യമാ വർത്തകളും നിരവധി പേർ നിരീക്ഷണത്തിലാണെന്ന ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളും അടിക്കടി പുറത്തു വരുന്ന സാഹചര്യത്തിലായിരുന്നു ജാബിറിന്റെയും കുടുംബത്തിന്റെയും വെളിപ്പെടുത്തലുകൾ. ജാബിറുൾപ്പടെയുള്ളവർ അബൂദാബിയിൽ നിന്നും നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും വ്യത്യസ്തമായ വാർത്തകൾ പുറത്തു വരുന്നെങ്കിലും ജാബിറിനും കുടുംബത്തിനും പറയാനുള്ളത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നില്ല. എന്നാൽ ഇന്നലെ ഈ കുടുംബത്തെ മറുനാടൻ മലയാളി ആദ്യമായി സമീപിച്ചതോടെയാണ് ഇവരുടെ നിരപരാധിത്വം പുറംലോകമറിയുന്നത്. സംഭാഷണത്തിന്റെ ഏതാനും ഭാഗം ഇന്നലെ മുറുനാടൻ പുറത്തു വിട്ടിരുന്നു.

താനുൾപ്പടെ എട്ടോളം പേർ തടവിലാക്കപ്പെട്ടിരുന്നതായും തങ്ങളുടെ നിരപരാധിത്വം വ്യക്തമായതോടെ നാട്ടിലേക്കയക്കുകയായിരുന്നെന്നും ജാബിർ വ്യക്തമാക്കി. ജാബിറിനൊപ്പം നിരവധി യുവാക്കളെ യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവരുമുണ്ടായിരുന്നു. അബൂദാബിയിൽ തടവിലാക്കിയ തൃശൂർ സ്വദേശി ആരോമലിനെ കുറിച്ച് കഴിഞ്ഞ ദിവസം വരെ കുടുംബത്തിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ നെടുമ്പാശ്ശേരി എയർപോർട്ട വഴി വന്ന രണ്ടു മലയാളികളിൽ ഒരാൾ ആരോമലായിരിക്കാമെന്നാണ് സൂചന. ആതവനാടുള്ള മറ്റൊരു യുവാവും നാട്ടിലെത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള പിതാവ് ഹംസ കഴിഞ്ഞ 32 വർഷക്കാലം അബുദാബി റാസൽ ഖൈമയിൽ മണലാരണ്യത്തിൽ ജീവിതത്തോടു പൊരുതുകയായിരുന്നു. പ്രവാസം മതിയാക്കിയപ്പോൾ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഇപ്പോൾ ഭീകരവാദബന്ധം പറഞ്ഞ് നിരപരാധികളായ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നെന്ന് കണ്ണീരോടെ ആ പിതാവ് പറഞ്ഞു.

പത്തൊമ്പതുകാരൻ ജാബിറുമായി മറുനാടൻ മലയാളി ലേഖകൻ നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം:

  • കുടുംബ പശ്ചാത്തലം

ഉപ്പയും ഉമ്മയും ഒരു സഹോദരനും രണ്ടുസഹോദരിമാരും അടങ്ങുന്നതാണ് എന്റെ കുടുംബം. ഉപ്പ ജോലിയുമായി ബന്ധപ്പെട്ട് അബൂദാബി റാസൽ ഖൈമയിലായതിനാൽ ഞങ്ങളെയും അവിടേക്ക് കൊണ്ടു പോയി. എന്റെയും സഹോദരൻ സെയ്ദ് (23)ന്റെയും വിദ്യാഭ്യാസവും ജോലിയും അവിടെത്തന്നെയായിരുന്നു. അബൂദാബി റാസൽ ഖൈമയിലെ ന്യൂ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചിരുന്നത്. +2 വരെ അവിടെ പഠിച്ചു. രണ്ടു വർഷം മുമ്പാണ് ഉപ്പ അവിടെനിന്നും നിർത്തി നാട്ടിലേക്ക് വന്നത്. ഇപ്പോൾ ഇവിടെ കൂലിപ്പണിക്ക് പോകുന്നുണ്ട്. ആകെയുള്ള ഈ വീടായിരുന്നു സമ്പാദ്യം. ഞങ്ങൾ വിദേശത്തായിരുന്നപ്പോൾ ഉപ്പയുടെ സഹോദരനാണ് വീട് നോക്കിയിരുന്നത്. എന്റെ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇളയ സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. സഹോദരൻ സെയ്ദ് ഒന്നര വർഷം മുമ്പ് ജോലി ഒഴിവാക്കി വിസ മാറി തിരിച്ചു പോകാൻ നാട്ടിലേക്കു വന്നിരുന്നു. ഇതിനിടയിൽ പല വിസക്കും അവൻ ശ്രമം നടത്തിയിരുന്നു. ഭീമമായ തുക വരുമെന്നതിനാൽ ഇതെല്ലാം ഒഴിവാക്കുകയാണുണ്ടായത്. പിന്നീട് നാലു മാസം മുമ്പ് വിസിറ്റിംഗിൽ പോയി തിരിച്ചു വന്നിരുന്നു. ഇപ്പോൾ രണ്ടു മാസമായി നാട്ടിൽ തന്നെയുള്ള ഒരു ജൂവലറിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയാണ്.

  • അബൂദാബി പൊലീസിന്റെ പിടിയിലാകുന്നത് എങ്ങനെയാണ്?

ഇപ്പോഴുള്ള പ്രശ്‌നത്തിനെല്ലാം തുടക്കം ഞങ്ങളുടെ സ്‌കൂളിൽ മുമ്പ് പഠിച്ചിരുന്ന രണ്ടു പേരെ കാണാതായതോടെയാണ്. അബൂദാബി റാസൽഖൈമയിൽ ഹൗസിംങ് മെറ്റീരിയൽസ് വിൽക്കുന്ന കടയിൽ ജോലി ചെയ്തപ്പോഴാണ് ഈ സംഭവം. ഇവരെ കാണാതായതോടെ അബൂദാബിയിൽ സെറ്റിലായിരുന്ന അവരുടെ രക്ഷിതാക്കൾ അവിടത്തെ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് പൊലീസ് ഈ വിവരം അറിയുന്നത്. പിന്നീട് ഇവരെക്കുറിച്ചുള്ള തിരച്ചിലിനിടയിൽ പൊലീസ് ഞാനുൾപ്പടെയുള്ള സഹപാഠികളെയും കാണാതായവരുടെ നാട്ടുകാരെയുമെല്ലാം ചോദ്യം ചെയ്ത് കസ്റ്റഡിയിൽ വച്ചു. ഞാൻ പതിവുപോലെ കടയിലിരിക്കുമ്പോഴാണ് എന്റടുത്ത് പൊലീസ് എത്തി ഓരോ ചോദ്യങ്ങൾ ചോദിച്ചത്. കടയിൽ സാധനം വാങ്ങാനെന്ന് പറഞ്ഞാണ് പൊലീസ് എത്തിയത്. പിന്നീട് പൊലീസാണെന്നു പറഞ്ഞ് എന്റെ മൊബൈൽ പരിശോധിക്കുകയും ചെയ്തു. മൊബൈലിന്റെ വാൾപേപ്പറാക്കി വച്ചിരുന്നത് ശൈഖ് സായിദ് മ്യൂസിയത്തിൽ നിന്നെടുത്ത ഫോട്ടോയാണ്. യു.എ.ഇ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ഉപയോഗിച്ച തോക്ക് അവിടെ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ശൈഖ് സായിദ് തോക്കുമായി നിൽക്കുന്ന പ്രതിമയുമുണ്ട്. മ്യൂസിയത്തിൽ കൗതുകം തോന്നിയതെല്ലാം ഫോട്ടോ എടുത്ത കൂട്ടത്തിൽ തോക്കുമായി നിൽക്കുന്ന ഫോട്ടോയും എടുത്തു. ഇത് മൊബൈലിൽ കണ്ടതോടെ പിന്നീട് വേറെയൊന്നും ചോദിച്ചിരുന്നില്ല. എന്നെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോകുകയാണുണ്ടായത്. പിന്നീട് കസ്റ്റഡിയിൽ വച്ച് ദിവസങ്ങളോളം ചോദ്യം ചെയ്തു. പ്രധാനമായി ചോദിച്ചത് കാണാതായവരുടെ ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്നായിരുന്നു. ഇവരെ അറിയാമെന്നും അടുത്ത ബന്ധമോ സൗഹൃദമോ ഇല്ലെന്നും പറഞ്ഞു. കാണാതായവരെ അറിയുമെന്നതും നേരത്തെ എടുത്ത ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടതുമെല്ലാം ചേർത്തു വായിച്ചപ്പോൾ എന്നെ നിരീക്ഷിക്കുകയും തടവിലടയ്ക്കുകയുമായിരുന്നു.[BLURB#1-VR] 

  • കാണാതായ സഹപാഠികളെ കുറിച്ച്

കാണാതായ രണ്ടു പേരും ഞാൻ പഠിച്ചിരുന്ന സ്‌കൂളിൽ പഠിച്ചിരുന്നു. ഒരേ ക്ലാസിൽ പഠിച്ചിരുന്നില്ല. റിയാബ്, മുജാഹിദ് എന്നീ പേരുകളുള്ള രണ്ടു പേരേയാണ് കാണാതായത്. ഒരാൾ മലയാളിയും മറ്റേയാൾ ബംഗ്ലാദേശിയുമാണ്. മലയാളി കോഴിക്കോട്ടുകാരനാണെന്നാണ് സംശയം. ഇവരുമായി അടുത്ത ബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. അവിടെ താമസിച്ചിരുന്ന കുടുംബങ്ങളിൽനിന്നും സ്‌കൂളിൽ പഠിച്ചവരിൽനിന്നുമുണ്ടായിരുന്ന സ്വാഭാവികമായ പരിചയം മാത്രമായിരുന്നു. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായോ മറ്റു വിവരങ്ങളോ ഞങ്ങൾക്കറിയില്ല. അവരിപ്പോൾ എവിടെയാണെന്നൊന്നും അറിയില്ല. അവരെ കാണാതായതാണ് ഞങ്ങൾക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. കാണാതായവരെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.

  • ഇതുമായി ബന്ധപ്പെട്ട് സഹോദരനെ ചോദ്യം ചെയ്തിരുന്നോ?

സഹോദരൻ സെയ്ദ് വിസിറ്റിങ്ങിൽ പോയി നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് രണ്ടു പേരെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പരാതി അബൂദാബി പൊലീസിൽ കിട്ടുന്നത്. ഇതേ തുടർന്ന് ഞാനടക്കമുള്ള എട്ടു പേരെ ചോദ്യം ചെയ്ത് ജയിലിലടച്ചു. പക്ഷെ, കാണാതായവരെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ രണ്ട് മാസം മുമ്പ് സെയ്ദിനെ കാണാൻ രണ്ട് സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം ഒരു തവണ വളാഞ്ചേരി സി.ഐ ഓഫീസിലും രണ്ടു തവണ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി മോഹനചന്ദ്രന്റെ ഓഫീസിലും ഹാജരായിരുന്നു. അവസാനമായി ഹാജരായത് ഈ കഴിഞ്ഞ പണിമുടക്ക് ദിവസമായിരുന്നു. അവരും ആവർത്തിച്ച് ചോദിച്ചത് കാണാതായവരുടെ ഫോട്ടോ കാണിച്ചാണ്. പക്ഷെ ഇവരെ കുറിച്ച് മുമ്പ് പറഞ്ഞ അറിയുന്ന കാര്യങ്ങൾ സെയ്ദും പറഞ്ഞു. സെയ്ദ് ഇവരെ അവസാനമായി കാണുന്നത് ഒന്നര വർഷം മുമ്പാണ്. ഞങ്ങളുടെ നിരപരാധിത്വം മനസിലാക്കി ഇനി എവിടേയും ഹാജരാകേണ്ടതില്ലെന്ന് മോഹനചന്ദ്രൻ സാർ സഹോദരനോടും ഉപ്പയോടും പറഞ്ഞിട്ടുണ്ട്.

  • തടവിലാക്കിയ മറ്റുള്ളവരെക്കുറിച്ച് വല്ല വിവരവും?

തടവിലാക്കിയപ്പോൾ ആരും ആരേയും പരസ്പരം കണ്ടിരുന്നില്ല. ആരൊക്കെയാണ് അവിടെ ഉള്ളതെന്ന് വ്യക്തമല്ല. എട്ടുപേർ നിരപരാധിയായവരും തടവിൽ കഴിയുന്നവരുമായി ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം കൂടെയുണ്ടായിരുന്ന പലരെയും നാട്ടിലേക്കു പറഞ്ഞു വിട്ടു. എനിക്കറിയുന്ന കുറ്റിപ്പുറം ആതവനാടുള്ള ഒരുത്തനെ കണ്ടിരുന്നു. എന്നെ തിരിച്ചയക്കാൻ അബുദാബി എയർപോർട്ടിൽ കൊണ്ടുവന്നപ്പോഴാണ് ഞാൻ ഇവനെ കാണുന്നത് പക്ഷെ ഇവനുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല. വീട്ടിലെത്തിയ ശേഷം അവരുടെ വീട്ടുകാരുമായി ഉപ്പ ബന്ധപ്പെട്ടപ്പോൾ അവനും എത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പിന്നെ തൃശൂരിലുള്ള ആരോമലെന്ന കൂട്ടുകാരന്റെ വീട്ടുകാർ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു ഞാൻ വീട്ടിലെത്തിയ ശേഷം അവർ പല തവണ വിളിച്ചിരുന്നു. അവൻ തടവിലാണെന്നും അവനെ ഇതുവരെ വിട്ടില്ലെന്നുമായിരുന്നു വീട്ടുകാർ പറഞ്ഞത്. ആ അമ്മയുടെ കരച്ചിൽ കേട്ട് ഞങ്ങളുടെ കുടുംബം അഞ്ചു നേരവും അവനെ വിട്ടു കിട്ടണമേ എന്ന് പ്രാർത്ഥിച്ചിരുന്നു.

  • അബുദാബി ജയിലിലെ അനുഭവം

നിരപരാധിയായ എന്നെ ജയിലിലടച്ചപ്പോൾ എന്ത് കുറ്റം ചെയ്തിട്ടാണെന്ന് ആലോചിച്ച് ഒരുപാട് കരഞ്ഞിരുന്നു. ജയിൽ വാസത്തോട് പൊരുത്തപ്പെടാൻ ദിവസങ്ങളെടുത്തു. ഒരു മുറിയിൽ ഞാൻ മാത്രമാണുള്ളത്. അതിൽ ഒരു ടോയ്‌ലെറ്റുമുണ്ട്. നിസ്‌കരിക്കാനും പ്രാർത്ഥിക്കാനും ഖുർആൻ പാരായണം ചെയ്യാനുമെല്ലാം ഈ മുറിയിൽ സൗകര്യമുണ്ട്. മുറിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കറുത്ത തുണി തലയിൽ ഇട്ടിരുന്നു. കണ്ണിന്റെ ഭാഗത്തുള്ള ദ്വാരത്തിലൂടെ മാത്രമാണ് പുറം കാഴ്ചകൾ. വേറെയും ഒരു പാട് തടവുകാരെ ഇതുപോലെ ഇട്ടിരുന്നതായി കണ്ടിട്ടുണ്ട്. നാലുമാസത്തിനിടയിൽ അഞ്ചു തവണ വീട്ടുകാരുമായി സംസാരിച്ചു. നിരപരാധികളെ മാത്രമാണ് അവിടെനിന്ന് വീട്ടിലേക്ക് വിളിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ നമ്മുടെ ഭാഷയിൽ സംസാരിക്കാൻ പറ്റില്ല. സംസാരിക്കുന്നത് അവർക്കും മനസിലാകാൻ അറബിയിലാണ് സംസാരിച്ചിരുന്നത്. ഉപ്പയുമായി അഞ്ചു തവണ സംസാരിച്ചു. ഉമ്മയുടെ കരച്ചിൽ മാത്രമാണ് ഫോണിലൂടെ കേട്ടത്. കഴിഞ്ഞാഴ്ച എന്നെ പുറത്തേക്ക് കൊണ്ടുവരുമ്പോൽ ഞാൻ കരുതിയിരുന്നില്ല, അത് നാട്ടിലേക്ക് ആയിരിക്കുമെന്ന്. ജോലിസ്ഥലത്തേക്ക് ആയിരിക്കുമെന്ന് കരുതിയാണ് പൊലീസിന്റെ വാഹനത്തിൽ കയറിയത് പക്ഷെ, നാട്ടിലേക്കായിരുന്നു ആ യാത്ര. അവിടെ ഉണ്ടായിരുന്ന എന്റെ സാധനങ്ങളും മൊബൈൽ ഉൾപ്പടെ അവരുടെ കയ്യിലാണ്. തീവ്രവാദ ബന്ധം ആരോപിക്കുന്നവരെ നാട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. നിരപരാധിയായതു കൊണ്ടാണ് ഞാനടക്കമുള്ളവരെ വിട്ടത്.

  • ഐസിസ് ബന്ധം ആരോപിച്ചല്ലേ ജയിലിലടച്ചത്?

കാണാതായ രണ്ടു പേർ ഐസിസിൽ ചേർന്നെന്നു പറഞ്ഞാണ് ഞങ്ങളെയെല്ലാം ചോദ്യം ചെയ്തതും തടവിലിട്ട് നാട്ടിലയച്ചതും. എന്താണ് ഐ.എസ് എന്ന് കേൾക്കുന്നത് അപ്പോഴാണ്. തോക്കിന്റെ ക്ലിപ്പ് ഊരാനുള്ള കെൽപ് പോലുമില്ല പിന്നെയല്ലെ ഐ.എസ്. ഞാൻ ഐസിസ് ഭീകരനാണെന്നോർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നുണ്ട്.

  • ഇത്തരം സംഘടനകളോടുള്ള ജാബിറിന്റെ കാഴ്ചപ്പാട്

ഐസിസ് എന്നല്ല, ലോകത്തുള്ള ഏത് സംഘടനയാണെങ്കിലും, മനുഷ്യരെ കൊല്ലുന്ന തീവ്രവാദസംഘങ്ങളെ കുറിച്ച് ഓർക്കാൻ കൂടി പറ്റില്ല. മതം മറയാക്കി പിടിച്ച് തീവ്രവാദവും ഭീകരവാദവും നടത്തുന്നതിനോടു യോജിപ്പില്ല. ഇസ്ലാം തീവ്രവാദത്തെയും ഭീകര പ്രവർത്തനങ്ങളെയും ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സ്‌നേഹവും സാഹോദര്യവുമാണ് പ്രോത്സാഹിപ്പിച്ചത്. ഇതു തന്നെയാണ് ഞങ്ങളുടെ കുടുംബങ്ങളുടെയും നിലപാട്. മക്കളെന്ന നിലയിൽ മാതാപിതാക്കൾ ഞങ്ങളെ ആ രൂപത്തിലാണ് വളർത്തിയതും. ഞങ്ങൾ അഞ്ചു നേരം നിസ്‌കരിക്കുന്ന മതേതര കാഴ്ചപ്പാടുള്ള മുസ്ലിംങ്ങളാണ്.[BLURB#2-H]

  • നാട്ടിലെത്തിയപ്പോൾ മാദ്ധ്യമ വാർത്തകളും സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളും

കഴിഞ്ഞ 29ന് ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഞാൻ ഇറങ്ങിയത്. അവിടെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നെ പരിചയപ്പെട്ടു കൂട്ടിക്കൊണ്ടു പോയി. പേടിക്കേണ്ടന്നും ഇത് സാധാരണ ഇത്തരത്തിൽ നാട്ടിലെത്തുന്നവരെ കുറിച്ചുള്ള നടപടി മാത്രമാണെന്നും അവർ പറഞ്ഞിരുന്നു. അവിടത്തെ ജയിൽ വാസവും അതിന് ഇടവരുത്തിയ സംഭവവുമെല്ലാം ഇവിടെ രേഖപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. ശേഷം അന്നു തന്നെ ഉപ്പയെ വിളിക്കുകയും കൂട്ടിക്കൊണ്ടു പോകാൻ പറയുകയും ചെയ്തിരുന്നു. എന്നെ കണ്ട് ഐ.എസ് ബന്ധമുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എസ്എസ്.ബി ഉദ്യോഗസ്ഥർ അമ്പരപ്പോടെ ഉപ്പയോടു പറഞ്ഞിരുന്നു. അന്ന് ഞങ്ങൾ വീട്ടിലെത്തി നാലു ദിവസം കഴിഞ്ഞാണ് ചാനലിലും പത്രങ്ങളിലുമെല്ലാം വാർത്തകൾ വരുന്നത്. ഐ.ബി, റോ എന്നീ ഏജൻസികൾ ചോദ്യം ചെയ്യുകയാണെന്നും എൻ.ഐ.എക്ക് കൈമാറുമെന്നുമാണ് വാർത്തകൾ വന്നിരുന്നത്.

ഇവർ ഞാൻ ഉറങ്ങുമ്പോഴാണോ ചോദ്യം ചെയ്തത്? പിന്നെ എന്തിനായിരുന്നു എന്നെയും കുടുംബത്തെയും ഇത്ര വേദനിപ്പിച്ചത്. ഇവിടെയുള്ളവരുടെ സമീപനവും നോട്ടവും കാണമ്പോൾ ഇതിലും ഭേദം അബൂദാബി ജയിൽ തന്നെയാണെന്ന് ആലോചിച്ചിരുന്നു. ജയിലിൽ ഏതു നേരവും മട്ടനും കോഴിയും കിട്ടും. പിന്നെ മനസമാധാനവും പ്രാർത്ഥനയിൽ കഴിയാനുള്ള സമയവും ലഭിക്കും. ജയിലിനുള്ളിൽ വച്ച് എട്ടു തവണ ഖുർആൻ പൂർണമായി പാരായണം ചെയ്ത് പൂർത്തീകരിച്ചിട്ടുണ്ട്. എന്നെ ഇവിടെ നിന്ന് ഐ.ബിയും റോയും ചോദ്യം ചെയ്യുകയോ കസ്റ്റഡിയിൽ വെയ്ക്കുകയോ ചെയ്തിട്ടില്ല. ഞാൻ തടവിലാണെന്നറിഞ്ഞതു മുതൽ ഉമ്മയും ഉപ്പയും കണ്ണീര് വീഴ്‌ത്താൻ തുടങ്ങിയതാണ്. ഇനിയും ഞങ്ങളെ വേദനിപ്പിക്കരുത്. ഞങ്ങൾ നിരപരാധികളാണ്.