- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ മനസ്സ് കീഴടക്കാൻ കൈനറ്റ് അറോറ; ലാലും ജോഷിയും ലിവിങ് എൻസൈക്ലോപീഡിയകൾ; ലൈലാ ഓ ലൈലയിലെ അനുഭവങ്ങൾ മറുനാടനോട് പങ്കുവച്ച് ബോളിവുഡിലെ ഐറ്റം ഡാൻസർ
കൊല്ലം: ഹിന്ദി സിനിമകളുടെ ആരാധകർക്കു മറക്കാനാവാത്ത പേരാണ് കൈനറ്റ് അറോറ. നിരവധി ഹിന്ദി സിനിമകളിലെ ഐറ്റം ഡാൻസുകളിലൂടെ കൈനറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ലൈല ഓ ലൈല എന്ന മോഹൻലാൽ - ജോഷി ചിത്രം നല്കിയ പുതിയ മേൽവിലാസത്തിലൂടെ മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഈ നടിയെ തേടിയെത്തുന്നുണ്ട്. മൂന്നു മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള
കൊല്ലം: ഹിന്ദി സിനിമകളുടെ ആരാധകർക്കു മറക്കാനാവാത്ത പേരാണ് കൈനറ്റ് അറോറ. നിരവധി ഹിന്ദി സിനിമകളിലെ ഐറ്റം ഡാൻസുകളിലൂടെ കൈനറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ലൈല ഓ ലൈല എന്ന മോഹൻലാൽ - ജോഷി ചിത്രം നല്കിയ പുതിയ മേൽവിലാസത്തിലൂടെ മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഈ നടിയെ തേടിയെത്തുന്നുണ്ട്. മൂന്നു മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള ക്ഷണമാണ് കൈനറ്റിനു ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പുതിയ സിനിമകളുടെ ചർച്ചക്കായി ഒരിക്കൽകൂടി കേരളത്തിലെത്തിയ കൈനറ്റ് മറുനാടൻ മലയാളിയോടു തന്റെ മലയാള സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുന്നു.
?ലൈലാ ഓ ലൈലയിലൂടെ മോളിവുഡിൽ അരങ്ങേറ്റം ഗംഭീരമാക്കിയല്ലോ. എങ്ങനെയായിരുന്നു മലയാളത്തിലെ അനുഭവം
ഇന്ത്യയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന സിനിമകളാണ് മലയാളത്തിലിറങ്ങുന്നതെന്നു കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ടു മനസിലാക്കിയപ്പോൾ ശരിക്കും വിസ്മയിച്ചുപോയി. ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരുപാട് ഉയരങ്ങളിലെക്കെത്തുന്ന സിനിമകളുണ്ടാകുന്നുവെന്നു മനസിലാക്കാൻ കഴിഞ്ഞതു തന്നെ വലിയ അനുഭവമാണ്.
ഡാൻസ് വേഷങ്ങളാണ് ഞാൻ ഇത്രയും കാലം ചെയ്തത്. നിരവധി ഐറ്റം ഡാൻസുകൾ അവതരിപ്പിച്ചു. എന്നാൽ ലൈലാ ഓ ലൈലയിൽ ജോഷിസാർ എനിക്കു നല്ലൊരു അവസരമാണ് നൽകിയിരിക്കുന്നത്. തീരെ പ്രതീക്ഷിക്കാതെയാണ് മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് സിനിമ സമ്മാനിച്ചത്. നായികയെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. അത് ഇവിടുത്തെ ജനങ്ങള് സ്വീകരിച്ചു എന്നറിയുന്നതിൽ സന്തോഷം. ആ സന്തോഷമാണ് വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.
?മോഹൻലാൽ-ജോഷി രണ്ടുപേരും ഇന്ത്യൻ സിനിമയിലെ പ്രഗൽഭർ. ഇവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു അസുലഭ അവസരമായാണ് എല്ലാരും കാണുന്നത്. കൈനറ്റിനു അങ്ങനെ തോന്നുന്നുണ്ടോ
അതു ശരിയാണെന്നു തന്നെയാണ് എന്റെയും അനുഭവം പഠിപ്പിക്കുന്നത്. മലയാളം തീരെ അറിയില്ല. എങ്ങനെ ഭാഷ വഴങ്ങുമെന്നും അഭിനയിക്കാൻ പറ്റുമോ എന്നുമുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പേടി അടിസ്ഥാനരഹിതമാണെന്നു മനസിലായി. ഇതിനായി ഏറെ സഹായിച്ചത് മോഹൻലാലും ജോഷിയുമാണ്. കൂടെ വർക്ക് ചെയ്ത എല്ലാവരും മികച്ച പിന്തുണയാണ് നൽകിയത്, പ്രത്യേകിച്ച് മോഹൻലാൽ. രണ്ടു ലിവിങ് എൻസൈക്ലോപീഡിയകളാണ് മോഹൻലാലും ജോഷിയും.
അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവർ തന്ന ഉപദേശങ്ങൾ, പിന്തുണ , ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയിൽ വളരെ വിലപ്പെട്ടതായിരുന്നു. മോഹൻലാലെന്ന അഭിനയ പ്രതിഭാസത്തെ പരിചയപ്പെടാൻ കഴിഞ്ഞതും വലിയ കാര്യം. വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തെ അടുത്തറിയാനും അഭിനയത്തിന്റെ പാഠങ്ങൾ പഠിക്കാനും കഴിഞ്ഞു. വളരെ രസികനായ വ്യക്തിയാണ് മോഹൻലാൽ. കലയുടെ തികഞ്ഞ ആരാധകൻ. പെയ്ന്റിങ്ങുകൾ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം തന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങൾ കാണിച്ചു തരികയും അവയെക്കുറിച്ച് പറഞ്ഞു തരികയും ചെയ്തു. എല്ലാവരും ആരാധിക്കുന്ന വ്യക്തിയാണു താനെന്നു തോന്നിപ്പിക്കാത്ത രീതിയിലാണ് പെരുമാറ്റം. തികച്ചും മഹാനായ മനുഷ്യൻ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല.
?മലയാളവും മലയാളികളും കൈനറ്റിന്റെ സിനിമ ജീവിതത്തിൽ ശരിക്കും നല്ല നിമിത്തങ്ങളല്ലേ
തീർച്ചയായും. എന്റെ സിനിമാ ജീവിതത്തിനു തന്നെ കാരണം ഒരു മലയാളിയാണ്. സംവിധായകൻ പ്രിയദർശനാണ് എന്നെ സിനിമയിലെത്തിച്ചത്. ഞാൻ മിസ്സ് കേരള പേജന്റ് ഫാഷൻ ഷോയുടെ ജഡ്ജായി പങ്കെടുത്തു. ഷോയ്ക്ക് എത്തിയ സംവിധായകൻ പ്രിയദർശൻ, തന്റെ ഒരു സിനിമയില് ഡാൻസ് ചെയ്യാമോ എന്നു ചോദിച്ചു. ആ സിനിമ ഇതെന്നും അതിലെ നടൻ ആരെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അക്ഷയ് കുമാർ നായകനാകുന്ന ഗ്രാന്റ് മസ്തി എന്ന സിനിമയിലെക്കാണ് പ്രിയൻ സാറ് എന്നെ ക്ഷണിച്ചതെന്ന് എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗ്രാൻഡ് മസ്തിയുടെ കോറിയോഗ്രഫി ചെയ്തത് പ്രസന്ന മാസ്റ്റർ ആയിരുന്നു. അദ്ദേഹം തന്നെയാണ് ലൈലാ ഓ ലൈലയുടേയും കോറിയോഗ്രഫർ. പ്രസന്ന മാസ്റ്റർ മുഖാന്തരം തിരക്കഥാകൃത്തായ സുരേഷ് നായരെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് ലൈലാ ഓ ലൈലയിൽ എത്തുന്നത്. 'കട്ടാ മീട്ട', അജിത്തിന്റെ മൻകാത്ത തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
?ഇപ്പോൾ മലയാളം സംസാരിക്കാൻ കഴിയുന്നുണ്ടല്ലേ
ലൈലാ ഓ ലൈലയുടെ ചിത്രീകരണത്തിനിടെ നേരിട്ട ഏക തടസം മലയാള ഭാഷ കൈകാര്യം ചെയ്യലായിരുന്നു. പഠിക്കാൻ വളരെ ബുദ്ധിമുട്ടും എന്നാൽ കേൾക്കാൻ ഏറെ രസവുമാണ് മലയാളം. ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ മലയാള ഭാഷ ശരിക്കും ചുറ്റിച്ചു. ഹിന്ദിയും ഇംഗ്ലിഷും കുറച്ചു തമിഴുമാണ് അറിയാവുന്ന ഭാഷകൾ. സിനിമയിൽ മലയാളം അനായാസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ നന്ദി വിജയ് മേനോനോടാണ്. അദ്ദേഹമാണ് വളരെ ക്ഷമയോടെ, ഓരോ ഡയലോഗും പഠിപ്പിച്ചത്. വളരെ ബുദ്ധിമുട്ടിയാണ് മലയാളം ഞാൻ വശത്താക്കിയത്.
?മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു. ഹിന്ദിയേക്കാൾ നല്ലതാണോ ഇവിടം
ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ, ഇത്രയും ചെറിയ ബജറ്റിൽ ലോകമറിയുന്ന സിനിമ നിർമ്മിക്കുക എന്നത് ശരിക്കും മാജിക് തന്നെയാണ്. അത്രയും അർപ്പണ മനോഭാവം ഉള്ളവരാണ് മലയാള സിനിമാ പ്രവർത്തകരും ഇവിടത്തെ ആരാധകരും. ബോളിവുഡിൽ ഒരു പാട്ട് സീൻ ഒരുക്കുന്ന പണം കൊണ്ടാണ് ഇവിടെ ഒരു സിനിമ ചെയ്യുന്നത് എന്നോർക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു.
?എവിടെയാണ് സ്വന്തം നാട്? സിനിമയായിരുന്നോ ലക്ഷ്യം
ഉത്തർപ്രദേശിലാണ് ഞാൻ ജനിച്ചത്. മോഡലിങ് രംഗത്തായിരുന്നു ശ്രദ്ധ. ഫാഷൻ ഡിസൈനിങിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്. ബോളിവുഡ് നടി ദിവ്യഭാരതി എന്റെ കസിനാണ്. അവൾ സിനിമയിലെത്തിയതോടെ എനിക്കും സിനിമാ മോഹം തുടങ്ങി. കോളേജ് പഠനകാലത്ത് സ്‌പോർട്‌സിനോടായിരുന്നു താല്പര്യം. ബാസ്‌ക്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു.
?മലയാളത്തിൽനിന്നുള്ള പുതിയ അവസരങ്ങളെക്കുറിച്ച് പറയാമോ
മലയാളത്തിൽനിന്നു മൂന്ന് ഓഫറുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനെക്കുറിച്ചു ഒന്നും പുറത്തു പറയാറായിട്ടില്ല. ചർച്ചകൾക്ക് വേണ്ടിയാണ് ഞാൻവീണ്ടും കേരളത്തിലെത്തിയത്. എല്ലാം ശരിയാകുകയാണെങ്കിൽ മലയാളത്തിൽ വീണ്ടും കാണാം.