രസ്യചിത്രങ്ങളാണ് വികെ പ്രകാശ് എന്ന സംവിധായകന്റെ കരുത്തും കാതലും. വെള്ളിത്തിര കീഴടക്കാനെത്തിയപ്പോഴും ആ കനൽ കൂടെ കൂട്ടി. പുനരധിവാസം മുതൽ നിർണ്ണായകം വരെ നീളുന്ന സിനിമാ സംവിധായക വേഷം. ഒരിക്കലും വ്യത്യസ്തയില്ലാത്തതൊന്നും വികെ പ്രകാശ് എന്ന സംവിധായകൻ മലയാളിക്ക് മുന്നിലെത്തിച്ചില്ല. അതു തന്നെയാണ് നിർണ്ണായകമെന്ന ആസിഫലി ചിത്രത്തിനും പറയാനുള്ളത്. ഫിലിം മേക്കിംഗിനെ പാഷനായി കണ്ട് സിനിമ ചെയ്യുന്ന സംവിധായകൻ. ഇനിയും മലയാളിക്കായി അദ്ദേഹം ഒരുക്കുക ഇത്തരം പുതുമകൾ തന്നെയാകും.

മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്‌സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. 2000ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഏറ്റവും പുതിയ ചിത്രമായ നിർണ്ണായകവും ചർച്ചയാകുകയാണ്. ഈ അവസരത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും വികെ പ്രകാശ് മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു.

പ്രേമത്തിനൊപ്പം നിർണായകം. കാലം തെറ്റി വന്ന ചിത്രമാണോ നിർണായകം?

നിർണായകം ഒരിക്കലും കാലം തെറ്റി വന്ന സിനിമ അല്ല. കാലഘട്ടത്തിന്റെ സിനിമയാണ് നിർണായകമെന്ന് നിർണായകം കണ്ടിറങ്ങുന്ന ഓരോരുത്തരും പറയുന്നു. സ്‌കൂൾ വെക്കേഷൻ ആയതുകൊണ്ട് തന്നെ മെയ് 15 നോട് കൂടി ഇറങ്ങാനിരുന്ന സിനിമയാണിത്. പക്ഷെ പല കാരണങ്ങൾകൊണ്ടും അത് ജൂൺ അഞ്ചിനാണ് റിലീസ് ചെയ്തത്. പക്ഷെ ഞങ്ങൾക്കൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു ഈ സിനിമയിൽ. അധികം പ്രമോഷനില്ലാതിരുന്നിട്ടുകൂടി സിനിമ റിലീസ് ആയ ദിവസം മുതൽ ഈ ദിവസം വരെ മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്.

ഓരോ ദിവസവും കളക്ഷൻ ഗ്രാഫും ഉയരുന്നുണ്ട്. സാധാരണക്കാരന്റെ സിനിമയാണ് ഇത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ആണ് ഈ സിനിമ കാണാൻ ആളുകളെത്തുന്നത്. ആളുകൾ സിനിമ കാണാൻ കയറുന്നത് ഈ സിനിമയുടെ മെറിറ്റ്‌കൊണ്ട് തന്നെയാണ്. നല്ല സിനിമ ചെയ്താൽ അത് ജനങ്ങൾ ഏറ്റെടുക്കും അതിനൊരു സമയം കൊടുക്കണമെന്നു മാത്രം.

എല്ലാ വികെപി ചിത്രങ്ങളും ഒരോ സ്‌റ്റൈൽ ആണ്. എല്ലാ സിനിമകളും അതിന്റെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനഃപൂർവമായ ശ്രമമാണോ അത്?

തുറന്നു പറഞ്ഞാൽ അത് മനഃപൂർവമായ ഒരു ശ്രമമേയല്ല. പക്ഷെ സിനിമയെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്യുന്നു. പഠിക്കുന്നതിന്റെ ഭാഗമാണ് അത്. കണ്ട് ശീലിച്ച സിനിമകളോ, സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നേടിയ അറിവോ നല്ല ഒരു സൗന്ദര്യ ശാസ്ത്രമോ ഒക്കെ പഠിച്ചതിന്റെ ഭാഗമായി വരുന്നതാണ്. ഒരിക്കലും അതൊരു മനഃപൂർവമായ കാര്യമല്ല. ബോബി സഞ്ജയ് യുടെ സ്‌ക്രിപ്റ്റിലും ആ ഒരു ഇൻഡിവിഡ്വാലിറ്റി ഉണ്ട്. ഈ രണ്ട് ഘടകങ്ങളും സമ്മേളിച്ച് ഉണ്ടായതാണ് ഈ സിനിമയുടെ വിജയം. എന്റെ മികച്ച സിനിമകൾ എല്ലാം തന്നെ അങ്ങനെയാണ്. ജനങ്ങളിലേക്ക് മികച്ച ആശയവിനിമയം നടത്തിയില്ലെങ്കിൽ സിനിമ ഉദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും സാധിക്കില്ല. നിർണായകത്തിന് ബോബി- സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.

മറ്റെന്തൊക്കെ ഘടകങ്ങളാണ് നിർണായകം എന്ന ചിത്രത്തെ പൂർണമാക്കുന്നത് ?

ബോബി സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാന ഘടകമാണ്. മറ്റൊന്ന് ഇതിലഭിനയിച്ച നടന്മാരാണ്. പ്രേം പ്രകാശ്, സുധീർ കരമന, നെടുമുടി വേണു, ആസിഫ് അലി. അങ്ങനെ ഓരോ നടന്മാരും ഈ സിനിമ വളരെയധികം ഡെഡിക്കേഷനോട് കൂടിത്തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. രണ്ടാമത്തേത് ഇത് ഒട്ടും നാടകീയതയില്ലാതെ യഥാർഥ ജീവിതം പോലെ തന്നെയാണ് എടുത്തിരിക്കുന്നത്. ഈ സിനിമയുടെ പ്രമേയവുമതു തന്നെയാണ്. കാണുന്ന ഏതൊരാൾക്കും ഈ കഥയിൽ പറയുന്ന അനുഭവവുമായി സ്വന്തം അനുഭവത്തെ തട്ടിച്ചുനോക്കാൻ കഴിയും. അത് ഏതൊരാളും ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകാവുന്ന അനുഭവമാണ്. നായകനും നായികയുമായി മരത്തിനു ചുറ്റും പ്രണയിച്ചു നടക്കുന്നതോ നാടകീയമായ രംഗങ്ങളിലൂടെ യുഗ്മ ഗാനം പാടുന്നതോ പ്രകീക്ഷിക്കുന്നവർക്ക് ഇത് നിരാശമാത്രമേ നൽകൂ. ഇതിൽ മരംചുറ്റി പ്രേമമില്ല. വളരെ പക്വതയോടെയാണ് പ്രണയം കൈകാര്യം ചെയ്യുന്നത്. അതും കാലഘട്ടത്തിനനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇന്നത്തെ യുവാക്കൾ പ്രണയത്തെ പോലും പണ്ടത്തെ പോെലയല്ല കാണുന്നത്. മരം ചുറ്റി പ്രേമമോ കത്തുകൾ കൈമാറുന്നതോ ഒന്നും അല്ല ഉള്ളത്. ഇന്നത്തെ കുട്ടികൾ വളരെ പ്രാക്റ്റിക്കൽ ആണ്.

എന്തുകൊണ്ട് ആസിഫ് അലിയും പ്രേംപ്രകാശും?

19 വയസ്സുള്ള ഒരു കഥാപാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്. പക്വതയുള്ള എന്നാൽ പ്രായത്തിന്റെ നിഷികളങ്കതയിൽ നിന്നു കൊണ്ട് അഭിനയിക്കുന്ന ഒരാൾ. അതിനാൽ തന്നെ ആസിഫ് അലി ആയിരുന്നു എന്റെയും ബോബി സഞ്ജയ്യുടെയും മനസ്സിൽ തുടക്കം മുതൽ ഉണ്ടായിരുന്നത്. പ്രേ പ്രകാശിനെ നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്. കണ്ടു ശീലിച്ച അഭിനയ ശൈലിയിൽ നിന്ന് മാറണമെന്നുണ്ടായിരുന്നു. പ്രേം പ്രകാശിന്റെ പല സിനിമകളിലും പ്രേം പ്രകാശിന്റെ ഒരു റെയിഞ്ച് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ കൊണ്ട് ഈ കഥാപാത്രം വഴങ്ങും എന്നുറപ്പുണ്ടായിരുന്നു. വളരെ അനുഭവമുള്ള നടനാണദ്ദേഹം. അദ്ദേഹത്തിന്റെ മുഖം വളരെ പ്രത്യേകതകളുള്ളതാണ്. അത്തരത്തിൽ ഉള്ള ഒരു മുഖമാണ് ഞാൻ ഉദ്ദേശിച്ചത്.

ആസിഫ് അലി ചെയ്ത കഥാപാത്രങ്ങളിലധികവും പക്വതയില്ലാത്ത കുട്ടിത്തമുള്ളതാണ്. എന്നാൽ ഈ സിനിമയിൽ ആസിഫ് ചെറുപ്പക്കാരനാണെങ്കിലും സമൂഹത്തിലെ അനീതികളോട് പ്രതികരിക്കുന്നുണ്ട്. നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വിദ്യാർത്ഥികൾ നാല് കൊല്ലം കൊണ്ടു ചെയ്യുന്ന കഠിനമായ ട്രെയ്‌നിങ് രീതികൾ ആസിഫ് അലി മുന്നു ദിവസം കൊണ്ടാണ് ചെയ്ത് തീർത്തത്. അഞ്ച് ദിവസമാണ് ഞങ്ങൾ പദ്ധതി ഇട്ടതെങ്കിലും മൂന്നു ദിവസം കൊണ്ട് അഭിനയിച്ച് ആസിഫ് ഞങ്ങളെ ഞെട്ടിച്ചു. വളരെ ആത്മാർഥതയുള്ള നടനാണ് ആസിഫ് അലി. എന്റെ അസിസ്റ്റന്റുകൾ മുഴുവൻ യുവാക്കളാണ്. അവരുടെ ഫ്രണ്ട് ആണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആസിഫിനെ എനിക്ക് നന്നായി അറിയാം. സിനിമയ്ക്ക് മുൻപ് ഒരു വർക്ക് ഷോപ്പ് വച്ചിരുന്നു. നമ്മുടെ നാട്ടിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണ് നടന്മാർ. പക്ഷെ അവർ സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി ചെയ്താലേ യഥാർഥ ടാലന്റ് തിരിച്ചറിയൂ.

നാഷണൽ ഡിഫൻസ് അക്കാദമി ശരിക്കും അവിടെ തന്നെ ചെയ്തതാണോ?

എല്ലാ തരത്തിലും സത്യസന്ധത പുലർത്തുന്ന ഒരു സിനിമയാകണം ഇതെന്ന്  നിർബന്ധമുണ്ടായിരുന്നു. മാത്രമല്ല, നാഷണൽ ഡിഫൻസ് അക്കാദമിയിൽ വച്ച് എടുത്ത എല്ലാ രംഗങ്ങളിലും അതിന്റെ റിയാലിറ്റി നിലനിർത്തിയിട്ടുണ്ട്. 2500 പേർ ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കുന്ന മെസ്സ്, അതിന്റെ യഥാർഥ ആമ്പിയൻസ് എന്നിവയെല്ലാം നിലനിർത്താൻ യഥാർഥ എൻ ഡി എ തന്നെ വേണമെന്നു തോന്നി. അവിടുത്തെ സൗണ്ട് പോലും യഥാർഥത്തിൽ റെക്കോർഡ് ചെയ്ത് ആണ് ഉപയോഗിച്ചത്. അത് സീനുകളുടെ ക്വാളിറ്റിയെയും ഉയർത്തിയിട്ടുണ്ട്. സിനിമയിലെ ജാഥ പോലും വൈപ്പിൻ കംപ്ലീറ്റ് ബ്ലോക്ക് ചെയ്ത് ജാഥ ഉണ്ടാക്കി. ആളുകളെയൊക്കെ റീ ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്. വളരെ റിയൽ ആയി ഷൂട്ട് ചെയ്തതാണ്.

ഇതും ഒരു ന്യൂജനറേഷൻ സിനിമയാണോ?

അങ്ങനെ കാറ്റഗറൈസ് ചെയ്യുന്നില്ല. ഇത് ഇന്നത്തെ കാലഘട്ടത്തിലെ കഥാസന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ്. ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത് പലതും വളരെ പ്രശ്‌നങ്ങൾ ഉള്ള കുടുംബങ്ങളിലാണ്. അത് പോലെ തന്നെ കരിയർ ഓപ്ഷനുകളെ കുറിച്ച് ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ട്. മാത്രമല്ല, ഒരു യുവാവിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ അയാൾക്ക് കാണിച്ചു കൊടുക്കുകയും ആ തിരിച്ചറിവോട് കൂടി അയാൾ അയാളുടെ ഭാവി തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് നിറഞ്ഞ കയ്യടി ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടി അവർ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇന്നത്തെ യുവാക്കൾ സാമൂഹിക വിഷയങ്ങളിൽ വളരെയധികം ഇടപെടുന്നുമുണ്ട്.

ഒരു ആഡ് ഫിലിം മേക്കർ, സംവിധായകൻ, അഭിനേതാവ്. എന്താണ് അടുത്തത്?

സിനിമ മാത്രം. അഭിനയം സംബന്ധിച്ചിടത്തോളം സംവിധായകൻ പറയുന്നതിനനുസരിച്ച് ചെയ്യുക എന്നത് തന്നെയാണ്. കാരണം തുടർച്ചയായിട്ടല്ല പലപ്പോവും ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ തുടർച്ച നഷ്ടപ്പെടാതെ സംവിധായകനാണ് ഒരു നടനെ കഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. എന്നെ സംബന്ധിച്ച് സീൻ ടു സീൻ ഒരു കഥാപാത്രമായിരിക്കുമ്പോൾ തുടർച്ചയായിട്ടല്ലാതെ അഭിനയിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വിദൂഷകൻ എന്ന സിനിമ, 100 ഡേയ്‌സ് ഓഫ് ലവ് അങ്ങനെയുള്ള സിനിമകളിലെല്ലാം തന്നെ സംവിധാകൻ പറയുന്നതുപോലെ അഭഹിനയിച്ചു എന്നു മാത്രം. സംവിധായകനാണ് ഒരു സിനിമയിലെ പ്രധാന സ്റ്റാർ. തിരക്കഥ ഒരു ബ്ലൂപ്രിന്റ് ആണ്. ഞാൻ സിനിമ സ്‌നേഹിക്കുന്നിടത്തോളം കാലം പാഷനോടെ പുതിയ പുതിയ സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ ഒരു മികച്ച സംവിധായകനായിരിക്കും. ഒരു ഫിലിം മെയ്‌ക്കർ സ്വന്തം ജോലി ആസ്വദിച്ചില്ലെങ്കിൽ ഒരിക്കലും ഈ ഫീൽഡിൽ തുടർന്നു കൊണ്ടു പോകാൻ കഴിയില്ല. ഒരു എക്‌സ്പീരിയൻസ് എന്ന നിലയിലാണ് ഞാൻ ആക്റ്റിംഗിനെ സമീപിക്കുന്നത്. അഭിനയവും ആസ്വദിക്കാൻ പറ്റുന്നതുകൊണ്ട് ചെയ്യുന്നു. അനാർക്കലിയിലും അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടനിലും ഫഹദ് ഫാസിലിന്റെ പുതിയ സിനിമയിലും ഉണ്ട്. പിന്നെ ചില ആഡ് ഫിലിംസിൽ.

വിമർശനങ്ങളെ എങ്ങനെ കാണുന്നു?

പ്രൊഫഷണലായ വിമർശനങ്ങളെ എനിക്കിഷ്ടമാണ്. ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇന്ന് കണ്ട് വരുന്നത് സിനിമകളെ അല്ല, വ്യക്തി ഹത്യയാണ് ചെയ്യുന്നത്. ചില സംവിധായകരുടെ കഴിവിനെ നിരുൽസാഹപ്പെടുത്തിക്കൊണ്ടും പാഷനെ തകർത്തുകൊണ്ടും ചില 'ഇഡിയറ്റ്‌സ്' എഴുതുന്നുണ്ട്. എന്നാൽ എനിക്ക് ചില കാരണങ്ങളാൽ ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല. പക്ഷെ അത് സംവിധായകനെ കുറിച്ചോ നടനെകുറിച്ചോ എഴുതുന്നത് അത് എഴുതുന്നയാളുടെ കഴിവില്ലായ്മയാണ്. നിരൂപണം വളരെ നല്ലതാണ്. പക്ഷെ പല ഗൂഢ ഉദ്ദേശങ്ങൾ കൊണ്ടും മറ്റും അത് വ്യക്തികളുടെ മേലുള്ള കടന്നു കയറ്റമാകരുത്. അത് അവരുടെ വിവരില്ലായ്മയാണ്.

ജുഡിഷ്യറി പോലുള്ള ഒരു കോപ്ലിക്കേറ്റഡ് സബ്ജക്റ്റ് എടുക്കുമ്പോൾ അതിന് പിന്നിലുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ കഴിഞ്ഞപ്പോൾ മുതൽ ഉണ്ടായിരുന്ന ആലോചനയാണ് ഈ കഥ. ജുഡിഷ്യറി പ്രധാന റോളിലെത്തുന്ന ഈ കഥ യഥാർഥത്തിലുള്ള ഒരു കേസിന്റെ സ്വാഭാവികമായ എന്നാൽ അസ്വഭാവികതയുള്ള നിയമത്തിന്റെ ചെറിയ പഴുതുകൾ പോലും വിശദമാക്കേണ്ടതാണ്. ഫാക്ച്വൽ എററുകൾ വരാതെ നോക്കി. ബോബിയും സഞ്ജയും വളരെ നീരീക്ഷണങ്ങൾ നടത്തി എഴുതിയതാണ് ഓരോ ഡയലോഗുപോലും. അവരുടെ ഹോക്കോടതി വക്കീലായ സുഹൃത്തിനോട് ചോദിച്ചാണ് ഓരോ ഡയലോഗുകളും എഴുതിയത്. ആ സീനുകളിലുടനീളം അദ്ദേഹം ഞങ്ങളുടെ കൺസൾട്ടന്റ് ആയിരുന്നു.

അന്യഭാഷകളിലും സിനിമകൾ ചെയ്യുന്നു. മലയാളസിനിമയുടെ പരിമിതികൾ എന്താണെന്നാണ് കരുതുന്നത്?

പണമുണ്ടായാൽ മാത്രം പോര സിനിമയോട് പാഷൻ ഉള്ള സ്‌നേഹമുള്ള നിർമ്മാതാക്കളും ഉണ്ടാകണം. അവരുടെ സപ്പോർട്ടോടു കൂടി മാത്രമേ നമുക്ക് സിനിമ വിജയിപ്പിക്കാൻ കഴിയൂ. മറ്റൊന്ന് തിയേറ്ററുകളുടെ കുറവാണ്. ചില സിനിമകൾക്ക് തിയേറ്റർ കിട്ടുന്നില്ല. ഈ സിനിമ തന്നെ തൃശൂർ പോലുള്ള നഗരത്തിൽ തിയേറ്ററുകൾ കിട്ടിയില്ല തുടക്കത്തിൽ.

ഇന്നത്തെ സിനിമയുടെ വിജയഘടകം എന്താണ്? മാർക്കറ്റിങ്ങിന്റെ പങ്ക് വളരെ വലുതല്ലേ?

പാക്കേജ്ഡ് സിനിമകളാണ് അത്. ഓഡിയൻസിന് മുൻധാരണകളുണ്ടാകും. സിനിമ ഇറങ്ങുന്നതിന് മുൻപ് പ്രേക്ഷരെ ആകാഷയോടെ സിനിമ തിയേറ്ററിലെത്തിക്കുക എന്നത് അതിന്റെ ഭാഗമാണ്. ഒരു പ്രോഡക്‌ററ് മാർക്കറ്റിങ് നന്നായിരിക്കണം. അതിന്റെ ഗുണമേന്മ പോലെ അത് ആളുകളിലേക്കെത്തിക്കാൻ മാർക്കറ്റിങ്ങ് നടത്തുന്നത് പോലെ തന്നെ സിനിമയ്ക്കും മാർക്കറ്റിങ്ങ് അനിവാര്യമാണ്.

മൂന്നാമതൊരാൾ എന്ന സിനിമയിലൂടെ ഡിജിറ്റൽ റെവലൂഷൻ നടത്തിയ ആദ്യ സംവിധായകനാണ് വികെപി. അത്തരത്തിൽ വലിയ ഒരു മാറ്റം മലയാള സിനിമയിൽ വരുമോ?

ഡിജിറ്റൽ ക്യാമറ ആദ്യമായി ഉപയോഗിച്ചതും ആദ്യമായി യു എഫ് ഓ വഴി സിനിമ റിലീസ് ചെയ്തതും ഞാനാണ്. ഇതൊന്നും അംഗീകരിക്കാൻ അന്നാരും തയാറായില്ല. ആകാശത്തൂടെ സിനിമ വരുമോ എന്ന് അന്നെല്ലാവരും പരിഹസിച്ചു. നാളെ ഒരിക്കൽ സിനിമ നിർമ്മിച്ച് ആകാശത്തേക്കിട്ട് ആകാശത്തുനിന്നെടുത്ത് കാണുന്ന കാലം വരും എന്നു തന്നെയാണ് എന്റെ വിശ്വാസം. സിനിമ കൂടുതൽ സ്വതന്ത്രമാകുകയും കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യണം.

മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്നില്ലല്ലോ?

കൊമേഴ്‌സ്യൽ ഹിറ്റ് മാത്രമല്ല ഞാൻ നോക്കുന്നത്. ഫിലിം മേക്കിങ് എന്നതിലെ പ്രോഫിറ്റിനെക്കാൾ അധികമായി ഫിലിം മേക്കിങ് എന്ന പ്രോസസ് ആണ് ഞാൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. പക്ഷെ തീർച്ചയായും കൊമേഴ്‌സ്യൽ ഹിറ്റുകൾ പ്രചോദനം നൽകുന്നുണ്ട്. സിനിമ ഒരു ടീമിന് പ്രചോദനം നൽകുന്നത് പലപ്പോഴും അത് തിയേറ്റർ ഹിറ്റ് കൂടെ പരിഗണിക്കുമ്പോഴാണ്്. വ്യക്തിപരമായി വലിയ ലാഭം മോഹിച്ചല്ല ഞാൻ സിനിമകൾ ചെയ്യുന്നത്. അതിനായി ആളുകൾ കണ്ടു പരിചയിച്ച സൂപ്പർ താരങ്ങളെ നിരത്താനും തയാറല്ല. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ആളുകളെ അണിനിരത്തിയാണ് അത് ഇറങ്ങേണ്ടത് . സിനിമ ഒരു പീസ് ഓഫ് ആർട്ട് ആണ്. മറ്റൊന്ന് മാർക്കറ്റ് ചെയ്യപ്പെടുന്നതിന്റെ കുറവ്. ഒരു സിനിമ മികച്ചതായി മാർക്കറ്റ് ചെയ്യേണ്ടത് നിർമ്മാതാവിന്റെയും ഡിസ്ട്രിബ്യൂട്ടറിന്റെയും കൂടെ ചുമതലയാണ്. അതിനാണ് അവർക്ക് കൂടി പാഷൻ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞത്. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ സിനിമയെ സ്‌നേഹിക്കുന്ന പാഷൻ ഉള്ള നിർമ്മാതാക്കൾ ഉണ്ടാകണം.