- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ പേര് ഉയരങ്ങളിലെത്തിച്ചിട്ടും യാത്രക്കൂലി പോലും സർക്കാർ തന്നില്ല; ഡ്വാർഫ് ഒളിമ്പ്യൻ ആകാശ് മറുനാടൻ മലയാളിയോട്
രഞ്ജിത്ത് മഹേശ്വരി, ടോം ജോസഫ്... കേരളത്തിന്റെ കായികമണ്ണിൽനിന്നും വിവാദത്തിന്റെ ട്രാക്കിൽ ഈ ദിവസങ്ങളിൽ കയറിയ മലയാളികൾ ഇവരാണ്. അടുത്തനാളുകളിൽ ഒരു വിവാദത്തിന്റെയും ട്രാക്കുകളിൽ കയറാതെ ഉയരമില്ലായ്മയാണെന്റെ ഉയരം എന്നുറക്കെ പറഞ്ഞു കേരളത്തിന്റെ യശസ് ഉയർത്തിയ കുറച്ചു 'കുട്ടി' കായികതാരങ്ങളും കേരളത്തിലുണ്ട്. ഇവർക്കു പറയാനുള്ളതാകട്ടെ സ
രഞ്ജിത്ത് മഹേശ്വരി, ടോം ജോസഫ്... കേരളത്തിന്റെ കായികമണ്ണിൽനിന്നും വിവാദത്തിന്റെ ട്രാക്കിൽ ഈ ദിവസങ്ങളിൽ കയറിയ മലയാളികൾ ഇവരാണ്. അടുത്തനാളുകളിൽ ഒരു വിവാദത്തിന്റെയും ട്രാക്കുകളിൽ കയറാതെ ഉയരമില്ലായ്മയാണെന്റെ ഉയരം എന്നുറക്കെ പറഞ്ഞു കേരളത്തിന്റെ യശസ് ഉയർത്തിയ കുറച്ചു 'കുട്ടി' കായികതാരങ്ങളും കേരളത്തിലുണ്ട്. ഇവർക്കു പറയാനുള്ളതാകട്ടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയെക്കുറിച്ചും. ഉയരം കുറഞ്ഞവർക്കായി നടത്തുന്ന ഡ്വാർഫ് ഗെയിംസിൽ കേരളത്തിന്റെ മാനം കാത്തവരാണ് ഈ കായികതാരങ്ങൾ. മൂന്നു മലയാളികൾ ഇക്കുറി ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്തതോടെയാണ് ഉയരം കുറഞ്ഞ കായികതാരങ്ങൾക്കായും ഒരു ഒളിമ്പിക്‌സ് ഉണ്ടെന്നു മലയാളികൾ അറിഞ്ഞത്. പക്ഷേ, സർക്കാർ ഇവരെ ഇനിയും കണ്ടെന്നു നടിച്ചിട്ടില്ല. ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്ത മലയാളി താരമായ ആകാശ് എസ് മാധവൻ മറുനാടൻ മലയാളിയോട്...
- കുഞ്ഞൻ ഒളിമ്പിക്‌സിലേക്കുള്ള ആകാശിന്റെ വഴി
അഞ്ചുവർഷമായി ഇന്ത്യ ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ഇക്കുറിയാണ് 130 സെന്റീമീറ്റർ മാത്രം ഉയരമുള്ള ആകാശ് അടക്കം മൂന്നു മലയാളികൾ പങ്കെടുത്തത്. ജോബിയും ബൈജുവുമാണു മറ്റു രണ്ടുപേർ. പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശിയായ ആകാശിനു കുട്ടിക്കാലത്തേ സ്‌പോർട്‌സ് ഇനങ്ങളോട് അതിരറ്റ താൽപര്യമായിരുന്നു. ഉയരക്കുറവ് തന്റെ കായിക സ്വപ്നങ്ങൾക്കു തിരിച്ചടിയാവുമെന്നു സംശയം ആകാശിനു സമ്മാനിച്ചതാകട്ടെ സങ്കടങ്ങളുടെ മെഡൽപട്ടികയും. അങ്ങനെയിരിക്കേയാണു ഉയരം കുറവായിട്ടും കായികരംഗത്തു നിറഞ്ഞനിൽക്കുന്ന പാലാ സ്വദേശി ജോബിയുടെ അഭിമുഖം മാദ്ധ്യമം പത്രത്തിൽ ആകാശ് വായിച്ചത്. അത് ആകാശിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഉയരം കുറഞ്ഞവർക്കും കായികരംഗത്തു തിളങ്ങാനാവുമെന്ന അറിവ് ആകാശിന്റെ സ്വപ്നങ്ങൾക്കു കരുത്തുപകർന്നു. ബൈജുവിന്റെ അഭിമുഖം കണ്ടയുടനെ ആകാശ് മാദ്ധ്യമം പത്രത്തിന്റെ ഓഫീസിൽ വിളിച്ച് ബൈജുവിന്റെ നമ്പർ കൈക്കലാക്കി. വൈകിയില്ല, ബൈജുവിനെ വിളിച്ചു.
- ബൈജു കാട്ടിയ ട്രാക്ക്, ആകാശിന്റെ സ്വപ്നങ്ങൾക്കു വേഗമേറുന്നു
ബൈജുവിനെ വിളിച്ച ആകാശ് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളുമെല്ലാം പങ്കുവച്ചു. ആകാശിന്റെ താൽപര്യം കണ്ടു മറ്റൊരു കുഞ്ഞൻ കായികതാരമായ ജോബിമാത്യുവിന്റെ നമ്പർ ബൈജു ആകാശിനു നൽകി. അങ്ങനെയാണു കുഞ്ഞൻ കായികതാരങ്ങൾക്കായി ആഭ്യന്തരതലങ്ങളിൽ മത്സരങ്ങൾ നടക്കുന്നതായി ആകാശ് അറിയുന്നത്. അങ്ങനെ ചെന്നൈയിൽ കുഞ്ഞൻകായികതാരമായി നാഷണൽ ഗെയിസിലും പങ്കെടുത്തു. മെഡലുകൾ നേടി.
ജോബിയും ആകാശും ബൈജുവും ചേർന്നായിരുന്നു പിന്നീട് കായികരംഗത്തെ ഓരോ ചുവടും വച്ചത്. ബംഗളുരുവിലായിരുന്നു ഡ്വാർഫ് ഗെയിംസിന്റെ ടീം തെരഞ്ഞെടുപ്പ്. മൂന്നുപേരും ഒന്നിച്ചു ബംഗളുരുവിലേക്കു വണ്ടി കയറി. മൂന്നു പേർക്കും കുഞ്ഞൻകായികതാരങ്ങളുടെ ഒളിമ്പിക്‌സായ ഡ്വാർഫ് ഗെയിംസിലേക്ക് യോഗ്യതയും കിട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ആകാശ് ഈ നിമിഷത്തെ കാണുന്നത്. ഡ്വാർഫ് ഗെയിംസിൽ ആകാശ് സ്വന്തമാക്കിയതു രണ്ടു മെഡലുകൾ. ഉയരത്തേക്കാൾ പ്രധാനം കായികലോകത്തു മനക്കരുത്താണെന്നു തെളിഞ്ഞ സന്ദർഭങ്ങളായിരുന്നു മെഡൽ നേട്ടങ്ങളെന്ന് ആകാശ് പറയുന്നു. ഡ്വാർഫ് അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലായിരുന്നു ഗെയിംസ്.
- പഠനംകൊണ്ട് എൻജിനീയർ, കർമം കൊണ്ടു തൊഴിലന്വേഷി
കായിക രംഗം പോലെ തന്നെ ഉയരക്കുറവ് ആകാശിനെ തൊഴിലന്വേന്വേഷണത്തിലും തളച്ചിട്ടും. എൻജിനിയറിങ് ബിരുദം നേടിയിട്ടും ജോലിയൊന്നുമായിട്ടില്ല. ഡ്വാർഫ് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച കായികതാരമായിട്ടും തൊഴിൽ നൽകാൻ സർക്കാരും തയാറായിട്ടില്ല. ഒരു ജോലി വേണമെന്നതാണ് ആകാശിന്റെ ആഗ്രഹം. എന്നാൽ കായികരംഗത്തോടു വിടപറയാൻ ഒരുക്കമല്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോകണമെന്നതാണ് ആഗ്രഹം. കായികതാരമെന്ന നിലയിൽ ജോലി ലഭിച്ചാൽ രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുമെന്നാണ് ആകാശിന്റെ ആഗ്രഹം. എന്നാൽ ഉയരം കുറഞ്ഞവരെ കായികതാരമായി അംഗീകരിക്കാത്ത കേരളത്തിൽ ആകാശിന്റെ ജോലി മോഹം ഓരോ തവണയും ചുവപ്പുനാടയിൽതന്നെ കുടുങ്ങി. ഉയരം കുറഞ്ഞവരെ കായികതാരങ്ങളായി അംഗീകരിക്കാത്ത നടപടിയാണ് സർക്കാരിനും സ്‌പോർട്‌സ് കൗൺസിലിനും ഇവരെ സഹായിക്കാൻ ആകാത്തതിന്റെ മുഖ്യ കാരണം.
കേരളത്തിൽ മാത്രമാണ് ഈ അവഗണന. ആകാശിനൊപ്പം ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ കർണാടകയിൽനിന്നു പോയവർക്കു മുൻകൂർ പണം നൽകി. തിരിച്ചുവന്നപ്പോൾ പാരിതോഷികങ്ങളും. ഒരു കായികതാരമെന്ന പരിഗണന എല്ലാത്തരത്തിലും കർണാടകം നൽകുന്നു. 28 രാജ്യങ്ങളാണ് ഡ്വാർഫ് ഒളിമ്പിക്‌സിൽ പങ്കെടുത്തത്. ഇന്ത്യ ആറാമതെത്തി. ചരിത്രനേട്ടവുമായി ജന്മനാട്ടിൽ വിമാനമിറങ്ങിയ ഇവരെ സ്വീകരിക്കാൻ ഒരു മന്ത്രിയോ കായികവകുപ്പുന്നതരോ എത്തിയതു പോലുമില്ല. ആലുവ എംഎൽഎ അൻവർ സാദത്ത് വന്നതു മാത്രമാണ് ആശ്വാസം. കർണാടക കായിക താരങ്ങളുടെ ചെലവുകളെല്ലാം വഹിച്ചപ്പോൾ ആകാശും ജോബിയും ബൈജുവും സ്വന്തം കീശയിൽനിന്നു പണമെടുത്താണു ഗെയിംസിനു പോയത്. രണ്ടു ലക്ഷം രൂപയോളം ചെലവു വന്നു. ചെലവുകൾക്കു സഹായിക്കണമെന്നാവശ്യപ്പെട്ട് ആകാശ് മുഖ്യമന്ത്രിയെയും കായികവകുപ്പു മന്ത്രിയെയും കണ്ടിരുന്നു. എല്ലാം ഉടൻ പരിഹരിക്കാമെന്ന മറുപടിയിൽ പരിഹാമൊക്കെ ഒതുങ്ങി.
ഒമ്പതു സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവും വാരിക്കൂട്ടിയാണ് ഇന്ത്യൻസംഘം ആറാമതെത്തിയത്. ആകാശും ജോബിയുമായിരുന്നു പ്രധാന മെഡൽവേട്ടക്കാർ. ജോബി പങ്കെടുത്ത ബാഡ്മിന്റൺ (സിംഗിൾസ് ഡബിൾസ്), ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണം നേടി. ആകാശിന് ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലും.
ഗെയിംസ് നടക്കുന്ന സമയത്ത് കേരള താരങ്ങളുടെ മത്സര ഇനങ്ങളെപ്പറ്റിയും മെഡൽ നേട്ടത്തെപ്പറ്റിയും മുഖ്യമന്ത്രി അടക്കമുള്ള 140 എംഎൽഎമാരുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലേക്കു ജോബി മാത്യുവിന്റെ ഭാര്യ മേഘ വിവരങ്ങൾ നൽകിയിരുന്നു. എന്നിട്ടും ഫോണിൽ വിളിച്ചെങ്കിലും അഭിനന്ദനമറിയിക്കാൻ ആരും തയാറായില്ല. കൊടുങ്ങല്ലൂരിൽ ഫർണീച്ചർ ഷോപ്പിലെ സെയിൽസ്മാനായ ബൈജുവിന് കൂട്ടുകാർ സ്വരൂപിച്ച് ൽകിയ പണമാണ് അമെരിക്കൻ യാത്രയ്ക്ക് തുണയായത്. ഇവരുടെ യാത്രാ രേഖകൾ ശരിയാക്കി നൽകാൻ പോലും സർക്കാരും സ്‌പോർട്‌സ് കൗൺസിലും തയാറായില്ലെന്നാണ് ആകാശിനു പറയാനുള്ളത്. മലപ്പുറത്തുകാരനായ ആകാശ് യാത്രാരേഖകൾ തയാറാക്കാൻ തിരുവനന്തപുരത്ത് പത്തുദിവസത്തിലേറെ അലഞ്ഞുനടന്നു.
- പ്രതീക്ഷ മന്ത്രി അലിയുടെ വാഗ്ദാനത്തിൽ. കായികതാരമായി അംഗീകരിക്കണമെന്ന അഭ്യർഥനയും
എന്നും കായികതാരങ്ങൾക്ക് അവഗണന മാത്രമാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് ആകാശ് പറയുന്നു. സന്തോഷ് ട്രോഫിക്ക് പോയ കേരള ടീമിനു ട്രെയിനിൽ സീറ്റ് പോലും ലഭിക്കാതെ ലോക്കൽ കമ്പാർട്‌മെന്റിൽ നിന്ന് പോകേണ്ടി വന്ന വാർത്ത ഉദാഹരണമായി ആകാശ് ചൂണ്ടിക്കാട്ടുന്നു.
ടോം ജോസിന് ഒൻപതാം തവണയും അർജുന അവാർഡ് നൽകുന്നതിൽ നിന്ന് അവഗണിച്ചതിൽ ഒരു കായിക താരം എന്ന നിലയിൽ തനിക്കും വിഷമം ഉണ്ടെന്നും ആകാശ് പറയുന്നു. ഡ്വാർഫ് ഗെയിംസിൽ പങ്കെടുത്തുവന്നപ്പോൾ ജന്മനാട്ടിൽ ലഭിച്ച സ്വീകരണം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ആകാശ് പറയുന്നു. വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ പണം നൽകിയതു കൊണ്ടാണ് തനിക്കു ഡ്വാർഫ് ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും സർക്കാരിനെ പ്രതീക്ഷിച്ചിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നെ്നും ആകാശ് ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ മന്ത്രി മഞ്ഞളാം കുഴി അലി അകാശിന്റെ വീട് സന്ദർശിക്കുകയും വേണ്ട സഹായം ചെയ്തു തരാം എന്ന വാഗ്ദാനം നല്കിയിരിക്കുകയുമാണ്. ആ വാഗ്ദാനത്തിലാണ് ആകാശിന്റെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ പ്രതീക്ഷ. കേരളത്തിൽ കായികമേഖലയ്ക്കു മാറ്റം വരണമെങ്കിൽ എല്ലാ കായിക താരങ്ങളെയും ഒരുപോലെ സർക്കാർ കാണണം എന്നാണ് ആകാശിന്റെ ഭാഷ്യം. അതിന് ഒരു ന്യൂനതയും തടസമാകരുത്. എല്ലാവരും രാജ്യത്തെയാണു വിവിധ മത്സരങ്ങളിൽ പ്രതിനിധീകരിക്കുന്നത്. ഒപ്പം എന്നെങ്കിലും ഒരു ജോലി നൽകാനുള്ള കരുണ സർക്കാരിനുണ്ടാകുമെന്ന പ്രതീക്ഷയും ആകാശ് പങ്കുവയ്ക്കുന്നു.