റുപത്തിനാലാമത്തെ കളിയുടെ അവസാനം ലോങ് വിസിൽ മുഴങ്ങുമ്പോൾ, ആന്ദത്തിന്റെയും നഷ്ട ബോധത്തിന്റെയും കണ്ണീർ ആ പുൽത്തക്കിടിൽ വീഴുമ്പോൾ കാൽപ്പന്തു കളിയുടെ കൊട്ടിക്കലാശത്തിന് സാക്ഷിയാകാൻ നമ്മുടെ 'കറുത്തമുത്ത്' ഐ.എം.വിജയനുമുണ്ടാകും കാനറിയുടെ മണ്ണിൽ കഴിഞ്ഞ് മൂന്ന് ലോകകപ്പും അതിന്റെ എല്ലാ ആവേശവും നേരിട്ടനുഭവിച്ച ഐ.എം വിജയൻ ഇത്തവണയും ലോകകപ്പ് സെമിഫൈനലും ഫൈനലും കാണുന്നതിനായി യാത്ര തിരിക്കുകയാണ് കളിയുടെ തറവാട്ടുമുറ്റത്തേക്ക്. ഇടത് കാലിനേറ്റ പരിക്കെല്ലാം മറന്ന് തൃശൂർ പൊലീസ് അക്കാദമിയിലെ ക്വാട്ടേഴ്‌സിൽ സാബതാളത്തിന് ചെവിയോർത്തിരിക്കുകയാണ് വിജയൻ.

  • ഓരോ ലോകകപ്പും ഓരോ ആവേശമാണ് മനസിലുണർത്തുന്നത്. ബ്രസീലിന്റെ മണ്ണിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലേല്ല താങ്കൾ?

തീർച്ചയായും അതിന്റെയൊരു ആവേശത്തിലാണ് ഞാൻ. ഫുട്‌ബോളിനെ മനസ്സിലേറ്റടുത്തിരിക്കുന്ന ഒരു ജനതയാണ് ബ്രസീലിലുള്ളത്. അവർക്കൊപ്പം ഗാലറിയിലിരുന്ന് ഇഷ്ടതാരങ്ങളുടെ ഓരോ നീക്കങ്ങളും സസൂക്ഷമം നിരീക്ഷിച്ചറിയാനുള്ള ഒരവസരം കൂടിയാണിത്. നാലുവർഷത്തിലൊരിക്കൽ ഓടിയെത്തുന്ന ഈ വികാരത്തെ നെഞ്ചേറ്റുന്നവരാണ് ഞാനുൾപ്പടെയുള്ള ഫുട്‌ബോൾ പ്രേമികൾ. കളി ആരംഭിച്ചതിനുശേഷമുള്ള ദിവസങ്ങളിലെല്ലാം ഫുട്‌ബോൾ സ്പന്ദനങ്ങളാണ് എന്നിലുമിടിക്കുന്നത്. രാത്രിമുഴുവൻ കളി കാണും. പകൽ അതിന്റെ തീപിടിച്ച ചർച്ചയാണ്. ഗോളടിച്ച രീതി കളിക്കിടയിലെ മാജിക് ഷോട്ടുകൾ അങ്ങനെ. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കൾക്ക് പറയാൻ ഒരുപാടുണ്ടാകും. ജൂലൈ നാലിനാണ് ഞാൻ ബ്രസീലിലേക്ക് പുറപ്പെടുന്നത്. 


ഇഷ്ട ടീമായ അർജന്റീനയുടെ വിജയം തന്നെയാണോ ഇത്തവണയും പ്രതീക്ഷിക്കുന്നത്?

എന്റെ പ്രതീക്ഷ എന്നും അർജന്റീനക്കൊപ്പം തന്നെ. ആരാധനാ താരമായ മറഡോണയിലൂടെയാണ് എനിക്ക് അർജന്റീനയോട് താൽപര്യം തോന്നിത്തുടങ്ങിയത്. ഇപ്പോൾ ഞാൻ തികഞ്ഞ അർജന്റീന ഫാൻ ആയിമാറി. ഫസ്റ്റ് റൗണ്ടിൽ അർജന്റീനക്ക് വിജയം നേടാനായത് മെസ്സിയുടെ മികവൊന്നു കൊണ്ടുതന്നെയാണ്. ഇത്തവണത്തെ കളികൾ കണ്ടപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ടീമുകൾ പോലും നല്ല കളി കാഴ്ചവച്ചാണ് ഇറങ്ങിപ്പോയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ വിജയം ആർക്കെന്ന് വ്യക്തമായി പറയാനേ കഴിയില്ല. മെസ്സിയുടെ നായകത്വമാണ് അർജന്റീനക്കെങ്കിലും, ഞാൻ മനസിൽ കരുതിയിരുന്ന ഒരു ഫോമിലേക്കെത്താൻ അർജന്റീനക്കായില്ല എന്നുതന്നെ പറയാം. മറഡോണയൊക്കെ തകർത്തുകളിച്ച കാലം ഇനി തിരിച്ചുപിടിക്കാനാവുമെന്ന് തോന്നുന്നില്ല.

  • ലയണൽ മെസ്സി മികച്ച ക്ലബ് ഫുട്‌ബോൾ ആണ് അർജന്റീനയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുമ്പോൾ ആ ടീമിനെ നയിക്കുന്ന കാര്യത്തിൽ മെസിക്ക് എത്രമാത്രം തിളങ്ങാൻ കഴിയുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നു?

മെസ്സി മികച്ച പ്ലെയർ ആണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ആദ്യ കളിയിൽ തന്നെ മെസ്സി അത് തെളിയിക്കുകയും ചെയ്തു. മെസിയുടെ ആദ്യഗോൾ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗോളാണ് മധ്യഭാഗത്തു കൂടി പന്തുമായി കയറിയ മെസ്സി ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി. പോസ്റ്റിലിടിച്ച് പന്ത് പതിയെ വലിയിലേക്ക് വീണു. ജർമ്മനിയിൽ സെർബിയക്കെതിരെ ഗോളടിച്ച് 8 വർഷത്തിനുശേഷം നേടിയ രണ്ടാമത്തെ ലോകകപ്പ് ഗോൾ മെസ്സി ശരിക്കും ആഘോഷിച്ചു. ക്ലബ് ടീമിൽ കളിക്കുന്ന അത്ര ന്നായി രാജ്യത്തിനുവേണ്ടി കളിക്കുന്നു എന്നു പറയാനൊക്കില്ല. അർജന്റീനയുടെ കഴിഞ്ഞ കളികണ്ടപ്പോൾ ടീം ഇനിയും ഒരുങ്ങാനുണ്ടെന്ന് തോന്നി.

  • ലോകകപ്പിന്റെ ഒന്നാം ഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അത് തരുന്ന സൂചനയെന്താണ്? താങ്കൾ എങ്ങിനെ ഈ മത്സരങ്ങളെ വിലയിരുത്തുന്നു?

ഓരോ കളിയും തികച്ചും അപ്രതീക്ഷിതം എന്നേ പറയാനൊക്കൂ. പ്രതീക്ഷകൾ നൽകിയിരുന്ന പല ടീമുകളും ആദ്യ റൗണ്ടിൽ തന്നെ ഔട്ടാവുന്നു. കഴിഞ്ഞ തവണത്തെ വിന്നേഴ്‌സ് സ്‌പെയിൻ ആദ്യ റൗണ്ടിൽ നിന്നു തന്നെ ഔട്ടായി. അതുപോലെ തന്നെ ഓസ്‌ട്രേലിയയും ഔട്ടായി. സ്‌പെയിനിനെപ്പോലുള്ള മികച്ച ആദ്യ റൗണ്ടിൽ തന്നെ പുറത്തുപോവുക എന്നു പറയുമ്പോൾ അത് ഫുട്‌ബോൾ ആരാധകർക്കിടയിൽ കടുത്ത ക്ഷീണമുണ്ടാകുന്ന കാര്യമാണ് ക്രൊയോഷ്യ 4 ഗോളിന് കാമറൂണിനെ അടിച്ചുവീഴ്‌ത്തി. അതും എടുത്തു പരയേണ്ട കളിയാണ്. പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ് ഇത്തവണ കളിയിൽ കണ്ടുവരുന്നത്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഒന്നിനെതിരെ 5 ഗോളിന് തകർത്തകോടെ ഹോളണ്ട് ഈ കളിയിലെ താരമായി എന്നു തന്നെ പറയാം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോടേറ്റ 0-1 തോൽവിയുടെ മധുര പ്രതികാരമാണ് ഹോളണ്ടിന്റെ വിജയം. സ്‌പെയിമിന്റെ തോൽവി ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഒരു ടീമിനു പിണയുന്ന് ഏറ്റവും വലിയ പരാജയമായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ തോമസ് മുള്ളറുടെ മികവിൽ ജർമ്മനിയും മികച്ച പ്രകടനമാണ് നടത്തിയതി. പോർച്ചുഗലിനെതിരെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ജർമ്മൻപട ഹിറ്റ് ലിസ്റ്റിലേക്കെത്തിയത്. അതുകൊണ്ട് തന്നെ ഹോളണ്ടും മികച്ചതായി നിൽക്കുന്നത്.

 

  • ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഏത് രാജ്യത്തിനായിരിക്കും കൂടുതൽ തിളങ്ങാനാകുക?

ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനായിരുന്നു കുറച്ച് പ്രതീക്ഷ നൽകിയിരുന്നത്. പക്ഷെ, ജപ്പാൻ ഐവറികോസ്റ്റിനു മുന്നിൽ വീണുപോയില്ലേ...... ഒരു ഗോൾ ലീഡ് കിട്ടിയിട്ടും ജപ്പാന് പിടിച്ചുനിൽക്കാനായില്ല അപ്രതീക്ഷിത തോൽവിയായിരുന്നു ജപ്പാന്റേത്. എന്നാൽ നോർത്ത് കൊറയ, റഷ്യയോട് 1-1 സമനിലയിൽ എത്തിയതുതന്നെ വലിയ കാര്യമാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അൽപ്പം പ്രതീക്ഷിക്കാവുന്നത് കൊറിയ, ഇറാൻ എന്നിവരെയാണ്. ഇവരാരെങ്കിലും സെമിയിൽ എത്തിയാൽ നമുക്ക് വലിയൊരു ആവേശമായിരുക്കും.

  • ഇന്ത്യൻ ഫുട്‌ബോൾ മേഖലയുടെ വളർച്ച ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു?

ഇന്ത്യയിലിപ്പോൾ ഫുട്‌ബോൾ പ്രഫഷണലായി വരുന്നുണ്ട്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പുതിയ അക്കാദമികൽ സ്ഥാപിക്കണം. വളർന്നുവരുന്ന കുട്ടികളിൽ ഫുട്‌ബോളിൽ താത്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് ട്രെയിനിങ് നൽകി വളർത്തി കൊണ്ടുവരണം. ഫോറിൻ കോച്ചുകളെക്കൊണ്ടു വന്ന് കുട്ടികൽക്ക് പരിശീലനം നൽകുന്നത് കേരളത്തിന്റെ ഭാവിയിൽ തന്നെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.

സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള കൊച്ചി ടീമിനെ സച്ചിൻ സ്വന്തമാക്കിയത് കേരളത്തിന്റെ ഫുട്‌ബോൾ മേഖലയ്ക്ക് നല്ലകാലം വരുന്നു എന്നതിന്റെ സൂചനയാണ്. അവർ പുതിയ അക്കാദമികൾ ആരംഭിക്കുമ്പോൽ അവ നല്ല നിലവാരം പുലർത്തുന്നവയായിരിക്കും എന്നത് തീർച്ചയാണ്. അതുകൊണ്ടു തന്നെ അവിടെനിന്നും നല്ല കളിക്കാരെ വാർത്തെടുക്കാൻ സാധിക്കുമെന്നതുതന്നെയാണ് എൻരെ വിശ്വാസം. ഇതുകൂടാതെ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ വച്ച് നടത്താനിരിക്കുകയാണ്. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. ഇതിൽ മത്സരിക്കാനായി ഇന്ത്യയിലെ ചുണക്കുട്ടികൾ വിദഗ്ധ പരിശീലനത്തിലാണ്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കളികൂടിയായിരിക്കും വരാനിരിക്കുന്ന അണ്ടർ 17 ലോകകപ്പ്. ഇങ്ങനെ പല വിധത്തിലും ഇന്ത്യൻ ഫുഡ്‌ബോൾ മേഖല പച്ചപിടിച്ചു വരുന്നുണ്ട്.

 

ഫുട്‌ബോളിന്റെ വിശേഷം അവിടെ നിൽക്കട്ടെ, ഇനി അല്പം സ്വകാര്യമാകാം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരത്തിനിറങ്ങാൻ കോൺഗ്രസിന്റെ ക്ഷണം ലഭിച്ചതായി കേട്ടല്ലോ സിനിമയിലേതുപോലെ രാഷ്ട്രീയത്തിലും ഒരു ഗോൾ അടിക്കാൻ ഒരുക്കമാണോ?

ഇല്ലേയില്ല ( ചിരിക്കുന്നു... ) രാഷ്ടീയം നമുക്ക് പറ്റിയ ഏരിയായേ അല്ല. രാഷ്ട്രീയരംഗത്ത് നിന്ന് ക്ഷണം വരുന്നു എന്നത് സത്യംതന്നെ. പക്ഷെ ഞാനതിന് അത്ര താത്പര്യം കൊടുത്തില്ലെന്ന് മാത്രം. അതു മാത്രമല്ല എനിക്ക ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താത്പര്യമില്ല. ഇന്ത്യയിലെ മുൻനിര ഫുട്‌ബോൾ ക്ലബുകളിലെല്ലാം കളികൾ പൂർത്തിയാക്കി വീണ്ടും പൊലീസ് സർവ്വീസിൽ സർക്കിൾ ഇൻസ്‌പെക്ടറായി തിരിച്ചെത്തിയതേയുള്ളു. ഇനി കുറച്ചുകാലം പൊലീസ് ജീവിതം അങ്ങിനെ തുടരട്ടെ.

  • അപ്രതീക്ഷിതമായിരുന്നില്ലേ, സിനിമയിലേക്കുള്ള താങ്കളുടെ കടന്നുവരവ് ? ഇനിയും അഭിനയ രംഗത്തേക്ക് പ്രതീക്ഷിക്കാമോ?

' ശാന്തം ' എന്ന ചിത്രത്തിലാണ് ആദ്യമായി ഞാൻ അഭിനയിക്കുന്നത്, അതും നായകവേഷത്തിൽ. ജയരാജേട്ടൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്, പുള്ളി വിളിച്ചപ്പോൾ ഞാൻ ചെന്ന് അഭിനയിച്ചു. ഫുട്‌ബോൾ മാത്രമായിരുന്നു എന്റെ ലോകം. ആദ്യമായി ആദ്യമായ് ക്യാമറയ്ക്ക് മുന്നിൽ വന്നപ്പോൾ ആദ്യമൊന്ന പതറി. സംവിധായകൻ ജയരാജേട്ടന്റെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് അന്ന് ആ സിനിമ ചെയ്യാനായി ഇറങ്ങിതിരിച്ചത്. അതിനുശേഷം തമിഴിലും ഒന്നുരണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴിൽ നിന്നും പുതിയൊരു വില്ലൻ വേഷത്തിന് ക്ഷണം വന്നിട്ടുണ്ട്. തമിഴ് നടൻ കാർത്തിക് നായകവേഷം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് അത്. എന്തായാലും അതും കൂടി ഒന്നു പരീക്ഷിച്ചുകളയാം.