- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തിനെ സ്ഥാപനം വിലക്കിയപ്പോൾ സാഹിത്യവും തൊഴിലില്ലായ്മയും സ്വീകരിച്ചു; എന്നെ ആസ്വാദകയാക്കിയത് കുട്ടിക്കാലത്ത് അമ്മ വാങ്ങിത്തന്ന പുസ്തകങ്ങൾ; കഥാകാരി കെ ആർ മീര സംസാരിക്കുന്നു
കഥയുടെ വഴിയിൽ കെ ആർ മീരയ്ക്കു പതിമൂന്നു വയസ്... സർപ്പയജ്ഞത്തിൽ തുടങ്ങിയ കഥാ യജ്ഞം കരിനീലയാകാശങ്ങളിൽ പടർന്നു പന്തലിക്കുകയാണ്. മലയാള മനോരമ പത്രത്തിലെ വാർത്തകളുടെയും ഫീച്ചറുകളുടെയും ബൈലൈനിൽ മലയാളി ആദ്യം വായിച്ച മീരയുടെ രചനകൾ 2001-ലാണ് കഥാവഴികളിലെത്തിയത്. പിന്നെ മീര പത്രപ്രവർത്തക എന്നതിനപ്പുറം കഥാകാരി എന്നനിലയിലാണ് ചിരപ്രതിഷ്ഠയാകു
കഥയുടെ വഴിയിൽ കെ ആർ മീരയ്ക്കു പതിമൂന്നു വയസ്... സർപ്പയജ്ഞത്തിൽ തുടങ്ങിയ കഥാ യജ്ഞം കരിനീലയാകാശങ്ങളിൽ പടർന്നു പന്തലിക്കുകയാണ്. മലയാള മനോരമ പത്രത്തിലെ വാർത്തകളുടെയും ഫീച്ചറുകളുടെയും ബൈലൈനിൽ മലയാളി ആദ്യം വായിച്ച മീരയുടെ രചനകൾ 2001-ലാണ് കഥാവഴികളിലെത്തിയത്. പിന്നെ മീര പത്രപ്രവർത്തക എന്നതിനപ്പുറം കഥാകാരി എന്നനിലയിലാണ് ചിരപ്രതിഷ്ഠയാകുന്നത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ച മീര കടമ്പനാട് ഗേൾസ് ഹൈസ്‌കൂളിൽ പഠനശേഷം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലും കൊല്ലം എസ് എൻ കോളജിലുമായി തുടർ പഠനം. ഡോക്ടറാക്കാൻ മാതാപിതാക്കൾ മോഹിച്ച മീര കൊല്ലത്തെ പഠനകാലത്താണ് വായനയുടെയും എഴുത്തിന്റെയും വഴികളിലേക്കു വഴിതിരിഞ്ഞുനടക്കുന്നത്. പാഠ്യേതര പുസ്തകങ്ങളുമായി തുടങ്ങിയ ചങ്ങാത്തം പത്രപ്രവർത്തകയാവുക എന്ന മോഹത്തിലാണു മീരയെ എത്തിച്ചത്. ഇന്ത്യാടുഡേയും ഫ്രണ്ട്‌ലൈനും പുഷകലമായിരുന്ന കാലത്ത് മീരയുടെ പത്രപ്രവർത്തന മോഹം പുഷ്പിച്ചു. അങ്ങനെ ഭാഷകൊണ്ട് ഉപജീവനം നടത്താൻ മീര തീരുമാനിച്ചു. തുടർന്നു ദിണ്ഡിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മീര മലയാളമനോരമയിൽ പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അക്കാലത്ത് മലയാളമനോരമയിലെ പത്രപ്രവർത്തകരിലെ ആദ്യ പെൺതരിയായിരുന്നു മീര. ബിരുദാന്തരബിരുദത്തിനുശേഷം ജെഎൻയുവിൽ പഠിക്കാൻ കൊതിച്ച മീര അങ്ങനെ കോട്ടയത്തെ പത്രമാപ്പീസിലെത്തി. വാർത്ത ഇരമ്പുന്ന രാത്രികളിലായിരുന്നു മീരയുടെ പിന്നീടുള്ള ഭാഷയുപയോഗിച്ചുള്ള ഉപജീവനം. എഴുത്തും വാർത്തയും ഒന്നിച്ചുപോകില്ലെന്നു മീരയിലെ എഴുത്തുകാരിയും മനോരമയും തിരിച്ചറിഞ്ഞപ്പോൾ മീര സ്വയം തൊഴിലില്ലായ്മയും സാഹിത്യം തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയം, പ്രണയം, യാത്ര... മീരയുടെ കഥകൾ പറയുന്ന ലോകങ്ങൾ മലയാളികൾ പരമ്പരാഗതമായ കഥാ വഴികളിൽ കേട്ടുപരിചയച്ചതല്ല. മീര സംസാരിക്കുന്നു...
- പത്രപ്രവർത്തന രംഗത്ത് സ്ത്രീകൾ അധികം ഇല്ലാതിരുന്ന കാലത്ത് മലയാളമനോരമ പോലൊരു പത്രത്തിൽ ഉത്തരവാദിത്തമുള്ള ചുമതലകൾ വഹിച്ചിരുന്ന കെ.ആർ.മീര, പിന്നീട് പൂർണമായും സാഹിത്യത്തിലേക്കു തിരിഞ്ഞു. ഒട്ടേറെ പത്രപ്രവർത്തകർ എഴുത്തിൽ സജീവമായിരുന്നിട്ടും മീര എന്തുകൊണ്ടാണ് മാറി നിന്നത്?
ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം, പത്രപ്രവർത്തകർ മറ്റു പ്രവർത്തകർ മറ്റു പ്രസിദ്ധീകരണങ്ങളിൽ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. നേത്രോന്മീലനം എന്ന നോവൽ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുകയായിരുന്നു അന്ന്. ആ സാഹചര്യത്തിൽ ഒന്നുകിൽ എഴുത്ത് അല്ലെങ്കിൽ ജോലി തിരഞ്ഞെടുക്കേണ്ടി വന്നു. ഞാൻ സാഹിത്യവും തൊഴിലില്ലായ്മയും തിരഞ്ഞെടുത്തു.
- മീരയുടെ പല കഥകളിലും മാദ്ധ്യമപ്രവർത്തനം ഒരു ഘടകമാകാറുണ്ട്. പത്രലോകത്തുനിന്ന് മാറി നിന്നിട്ടും എപ്പോഴെങ്കിലും തിരിച്ചു പോകണമെന്ന് തോന്നിയിട്ടുണ്ടോ?
പത്രപ്രവർത്തനത്തിൽ ഹരം കയറി ആ ജോലി മാത്രം സ്വപ്നം കണ്ടു ജീവിച്ചതാണു ഞാൻ. രാജി വച്ചിട്ട് ആറു വർഷം കഴിഞ്ഞു. എന്നിട്ടും ചില രാത്രികളിൽ ഡെഡ്‌ലൈൻ തീരുന്നതിനു മുമ്പു പേജ് തീർക്കാൻ പണിപ്പെടുന്നതു സ്വപ്നം കാണാറുണ്ട്. ടെലിവിഷൻ ജേർണലിസത്തോടു വലിയ താൽപര്യം തോന്നിയിട്ടില്ല. സ്റ്റുഡിയോയുടെ തണുപ്പും ലൈറ്റുകളുടെ ചൂടും ഒക്കെ മടുപ്പിച്ചിട്ടേ ഉള്ളു. പത്തുമിനിട്ട് നേരത്തെ ചർച്ചയ്‌ക്കോ അരമണിക്കൂർ നേരത്തെ ഇന്റർവ്യൂവിനോ പോകുന്നതുപോലും വലിയ അധ്വാനമായി തോന്നും. തിരിച്ചു പോക്ക്-തീർച്ച പറയാൻ സാധിക്കില്ല. പോയെന്നു വരാം. പോയില്ലെന്നും വരാം. ഭാവിയെപ്പറ്റി അങ്ങനെ ഉറപ്പിച്ച് പറയാൻ ഇപ്പോൾ ധൈര്യമില്ല.
- മാധവിക്കുട്ടിക്ക് മരണത്തിന്റെ നിറമായിരുന്നു മഞ്ഞ. എന്നാൽ മീരക്ക് മഞ്ഞ ആസക്തികളുടെ നിറമായിരുന്നു. മനുഷ്യന്റെ വികാരങ്ങളെ പലപ്പോഴും നിറങ്ങളുടെ അടിസ്ഥാനനത്തിൽ തരംതിരിക്കാറുണ്ട്. നിറങ്ങൾ എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നത്?
നിറങ്ങൾ എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആ വിഷയത്തിലെ വിദഗ്ദ്ധർക്കേ സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി എഴുത്തും മറ്റു കലകളും വ്യക്തികളുടെ ആത്മാവിഷ്‌കാരമാണ്. ഓരോ കലാസൃഷ്ടിയിലെയും നിറവും വാക്കും വരയുടെ ചെരിവും ഒക്കെ അതു സൃഷ്ടിച്ചയാളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണല്ലോ, എഴുത്തിലെയും ചിത്രത്തിലെയും ബിംബങ്ങൾ വച്ച് അതു സൃഷ്ടിച്ചവരുടെ വ്യക്തിത്വപഠനം സാധിക്കുന്നത്. എഴുത്തിൽ ഞാൻ ബോധപൂർവ്വം നിറങ്ങൾ കുത്തിനിറയ്ക്കാറില്ല. ഓർമ്മയുടെ ഞരമ്പ് എന്ന കഥ എഡിറ്റ് ചെയ്യുമ്പോൾ അതിലെ മുത്തശ്ശിയുടെ കഴത്തിലെ ഒരു വയലറ്റ് ഞരമ്പ് എഴുന്നു നിൽക്കുന്നത് വ്യക്തമായി കണ്ടു. കരിനീല എഴുതുമ്പോൾ ചിത്രകാരനായ റോറിക്കിന്റെ ചിത്രങ്ങളിലെ നീല നിറഞ്ഞ ആകാശം ചുറ്റുമുണ്ടായിവന്നു. മോഹമഞ്ഞയിലെ മഞ്ഞ ഏതു മഞ്ഞയാണെന്ന് പലരും ചോദിക്കാറുണ്ട്. അത് ഞാൻ മാത്രം കണ്ടിട്ടുള്ള ഒരു നേർത്ത മഞ്ഞ നിറമാണ്.
- മീരയെപ്പോലെ മീരയുടെ കഥകളും സ്ത്രീപക്ഷ ചിന്തകളടങ്ങിയതാണ്. വിയറ്റ്‌നാം പെൺകുട്ടിയെ പോലെ 'ആ മരത്തെയും മറന്നു മറന്നു ഞാൻന' എന്ന നോവലിലെ രാധികയും ദുരന്തത്തിന്റെ ഇരയാണ്. 'കൃഷ്ണഗാഥന' ഇന്നും നിരന്തരം പാടിക്കേൾക്കുന്നു. ഓരോ ദുരന്തങ്ങളും ഏറ്റുവാങ്ങുന്നത് സ്ത്രീകളാണെന്ന് മീരയുടെ കഥകൾ പറയുകയല്ലേ?
എഴുത്തുകാർ പ്രപഞ്ചപക്ഷവാദികളാണ്. സ്ത്രീപക്ഷപാദവും പരിസ്ഥിതി വാദവും ദളിത് പക്ഷവാദവും ഒക്കെ അതിന്റെ ഭാഗം തന്നെ. എല്ലാ നല്ല എഴുത്തുകാരും സ്ത്രീപക്ഷ വാദികളാണ്.
- അടുത്തകാലത്താണ് കെ.ആർ മീര കഥകളുടെ ലോകത്തേക്ക് ചേക്കേറിയത്. കഥകളിലെ നായികമാരെപ്പോലെ, എഴുത്തുകാരിയുടെ കൗമാരവും യൗവനവുമെല്ലാം വായനാസമൂഹത്തിന് അജ്ഞാതമാണ്. എഴുത്തിന്റെയും വായനയുടെയും ഒപ്പമായിരുന്നോ യാത്ര?
എഴുത്തും വായനയും വളർച്ചയുടെ പോഷകങ്ങളായിരുന്നു. കുട്ടിക്കാലത്ത് അമ്മ വരുത്തിത്തന്ന പുസ്തകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതിലും ബോറത്തിയായേനെ.
- പ്രണയവും പ്രതികാരവും, പ്രണയവും ആത്മീയതയും എന്നും വിരുദ്ധമായ കോണിലൂടെയായിരുന്നു മലയാളി വായിച്ചിരുന്നത്. എന്നാൽ മീരയുടെ കഥകൾ അതിനൊരു അപവാദമാവുകയായിരുന്നു. എന്തു തോന്നുന്നു?
ഭാഷയും ഭാവനയുമില്ലാതെ പ്രണയമില്ല. പ്രണയമില്ലാതെ എഴുത്തും ഭാവനയുമില്ല. ഭക്തിയും പ്രണയത്തിന്റെ ഭാഗമാണ്. പ്രണയം ഭക്തിയുടെയും. കഥയിൽ ഇതൊക്കെ എങ്ങനെ എത്ര അളവിൽ എന്നൊക്കെ ചോദിച്ചാൽ ഉത്തരവുമില്ല.
- തീക്ഷണമായ തന്മയീഭാവം മീരയുടെ എഴുത്തിൽ പലപ്പോഴും കാണാൻ കഴിയാറുണ്ട്.'കരിനീല'യിലെ ഗീതയും 'യൂദാസിന്റെ സുവിശേഷ'ത്തിലെ പ്രേമയുമെല്ലാം ഉദാഹരണങ്ങളാണ്. ബോധപൂർവമാണോ ഇത്തരമൊരു സ്വാംശീകരണം?
എഴുത്തിൽ സംഭവിക്കുന്നതൊന്നും ബോധപൂർവ്വമല്ല.
- ഫെമിനിസത്തിന്റെ അതിരുകൾക്കപ്പുറത്ത് നിന്നുകൊണ്ടാണ് സ്ത്രീയുടെ അവസ്ഥയെ മീര ചിത്രീകരിക്കുന്നത്. ഇവിടുത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള സമീപനം?
ഫെമിനിസത്തെ ജീവിതത്തിൽനിന്ന് അടർത്തിമാറ്റി മറ്റൊരു തത്വസംഹിതയായി കാണാൻ ശ്രമിക്കുന്നതു വിഡ്ഢിത്തമാണ്. മാർഗരേഖകൾ അനുസരിച്ചേ സംഘടനകൾക്കു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. പൂർണ സമത്വവും സഹജീവിതവും യാഥാർഥ്യമാക്കാൻ സമൂഹം മുഴുവൻ ഒരുമിച്ചു ശ്രമിക്കേണ്ടതാണ്. അതിനു തയ്യാറാകാതെ, മറ്റൊരു ജോലിയുമില്ലാത്ത ഒരു കൂട്ടം സ്ത്രീകൾ നടത്തുന്ന വെല്ലുവിളിയായി സമത്വവാദത്തെ കാണുന്നവരാണ് നമ്മളിൽ ഏറെപ്പേരും. അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞ മൂല്യ ബോധന ക്ലാസെടുത്ത പുരുഷനും അയാൾ ഋഷിതുല്യനാണെന്നു റിപ്പോർട്ട് കൊടുത്ത സ്ത്രീയും ഒക്കെ അക്കൂട്ടത്തിൽപ്പെടുന്നവരാണ്. അവർ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല.
- പുത്തൻ തലമുറയിലെ എഴുത്തുകാരെ അഭിനന്ദിക്കാൻ പിശുക്കുകാണിച്ചിരുന്ന ശ്രീ എം.കൃഷ്ണൻനനായരും ശ്രീ ടി.പത്മനാഭനുമെല്ലാം മീരയുടെ എഴുത്തിനെ അകമഴിഞ്ഞ് അഭിനന്ദിച്ചു. ഇത് മീര എന്ന എഴുത്തുകാരിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചോ?
എഴുതാൻ കഴിവുണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. പക്ഷേ അത് എത്രത്തോളം എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ആദ്യം അഭിനന്ദിച്ചത് സി.രാധാകൃഷ്ണൻ സാറാണ്. അന്ന് അദ്ദേഹം മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു. 'ഓർമയുടെ ഞരമ്പ്‌ന' അയച്ചു കൊടുത്തപ്പോൾ അടുത്ത കാലത്തൊന്നും ഇത്രയും ആഴവും പരപ്പുമുള്ള കഥ വായിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി എഴുതി. പിന്നീടാണ് ടി.പത്മനാഭൻ കത്തെഴുതിയത്. എം. കൃഷ്ണൻ നായർ സാർ 'മോഹമഞ്ഞന' എന്ന കഥയെ പ്രശംസിച്ചു. 'ആവേ മരിയന' എന്ന കഥയെ വിമർശിക്കുകയും ചെയ്തു. എഴുതിത്തുടങ്ങിയ കാലത്ത് ഞാനെഴുതുന്നതൊക്കെ ആളുകൾക്ക് യഥാർഥമായും ഇഷ്ടമാണോ എന്ന സംശയം അലട്ടിയിരുന്നു. 'ആരാച്ചാരി'ൽ എത്തുമ്പോൾ, ഞാനെഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഇഷ്ടപ്പെടാതിരിക്കില്ല എന്ന ആത്മവിശ്വാസമായി.
- സ്വന്തം കഥകളിൽ മീരക്കിഷ്ടപ്പെട്ട കാമുകനാരാണ്? മീരയുടെ പ്രണയത്തിന്റെ രാഷ്ട്രീയം എന്താണ്?
'കരിനീല'യിലെ സന്ന്യാസി. അദ്ദേഹത്തെക്കാൾ ശ്രേഷ്ഠനായ ഒരു കാമുകനെയും എനിക്കു സങ്കൽപ്പിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ രാഷ്ട്രീയത്തെക്കാൾ രാഷ്ട്രീയത്തിന്റെ പ്രണയമാണ് എഴുത്തിൽ പ്രധാനം.
- മലയാളമനോരമയിൽ ആദ്യ സ്ത്രീപത്രപ്രവർകയായി എത്തുമ്പോൾ ജോസ് പനച്ചിപ്പുറം, ബാലകൃഷ്ണൻ മങ്ങാട് തുടങ്ങിയ മുതിർന്ന പത്രപ്രവർത്തകർ എങ്ങനെയായിരുന്നു മീര എന്ന എഴുത്തുകാരിയെ വിലയിരുത്തിയത്?
പത്രപ്രവർത്തനത്തിൽനിന്നു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു മനോരമയിലെ പരിശീലന ക്ലാസുകൾ. അന്നു ന്യൂസ് എഡിറ്ററായിരുന്ന ജോസ് പനച്ചിപ്പുറത്തെ കഥാകൃത്തെന്ന നിലയിൽ ഞാൻ വളരെ മുമ്പേ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റിങ് ക്ലാസുകളും ക്രിയേറ്റീവ് റൈറ്റിങ് ക്ലാസുകളും ഇപ്പോഴും ഓർമയുണ്ട്. കെ.എസ്. രാമചന്ദ്രൻ സാറിന്റെ ഇന്റർവ്യൂ ക്ലാസുകളും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ ക്ലാസുകളും അതുപോലെ തന്നെ. ലോക്കൽ പേജിലേക്ക് ഏതോ ലേഖകൻ അയച്ചു തന്ന ഒരു റിപ്പോർട്ട് മാറ്റിയെഴുതിയപ്പോൾ അതിനു ജോസ് സാര് ഒരു അഭിനന്ദനക്കത്തു തന്നു. രാമചന്ദ്രൻ സാർ സൺഡേ സപ്ലിമെന്റിന്റെ ചുമതലക്കാരനായപ്പോൾ ഫീച്ചറുകൾ എഴുതിപ്പിച്ചു. അക്കാലത്ത് അതൊക്കെ വലിയ സന്തോഷങ്ങളായിരുന്നു. എഴുത്തുകാരിയായി അറിയപ്പെടാൻ ആഗ്രഹമുണ്ടായിരുന്നില്ല. ബാലകൃഷ്ണൻ മാങ്ങാട് അന്നു ചെന്നൈ ലേഖകനായിരുന്നു എന്നാണ് ഓർമ. അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്നല്ലാതെ പരിചയപ്പെടാൻ ഇടയായില്ല.
- എല്ലാ എഴുത്തുകാർക്കും തങ്ങളുടെ ക്യാംപസ് ജീവിതത്തെക്കുറിച്ച് പറയാൻ ഒരുപാടുണ്ടായിരുന്നു. മീര അത്തരം കഥകളെഴുതിയിട്ടില്ലെങ്കിലും,ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ക്യാംപസിലാണ് പഠിച്ചത്. ഗാന്ധിഗ്രാം കെ.ആർ.മീര എന്ന എഴുത്തുകാരിയുടെ രൂപീകരണത്തെ ഏതു തരത്തിലാണ് സ്വാധീനിച്ചത്?
ഗാന്ധിഗ്രാം ദിനങ്ങളിലാണു പുതിയ ലോക്കത്തെക്കുറിച്ചും പുതിയ ആശയങ്ങളെക്കുറിച്ചും ആദ്യമായി ധാരണയുണ്ടായത്. അന്നു മുതൽ ഇന്നോളം എപ്പോഴും തുണയാകുന്ന സൗഹൃദഖങ്ങൾ കിട്ടിയതും അവിടെനിന്നാണ്. കോഴ്‌സിനു ചേർന്ന ആദ്യ ദിവസങ്ങളിൽ അവിടുത്തെ കർശന ചിട്ടകളോടു പൊരുത്തപ്പെടാൻ കഴിയാതെ മടങ്ങിപ്പോരാൻ തുടങ്ങിയതാണ് ഞാൻ. പക്ഷേ, രണ്ടാം വർഷമായപ്പോഴേക്ക് ഗാന്ധിഗ്രാം വ്യക്തിത്വത്തിന്റെ ഭാഗമായി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസിൽ ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ ഒരു പേപ്പർ പഠിക്കാനുണ്ടായിരുന്നു. ആ പേപ്പർ പഠിപ്പിച്ചിരുന്നത് ഡോ.ജോസഫ് ദൊരൈരാജ് എന്ന പ്രഗത്ഭനായ അദ്ധ്യാപകനാണ്. മനോരമയിൽ ജോലി കിട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിനു കത്തെഴുതി. അദ്ദേഹം എഴുതിയ മറുപടിയിൽ ക്രിയേറ്റീവ് റൈറ്റിങ് ഉപേക്ഷിക്കരുത് എന്ന് ഉപദേശിച്ചിരുന്നു. ആ കത്തു വായിച്ചപ്പോൾ അന്നു ചിരിയാണ് വന്നത്. അസൈന്മെന്റുകൾ എഴുതുമ്പോൾ നമ്മുടെ കൺകെട്ടു വിദ്യകൾ ഏറ്റല്ലോ എന്ന ചിരി. പക്ഷേ പിൽക്കാലത്ത് ഒട്ടും വിചാരിക്കാതെ ഞാൻ സാഹിത്യകാരിയായി. കുറച്ചു കാലം മുമ്പു, പെൻഗ്വിൻ എന്റെ കഥകളുടെ സമാഹാരം യെല്ലോ ഈസ് ദ് കളർ ഓഫ് ലോങ്ങിങ് എന്ന പേരിൽ ഇറക്കിയപ്പോൾ ഞാൻ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. കഥകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടോ എന്നു ചോദിക്കാൻ ഇതുവരെ ധൈര്യം കിട്ടിയില്ല.
- മീരയുടെ രചനകളിൽ ഏതെങ്കിലും മോശമായപ്പോയി എന്നു തോന്നിയിട്ടുണ്ടോ?എന്തുകൊണ്ട്?
മോശമെന്ന് എനിക്കു തോന്നിയതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിയവയിൽ, എന്റെ കണക്കുകൂട്ടൽ തെറ്റിച്ച രണ്ടു കഥകളുണ്ട്. 'ശൂർപ്പണഖ'യും 'ആവേ മരിയ'യും. പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരുടെ നിലപാടുകളെ അവരെ അടുത്ത തലമുറയും കുടുംബവും വിലയിരുത്തുന്നതെങ്ങനെ എന്ന് പറയാനുള്ള ശ്രമം ഏറെ തെറ്റിദ്ധാരണകൾക്കു വഴിവച്ചു. അതിൽ വേദനയുണ്ട്.
- 1921-ൽ ആണ് മലയാളത്തിൽ സ്ത്രീസഞ്ചാരസാഹിത്യശാഖ രൂപം കൊണ്ടത്. ഇന്നുവരെയുള്ള കാലങ്ങളിൽ 30-ൽ താഴെ മാത്രം കൃതികളാണ് സ്ത്രീകൾ രചിച്ചിരിക്കുന്നത്.സഞ്ചാരസാഹിത്യശാഖയിലെ ദുർബലമായ സ്ത്രീസാന്നിദ്ധ്യം കേരളം ഭീതിയുളവാക്കുന്ന പുരുഷാധിപത്യസമൂഹമാണെന്നതിന്റെ സൂചനയാണോ?
സഞ്ചാര സാഹിത്യത്തിൽ മാത്രമല്ലല്ലോ, സമയവും പണവും സ്വാതന്ത്ര്യവും ഏറെ വേണ്ടിവരുന്ന ഏതു പ്രവർത്തന മേഖലയിലാണ് സ്ത്രീസാന്നിധ്യം ശുഷ്‌കമല്ലാത്തത്? വരും വർഷങ്ങളിൽ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്നു കൂടി വരുന്നുണ്ട്.