- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാലോം ചാനലിലെ അൽഫോൻസാമ്മ സീരിയലിലെ ജിമി ജോർജ്ജ് സിനിമയിലെത്തി മിയ ജോർജ്ജായി; ചേട്ടായീസിലെ നായിക വേഷം കൂടുതൽ അവസരങ്ങൾ ഒരുക്കി; മലയാളിയുടെ പ്രിയതാരം മിയ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
ടിവി സീരിയലുകളുടെ ലോകത്തുനിന്നും ബിഗ്‌സക്രീനിലേക്കെത്തി, വെള്ളിത്തിരയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മിയ. മിയ എന്ന ഈ യുവതാരമിന്ന് മലയാളി പ്രേക്ഷകർക്ക് ഓമനത്തം തുളുമ്പുന്ന നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണ്. കുടുകുടെ ചിരിക്കുകയും കുട്ടിത്തം മാറാത്ത ഈ മുഖവുമെങ്ങനെയാണു കാമറക്ക് മുമ്പിലെത്തുമ്പോൾ ഭാവവൈവിധ്യം നി
ടിവി സീരിയലുകളുടെ ലോകത്തുനിന്നും ബിഗ്‌സക്രീനിലേക്കെത്തി, വെള്ളിത്തിരയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മിയ. മിയ എന്ന ഈ യുവതാരമിന്ന് മലയാളി പ്രേക്ഷകർക്ക് ഓമനത്തം തുളുമ്പുന്ന നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണ്.
കുടുകുടെ ചിരിക്കുകയും കുട്ടിത്തം മാറാത്ത ഈ മുഖവുമെങ്ങനെയാണു കാമറക്ക് മുമ്പിലെത്തുമ്പോൾ ഭാവവൈവിധ്യം നിറയുന്ന മുഖമാകുന്നത്?
(വീണ്ടും ആ ചിരി. കൃത്രിമ ഗൗരവം മുഖത്തു വരുത്തി പറഞ്ഞുതുടങ്ങി) അതങ്ങനെയാണ് കാമറക്ക് മുമ്പിലെത്തുമ്പോൾ ഞാനൊരു അഭിനേതാവാണെന്നും സംവിധായകന്റെ ഇഷ്ടത്തിനൊത്ത് സിനിമ പൂർത്തിയാക്കണമെന്നും അറിയാവുന്ന ഒരു ജോലിക്കാരിയായി മാറും. അവിടെ സൗഹൃദത്തിനും സ്‌നേഹത്തിനും രണ്ടാം സ്ഥാനം മാത്രമേ ഉള്ളൂ. എല്ലാ അഭിനേതാക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. സിനിമ ഒരു മായാക്കാഴ്ചയും വേറിട്ടൊരു ലോകവുമാണ്. സത്യത്തിൽ ഞാനെങ്ങനെ ഇവിടെയെത്തിയെന്നു പോലും ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. അഭിനയിക്കാനുള്ള കഴിവൊന്നുമുള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പിന്നെ എല്ലാം അങ്ങനെ വന്നുചേർന്നു.
സീരിയലിലൂടെ അഭിനയത്തിലെത്തുമ്പോൾ എന്തെല്ലാം കാണാനും അറിയാനുമായി?
അതേ, ശാലോം ചാനലിലൂടെ അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് അഭിനയത്തിന്റെ ലോകത്തെത്തുന്നത്. അതിനു മുമ്പ് പള്ളിയിൽ ക്വയറിനു നിന്നിരുന്ന എന്നെ സിസ്റ്ററും ഫാദറും ചേർന്നാണ് സീരിയലിലേക്ക് സെലക്ട് ചെയ്യുന്നത്. സീരിയലിൽനിന്നും പിന്നീട് വെള്ളിത്തിരയിലും എത്തി. 10-ാംക്ലാസ്സിൽ പഠിക്കുന്ന കാലത്തായിരുന്നു അത്. അൽഫോൻസാമ്മക്ക് ശേഷം കുഞ്ഞാലിമരയ്ക്കാർ എന്ന സീരിയലും ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്.
ചേട്ടായീസ് എന്ന സിനിമയിൽ അവസരം ലഭിച്ചു, ബിജുചേട്ടന്റെ ഭാര്യയായി അഭിനയിക്കുകയും ചെയ്തു. അതിൽ എനിക്ക് വലിയ വെല്ലുവിളികളെ നേരിടേണ്ടിവന്നു. കാരണം ഒരു കുടുംബനാഥയായിട്ടായിരുന്നു വേഷം. അതിൽ തന്നെ ഭർത്താവിനെ അതിയായി സ്‌നേഹിക്കുന്ന ഭാര്യയുടെ കഥയാണ് പറയുന്നതും. ദാമ്പത്യജീവിതത്തെക്കുറിച്ചറിയാത്ത ഞാൻ ആകെ കുഴപ്പത്തിലായി. പിന്നെ ബിജുചേട്ടനുൾപ്പെടെയുള്ളവരുടെ പ്രോത്സാഹനത്തോടെയാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. സിനിമ കണ്ടപ്പോൾ വലിയ സന്തേഷം തോന്നുകയും ചെയ്തു.
സിനിമയിലെ കഥാപാത്രങ്ങളെ ലഭിക്കുമ്പോൾ അതിനെ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്. ആരെയെങ്കിലും നിരീക്ഷിക്കാറുണ്ടോ?
പല സിനിമകളിലും എനിക്ക് ലഭിക്കുന്ന വേഷങ്ങളിലുള്ള കഥാപാത്രങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കും. അറിയാവുന്നവരാരെങ്കിലുമുണ്ടെങ്കിൽ അത് കണ്ടെത്തി പകർത്താൻ ശ്രമിക്കും. മുമ്പ് ഒരു സിനിമപോലും കാണാത്തയാളായിരുന്നു ഞാൻ. ഇപ്പോഴും അതേ അവസ്ഥയാണെങ്കിലും അഭിനയത്തിന്റെ പൂർണത മനസിലാക്കാൻ സിനിമകൾ കാണും. കുറവുകൾ മനസിലാക്കും. പലരും വിളിച്ച് പോരെന്നും നന്നാക്കണമെന്നുമെല്ലാം പറയും അതു കേൾക്കുമ്പോഴാണ് സന്തോഷം. കൂടുതൽ പ്രായമായ അമ്മച്ചിമാരാണ് എന്നെ വിളിക്കുക. അവർ പറയുന്ന വാക്കുകളാണ് പ്രചോദനം. ഇതുവരെ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഓരോ സിനിമയിലെത്തുമ്പോഴും ഭയമാണ്. നന്നാവുമോ എന്ന പേടിയുമുണ്ട്.
പ്രമുഖരായ പല നടന്മാർക്കുമൊപ്പം അഭിനയിച്ചു, ഇവരുമായുള്ള സൗഹൃദവും എക്‌സ്പീരിയൻസും എന്തായിരുന്നു?
സുരേഷ്‌ഗോപി, ജയറാം, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം സിനിമയിൽ കാണുന്നവരല്ല ഇവരിൽ പലരും. വ്യത്യസ്തമായ സ്വഭാവങ്ങളാണ് സെറ്റിലെത്തിയാൽ കളിയും ചിരിയുമായി ഒരുകുടുംബംപോലെ ഒത്തുചേരും. പിന്നെ എല്ലാം ഒരുരസമാണ്. സുരേഷ് ചേട്ടൻ ജ്യേഷ്ഠസഹോദരനെപ്പോലെയാണു പെരുമാറുക. അവരുടെ കുഞ്ഞനുജത്തിയായി ഞാൻ പറന്നുനടക്കും. അതെല്ലാമാണ് എന്റെ അനുഭവം. മാത്രമല്ല എല്ലാവരിലുമുള്ളപോലെ സിനിമാലോകത്തും അസുയയും കുശുമ്പുമെല്ലാമുണ്ട്. എങ്കിലും രസമാണ് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിൽ നിന്നാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.
സിനിമയിൽ എത്തിയപ്പോൾ പിന്നെ നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വലിയ ആദരവും ബഹുമാനവും തരുന്നുണ്ടാകുമല്ലേ?
ഞാൻ എപ്പോഴും പഴയ കുട്ടിയായിത്തന്നെയാണ് നാട്ടിലും വീട്ടിലുമെല്ലാം നടക്കുക. അതിൽ ഒരു ഹീറോയിൻ ഭാവവും ഉണ്ടാകില്ല. കൂട്ടുകാർക്കൊപ്പം ഷോപ്പിങ്ങും മറ്റു സൊറ പറച്ചിലുമെല്ലാമായി ഇപ്പോഴും ബഹുരസമായിരിക്കും. സിനിമാ അഭിനയം പൂർത്തിയായാൽ അവർക്കൊപ്പം ഇരിക്കാനും യാത്രയുമാണ് എന്റെ ഹോബി.
സിനിമയിലെത്തിയശേഷമാണ് പേര് മാറ്റുന്നത്? എന്തായിരുന്നു അതിന്റെ സന്ദർഭം?
അതൊരു രസകരമായ അനുഭവമാണ്. സത്യത്തിൽ എന്റെ പേര് ആരും അധികം ഉപയോഗിച്ചിട്ടില്ല. ജിമി ജോർജ് എന്നാണ് യഥാർത്ഥ പേര്. അതിൽ പലർക്കും പേരുകൾ തെറ്റുന്നതിനാൽ ചേട്ടായീസിന്റെ സെറ്റിൽ വച്ചാണ് പേരിനു മാറ്റം വരുത്തിയത്. ചേട്ടായീസിലെ മെർലിൻ എന്ന പേരിന്റെ ചുരുക്കമായ മിയ എന്നായിരുന്നു കഥാപാത്രമായത്. അതിനാൽ ആ പേരാക്കാമെന്നായി ഡയറക്ടർ. പിന്നീടൊന്നും ചിന്തിച്ചില്ല മിയ തന്നെ.
അങ്ങനെയാണ് മലയാളികളുടെ പ്രിയ താരമായ മിയയുടെ പിറവി. അധികമാർക്കുമില്ലാത്ത നിഷ്‌കളങ്കമായ മുഖത്തിനുടമ. ചിരി എപ്പോഴും മുഖത്ത് പ്രകടമാകുന്ന ഈ യുവനായികക്ക് സിനിമാ- സീരിയൽ ലോകത്ത് ആത്മാർത്ഥമായൊരു സ്ഥാനം ലഭിക്കുന്നു. സംഭാഷണങ്ങൾക്കിടെ മിയയുടെ അമ്മ വന്ന് ഞങ്ങളോട് പറഞ്ഞു, അവൾ നന്നായി പാടും, ഒന്ന് കേട്ടുനോക്കൂ... പിന്നെ പാട്ടിനായി നിർബന്ധിച്ചു. കൊച്ചുകുട്ടിയെപോലെ പാടില്ലെന്ന് വാശിപിടിച്ച് ഓടി. നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മൂളിതുടങ്ങി....ലാലീ ലാലീ ലേ ലോ, ലാലീ ലാലീ ലേ ലോ മലരൊളിയേ മന്താരമലരേ..... കേൾക്കാൻ ഇമ്പമുള്ള ആ പാട്ടുതന്നെ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയിൽ അവൾ പാടി തീർത്തു.