ഒരു പൂവിന്റെ നാമം പേരായി ലഭിക്കുക സുകൃതമാണ്. പൂക്കൾ കാഴ്ചക്കാരനിൽ പകരുന്നത് സന്തോഷമല്ലാതെ മറ്റൊന്നുമല്ല. ഉച്ചത്തിൽ സംസാരിച്ചും പൊട്ടിച്ചിരിച്ചും മല്ലിക ഇടപെടുമ്പോൾ അത് അച്ചടക്കമില്ലായ്മയല്ല മറയില്ലാത്ത ഹൃദയത്തിന്റെ വെളിപ്പെടുത്തൽ മാത്രം. അതിനാൽ ഏത് തിരക്കിനിടയിലും ചേച്ചി എന്ന് വിളിച്ച് കേരളീയർ മല്ലികയുടെ അടുത്തേക്ക് ഓടിയെത്തുന്നു. അതാണു മല്ലിക, മലയാളികൾക്കു മല്ലിക എന്നും ചേച്ചിയാണ്. സ്‌ക്രീനിലും ജീവിതത്തിലും. പ്രിയനടൻ സുകുമാരന്റെ ഭാര്യ. നടന്മാരായ ഇന്ദ്രജിത്തിന്റെയും പ്രിഥ്വിരാജിന്റെയും അമ്മ. കനത്ത തിരക്കിനിടയിലും ഉത്തരവാദിത്തങ്ങൾ ഒരു നിമിഷം പോലും വിശ്രമിക്കാൻ അവസരം നൽകാത്തപ്പോഴും മല്ലിക സുകുമാരൻ സന്തോഷത്തോടെയാണ് എന്തും ഏതും സ്വീകരിക്കുന്നതും സമീപിക്കുന്നതും. പ്രഭാത കിരണങ്ങൾ മൂർദ്ധാവിൽ ഏറ്റ് വാങ്ങി പ്രകാശിച്ച് ചിരിക്കുന്നൊരു മല്ലികപ്പപൂവുപോലെ മല്ലിക സുകുമാരൻ സംസാരിക്കുന്നു.

  • തിരക്കിനെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം ചേച്ചി. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കിട്ടിയില്ലെങ്കിലും മല്ലിക ചേച്ചിയെ ഫോണിൽ കിട്ടും എന്ന് ഞങ്ങൾ പറയാറുമുണ്ട്?

ഞാൻ എന്റേതായ തിരക്കിൽ ഇരിക്കുമ്പോഴായിരിക്കും ഫോണുകളുടെ വരവ്. എനിക്കറിയാം. മക്കൾ തിരക്കിലായിരിക്കും. ഷൂട്ടിലായിരിക്കും മിക്കപ്പോഴും. അവർക്കെടുക്കാൻ പറ്റുന്നുണ്ടാവില്ല. ഉടനേ വിളി ഇങ്ങോട്ടാണ്. പക്ഷെ ഇതൊന്നും ആരും ലാഭത്തിന് വേണ്ടി വിളിക്കുന്നതോ പറയുന്നതോ അല്ലല്ലോ? അവരെ സ്‌നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ താല്പര്യമുണ്ടാവുകയും ചെയ്യുന്നത് കൊണ്ടാണ് വിളിക്കുന്നത്. ആരെങ്കിലും ഒരാൾ കമ്മ്യൂണിക്കേറ്റ് ചെയ്‌തേ പറ്റൂ. മക്കളെ വിവരം അറിയിക്കാൻ എനിക്ക് പിന്നീടാണെങ്കിലും പറ്റുമല്ലോ.

  • മലയാളത്തിലെ തിരക്കേറിയ രണ്ട് യുവ താരങ്ങളുടെ അമ്മ സെലിബ്രിറ്റി സ്റ്റാറ്റസ് നടി, ദോഹയിൽ സ്വന്തമായി ബ്യൂട്ടി സലൂൺസ് ഇപ്പോൾ സ്‌പൈസ് ബോട്ടും... പുറത്ത് നിന്നും നോക്കുമ്പോൾ വളരെ ബിസിയായിട്ടുള്ള ഒരാൾ. എങ്ങനെയാണതിന്റെ ബാലൻസിങ്?

സത്യത്തിൽ ബ്യൂട്ടി സലൂൺസ് എന്ന ബഹുവചനം വേണ്ട. എന്റെ ഉടമസ്ഥതയിൽ ഒരു സലൂൺ മാത്രമേ ഉള്ളൂ. ഖരാഫ ലൂലുവിൽ ഉള്ള ''ലേഡി ഇൻ'' ആ ഒരെണ്ണത്തിൽ മാത്രമേ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള ബ്യൂട്ടി സലൂണൊക്ക എന്റെ ദീർഘകാല സുഹൃത്തും ചേച്ചിയുമെന്നൊക്കെ പറയാവുന്ന ഷീലാ ഫിലിപ്പിന്റേതാണ്. പത്ത് പന്ത്രണ്ട് വർഷമായി തുടരുന്ന ഒരു സൗഹൃദമാണത്.

ഇതോടൊപ്പം പറയേണ്ട ഒരു കാര്യം ദോഹയിൽ എന്റെ കസിനാണ് അനിയത്തിയാണ് എന്നൊക്കെ പറഞ്ഞ് ഒരു സ്ത്രീ നടത്തുന്ന മുതലെടുപ്പാണ്. ജാതിയിൽ വിശ്വസിക്കുന്ന ഒരാൾ അല്ലാഞ്ഞിട്ട് കൂടി എന്റെ ഭാഗം ക്ലിയർ ചെയ്യാൻ അത് കൂടി പറയേണ്ടി വന്ന ഒരു സാഹചര്യം അവർ ഉണ്ടാക്കി. എന്തിനാണ് ആളുകൾ ഇത്തരത്തിൽ പെട്ട് മുതലെടുപ്പുകൾ ഉണ്ടാക്കുന്നത്? ഞാൻ അത്രയ്ക്ക് വല്ല്യ ആളെ അല്ല എന്നിട്ട് കൂടി!

എനിക്കാണെങ്കിൽ അന്നും ഇന്നും സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസമേ ഉള്ളൂ. അദ്ദേഹമുണ്ടാക്കി തന്ന മേൽ വിലാസം. ഇന്ദ്രന്റെയും രാജുവിന്റെയും അമ്മ എന്നതൊക്കെ അത് കഴിഞ്ഞ് വരുന്നതാണ്. സുകുമാരനുണ്ടാക്കി തന്ന ജീവിതം ജീവിതസുഖങ്ങൾ ഇതൊക്കെ തന്നെയാണ് ഞാൻ ഇപ്പോഴും അനുഭവിക്കുന്നത്. ഇന്നും ദൈവ തുല്ല്യമായിട്ടേ ഞാൻ അതിനെ കാണുന്നൂള്ളൂ. എനിക്ക് അറിയാൻ കഴിയുന്നില്ല എന്തിനാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്ന്!

  • ദോഹയിലേക്ക് എത്തപ്പെടുന്നത്?

തികച്ചും യാദൃശ്ചികം. 2002 - 2003 കാലഘട്ടത്തിൽ. അന്ന് ഷീലയ്ക്ക് ഡി റിങ് റോഡിൽ ഒരു ബ്യൂട്ടി സലൂൺ ഉണ്ടായിരുന്നു. അതിന്റെ ഉദ്ഘാടനം ഞാനും ഇന്ദ്രനും രാജുവും കൂടുയാണ് ചെയ്തത്. അതിന് ശേഷം ഷീല ബ്യൂട്ടി സലൂൺ എവിടെ തുടങ്ങിയാലും ഉദ്ഘാടനത്തിന് ഞങ്ങളെ തന്നെ വിളിക്കും. പാവം ഷീല അദ്ധ്വാനിച്ച് കാശുണ്ടാക്കി പാർലർ തുടങ്ങിയാൽ ജനങ്ങൾ പറയും ''ദേ മല്ലിക സുകുമാരന്റെ ബ്യൂട്ടി പാർലർ'' എന്ന് യഥാർത്ഥത്തിൽ ഖരാഫയിലെ ലേഡി ഇൻ മാത്രമാണ് എന്റെ ഇൻവെസ്റ്റ്‌മെന്റ് ഉള്ള സ്ഥാപനം. അത് ഞങ്ങളെല്ലാം കൂടെ സുപ്രിയയും പൂർണ്ണിമയും ഒക്കെ കൂടെ വന്നാണ് ഇനാഗുറേറ്റ് ചെയ്തത്. അത് തന്നെ ഷീലയുടെ ഒരു നിർബന്ധത്തിന് ചെയ്തതാണ്. എനിക്കിവിടെ റെസിഡന്റ് വിസയുണ്ട്. ആർ. പി. പുതക്കുന്നതിനും വിമാനക്കൂലിക്കും ഉള്ളതെങ്കിലും കിട്ടിയാൽ അതാകട്ടെയെന്ന് ഞാനും കരുതി. ഷീലയുടെ അദ്ധ്വാനം കൊണ്ട് അത് നന്നായി പോകുന്നു.

  • സ്‌പൈസ് ബോട്ട് തുടങ്ങുന്നത്?

കുറച്ച് കൂടി സീരിയസായി വല്ലതും ആരംഭിക്കണമെന്ന് ചിന്തയിലാണത് തുടങ്ങുന്നത്. ഇപ്പോ ആരോഗ്യമുണ്ട് താല്പര്യവുമുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞാൽ ശാരീരിക സ്ഥിതി ഇതായിരിക്കില്ല. ഒരു പക്ഷെ മടുപ്പും തുടങ്ങിയേക്കാം. അങ്ങനെയാണ് ഒരു ഇന്ത്യൻ റെസ്റ്റോറന്റ് എന്ന ചിന്ത വരുന്നത്. കുറച്ച് ക്ലാസ്സി ആയിട്ട് ഇന്ത്യൻ റെസ്റ്റോറന്റാണെങ്കിലും എല്ലാ നാട്ടിലെയും ഭക്ഷണം അവിടെ കിട്ടണം.

കാര്യം മക്കളോടും കൂടി അവതരിപ്പിച്ചു. വളരെ നല്ല ഐഡിയ എന്ന് അവരും യോജിക്കുകയാണ് ചെയ്തത്. സ്‌പോൺസറും ഉണ്ട്. പിന്നെ ഇതേ ഫീൽഡിൽ തന്നെ നല്ല പരിചയമുള്ള ശ്രീകാന്തും ഒപ്പമെത്തി. ശ്രീകാന്ത് മാണിക്കോത്ത് കൊച്ചിൻ റിവേറയിലൊക്കെ ഉണ്ടായിരുന്നതാണ്. പഠിക്കുന്ന കാലത്ത് ശ്രീകാന്തിന്റെയും സഹോദരിയുടെയുമൊക്കെ ലോക്കൽ ഗാർഡിയൻസ് ഞാനും സുകുമാരനുമായിരുന്നു.

  • ഈ പേരിലേക്ക് എങ്ങനെ എത്തി? സ്‌പൈസ് ബോട്ട് സ്വന്തം കണ്ടെത്തൽ ആയിരുന്നോ?

അല്ല. അതെനിക്ക് പറയണം. ഇവിടെ ഖത്തറിലും ദോഹയിലുമൊക്കെ പ്രശസ്തനായ ഒരു മലയാളിയുണ്ട്. അച്യുത മേനോൻ ''അച്ചു'' എന്ന് ഞങ്ങളൊക്കെ വിളിക്കും. ഷോക്ക് ഫൈസലിന്റെ കമ്പനിയുടെ ''ഡയാകോ'' വിന്റെ ജി. എം. ആണ് പുള്ളി. അച്ചുവാണ് ഈ പേര് നിർദ്ദേശിക്കുന്നത്. പണ്ട് നമ്മുടെ നാട്ടിൽ നിന്നും അറബ് കൺട്രീസിലേക്കായിരുന്നല്ലോ. സ്‌പൈസിന്റെ ഒക്കെ ഒരു ട്രേഡിങ് ധാരാളമായി നടന്നിരുന്നത്. അതൊക്കെ വച്ചാണ് അദ്ദേഹമിപ്പേരിലേക്കെത്തുന്നത്.

പിന്നെ എനിക്ക് കിട്ടയൊരു ദൈവാധീനമെന്ന് പറയുന്നത് ഇതിന്റെ സ്‌പോൺസർഷിപ്പ് ചെയ്യാമെന്നേറ്റ ഷേക്ക് അഹമ്മദ് ബിൻ ഫലേസ് അൽഫാനിയാണ്. ഇമിഗ്രേഷനിലെ ഉദ്യോഗസ്ഥനാണ്. ഇന്ദ്രന്റെ ഒക്കെ പ്രായം വരും. ഇങ്ങേരെ കാണാൻ പോയപ്പോൾ പുള്ളി ആദ്യം പറഞ്ഞത് എന്റെ ഇന്ത്യൻ സുഹൃത്തുക്കൾ മാഡത്തിന്റെ മക്കളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്നാണ്. ശരിക്കും എനിക്ക് ദീർഘശ്വാസം വിട്ടത് പോലെയുള്ള ഒരനുഭവമായി അത്. നമ്മളെ പല കാലം കൊണ്ട് അറിയുന്ന ഒരു വീട്ടിൽ ചെന്ന പ്രതീതിയും റിലീഫുമാണ് ഫീൽ ചെയ്തത്. എല്ലാ സപ്പോർട്ടും തരാമെന്ന് പുള്ളി ഏറ്റപ്പോൾ ആദ്യ ഘട്ടം കഴിഞ്ഞു. പിന്നെയാണ് സ്ഥലം അനേ്വഷിച്ച് നടക്കുന്നത്. മൂന്ന് നാലു മാസം ഞാനും ശ്രീകാന്തും സഥലം നോക്കി അലഞ്ഞു. ഇടക്കൊന്നു ചോദിക്കട്ടെ എന്ത് കൊണ്ട് ദുബായിൽ നോക്കിയില്ല? ഈ ഓഫർ അവിടെ നിന്നും വരാമല്ലോ?

ശരിയാണ് പക്ഷെ ദുബായിൽ ചെന്നിറങ്ങുമ്പോൾ കസീനോസ്, പബ്‌സ് തുടങ്ങി ഒരു മെട്രോപൊളിറ്റൻ സിറ്റിയുടെ സകല തിരക്കും ആഡംബരങ്ങളും ആർഭാടങ്ങളൊക്കെയായിട്ടുള്ള ഒരിടമാണ്. പക്ഷെ എന്നെ സംബന്ധിച്ചടുത്തോളം ഖത്തർ, ദോഹ എന്നൊക്കെ പറയുമ്പോൾ ഒരു ''ഫീൽ അറ്റ് ഹോം'' എന്ന അനുഭവമാണ് തരുന്നത്. ആറ് വർഷത്തിലധികമായി ആർ. പി. ഒക്കെ ആയി ഞാനിവിടെ ഉണ്ട്. എന്റെ സ്‌പോൺസർ സിറ്റിസെണിന്റെ ഒക്കെ ഉടമ ഷേക്ക് ഫൈസൽ ആണ്. അദ്ദേഹവും ഭാര്യം ഷേഖ മഹായുമൊക്കെ നമ്മളോട് കാണിച്ചിട്ടുള്ള ഒരു താല്പര്യവുമൊക്കെ കൂടി ദോഹ മറ്റെവിടുത്തെക്കാളും കൂടുതൽ അടുപ്പം ഉള്ളിൽ ജനിപ്പിക്കുന്നുണ്ട്. അത് കൊണ്ടായിരിക്കാം ദോഹ മതിയെന്ന തീരുമാനത്തിലെത്തിയത്. ഇനി ഓരോ മക്കൾക്ക് വേണമെങ്കിൽ ഇത് ദുബായിലേക്കോ സിങ്കപ്പൂരിലേക്കോ ഒക്കെ വ്യാപിപ്പിക്കാമല്ലോ? അതവരുടെ ഇഷ്ടം

  • വെസ്റ്റ്‌ബേ തിരഞ്ഞെടുക്കുന്നത്?

സത്യം പറഞ്ഞാൽ സിറ്റിസെന്ററിലെ ഫുഡ് കോർട്ടും ഫൈവ് സ്റ്റാർ ഹോട്ടൽസും അല്ലാതെ ചെന്നിരുന്ന് ചായ കുടിക്കാൻ വെസ്റ്റ് ബേയിൽ ഒരു സ്ഥലമില്ല ചേച്ചി എന്ന തരത്തിൽ പലരും അഭിപ്രായപ്പെടാറുള്ളത് കേട്ടിട്ടുണ്ട്. അതും ഈ സ്ഥലം തിരിയാൻ ഒരു കാരണമായി. പോരാത്തതിന് ഇതൊരു റോഡ് സൈഡ് റെസ്റ്റോറന്റ് ഫീലല്ല തരുന്നതും. ഇവിടെ വരുന്ന 98 ശതമാനം പേരും വീണ്ടും വരുന്നതും ആ ഒരു പ്രൈവസി ഫീൽ കിട്ടുന്നതിലാണ്. പാർട്ടി ഹാളും ഓപ്പൺ എയർ പൂൾ സൈഡുമൊക്കെയായി ആരും പെട്ടെന്നിഷ്ടപ്പെടുന്ന ഒരു അന്തരീക്ഷം ഈ സ്ഥലത്തിനുണ്ട്.

  • സ്‌പൈസ് ബോട്ടിലെ മല്ലിക സ്‌പെഷ്യൽസ് എന്തൊക്കെ?

ഉണ്ട് സിനിമ, അഭിനയം എന്നതൊക്കെ കഴിഞ്ഞാൽ പിന്നെ എന്റെ ഇന്ററസ്റ്റ് കുക്കിങ്ങാണ്. നല്ല ഫുഡുണ്ടാക്കി ആൾക്കാർക്ക് കൊടുക്കുക. എങ്ങനെയുണ്ടെന്ന് അനേ്വഷിക്കുക ഇതൊക്കെയാണ് എന്റെ ഒരു കൗതുകങ്ങൾ. ഇവിടെ എന്റേതായി കൊഞ്ചു തീയൽ, ചുവന്ന പാല്പായസം അങ്ങനെ ഒരു ലിസ്റ്റുണ്ടാക്കാം.

  • സൂപ്പർ സ്റ്റാർ പൃഥ്വിരാജിന്റെ വളർച്ച സ്വഭാവ നടൻ എന്ന നിലയിൽ ഇന്ദ്രജിത്തിന്റെ വിജയം ഇവ രണ്ടും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യുന്നു?

നോനോ... സ്വഭാവ നടൻ എന്നതിലുപരി ഇന്ദ്രൻ ചെയ്യുന്നത് ഹീറോ ക്യാരക്‌ടേഴ്‌സ് തന്നെയാണ്. ആ ഒരു പേര് വരാൻ കാരണം ഇന്ദ്രന്റെ തുടക്കം അത്തരം ക്യാരക്ടരറിലൂടെ ആയിരുന്നത് കൊണ്ടാണ്. ഇനി പതിയെ അത് മാറി വരണം. അതിനിത്തിരി സമയം എടുക്കും. പൃഥ്വിക്ക് കിട്ടിയ ഒരു ഭാഗ്യം റൈറ്റ് ഫ്രം ഫിലിമിൽനിന്നേ അവന് ഹീറോ ആകാൻ കഴിഞ്ഞു എന്നതാണ്.

  • സിനിമ തിരഞ്ഞെടുക്കുന്നതിൽ മക്കൾക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടോ?

ഞാനിന്നു വരെ ചെയ്തിട്ടില്ല. ചിലരു പറയാറുണ്ട് മല്ലിക ചേച്ചി ഈ കഥ കേട്ടിട്ട് മക്കളോട് ഒന്നു പറയോ എന്ന്. ഞാനിന്നുവരെ ഈ രണ്ട് മഹാന്മാരുടെയും ഒരു പടത്തിന്റെ കഥയും ഒരു സംവിധായകനിൽ നിന്നും കേട്ടിട്ടില്ല. ഇപ്പോഴും പറയാറുണ്ട് മാഡം ഈയൊരു കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ പോയി പറയാം എന്ന്. ഞാൻ പറയും ഇല്ല എന്റെ ടേസ്റ്റായിരിക്കില്ല ഇപ്പോഴത്തെ ജനറേഷന്റേതെന്ന്.

  • മല്ലിക ചേച്ചിയെ സ്വാധീനിച്ചാൽ പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടുമോ?

ഒരിക്കലുമില്ല അതൊരു തെറ്റിദ്ധാരണ മാത്രമാണ്.

  • ഇന്ത്യൻ സിനിമയിൽ ചേച്ചിക്ക് ഇഷ്ടപ്പെട്ട നടന്മാരുടെ പേര് പറയാൻ പറഞ്ഞാലോ?

അമിതാഭ് ബച്ചനും കമലഹാസനും കഴിയുന്നതും അവരുടെ ഒറ്റപ്പടം പോലും മിസ്സ് ചെയ്യാതെ നോക്കും. കമലിന്റെ വിശ്വ രൂപംകണ്ടു. പിന്നെ ഒരിക്കൽ അമിതാഭിന്റെ ''കഭി ഖുഷി കഭി ഗം'' എനിക്ക് തീയേറ്ററിൽ ചെന്നു കാണാൻ സാധിച്ചില്ല. പിന്നെ അത് പെട്ടി എടുത്താണ് കണ്ടത്. എന്നാലും തീയേറ്ററിലെ ഒരു ഫീലിംങ്ങ് കിട്ടാത്തത്തിനാൽ വേണ്ടത്ര തൃപ്തി ആയില്ല! അത് എപ്പോൾ ടിവിയിൽ വന്നാലും ഞാൻ ഹാജരുണ്ടാകും.

  • ബച്ചനെ കണ്ടിട്ടുണ്ടോ?

പിന്നെ കേരളത്തിൽ ആദ്യമായി ഒരു ഫിലിം ഫെസ്റ്റിവൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൊണ്ട് വരുന്നത് സുകുവേട്ടനാണ്. കരുണാകരൻ മന്ത്രി സഭയുടെ കാലത്ത് കെഎസ്എഫ്ഡിസി ചെയർമാനായിരുന്നു അന്ന് സുകുവേട്ടൻ. ജയകുമാർ സാറായിരുന്നു എം. ഡി. ആ ഫിലിം ഫെസ്റ്റിവലിന് ഗസ്റ്റുകളായി എത്തിയത് മണിരത്‌നം, ജയ ബച്ചൻ, അമിതാഭ് ബച്ചൻ തുടങ്ങിയവരൊക്കെ ആയരുന്നു. അന്ന് മുഖ്യമന്ത്രി കരുണാകരന്റെ വീട്ടിൽ ഒരു വിരുന്നും നൽകി അതിൽ വച്ചാണ് അമിതാഭ് ബച്ചനെയും മറ്റും കാണുന്നത്. അന്നീ രാജുവിനെയും ഇന്ദ്രനെയും ഒക്കെ എടുത്ത് അവരുടെ കൂടെ ഫോട്ടോയൊക്കെ എടുക്കുകയും ചെയ്തു. അഞ്ചോ ആറോ വയസ്സ് കാണും അവർക്കന്ന്.

അന്ന് ജയാ ബച്ചനുമായി ഒക്കെ ഒത്തിരി സംസാരിക്കുകയും ചെയ്തു. പിന്നീട് ഞാൻ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി കേരളത്തിന്റെ ചാപ്റ്ററിലെ മെമ്പറായിരുന്ന സമയത്തും ജയ ബച്ചനുമായി ധാരാളം ഇടപഴകിയിട്ടുണ്ട്. ഈ നടിമാരുടെ കാര്യം ചോദിക്കുകയാണെങ്കിൽ എനിക്കിഷ്ടം ജയ ബച്ചനോട് തന്നെയാണ്. അവരുടെ റിയലിസ്റ്റിക് അഭിനയ രീതി എന്നെ ഒത്തിരി ആകർഷിച്ചിട്ടുണ്ട്. മേക്കപ്പിട്ട് അഭിനയിക്കുകയാണെന്ന ഫീൽ ഒരിക്കലും അവർ ഉണ്ടാകുന്നില്ല. അത്രക്കും നാച്വറൽ ആയിട്ടാണ് അഭിനയം.

  • മലയാളത്തിലേക്ക് വരുമ്പോൾ ഏത് നടിയെ പറയും?

മലയാളത്തിൽ മികച്ചതായി ഒത്തിരി പേരുണ്ട്. ശാരദ, ജയഭാരതി അങ്ങനെ പേരുകൾ പറയാം. ശാരദക്ക് ജയഭാരതിയുടെ റോൾ ചെയ്യാൻ പറ്റിയെന്നും വരില്ല. എന്നാൽ ജയഭാരതി ശാരദയുടെ റോളും മികച്ചതാക്കും. അങ്ങനെ നോക്കുമ്പോൾ ജയഭാരതി കുറച്ച് കൂടി പേഴ്‌സണാലിറ്റിയുള്ള ആർട്ടിസ്റ്റാണ് എന്ന് പറയാം. പിന്നെ അതിന് ശേഷം എന്നെ വിസ്മയിപ്പിച്ച ഒരു നടി മലയാളത്തിൽ മഞ്ജു വാര്യർ മാത്രമാണ്. ഒരുപാട് കഴിവുള്ള കുട്ടി. എനിക്ക് മാത്രമല്ല വീട്ടിൽ എല്ലാവർക്കും മഞ്ജുവിനെ കാര്യമാണ്.

  • മഞ്ജു തിരിച്ച് വരികയാണല്ലോ?

വരട്ടെ. തീർച്ചയായും ആ കുട്ടി മലയാള സിനിമക്കൊരു സമ്പത്ത് തന്നെയാണ്. മഞ്ജു വരികയാണെങ്കിൽ ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തന്നെ ഒരുക്കമാണ്. മഞ്ജുവനിപ്പോ അത്രക്ക് പ്രായമൊന്നും ആയിട്ടുമില്ല. ഇന്ദ്രനോ ആരുടെയെങ്കിലുമോ നായിക ആയി മഞ്ജുവിനെ വച്ച് ഒരു സിനിമ നിർമ്മിക്കാൻ ഞാൻ റെഡിയാണ്.

  • അവാർഡിനെപ്പറ്റി എന്ത് പറയുന്നു അതുണ്ടാക്കുന്ന വിവാദങ്ങൾ?

തുടക്കകാലത്തേ അവാർഡ് വാങ്ങിച്ച ഒരാളാണ് ഞാൻ. എനിക്ക് അവാർഡ് ഉണ്ടെന്നറിയുമ്പോൾ ഞാൻ ആർ . കെ. ലാബിൽ ചെന്നൈയിൽ ഡബ്ബിംഗിലായിരുന്നു. എന്റെ കൂടെ അന്ന് ചന്ദ്രാജിയും ഉണ്ടായിരുന്നു. അടൂർ ഭാസിയുടെ സഹോദരൻ, പുള്ളിയാണ് എന്നോട് പറയുന്നത് നിങ്ങൾക്ക് അവാർഡ് ഉണ്ടെന്ന്. ഞാനാദ്യം അത് കാര്യമാക്കിയില്ല. പുള്ളി എന്നെ ഒന്ന് ആക്കാൻ പറയുകയാണെന്നാണ് കരുതിയത്. അന്ന് മദ്രാസിൽ മലയാള പത്രങ്ങൾ അത്ര നേരത്തെ ഒന്നും കിട്ടില്ല. ഞാൻ വിശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോൾ ചന്ദ്രാജി ചേട്ടൻ തെളിച്ച് പറഞ്ഞു. സ്വപ്നാടനത്തിലെ അഭിനയത്തിന് എനിക്ക് രണ്ടാമത്തെ നടിക്കുള്ള അവാർഡ് കിട്ടയുണ്ടെന്ന്. ഡബ്ബിങ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി നാട്ടിലെ ഒരു കസിന് ഫോൺ ചെയ്ത് ചോദിച്ചപ്പോഴണ് സംഗതി ശരിക്കും സത്യമാണെന്നത് ഞാനറിയുന്നത്. ഇതൊക്കെയാണ് അവാർഡിന്റെ കാര്യത്തിൽ എന്റെ അനുഭവങ്ങൾ. ഇതിന് സമാനമാണ് വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിക്ക് അവാർഡ് സാധ്യതയുണ്ടെന്നെക്കെ ആരോ പത്രക്കാർ നേരത്തെ വിളിച്ച് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും കാര്യമാക്കാൻ പോയില്ല. കൺഫേം ആയി പ്രഖ്യാപിക്കട്ടെ എന്നു മാത്രം പറഞ്ഞു. പിന്നെയാണ് ടിവിയിൽ അവാർഡ് പ്രഖ്യാപനം കാണുന്നത്. എം. എ. ബേബി സാറായിരുന്നു എന്ന് തോന്നുന്നു അത് പ്രഖ്യാപിച്ചത്. അപ്പോഴാണ് ഉറപ്പായത് അതല്ലാതെ സ്വാധീനം എന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ജൂറി അവാർഡ് കൊടുത്ത കഴിഞ്ഞാൽ പിന്നീട് അതിനെ ചുറ്റി പറ്റിയുണ്ടാക്കുന്ന വിവാദങ്ങൾ അതിലൊന്നും കാര്യമില്ല. അങ്ങനെ എതിരഭിപ്രായമുണ്ടെങ്കിൽ പിന്നെ അവാർഡിന് ചിത്രങ്ങൾ അയക്കാനേ പാടില്ല. ശുപാർശയിലാണ് അവാർഡെന്ന് അറിയുമെങ്കിൽ അതിന് ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്? ജൂറിയുടെ കാഴ്ചപ്പാടല്ലേ ഓരോ അവാർഡും നിർണ്ണയിക്കുന്നത്? ചിലപ്പോ അവർ അഭിനയം മാത്രമിയിരക്കില്ല നോക്കുന്നത്. നടന്റെ പ്രായവും കൂടി കണക്കിലെടുക്കുന്നുണ്ടാവും. അത് തെറ്റാണെന്ന് എങ്ങനെ പറയും? വിക്രം ഗോഖലയ്ക്ക് അവാർഡ് കൊടുത്തു. ലാലിന് കൊടുത്തില്ല. കരണം പറഞ്ഞത് ഇനിയും അവസരം വരുമല്ലോ എന്നാണ്. അപ്പോ പിന്നെ കൊച്ചു ചെറുക്കനായ പൃഥ്വിക്ക് കിട്ടുന്നതെങ്ങനെ? ഓരോ ജൂറിക്കും ഓരോ കാഴ്ചപ്പാടും തീരുമാനങ്ങളും കാണും. നമ്മളിതിനെ മാനിക്കണം. അത്രയെ എനിക്ക് പറയാനുള്ളൂ.

ഇമ്മാതിരി കാര്യങ്ങളിലെല്ലാം പറ്റി ലിസ്റ്റ് പൃഥ്വിയെന്നുള്ളതാണ് സത്യം. ഇന്ദ്രനായാലും അതുപോല തന്നെ. കിട്ടിയാൽ സന്തോഷം. ഇനി കിട്ടിയില്ലെങ്കിൽ അല്ലേ എനിക്ക് കിട്ടിയില്ലല്ലോ എന്നാണെന്നും അവരിതുവരെ പരാതി പറയുന്നത് ഞാൻ കണ്ടിട്ടില്ല. അത്രയേ ഉള്ളൂ. ഈ അവാർഡിന്റെ ഒക്കെ കാര്യം.

പിന്നെ ഒരു കാര്യം പറയാനുള്ളത് ഈ അവാർഡ് നിർണയ കമ്മറ്റിയൊക്കെ ഉണ്ടാകുമ്പോൾ അപാകത വരാതെ നോക്കണം എന്നാണ്. സിനിമയെക്കുറിച്ച് അറിവുളള രണ്ടോ മൂന്നോ പേര് കഴിഞ്ഞാൽ പിന്നെ കുറെ പേരുകൾ കാണാം. പേര് കേൾക്കുമ്പോൾ ആരാ അത് എന്ന് നമ്മൾ ചോദിച്ച് പോകും. ഡിസ്ട്രിബ്യൂട്ട് ചെയ്തത് കൊണ്ടോ മാത്രം കമ്മറ്റിയിൽ കയറരുത്. അതൊന്നു ശ്രദ്ധിക്കണമെന്നാണ് എന്റെ എളിയ അപേക്ഷ.

  • സിനിമ എന്നു പറയുമ്പോൾ ഇപ്പോൾ മലയാളത്തിലായാലും പ്രണയവിവാഹങ്ങളും തുടർന്ന് അതിന്റെ തകർച്ചകളും സംഭവിക്കുന്നതു കണ്ടു വരുന്നു.

പ്രണയത്തിനു വേണ്ടിയുള്ള എടുത്തുചാട്ടങ്ങൾ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും. പ്രണയമാക്കി തെറ്റിദ്ധരിച്ചാലും അപകടത്തിലേക്കാണ് നീങ്ങുക. ആരാധനയൊന്നുമല്ല പ്രണയം. കണ്ടും അറിഞ്ഞും മനസ്സിലാക്കിയും ഉണ്ടാവേണ്ട ഒന്നാണ് പ്രണയം. അതിനു സമയമെടുക്കും. ശരിയായ പ്രേമമെന്നു ഞാൻ വിചാരിച്ചിട്ടും എന്റെ കണക്ക് കൂട്ടലുകൾ തെറ്റിയ അനുഭവമെനിക്കുണ്ട്. അത് കൊണ്ട് ഇപ്പോഴത്തെ തലമുറയ്ക്കു ഞാൻ പറഞ്ഞ് കൊടുക്കുന്നതും അതാണ്. പ്രേമം എന്ന വികാരത്തിന് വേണ്ടി എടുത്ത് ചാട്ടങ്ങൾറങ്ങി പുറപ്പെടരുത്. ശരിയായ പ്രേമം എന്നെ സംബന്ധിച്ച് നടക്കുന്നതു കല്ല്യാണത്തിനു ശേഷമാണ്. ഇരുപത് വർഷം പ്രേമിച്ചിട്ടും മതിയാവാത്ത ഒരാളാണ് എന്റെ സുകുവേട്ടൻ. അദ്ദേഹം അതു പോലത്തെ ഒരാളാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രസൻസ് ഞങ്ങൾക്ക് വീട്ടിൽ അനുഭവപ്പെടാറുണ്ട്. ഇന്നും സുകുമാരൻ എന്ന വ്യക്തി എന്റെ ഒപ്പം ഇല്ലായെന്ന് എനിക്ക് തോന്നുന്നേയില്ല. അദ്ദേഹത്തിന്റെ സ്‌നേഹമാവാം കാരണം. ഇരുപതു വർഷക്കാലം ഒരു രാജകുമാരിയെപ്പോലെ എന്നെ കൊണ്ട് നടന്നു. എന്നെ സ്‌നേഹിക്കുന്ന രണ്ടു മക്കളെ തന്നു. സുകുമാരൻ മരിച്ചു എന്നല്ല ഏതോ ഒരു ഷൂട്ടിംഗിന് പോയ ഫീലാണ് ഞങ്ങൾക്കെല്ലാവർക്കും അത്ര സ്‌ട്രോംഗ് പ്രസൻസാണ് ഉള്ളത്. എന്ത് കാര്യം തുടങ്ങുമ്പോഴായാലും അച്ഛന്റെ അഭിപ്രായം എന്ന നിലയിൽ അച്ഛൻ ഇങ്ങനെ പറഞ്ഞേനെ എന്നു ഞാനോ പൃഥ്വിയോ ഇപ്പോഴും പറയും.

  • വിവാഹത്തിന് മുൻപ് പൃഥ്വിരാജിന്റെ പേരുമായി ഒത്തിരി ചേർത്ത് പറഞ്ഞിരുന്ന ഒരു പേരാണ് മീര ജാസ്മിന്റേത്. യഥാർത്ഥത്തിൽ അതിന്റെ പൊരുൾ എന്തായിരുന്നു?

ലോഹിതദാസിന്റെ ചക്രത്തിന്റെ സെറ്റിലാണ് ഞാൻ മീരയെ കാണുന്നത്. ഞാൻ കൂടുതലും പൃഥ്വി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റിലാണ് പോകാറുള്ളത്. അങ്ങനെയാണ് മീരയെ കാണുന്നത്. കടുംബത്തിനെ ഓവറായി സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാൻ മീരയെ മനസ്സിലാക്കിയത്. അനിയത്തിമാരാകട്ടെ അമ്മയാകട്ടെ അവരെ കൂടി യാത്ര പോകുക, പർച്ചേസിങ് നടത്തുക അങ്ങനെയൊക്കെ സ്വന്തം കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു പെണ്ണ് കൂടിയാണ് മീര. അത് കൊണ്ട് തന്നെ എനിക്കു വലിയ കാര്യമാണ് മീരയെ. പക്ഷെ മറ്റു തരത്തിൽ എന്തെങ്കിലും മീരയുമായി പൃഥ്വിക്കുണ്ടായിരുന്നതായി എനിക്കറിയില്ല. മക്കളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളൂ. ചോയ്‌സ് ശ്രദ്ധിക്കുക പിന്നീട് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായി കഴിഞ്ഞ് ആർക്കും പരിഹരിക്കാൻ കഴിയാതെ നിസ്സാഹായയായി അമ്മയെ നോക്കി നിൽക്കാൻ ഇടവരുത്തരുത്. അന്നേ ഞാനവരെ തിരുത്തിയാൽ മതിയായിരുന്നു എന്ന് തോന്നാനിടവരുത്തരുത്.

മീരയുമായുള്ള കാര്യങ്ങളെപ്പറ്റി പലരും എന്നോട് ചോദിച്ചിരുന്നതാണ്. പ്രണയത്തിന് ഞാൻ എതിരല്ല. അവരുടെ അച്ഛനും എനിക്കും പ്രണയിച്ചു കല്ല്യാണം കഴിക്കാമെങ്കിൽ പിന്നെ അവർക്കായി കൂടെ? പക്ഷെ പൃഥ്വി ഒരിക്കലും എന്നോട് മീരയെ പ്രേമിക്കുന്നുവെന്നോ കല്ല്യാണം കഴിക്കണമെന്നോ പറഞ്ഞിട്ടില്ല.

  • അവസാനമായി ചോദിക്കട്ടെ സ്‌പൈസ് ബോട്ടിന്റെ പ്രയാണം ഇനി എങ്ങോട്ടേക്കാണ്?

സ്‌പൈസ് ബോട്ടിന്റെ പ്രയാണം ഖത്തറിൽ. ഇനി യാത്ര എന്റെ മക്കൾ നോക്കട്ടെ. ഗൾഫ് രാജ്യങ്ങളിൽ എവിടെയെല്ലാം കൊണ്ട് പോകാൻ പറ്റുമോ അവിടേക്കെല്ലാം പോട്ടെ. ക്ലാസ്സി ആയിട്ടുള്ള നല്ല ഭക്ഷണം കിട്ടുന്ന ഒരിടം എന്ന് എല്ലാവരെക്കൊണ്ടും പറയിക്കണം അത്രയേ ഉള്ളൂ.